

രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരുടെ നിക്ഷേപ സുരക്ഷ ഉറപ്പാക്കേണ്ട ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, വിവാദ കമ്പനിയായ രാജേഷ് എക്‌സ്‌പോര്‍ട്ട്‌സില്‍ തങ്ങളുടെ ഓഹരി വിഹിതം അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചതിന് പിന്നില്‍ ഗുരുതരമായ വീഴ്ചകളെന്ന് വിലയിരുത്തല്‍. 15.15 ലക്ഷം കോടി രൂപയുടെ റവന്യൂ തട്ടിപ്പ് ആരോപണത്തില്‍ സെബിയുടെ നിരീക്ഷണത്തിലുള്ള കമ്പനിയെ വിപണിയിലെ വമ്പന്‍ മ്യൂച്വല്‍ ഫണ്ടുകളെല്ലാം ബോധപൂര്‍വ്വം കൈയൊഴിഞ്ഞപ്പോഴാണ് എല്‍ഐസി ഇതിലേക്ക് പൊതുപണം ഒഴുക്കിയത്.
സാധാരണക്കാരുടെ പ്രീമിയം തുക കൈകാര്യം ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനം, കോര്‍പ്പറേറ്റ് ഗവേണന്‍സില്‍ ഇത്രയും വലിയ വീഴ്ച വരുത്തിയത് എന്തുകൊണ്ടെന്ന ചോദ്യം വിപണിയില്‍ ശക്തമാവുകയാണ്.
രാജേഷ് എക്‌സ്‌പോര്‍ട്ട്‌സിന്റെ സാമ്പത്തിക അക്കൗണ്ടുകളില്‍ വിപണിക്ക് പണ്ടേ കടുത്ത സംശയങ്ങളുണ്ടായിരുന്നു. 2016 മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇതിലുണ്ടായിരുന്ന വിഹിതം വെറും 0.5 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2026 ആയപ്പോഴേക്കും അത് പൂജ്യമായി മാറി.
ഒരു കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തുന്ന 'ഡ്യൂ ഡിലിജന്‍സ്' (കൃത്യമായ പശ്ചാത്തല പരിശോധന) എന്തുകൊണ്ട് എല്‍ഐസി നടത്തിയില്ലെന്നതാണ് പ്രധാന വിമര്‍ശനം.
അസ്വാഭാവികമായ വിറ്റുവരവ്: ലക്ഷക്കണക്കിന് കോടികളുടെ വിറ്റുവരവ് പേപ്പറുകളില്‍ കാണിക്കുമ്പോഴും കമ്പനിയുടെ ലാഭവിഹിതം എപ്പോഴും താഴ്ന്ന നിലയിലായിരുന്നു.
ഫണ്ടുകളുടെ സംശയം: 'കമ്പനിയുടെ നമ്പറുകളില്‍ ഞങ്ങള്‍ക്ക് പണ്ടേ വിശ്വാസ കുറവുണ്ടായിരുന്നു' എന്നാണ് പ്രമുഖ മ്യൂച്വല്‍ ഫണ്ട് സിഇഒമാര്‍ ഇപ്പോള്‍ തുറന്നുപറയുന്നത്. വിപണിയിലെ ഈ 'അപകട സൂചനകള്‍' തിരിച്ചറിയുന്നതില്‍ എല്‍ഐസിയുടെ റിസ്‌ക് മാനേജ്‌മെന്റ് ടീം പൂര്‍ണമായി പരാജയപ്പെട്ടു.
വിപണി ഈ ഓഹരിയില്‍നിന്ന് അകലം പാലിച്ച 2016-2022 കാലയളവിലാണ് എല്‍ഐസി ഇതിലേക്ക് കൂടുതല്‍ ഫണ്ട് ഒഴുക്കിയത്.
2016 മാര്‍ച്ച്- 1.99%
2022 മാര്‍ച്ച്-11.22%
2026 മാര്‍ച്ച്- 10.8%
വിപണിയിലെ മറ്റ് വന്‍കിടക്കാര്‍ വില്‍ക്കാന്‍ ശ്രമിച്ച ഓഹരികള്‍ വാങ്ങിക്കൂട്ടുക വഴി എല്‍ഐസി ബോധപൂര്‍വം ഈ ഓഹരിയെ വിപണിയില്‍ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നോയെന്ന സംശയം ശക്തമാണ്.
എല്‍ഐസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തരം വിവാദ ഓഹരികളില്‍ കുടുങ്ങിപ്പോകുന്നതിനു പിന്നില്‍ കൃത്യമായ ചില കാരണങ്ങളുണ്ട്.
അമിതമായ രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് സമ്മര്‍ദങ്ങള്‍: പലപ്പോഴും വിപണി മൂല്യം ഇടിഞ്ഞു താഴുന്ന കമ്പനികളെയോ അല്ലെങ്കില്‍ വലിയ കോര്‍പ്പറേറ്റുകളെയോ സഹായിക്കാന്‍ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ അദൃശ്യമായ സമ്മര്‍ദ്ദമുണ്ടാകാറുണ്ട്.
ഫണ്ട് മാനേജര്‍മാരുടെ ഉത്തരവാദിത്തമില്ലായ്മ: സ്വകാര്യ മ്യൂച്വല്‍ ഫണ്ടുകളില്‍ ഫണ്ട് പെര്‍ഫോമന്‍സ് മോശമായാല്‍ മാനേജര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാം. എന്നാല്‍ പൊതുമേഖലയില്‍ ഇത്തരം കടുത്ത നടപടികള്‍ ഉണ്ടാകാത്തത് കൃത്യമായ ഓഡിറ്റിങ്ങിനെയും പരിശോധനകളെയും ബാധിക്കുന്നു.
സെബിയുടെ കടുത്ത നടപടിയെ തുടര്‍ന്ന് രാജേഷ് എക്‌സ്‌പോര്‍ട്ട്‌സ് ഓഹരികള്‍ വരും ദിവസങ്ങളില്‍ വലിയ തകര്‍ച്ച നേരിടാനാണ് സാധ്യത. പ്രൊമോട്ടറായ രാജേഷ് മേത്തയെ വിപണിയില്‍നിന്ന് വിലക്കുകയും ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിടുകയും ചെയ്തതോടെ നിക്ഷേപകര്‍ പരിഭ്രാന്തിയിലാണ്. ഓഹരി വില ഇടിയുമ്പോള്‍ നേരിട്ടുള്ള നഷ്ടം വരുന്നത് എല്‍ഐസിക്ക് തന്നെയാണ്.
എല്‍ഐസിയെന്നത് വ്യക്തികളുടെ പ്രീമിയം പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍, ഇത്തരം വന്‍ നിക്ഷേപ പരാജയങ്ങള്‍ ഒടുവില്‍ ബാധിക്കുന്നത് സാധാരണക്കാരായ പോളിസി ഉടമകളുടെ ബോണസിനെയും റിട്ടേണിനെയുമാണ്. പൊതുപണം ഉപയോഗിച്ച് സ്വകാര്യ കമ്പനികളെ വഴിവിട്ട് സഹായിക്കുന്ന ഇത്തരം നിക്ഷേപനയങ്ങള്‍ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
English summary:
LIC has come under scrutiny for significantly increasing its stake in Rajesh Exports despite long-standing concerns about the company's financial disclosures and the exit of major mutual funds from the stock. Critics question whether adequate due diligence was conducted before investing policyholders' money. With regulators investigating alleged financial irregularities and ordering a forensic audit, concerns have grown that any major losses could ultimately impact LIC's returns and policyholder benefits, highlighting the need for stronger transparency and accountability in public-sector investments.