2016-ലെ ഭിന്നശേഷി അവകാശ നിയമം (RPWD Act 2016) ഭിന്നശേഷിക്കാർക്ക് സമത്വം, അന്തസ്സ്, വിവേചനമില്ലായ്മ, സമൂഹത്തിൽ പൂർണ്ണ പങ്കാളിത്തം എന്നിവ ഉറപ്പുനൽകുന്നു. ഈ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ആതവനാട് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയെ വിലയിരുത്തേണ്ടത്. RPWD ആക്ട് പ്രകാരം ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം ഭിന്ന ശേഷിക്കാരെ,പൊതുസമൂഹത്തിൽ നിന്ന് മാറ്റി പ്രത്യേക ഗ്രാമങ്ങളിലേക്ക് (കേന്ദ്രത്തിലേക്ക് ) മാറ്റുന്നത് കൂടുതൽ ആലോചനകൾക്ക് വഴിവെക്കുന്നതുമാണ്.
ദൈനംദിന കാര്യങ്ങൾക്ക് പൂർണ്ണ പിന്തുണ ആവശ്യമായവർക്കും തീവ്ര പരിചരണം വേണ്ടവർക്കും സുരക്ഷിതമായ അന്തരീക്ഷം ലഭിക്കുന്നു എന്നതും, നഗരങ്ങളിലോ സാധാരണ ഗ്രാമങ്ങളിലോ ചിതറിക്കിടക്കുന്ന സൗകര്യങ്ങൾ ഒരിടത്ത് തന്നെ ലഭ്യമാകുന്നു എന്നതും ഇതിന്റെ അനുകൂല ഘടകങ്ങളാണെന്നു കാണണം. എന്നാൽ ഭിന്നശേഷിക്കാരെ സ്ഥാപനവത്കരിക്കുന്നത് RPWD ആക്ട് ഊന്നിപ്പറയുന്ന 'സാമൂഹ്യ ഉൾച്ചേർക്കലിന്' പൂർണ്ണമായും അനുയോജ്യമാകണമെന്നില്ല. അവർക്ക് പൊതുസമൂഹവുമായി ഇടപഴകാനുള്ള അവസരങ്ങൾ കുറയാൻ സാധ്യതയുണ്ട് എന്നതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
കുടുംബത്തോടും പ്രാദേശിക സമൂഹത്തോടും ഒപ്പം ജീവിച്ചുതന്നെ പുനരധിവാസം ഉറപ്പാക്കുന്ന സമൂഹാധിഷ്ഠിത പുനരധിവാസ രീതികൾ അല്ലേ കൂടുതൽ ഗുണകരമാവുക ? അതോടൊപ്പം മെയിൻസ്ട്രീം സ്‌കൂളുകളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിച്ചും തടസ്സമില്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വാഭാവിക ഉൾച്ചേർക്കൽ സാധ്യമാക്കണം. തൊഴിൽ പരിശീലനം ലഭിച്ചവർക്ക് പൊതുസമൂഹത്തിലെ സ്ഥാപനങ്ങളിൽ സ്വകാര്യ-പൊതു മേഖലകളിൽ തൊഴിൽ സംവരണം ഉറപ്പാക്കുകയും, ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്താനുള്ള സാമൂഹിക ബോധവത്ക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും വേണം.
2016-ലെ RPWD ആക്ട് അനുസരിച്ച് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും അവർക്ക് തുല്യാവസരങ്ങളും ഉൾച്ചേർക്കലും നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഗവൺമെന്റിനും നിയമപരമായ ഉത്തരവാദിത്തമുണ്ട്. മലപ്പുറം ആതവനാട്ടിൽ സ്ഥാപിക്കുന്ന പോലുള്ള ഒരു ഭിന്നശേഷി പുനരധിവാസ ഗ്രാമം കേവലം ഒരു നിവാസ കേന്ദ്രമായി മാറാതെ, പൂർണ്ണ അർത്ഥത്തിൽ വിജയിക്കണമെങ്കിൽ തദ്ദേശ ഭരണകൂടങ്ങൾ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ഗ്രാമം എന്ന ക്യാമ്പസിനുള്ളിൽ മാത്രം പ്രവർത്തനങ്ങൾ ഒതുക്കാതെ, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രദേശവാസികളുമായി നിരന്തരം ഇടപഴകുന്ന രീതിയിൽ സമൂഹാധിഷ്ഠിത പുനരധിവാസം സാധ്യമാക്കണം. പുനരധിവാസ ഗ്രാമവും അനുബന്ധ പൊതു ഇടങ്ങളും 'ആക്സസിബിൾ ഇന്ത്യ' (കേന്ദ്രഗവൺമെൻ്റ് പദ്ധതി)മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ നിശ്ചിത സമയങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഉറപ്പാക്കുന്നതിനായി കുടുംബശ്രീ, ചന്തകൾ, സപ്ലൈകോ, മറ്റ് ഗവൺമെന്റ് ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ട് സുസ്ഥിരമായ സാമ്പത്തിക പുനരധിവാസം ഉറപ്പാക്കണം. കൂടാതെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ഭിന്നശേഷിക്കാരുടെ പ്രതിനിധികൾ, എൻ.ജി.ഓകൾ എന്നിവരെ ഉൾപ്പെടുത്തി ഒരു സുതാര്യമായ കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡ് രൂപീകരിച്ച് തദ്ദേശീയമായ മേൽനോട്ടവും പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്.
ലോകത്തിലെ മുന്നിട്ടുനിൽക്കുന്ന ചില വിദേശ മാതൃകകളിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. ഫ്രാൻസിലെയും മറ്റ് രാജ്യങ്ങളിലെയും 'ദി ലാർഷ് കമ്മ്യൂണിറ്റികൾ' ഭിന്നശേഷിയുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സങ്കൽപ്പമാണ് മുന്നോട്ടുവെക്കുന്നത്. ഇവിടെ 'പരിചരിക്കുന്നവൻ', 'പരിചരിക്കപ്പെടുന്നവൻ' എന്ന വേർതിരിവില്ല. കേരളത്തിലെ പദ്ധതിയിലും പ്രദേശവാസികൾക്കും വോളന്റിയർമാർക്കും ഈ ഗ്രാമത്തിൽ വന്ന് താമസിക്കാനും ഇടപഴകാനും അവസരം നൽകുന്നത് ഭിന്നശേഷിക്കാരെ ഒറ്റപ്പെടുത്താതെ സംരക്ഷിക്കാൻ സഹായിക്കും.യുകെയിലെയും യൂറോപ്പിലെയും 'കേംഫിൽ മൂവ്‌മെന്റ്' ഗ്രാമീണ ആവാസവ്യവസ്ഥയിൽ കൃഷി, കരകൗശല നിർമ്മാണം, കലാപ്രവർത്തനങ്ങൾ എന്നിവയിലൂടെ സ്വയംപര്യാപ്തവും പരിസ്ഥിതിസൗഹൃദവുമായ ജീവിതരീതിയാണ് പിന്തുടരുന്നത്. ആതവനാട് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കൃഷി, ഡെയറി ഫാം, ബുക്ക് ബൈൻഡിംഗ് തുടങ്ങിയ തൊഴിലധിഷ്ഠിത പരിപാടികളെ കൂടുതൽ വിപുലീകരിച്ച് ആവാസവ്യവസ്ഥയുടെ ഭാഗമാക്കാം.
ജപ്പാനിലെ "ബരിയ ഫ്രീ" കമ്മ്യൂണിറ്റികളിലും വില്ലേജുകളിലും ആളുകളെ ഒരു സ്ഥാപനത്തിൽ എന്നപോലെ തളച്ചിടാതെ, വീടുകളിലും പ്രാദേശിക ഗ്രാമങ്ങളിലും എല്ലാത്തരം സാങ്കേതിക വിദ്യകളും സജ്ജമാക്കി വ്യക്തിഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. പുനരധിവാസ ഗ്രാമത്തിലെ താമസക്കാർക്ക് അവിടത്തെ പരിശീലനത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങി സർക്കാരിന്റെയും പഞ്ചായത്തിന്റെയും പിന്തുണയോടെ സ്വതന്ത്രമായി ജീവിക്കാനുള്ള വഴി തുറക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്.
ഈ മാതൃകകൾ വ്യക്തമാക്കുന്നത് വേർതിരിക്കപ്പെട്ടുള്ള സംരക്ഷണമല്ല, മറിച്ച് സഹവാസവും സാമൂഹിക ഉൾച്ചേർക്കലുമാണ് പൂർണ്ണമായ ഭിന്നശേഷി ക്ഷേമം ഉറപ്പാക്കുന്നത് എന്നാണ്. ആതവനാട് ഗ്രാമത്തെ സമൂഹത്തിൽ നിന്ന് വേർപെട്ട ഒരു ദ്വീപാക്കാതെ, പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്ന ഒരു 'ഹബ്ബ്' ആയി മാറ്റിയാൽ മാത്രമേ ഈ പദ്ധതി പൂർണ്ണ അർത്ഥത്തിൽ മാതൃകാപരമാകൂ.
ഇൻക്ലൂഷൻ എന്നതിന്റെ പ്രാഥമിക തത്വം ഭിന്നശേഷിക്കാരെ സാധാരണ സമൂഹത്തിന്റെ ഭാഗമായി ഒപ്പം ജീവിക്കാൻ അനുവദിക്കുക എന്നതാണ്. എന്നാൽ ഒരു പ്രത്യേക ഭൂപ്രദേശത്തേക്ക് അവരെ മാറ്റിപ്പാർപ്പിക്കുമ്പോൾ, അത് ഒറ്റപ്പെടുത്തൽ ആയി മാറാനാണ് കൂടുതൽ സാധ്യത. സാധാരണ വിദ്യാലയങ്ങൾ, പ്രാദേശിക വിപണികൾ, അയൽപക്കങ്ങൾ എന്നിവയിൽ നിന്നൊക്കെ മാറി ഒരു കാമ്പസിനുള്ളിൽ ജീവിക്കുമ്പോൾ, ഭിന്നശേഷിയില്ലാത്ത ആളുകളുമായി ദിവസേനയുള്ള സഹവാസവും ആശയവിനിമയവും ഇല്ലാതാകുന്നു എന്നത് ഏറ്റവും വലിയ പോരായ്മയാണ്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമങ്ങളൊരുക്കുമ്പോൾ, പൊതുസമൂഹത്തിന് അവരുടെ കഴിവുകളെക്കുറിച്ചോ ആവശ്യങ്ങളെക്കുറിച്ചോ ഉള്ള അവബോധം കുറയുന്നു. ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിൽ പരിചയിക്കുമ്പോൾ മാത്രമാണ് സമൂഹം അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. അനുതാപവും പരിഗണനയും പാഠപുസ്തകങ്ങളിൽ എഴുതിപ്പഠിക്കേണ്ട ആശയങ്ങളല്ല . നിരന്തരമായ ഇടപെടലിലൂടെ ആർജിക്കേണ്ട മനോഭാവങ്ങളാണത്. ഒരു പുനരധിവാസ ഗ്രാമം നിലവിലുണ്ടെന്ന കാരണത്താൽ, പൊതു റോഡുകൾ, ബസുകൾ, സ്കൂളുകൾ, പൊതു ഓഫീസുകൾ എന്നിവ ഭിന്നശേഷി സൗഹൃദമാക്കുന്നതിൽ നിന്ന് പ്രാദേശിക ഭരണകൂടങ്ങൾ പിന്നോട്ടുപോകാനും ഇടയായേക്കാം. ഗ്രാമത്തിനു പുറത്തുള്ള ഭിന്ന ശേഷിക്കാർക്ക് ആവശ്യമായ പരിഗണന കിട്ടാതെവരികയും ചെയ്യാം.
RPWD ആക്ട് അനുസരിച്ച് ഭിന്നശേഷിക്കാർക്ക് സ്വന്തം കമ്മ്യൂണിറ്റിയിൽ കുടുംബത്തോടൊപ്പം ജീവിക്കാനും പൊതു സ്ഥാപനങ്ങളിൽ ജോലി ചെയ്യാനുമുള്ള അവകാശമുണ്ട്. പ്രത്യേക കേന്ദ്രങ്ങളിലേക്ക് ചുരുക്കപ്പെടുമ്പോൾ അവരുടെ സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ പ്രതിസന്ധിയിലാകുന്നു. ചുരുക്കത്തിൽ, തീവ്ര പരിചരണം ആവശ്യമുള്ളവർക്ക് ഒരു ഇടം നൽകുന്നു എന്നതിനപ്പുറം, ഭിന്നശേഷി ക്ഷേമത്തിന്റെ അന്തിമ ലക്ഷ്യം സമൂഹാധിഷ്ഠിത ഉൾച്ചേർക്കൽ ആയിരിക്കണം; മറിച്ച് അവരെ പ്രത്യേക ഗ്രാമങ്ങളിലേക്ക് പറിച്ചുനടൽ ആകരുത് എന്നാണ് സൂചിപ്പിക്കാനുള്ളത്.
The Rights of Persons with Disabilities (RPWD) Act, 2016 guarantees equality, dignity, non-discrimination and full participation in society for persons with disabilities. The article examines the Athavanad Grama Panchayat project in the context of these legal provisions. The project provides services ranging from early identification and intervention to education, vocational training and rehabilitation, aligning with the objectives of the RPWD Act. It also seeks to address the long-term welfare and future security of children with disabilities, including support for their lives after their parents are no longer able to care for them.