കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ

ഇടതുകൺവീനർക്കും മന്ത്രിമാർക്കും അഗ്നിപരീക്ഷ; കോട്ടകൾ കാക്കാൻ വിയർപ്പൊഴുക്കി മുന്നണി അമരക്കാർ
കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ
Published on

കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോൾ, മലബാറിന്റെ രാഷ്ട്രീയ ഹൃദയമായ കോഴിക്കോട് ജില്ലയിൽ മത്സരച്ചൂട് ഉച്ചസ്ഥായിയിലാണ്. ഇടതുകോട്ടകൾ കാക്കാൻ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യ ഘട്ടത്തിൽ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിൽ എന്നിവർ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, ഓരോ മണ്ഡലവും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.

മുന്നണി അമരക്കാരനും മന്ത്രിമാരും നേരിടുന്ന വെല്ലുവിളികൾ

എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്ര മണ്ഡലം ആരോപണ പ്രത്യാരോപണങ്ങളാൽ കലുഷിതമാണ്. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെ തളയ്ക്കാൻ പി.വി. അൻവറിനെ മുൻനിർത്തി യുഡിഎഫ് മെനയുന്ന തന്ത്രങ്ങൾ എത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയണം. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ നിന്നുതന്നെ ഉയർന്ന വിമതസ്വരങ്ങൾ ഇടതുമുന്നണിക്ക് തലവേദനയാകുന്നുണ്ട്. സി.പി.എം വോട്ടുകളുടെ കരുത്തിലാണ് ഇവിടെ ശശീന്ദ്രൻ ആശ്വാസം കണ്ടെത്തുന്നതെങ്കിലും, വന്യജീവി ആക്രമണങ്ങളിൽ പ്രകടമാക്കിയ നിസ്സംഗതയും വിവാദങ്ങളും അദ്ദേഹത്തിന് പ്രതികൂല ഘടകങ്ങളാണ്.

യുഡിഎഫിന്റെ പ്രതീക്ഷയും തദ്ദേശവിധിയിലെ അട്ടിമറിയും

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ മിന്നും വിജയം നേടാറുള്ള യുഡിഎഫ്, നിയമസഭയിലും ആ ആധിപത്യം തിരിച്ചുപിടിക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയുടെയും ദേശീയ നേതാക്കളുടെയും സാന്നിധ്യം വടക്കൻ ജില്ലകളിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കോഴിക്കോട് കോർപറേഷനിലും 39 ഗ്രാമപഞ്ചായത്തുകളിലും 4 നഗരസഭകളും യുഡിഎഫ് മുൻതൂക്കം നേടിയിരുന്നു. 2001-ൽ കൊയിലാണ്ടിയിൽ പി. ശങ്കരനും കോഴിക്കോട് ഒന്നിൽ എ. സുജനപാലുമാണ് അവസാനമായി കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്. കാൽനൂറ്റാണ്ടിന് ശേഷം ആ ചരിത്രം തിരുത്തിക്കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പാളയം.

കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ
കേരളം കൈ പിടിക്കുമോ? കോട്ടകള്‍ ഭദ്രമാക്കിയാല്‍ ഇടതിന് തുടര്‍ഭരണം ഉറപ്പിക്കാം; കണക്കുകള്‍ നല്‍കുന്ന സൂചനകളിതാണ്

ബാലുശ്ശേരി, ബേപ്പൂർ, എലത്തൂർ, കൊടുവള്ളി, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കുന്നമംഗലം, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി, തിരുവമ്പാടി, വടകര തുടങ്ങി ജില്ലയിലെ 13 മണ്ഡലങ്ങളിൽ 2021 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു മേൽക്കൈ. 11 മണ്ഡലങ്ങൾ എൽഡിഎഫ് സ്വന്തമാക്കിയപ്പോൾ, യുഡിഎഫിന് 2 സീറ്റുകൾ മാത്രമാണ് നേടാനായത്.

2011-ലെ മണ്ഡല പുനർനിർണയത്തിന് ശേഷം ഇടതുപക്ഷത്തിൻ്റെ വ്യക്തമായ ആധിപത്യമാണ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉണ്ടാകാറുള്ളത്. കൂടാതെ, ബേപ്പൂരിൽ നിന്ന് വിജയിച്ച പി എ മുഹമ്മദ് റിയാസും, എലത്തൂരിൽ നിന്ന് വിജയിച്ച എ കെ ശശീന്ദ്രനും, കോഴിക്കോട് സൗത്തിൽ നിന്ന് വിജയിച്ച അഹമ്മദ് ദേവർകോവിലും മന്ത്രിസഭയിൽ ഇടം നേടിയതോടെ ജില്ലയിലെ ഇടത് സ്വാധീനത്തിന് കരുത്ത് വർധിച്ചു.

ഇത്തവണ ഭരണം ഉറപ്പിച്ച് മത്സരത്തിനിറങ്ങുന്ന യുഡിഎഫ് വ്യക്തമായ ഗെയിംപ്ലാനോടെയാണ് രംഗത്തുള്ളത്. യുവമുഖങ്ങളെ രംഗത്തിറക്കിയും കാടടച്ചു പ്രചാരണം നടത്തിയും നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് മുന്നണി. അതേസമയം മന്ത്രിമാരെക്കൊണ്ട് സമ്പന്നമായ മണ്ഡലത്തിൽ വികസനവും നേട്ടങ്ങളും ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് വിജയത്തുടർച്ച തേടുന്നത്. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിൽ ത്രികോണ മത്സരം അതീവ ശക്തമാണ്. നിലവിലെ എംഎൽഎമാരിലൂടെ കോട്ടകാക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, സീറ്റുകൾ തിരിച്ചുപിടിക്കാൻ യുഡിഎഫും കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ എൻഡിഎയും കളം നിറഞ്ഞുനിൽക്കുകയാണ്.

കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ
നിലനിർത്താൻ എൽഡിഎഫ്,കരകയറാൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൻഡിഎ; കൊടിയേറിയ 'നേമത്തെ പൂരം'

മണ്ഡലങ്ങളിലൂടെ.......

ഒരു മണ്ഡലവും തങ്ങൾക്ക് സ്വന്തമാണെന്നുറപ്പിക്കാതെയാണ് മുന്നണികൾ വോട്ട് തേടുന്നത്. അത്തരത്തിൽ എടുത്തു പറയേണ്ട മണ്ഡലമാണ് നാദാപുരം. മൂന്ന് പതിറ്റാണ്ടായി കൈപ്പിടിയിലുള്ള സീറ്റ് കൈവിടാതിരിക്കാനായി എൽഡിഎഫ് ശ്രമിക്കുമ്പോൾ, കെ.എം. അഭിജിത്തെന്ന യുവനേതാവിനെ രംഗത്തിറക്കിയാണ് തിരിച്ചുവരവിനായി കോൺഗ്രസ് ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ഉന്നംവയ്ക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് ഇത്. 1960 നു ശേഷം വിജയക്കൊടി ഉയർത്താതെ പോകുന്ന മണ്ഡലത്തിൽ നിന്നും ഇനിയൊരു പരാജയം കൂടി എന്നത് യുഡിഎഫിനു മുന്നിൽ സാധ്യതകളുടെ വാതിൽ കൊട്ടിയടക്കുന്നതിന് തുല്യമാണ്.

അതുപോലെ വടകര, കൊടുവള്ളി, എലത്തൂർ, ബാലുശ്ശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലും കടുത്ത പോരാട്ടമാണ് മുന്നണികൾ നേരിടുന്നത്.

വടകരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാനായി എൽഡിഎഫ് ശ്രമിക്കുമ്പോൾ, നിലവിലെ മേൽക്കൈ നിലനിർത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. ടിപി ഫാക്ടറാണ് വടകരയുടെ ഹൃദയസ്പന്ദനം. കഴിഞ്ഞ തവണ ആർഎംപിയുടെ കെ കെ രമയുടെ 7491 വോട്ട് ഭൂരിപക്ഷത്തിലുള്ള ജയത്തിലും ഇത് കാര്യമായി പ്രതിഫലിച്ചിരുന്നു. ഇത്തവണയും ഈ തരംഗം അവിടെ നിലനിൽക്കുമെന്നാണ് വിലയിരുത്തൽ.

2021ൽ തിരിച്ചു പിടിച്ച കൊടുവള്ളി ഇത്തവണയും നിലനിർത്തുക എന്നത് യുഡിഎഫിന് നിർണായകമാണ്.6344 വോട്ടുകൾക്ക് നഷ്ടപെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫും കഠിന പ്രയത്നത്തിലാണ്. എം കെ മുനീർ നേടിയ മണ്ഡലത്തിൽ യുവ മുഖം പി കെ ഫിറോസിനെ ഇറക്കിയാണ് യുഡിഎഫ് കരുനീക്കങ്ങൾ. ഇവിടെ സലീം മടവൂർ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്.

കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ
തൃപ്പൂണിത്തുറയിൽ 'ബാബു ഫാക്ടർ' തുണയ്ക്കുമോ? മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് പടയൊരുക്കം!

മന്ത്രിയും ബേപ്പൂരിന്റെ വികസന നായകനെന്ന് ഖ്യാതിയും പിൻബലമാക്കി മത്സരത്തിനിറങ്ങുന്ന പി എ മുഹമ്മദ് റിയാസ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. റിയാസിന് ഇവിടെ ഏറെ വിയർക്കാതെ തന്നെ വിജയക്കൊടി പാറിക്കാനാകുമെന്നു തന്നെയാണ് അവസാന ലാപ്പിലുമുളള പൊതുവായ വിലയിരുത്തൽ. എന്നാൽ ഇവിടെ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ രാഷ്ട്രീയ ചർച്ചകളുടെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു. നീണ്ട കാലങ്ങളായി ഇടത് അനുഭാവം നിലനിർത്തുന്ന മണ്ഡലത്തിൽ 28747 വോട്ടുകൾ നേടിയാണ് 2021 ൽ എൽഡിഎഫ് വിജയിക്കുന്നത്, 2016 ൽ 14363 വോട്ടുകൾ നേടിയ എൽഡിഎഫ് വോട്ട് ബാങ്ക് ഉയർത്തിയെന്ന് വ്യക്തം. വികസന നേട്ടങ്ങൾ മുന്നോട്ട് വെച്ച് റിയാസ് വോട്ട് തേടുമ്പോൾ, മണ്ഡലത്തിന്റെ കുറവുകൾ നിരത്തിയാണ് അൻവർ കളം നിറഞ്ഞിട്ടുള്ളത്. ബിജെപി ക്യാമ്പ് മുന്നോട്ടുവയ്ക്കുന്ന മരുമോനിസം യുഡിഎഫും ഇവിടെ പയറ്റുന്നുണ്ട്. എൻഡിഎയും ഇവിടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

മന്ത്രിമാരായ മത്സരത്തിനറങ്ങുന്ന എ കെ ശശീന്ദ്രനും, അഹമ്മദ് ദേവർകോവിലും എൽഡിഎഫിന് ശുഭപ്രതീക്ഷ നൽകുന്ന സ്ഥാനാർത്ഥികളാണ്. എലത്തൂരിൽ മുൻ യൂത്ത് കോൺഗ്രസ് സെക്രട്ടറി കൂടിയായ വിദ്യ ബാലകൃഷ്ണനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. 38502 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ എൻസിപി പ്രതിനിധി എ കെ ശശീന്ദ്രനിലൂടെ മണ്ഡലം കാക്കാനാകുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. എന്നാൽ വനം വകുപ്പിൽ ഉണ്ടായ വീഴ്ചകളും, ഭരണ വിരുദ്ധ വികാരവും യുഡിഎഫ് ആയുധമാക്കും.

കോഴിക്കോട് സൗത്തെന്ന ലീഗ് കോട്ട പൊളിച്ചെഴുതി അത്ഭുത വിജയം നേടിയ അഹമ്മദ് ദേവർകോവിൽ ഐഎൻഎൽ പ്രതിനിധിയായി ഇവിടെ ഒരങ്കം കൂടി കുറിക്കുന്നു . 12459 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിച്ചുകയറുമ്പോൾ വനിത ലീഗ് സ്ഥാനാർത്ഥിയും ഇപ്പോൾ ലീഗുമായി അഭിപ്രായ വ്യത്യാസം പരസ്യമാക്കിയ നൂർബിന റഷീദ് ആയിരുന്നു എതിർ സ്ഥാനാർത്ഥി. എന്നാൽ 2016 ൽ ലീഗ് സ്വന്തമാക്കിയതിലും ഭൂരിപക്ഷം 2021ൽ എൽഡിഎഫ് നേടിയിരുന്നു. വനിത ലീഗിലെ പൊട്ടിത്തെറി അനുകൂല വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെയാണ് ഇത്തവണ യുഡിഎഫ് കളത്തിലിറക്കുന്നത്. എന്നാൽ എൽഡിഎഫ് വിജയ പ്രതീക്ഷയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ , എൻഡിഎയുടെ ടി റനീഷിന്റെ സാന്നിധ്യം ഭീഷണിയാണ്. കാരണം ഇടതിന് മേൽക്കോയിമായുള്ള വാർഡുകൾ പിടിച്ചെടുത്ത കരുത്തനായ നേതാവാണ് അദ്ദേഹം.

കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ
യുഡിഎഫ് ഭയക്കുന്നത് പത്തനംതിട്ടയെ!; അമിത ആത്മവിശ്വാസത്തിൽ ഇടതുപക്ഷം

ശക്തമായ ത്രികോണ മത്സരമാണ് കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ഇത്തവണ നടക്കുന്നത്. സിറ്റിങ് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ എൽഡിഎഫിനായി വീണ്ടും മത്സരിക്കുമ്പോൾ, യുഡിഎഫിനായി കെ ജയന്ത് ആണ് രംഗത്ത്. കോഴിക്കോട് കോർപറേഷൻ കൗൺസിലർ കൂടെ ആയ നവ്യ ഹരിദാസിനെ രംഗത്തിറക്കിയാണ് എൻഡിഎ മത്സരം കടുപ്പിക്കുന്നത്. ഇവിടെ എൻഡിഎ പിടിക്കുന്ന വോട്ടുകൾ നിർണായകമാകാനാണ് സാധ്യത.

വലിയ വിജയ പ്രതീക്ഷയിൽ എൽഡിഎഫ് ഇറങ്ങുന്ന മറ്റൊരു മണ്ഡലമാണ് കൊയിലാണ്ടി. 2001 ലാണ് അവസാനമായി ഇവിടെ ഒരു യുഡിഎഫ് വിജയം ഉണ്ടായത്. സിറ്റിങ് എംഎൽഎ കെ. ദാസ് എൽഡിഎഫിനായി വീണ്ടും ജനവിധി തേടുമ്പോൾ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിലൂടെ ശക്തമായ വെല്ലുവിളിയാണ് യുഡിഎഫ് ഉയർത്തുന്നത്. ഇരുവരുടെയും വ്യക്തിപരമായ സ്വാധീനവും പ്രാദേശിക വിഷയങ്ങളും നിർണായകമായ മത്സരം തന്നെയാണ് കൊയിലാണ്ടിയിൽ കാണുക.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വെറും 333 വോട്ടുകൾക്ക് നഷ്ടമായ കുറ്റ്യാടി മണ്ഡലം തിരിച്ചുപിടിക്കാൻ മുസ്ലീം ലീഗ് ഇത്തവണ സർവ്വസജ്ജമാണ്. കുടിയേറ്റ കർഷകരുടെയും പ്രവാസികളുടെയും വോട്ടുകൾ നിർണ്ണായകമായ ഇവിടെ, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസി വോട്ടുകളിൽ ഉണ്ടാകാനിടയുള്ള കുറവ് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എൽഡിഎഫിനായി കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്ററും യുഡിഎഫിനായി പാറയ്ക്കൽ അബ്ദുള്ളയും വീണ്ടും കളത്തിലിറങ്ങുമ്പോൾ, എൻഡിഎക്കായി രാമദാസ് മണലേരിയാണ് മത്സരത്തിനിറങ്ങുന്നത്. ഇതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതേസമയം, ബാലുശ്ശേരി മണ്ഡലം കെ.എം. സച്ചിൻ ദേവിലൂടെ നിലനിർത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിനെ അങ്കത്തട്ടിലിറക്കി യുവവോട്ടുകൾ സമാഹരിക്കാനാണ് യുഡിഎഫ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം നിയമസഭയിലും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്

sachin dev ldf
sachin dev ldf

സ്ഥിരമായ ഒരു മുന്നണിയോടും കൂറു പ്രകടമാക്കാത്ത മണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി. മാറിമറിയുന്ന വോട്ടർമാരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏതു നിമിഷവും അട്ടിമറികൾ സംഭവിക്കാവുന്ന ഒരു 'സ്വിംഗ് മണ്ഡലമായി' കുറ്റ്യാടി പരിണമിച്ചിരിക്കുകയാണ്. ഇത്തവണയും കടുത്ത മത്സരമാണ് ഇവിടെ. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലം, 1991ൽ മുസ്ലിം ലീഗിന് കൈമാറിയ ശേഷം രണ്ട് പതിറ്റാണ്ട് ലീഗിന്റെ കോട്ടയായി തുടർന്നു. എന്നാൽ 2006ൽ സിപിഐഎം മണ്ഡലം പിടിച്ചതോടെ രാഷ്ട്രീയ സാഹചര്യം മാറി. കഴിഞ്ഞ രണ്ട് തവണയും സിപിഐഎം വിജയം ഉറപ്പിച്ചു. 2021ൽ ലിന്റോ ജോസഫ് 4643 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെ ആണ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥി കാസിം കൂടരഞ്ഞിയാണ് യുഡിഎഫ് സ്ഥാനാർത്ഥി.

പരമ്പരാഗതമായി ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കുന്നമംഗലത്ത്, സിറ്റിങ് എംഎൽഎ പി.ടി.എ. റഹീം സീറ്റ് നിലനിർത്താൻ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ പോരാട്ടം കടുക്കുകയാണ്. മുസ്ലിം ലീഗിലെ സി.പി. റസാഖ് മാസ്റ്ററെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. ഇടത് ആധിപത്യമുള്ള മണ്ഡലമാണെങ്കിലും, പ്രാദേശിക വികസന വിഷയങ്ങളും വോട്ടർമാരുടെ രാഷ്ട്രീയ ചായ്‌വിലുണ്ടാകുന്ന മാറ്റങ്ങളും ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തവണ ഇവിടെ പ്രവചനാതീതമായ മത്സരമാണ് രൂപപ്പെടുന്നത്.

കോഴിക്കോട് വിധിയെന്ത്? കോട്ടകൾ കാക്കാൻ എൽഡിഎഫ്; അട്ടിമറി പ്രതീക്ഷയിൽ യുഡിഎഫ്; കരുത്ത് കാട്ടാൻ എൻഡിഎ
കാസറോട്ടെ കാറ്റ് എങ്ങോട്ട്? കോണ്‍ഗ്രസിന് എളുപ്പമാവില്ല, തരംഗം ആവർത്തിക്കാന്‍ ഇടതുപക്ഷം

സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാറ്റങ്ങളും യുവനേതാക്കളുടെ കടന്നുവരവും പോരാട്ടത്തെ സങ്കീർണ്ണമാക്കുമ്പോൾ, പല മണ്ഡലങ്ങളിലും രാഷ്ട്രീയ വിവാദങ്ങളും വ്യക്തിപരമായ വിരോധങ്ങളും പ്രധാന പ്രചാരണായുധങ്ങളായി മാറുന്നു. ഇത്തരം അപ്രതീക്ഷിത ചലനങ്ങൾ വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ തങ്ങളുടെ തന്ത്രങ്ങൾ മെനയുന്നത്.

വിവാദങ്ങളാൽ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പേരാമ്പ്ര. ചരിത്രപരമായ ഇടത് ആധിപത്യം നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഇവിടെ വീണ്ടും അങ്കത്തിനിറങ്ങുന്നത്. എന്നാൽ, പ്രചാരണത്തിനിടെയുണ്ടായ 'അനൗൺസ്‌മെന്റ് വിവാദം' ടി.പി.യെ അപ്രതീക്ഷിതമായി പ്രതിരോധത്തിലാക്കി. അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പോലും ഈ അസ്വസ്ഥത പ്രകടമായത് രാഷ്ട്രീയ എതിരാളികൾക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചിട്ടുള്ളത്.

UDF. LDF candidates Perambra Kerala Assembly Election 2026
UDF. LDF candidates Perambra

മറുഭാഗത്ത്, യുവത്വത്തിന്റെ കരുത്തിൽ ഫാത്തിമ തഹ്‌ലിയയിലൂടെ അട്ടിമറി വിജയം പ്രതീക്ഷിച്ച യുഡിഎഫിനും കാര്യങ്ങൾ അത്ര സുഗമമല്ല. 'മതം പറഞ്ഞ് വോട്ട് തേടി' എന്നാരോപണം ഉയർന്നതോടെ യുഡിഎഫ് ക്യാമ്പും പ്രതിരോധത്തിലായിരിക്കുകയാണ്. കൂടാതെ, 'ഹരിത' വിഷയവുമായി ബന്ധപ്പെട്ട പഴയ തർക്കങ്ങൾ ലീഗ് വോട്ടുകളിൽ ഭിന്നതയുണ്ടാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ഇരുമുന്നണികളും വർഗീയ പരാമർശങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചെന്ന ആരോപണങ്ങൾ വോട്ടർമാരുടെ മനോഭാവത്തിൽ എത്തരത്തിലുള്ള ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണത്തെ 22,000-ത്തിലധികം വോട്ടിന്റെ വൻ ഭൂരിപക്ഷം ഈ വിവാദങ്ങൾക്കിടയിൽ നിലനിർത്തുക എന്നത് ഇടതുപക്ഷത്തിന് ഇത്തവണ വലിയ വെല്ലുവിളിയാകാം. അതേസമയം, നിശബ്ദമായ നീക്കങ്ങളിലൂടെ സ്വന്തം വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ.

ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമാകുന്നത്. യുഡിഎഫ് സജീവമായ പ്രചാരണവുമായി മുന്നേറുമ്പോൾ, തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കിലും വികസന നേട്ടങ്ങളിലും ഊന്നിയാണ് എൽഡിഎഫ് മത്സരത്തിനിറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ മലബാറിൽ ശക്തമായ വോട്ട് ബാങ്ക് കെട്ടിപ്പടുക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ, കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാന ഭരണരൂപീകരണത്തിന്റെ നിർണ്ണായക സൂചനയായി മാറുമെന്ന് ഉറപ്പാണ്.

English Summary: The political contest in Kozhikode is intensifying as UDF gains in local bodies, LDF holds its traditional strongholds, and NDA increases influence in urban areas

Related Stories

No stories found.
Madism Digital
madismdigital.com