ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നിരകളെ ഉലച്ചുകൊണ്ട് നടക്കുന്ന കൂട്ട കൂറുമാറ്റങ്ങളും രാഷ്ട്രീയ സഖ്യങ്ങളിലെ പൊളിച്ചെഴുത്തുകളും കേന്ദ്രത്തിലെ ഭരണകക്ഷിയായ എന്‍ ഡി എയ്ക്കു പുതിയ വഴിത്തിരിവാകുന്നു. കേവലം രണ്ട് മാസം മുൻപ്, 2026 ഏപ്രിലില്‍, അണിനിരന്ന പ്രതിപക്ഷ വോട്ടുകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട വിവാദമായ ഭരണഘടനാ ഭേദഗതി ബില്‍ (ഭരണഘടന 131-ാം ഭേദഗതി ബില്‍, 2026) വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍.
33 ശതമാനം വനിതാ സംവരണം ഉടനടി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ, ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ഡീലിമിറ്റേഷന്‍ ബില്‍. ഏപ്രിലില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകള്‍ തികയാതെ വന്നതോടെ ബില്‍ പരാജയപ്പെട്ടിരുന്നു. ലോക്സഭയില്‍ ഒരു ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിടേണ്ടി വന്ന ആദ്യ പരാജയമായിരുന്നു അത്. എന്നാല്‍ ഇന്നത്തെ മാറിയ രാഷ്ട്രീയ സാഹചര്യം ബില്ലിന് വീണ്ടും ജീവന്‍ നല്‍കുകയാണ്.
ടിഎംസിയില്‍ മാത്രമല്ല, മറ്റു പ്രതിപക്ഷ കക്ഷികളിലും വിള്ളലുകള്‍ ദൃശ്യമാണ്. ഉദ്ധവ് താക്കറെ വിഭാഗത്തില്‍ 'ഓപ്പറേഷന്‍ ടൈഗര്‍' എന്ന പേരില്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്
2026 ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് (ടി എം സി) നേരിട്ട ആഭ്യന്തര തകര്‍ച്ചയാണ് ഈ പുനഃക്രമീകരണങ്ങള്‍ക്കു പ്രധാന കാരണമായത്. ലോക്സഭയിലെ നാലാമത്തെ വലിയ പാര്‍ട്ടിയും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച രണ്ടാമത്തെ സമ്പന്ന പാര്‍ട്ടിയുമായ ടി എം സിയിലെ 28 ലോക്സഭാ എംപിമാരില്‍ 20 പേരും മമത ബാനര്‍ജിക്കെതിരെ കലാപമുയര്‍ത്തി. കൂറുമാറ്റ നിരോധന നിയമത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന അധികം അറിയപ്പെടാത്ത ത്രിപുരയിലെ പ്രാദേശിക പാര്‍ട്ടിയുമായി ലയനം പ്രഖ്യാപിക്കുകയും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ടി എം സിയില്‍ മാത്രമല്ല, മറ്റു പ്രതിപക്ഷ കക്ഷികളിലും ഈ വിള്ളലുകള്‍ ദൃശ്യമാണ്. ഉദ്ധവ് താക്കറെ വിഭാഗത്തില്‍ 'ഓപ്പറേഷന്‍ ടൈഗര്‍' എന്ന പേരില്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്. പാര്‍ട്ടിയുടെ ആകെയുള്ള ഒന്‍പത് ലോക്സഭാ എംപിമാരില്‍ ആറ് പേരെങ്കിലും ഏകനാഥ് ഷിന്‍ഡെയുടെ എന്‍ഡിഎ അനുകൂല ശിവസേനയിലേക്കു മാറാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ, തങ്ങളുടെ ഭാഗം കേള്‍ക്കാതെ യാതൊരു പിളര്‍പ്പും അനുവദിക്കരുതെന്ന് കാണിച്ച് ഉദ്ധവ് വിഭാഗം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിട്ടുണ്ട്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെയുമായുള്ള സഖ്യം കോണ്‍ഗ്രസ് അവസാനിപ്പിക്കുകയും ഈ മാസം നടന്ന 'ഇന്ത്യ' മുന്നണിയുടെ യോഗത്തില്‍നിന്ന് ഡിഎംകെ വിട്ടുനില്‍ക്കുകയും ചെയ്തതോടെ പാര്‍ലമെന്റില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ഇതോടൊപ്പം രാജ്യസഭയിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറിയപ്പോള്‍, ടിഎംസിയുടെ മൂന്ന് രാജ്യസഭാ എംപിമാര്‍ പാര്‍ട്ടിയിൽന്നു രാജിവെച്ചു.
543 അംഗങ്ങളുള്ള ലോക്സഭയില്‍ ഒരു ഭരണഘടനാ ഭേദഗതി പാസാക്കാന്‍ എല്ലാ അംഗങ്ങളും ഹാജരുണ്ടെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 362 വോട്ടുകള്‍ ആവശ്യമാണ്. നിലവില്‍ എന്‍ഡിഎ സഖ്യത്തിന് സ്വന്തമായി 293 അംഗങ്ങളാണുള്ളത്, ഇത് ഭൂരിപക്ഷത്തിന് 69 സീറ്റുകള്‍ കുറവാണ്. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ വഴി 20 ടിഎംസി വിമതരുടെ പിന്തുണ ലഭിച്ചാല്‍ എന്‍ഡിഎയുടെ ബലം 313 ആയി ഉയരും. ഇത് ഏപ്രിലിലെ വോട്ടിങ് നിരക്കില്‍ 318 വോട്ടുകള്‍ക്ക് തുല്യമാണ്. ഇതിനോടൊപ്പം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതുപോലെ ആറ് ശിവസേന വിമതര്‍ കൂടി ചേര്‍ന്നാല്‍ സഖ്യത്തിന്റെ വോട്ട് നില 319 ആയി ഉയരുമെങ്കിലും 362 എന്ന ഭൂരിപക്ഷത്തിന് 43 സീറ്റുകള്‍ കൂടി ആവശ്യമായി വരും. ഇത് ഏപ്രിലിലെ വോട്ടിങ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 324 വോട്ടുകള്‍ക്ക് തുല്യവും 28 വോട്ടിന്റെ കുറവുമാണ് കാണിക്കുന്നത്.
ഇനി പ്രതിപക്ഷ സഖ്യം വിട്ട ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ പോലും സഖ്യത്തിന്റെ ആകെ വോട്ട് നില 341 ആയി മാറും. ഇത് ഏപ്രിലിലെ വോട്ടിങ് നിരക്കില്‍ 346 വോട്ടുകള്‍ക്കു തുല്യമാണെങ്കിലും ഭൂരിപക്ഷത്തിന് ആറു വോട്ടുകള്‍ കൂടി ആവശ്യമായി വരും. ഏപ്രിലില്‍ നടന്ന വോട്ടെടുപ്പില്‍ 528 പേര്‍ ഹാജരുണ്ടായിരുന്ന സഭയില്‍ സര്‍ക്കാരിന് അനുകൂലമായി ലഭിച്ചത് 298 വോട്ടുകളായിരുന്നു. അന്ന് ആവശ്യമായിരുന്ന 352 വോട്ടുകളേക്കാള്‍ 54 വോട്ടുകള്‍ കുറവായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിഎംകെ ഉള്‍പ്പെടെയുള്ളവര്‍ കൂടെനിന്നാലും സര്‍ക്കാര്‍ നേരിയ വ്യത്യാസത്തില്‍ ഭൂരിപക്ഷത്തിനു പുറകിലായിരിക്കും. എങ്കിലും, മുന്‍പത്തെ വലിയ വ്യത്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ദൂരം വളരെ കുറവായതിനാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നാല് എംപിമാര്‍, ഏഴ് സ്വതന്ത്രര്‍, മറ്റു ചെറുകക്ഷികള്‍ എന്നിവരെ കൂടെക്കൂട്ടി ഈ കടമ്പ കടക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ലോക്സഭയില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും രാജ്യസഭയില്‍ എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കു വേഗത്തില്‍ അടുക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 114 സീറ്റുകളുമായി ബിജെപി രാജ്യസഭയില്‍ കരുത്ത് കാട്ടുമ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് വെറും 30 സീറ്റുകളിലേക്ക് ഒതുങ്ങി
ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഡീലിമിറ്റേഷനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് ഡിഎംകെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റിലെ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ എം കെ സ്റ്റാലിന്‍ ബില്ലിന്റെ പകര്‍പ്പുകള്‍ പരസ്യമായി കത്തിക്കുകയും കരിങ്കൊടി ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
തങ്ങള്‍ ഇപ്പോഴും ഈ ബില്ലിന്റെ നിലവിലെ രൂപത്തിന് എതിരാണെന്നും 'ഇന്ത്യ' മുന്നണി വിട്ടതുകൊണ്ട് മാത്രം ബിജെപിയെ പിന്തുണയ്ക്കില്ലെന്നുമാണ് ഡിഎംകെ ജനറല്‍ സെക്രട്ടറി എ രാജ വ്യക്തമാക്കിയതെങ്കിലും പുതിയ ബില്ലിന്റെ ഉള്ളടക്കം കാണാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ആശങ്കകള്‍ പരിഹരിക്കാനായി, എല്ലാ സംസ്ഥാനങ്ങളിലും തുല്യമായി 50 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത് ബില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് എന്‍ഡിഎ പങ്കാളിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭയില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും രാജ്യസഭയില്‍ എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കു വേഗത്തില്‍ അടുക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 114 സീറ്റുകളുമായി ബിജെപി രാജ്യസഭയില്‍ കരുത്ത് കാട്ടുമ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് വെറും 30 സീറ്റുകളിലേക്ക് ഒതുങ്ങി. നിലവില്‍ 148 സീറ്റുകളുള്ള എന്‍ഡിഎയ്ക്ക്, ജാര്‍ഖണ്ഡിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരിമള്‍ നത്വാനി വിജയിച്ചാല്‍ സീറ്റ് നില 152 ആയി ഉയരും.
ടിഎംസി എംപിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റോയ്, പ്രകാശ് ചിക് ബരാക് എന്നിവരുടെ രാജിയെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലും ബിജെപിക്കു വിജയം ഉറപ്പാണ്. ഇതോടെ എന്‍ഡിഎയുടെ അംഗബലം 155 ആയി മാറും, അതായത് രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വെറും എട്ട് സീറ്റുകളുടെ മാത്രം കുറവ്. അതേസമയം, ഡിഎംകെയുടെ പുറത്തുപോകലും എഎപി അംഗങ്ങളുടെ കൂറുമാറ്റവും മൂലം രാജ്യസഭയിലെ 'ഇന്ത്യ' മുന്നണിയുടെ കരുത്ത് 63 ആയി കുറഞ്ഞു. 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയ ബിജെപി, പ്രതിപക്ഷത്തെ തകര്‍ച്ചകളെയും പ്രാദേശിക കക്ഷികളിലെ കൂട്ട കൂറുമാറ്റങ്ങളെയും തന്ത്രപരമായി ഉപയോഗിച്ച് ഈ നിര്‍ണായക ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
The ruling National Democratic Alliance (NDA), led by the BJP, is capitalizing on a major political shift caused by mass defections within the opposition ranks and changing political alliances in the Indian Parliament. Leveraging this newfound advantage, the central government is making intense efforts to reintroduce and pass the controversial Constitution (131st Amendment) Bill, 2026. The bill, which was defeated just two months ago in April 2026 due to strong resistance from a united opposition, is now back on the government's priority agenda.