അന്ന് ഭുജ്ബലും രാജ് താക്കറെയും, ഇന്ന് 6 എംപിമാരും; ഉദ്ധവ് താക്കറെയെ വീഴ്ത്തിയ ആഭ്യന്തര കലഹങ്ങളുടെ കഥ!

ഛഗന്‍ ഭുജ്ബലില്‍ തുടങ്ങി 2026-ല്‍ എത്തിനില്‍ക്കുന്ന ഈ ആറ് എം.പിമാരുടെ വേര്‍പിരിയല്‍ വരെയുള്ള കഥ പരിശോധിച്ചാല്‍, ഉദ്ധവ് താക്കറെ എന്ന നേതാവിനെ കാലം എങ്ങനെയാണ് വീഴ്ത്തിയതെന്ന് വ്യക്തമാകും
അന്ന് ഭുജ്ബലും രാജ് താക്കറെയും, ഇന്ന് 6 എംപിമാരും; ഉദ്ധവ് താക്കറെയെ വീഴ്ത്തിയ ആഭ്യന്തര കലഹങ്ങളുടെ കഥ!
Published on

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മാറ്റിമറിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ് ശിവസേന. എന്നാല്‍ ആ പാര്‍ട്ടിയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. ശിവസേനയ്ക്ക് പുറത്തുനിന്നുള്ള ശത്രുക്കളേക്കാള്‍ വലിയ പ്രഹരമേല്‍പ്പിച്ചിട്ടുള്ളത് എപ്പോഴും ഉള്ളില്‍ നിന്ന് തന്നെയുള്ള 'കലാപങ്ങളാണ്'. ഏറ്റവും ഒടുവില്‍, ഉദ്ധവ് താക്കറെയുടെ കയ്യില്‍ അവശേഷിച്ച ഒന്‍പത് ലോക്സഭാ എം.പിമാരില്‍ ആറ് പേര്‍ കൂടി വിമതപക്ഷത്തേക്ക് ചേക്കേറുമ്പോള്‍, അത് കേവലമൊരു കൂറുമാറ്റമല്ല. പതിറ്റാണ്ടുകളായി താക്കറെ കുടുംബത്തിന്റെ അപ്രമാദിത്വത്തെയും ഉദ്ധവിന്റെ നേതൃത്വത്തെയും തകിടം മറിച്ച ആഭ്യന്തര യുദ്ധങ്ങളുടെ തുടര്‍ച്ച മാത്രമാണ്.

ഛഗന്‍ ഭുജ്ബലില്‍ തുടങ്ങി 2026-ല്‍ എത്തിനില്‍ക്കുന്ന ഈ ആറ് എം.പിമാരുടെ വേര്‍പിരിയല്‍ വരെയുള്ള കഥ പരിശോധിച്ചാല്‍, ഉദ്ധവ് താക്കറെ എന്ന നേതാവിനെ കാലം എങ്ങനെയാണ് വീഴ്ത്തിയതെന്ന് വ്യക്തമാകും.

1991: താക്കറെ സാമ്രാജ്യത്തെ നടുക്കിയ ആദ്യ ശബ്ദം

ബാല്‍ താക്കറെ എന്ന സിംഹത്തിന്റെ മുന്നില്‍ ആരും ശബ്ദമുയര്‍ത്താന്‍ മടിച്ചിരുന്ന കാലത്താണ് പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയനായ ഒ.ബി.സി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഛഗന്‍ ഭുജ്ബല്‍ ആദ്യ വെല്ലുവിളി ഉയര്‍ത്തുന്നത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന ഭുജ്ബലിന്റെ അസംതൃപ്തി ഒടുവില്‍ 18 എം.എല്‍.എമാരുമായി അദ്ദേഹം പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചു. ബാല്‍ താക്കറെയ്ക്ക് നേരിട്ട ആദ്യത്തെ വലിയ ആഘാതമായിരുന്നു അത്. ഭുജ്ബല്‍ പിന്നീട് കോണ്‍ഗ്രസിലും ശരദ് പവാറിന്റെ എന്‍.സി.പിയിലുമെത്തി ഉപമുഖ്യമന്ത്രി വരെയായി രാഷ്ട്രീയത്തില്‍ താക്കറെ കുടുംബത്തിന് പുറത്തും വലിയ വിജയം നേടാമെന്ന് തെളിയിച്ചു.

2005: കോട്ടയ്ക്കുള്ളിലെ ആദ്യ വിള്ളല്‍

ഛഗന്‍ ഭുജ്ബല്‍ പോയതിന് ശേഷം ശിവസേനയിലെ കരുത്തനായി വളരുകയും 1999-ല്‍ ഹ്രസ്വകാലത്തേക്ക് മുഖ്യമന്ത്രിയാവുകയും ചെയ്ത നേതാവായിരുന്നു നാരായണ്‍ റാണെ. എന്നാല്‍ 2003-ല്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി ഉദ്ധവ് താക്കറെ ചുമതലയേറ്റതോടെ നാരായണ്‍ റാണെ അസ്വസ്ഥനായി. ശാന്തനായ ഉദ്ധവിന്റെ പ്രവര്‍ത്തനശൈലി പാര്‍ട്ടിയെ തകര്‍ക്കുമെന്ന് പരസ്യമായി കുറ്റപ്പെടുത്തിയ റാണെയെ 2005-ല്‍ ബാല്‍ താക്കറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണുണ്ടായത്. ഉദ്ധവിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആദ്യ പരാജയമായി വിലയിരുത്തപ്പെട്ട ഈ പുറത്തുപോകലിന് ശേഷം റാണെ കോണ്‍ഗ്രസിലും നിലവില്‍ ബി.ജെ.പിയിലുമെത്തി കേന്ദ്രമന്ത്രിയായി മാറി.

അന്ന് ഭുജ്ബലും രാജ് താക്കറെയും, ഇന്ന് 6 എംപിമാരും; ഉദ്ധവ് താക്കറെയെ വീഴ്ത്തിയ ആഭ്യന്തര കലഹങ്ങളുടെ കഥ!
60 ദിവസത്തെ ഉപരോധ ഇളവും ചൈനയും: ഇറാന്‍ എണ്ണയോട് ഇന്ത്യ അകലം പാലിക്കുമോ? കാരണങ്ങള്‍ ഇതാ

2006: രക്തബന്ധം മുറിഞ്ഞപ്പോള്‍

ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിപരവും രാഷ്ട്രീയവുമായ തിരിച്ചടിയായിരുന്നു കസിന്‍ സഹോദരനായ രാജ് താക്കറെയുടെ വേര്‍പിരിയല്‍. രൂപത്തിലും പ്രസംഗ ശൈലിയിലും ബാല്‍ താക്കറെയുടെ യഥാര്‍ത്ഥ പിന്‍ഗാമി രാജ് താക്കറെയാണെന്ന് അണികള്‍ വിശ്വസിച്ചിരുന്നെങ്കിലും മകന്‍ ഉദ്ധവിനെ ഒപ്പം നിര്‍ത്താനായിരുന്നു ബാല്‍ താക്കറെയുടെ തീരുമാനം. തന്റെ കഴിവുകള്‍ക്ക് പാര്‍ട്ടിയില്‍ വിലയില്ലെന്ന് തിരിച്ചറിഞ്ഞ രാജ്, 2005-ല്‍ പാര്‍ട്ടി വിട്ട് 2006-ല്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (ങചട) രൂപീകരിച്ചു. മറാത്തി വികാരം ഉദ്ധവിനേക്കാള്‍ നന്നായി ഉയര്‍ത്തിപ്പിടിച്ച രാജ്, 2009-ലെ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ നേടി ശിവസേനയുടെ ഔദ്യോഗിക വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ത്തുകയും ഉദ്ധവിന്റെ സ്വാധീനം കുറയ്ക്കുകയും ചെയ്തു.

2022: അമ്പും വില്ലും നഷ്ടപ്പെടുത്തിയ മഹാ അട്ടിമറി

ഇതുവരെ നടന്ന പിളര്‍പ്പുകളെല്ലാം നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയതായിരുന്നുവെങ്കില്‍, 2022-ല്‍ നടന്നത് പാര്‍ട്ടിയെ തന്നെ എടുത്തുമാറ്റിയ അട്ടിമറിയായിരുന്നു. കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യം ചേര്‍ന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായെങ്കിലും, താഴെത്തട്ടിലെ ശിവസൈനികര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉദ്ധവ് പണയം വെച്ചുവെന്ന് ആരോപിച്ച് വിശ്വസ്തനായ ഏകനാഥ് ഷിന്‍ഡെ 40 എം.എല്‍.എമാരെ കൂട്ടി വിമത നീക്കം നടത്തുകയും ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും യഥാര്‍ത്ഥ ശിവസേനയായി ഷിന്‍ഡെ വിഭാഗത്തെ അംഗീകരിക്കുകയും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ 'അമ്പും വില്ലും' അവര്‍ക്ക് നല്‍കുകയും ചെയ്തതോടെ ഉദ്ധവ് താക്കറെ വെറും ശിവസേന ആയി ചുരുങ്ങി.

അന്ന് ഭുജ്ബലും രാജ് താക്കറെയും, ഇന്ന് 6 എംപിമാരും; ഉദ്ധവ് താക്കറെയെ വീഴ്ത്തിയ ആഭ്യന്തര കലഹങ്ങളുടെ കഥ!
അടിത്തട്ടില്‍ പട്ടിണി, രേഖകളില്‍ വന്‍ കുതിപ്പ്! അട്ടിമറിക്കപ്പെടുന്ന ഗ്രാമീണ വേതന കണക്കുകള്‍

2026: അവസാനത്തെ ആണി; 6 എം.പിമാരുടെ കൂറുമാറ്റം

തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലായിരുന്ന ഉദ്ധവ് താക്കറെയെ തേടി വീണ്ടുമൊരു വന്‍ ദുരന്തം എത്തിയത് 2026 ജൂണിലാണ്. പാര്‍ലമെന്റിലെ തന്റെ ശക്തികേന്ദ്രമായിരുന്ന ആറ് ലോക്സഭാ എം.പിമാരാണ് ഒന്നിച്ച് ഷിന്‍ഡെ പക്ഷത്തേക്ക് മാറിയത്. യവത്മാലില്‍ നിന്നുള്ള സഞ്ജയ് ദേശ്മുഖ്, പര്‍ഭണിയില്‍ നിന്നുള്ള സഞ്ജയ് ജാദവ്, മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള സഞ്ജയ് ദിനാ പാട്ടീല്‍, ഹിംഗോലിയില്‍ നിന്നുള്ള നാഗേഷ് പാട്ടീല്‍ അഷ്ടികര്‍, ധാരാശിവ് പ്രതിനിധീകരിക്കുന്ന ഓംപ്രകാശ് രാജേനിംബാല്‍ക്കര്‍, ഷിര്‍ദ്ദിയില്‍ നിന്നുള്ള ഭാവുസാഹേബ് വക്ചൗരെ എന്നിവരാണ് ഉദ്ധവ് ക്യാമ്പ് വിട്ടത്. കോണ്‍ഗ്രസ് സഖ്യത്തില്‍ തുടരുന്നതിലൂടെ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ഭയവും, സഞ്ജയ് റാവുത്തിനെപ്പോലുള്ള ചുരുക്കം ചില നേതാക്കളുടെ ഉപദേശങ്ങള്‍ക്ക് ഉദ്ധവ് അമിത പ്രാധാന്യം നല്‍കുന്നതുമാണ് ഈ ജനപ്രതിനിധികളെ പ്രകോപിപ്പിച്ചത്. തങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വമാണ് ഉചിതമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഛഗന്‍ ഭുജ്ബല്‍ അണികളെ കൊണ്ടുപോയി, നാരായണ്‍ റാണെ അധികാരം കൊണ്ടുപോയി, രാജ് താക്കറെ വോട്ട് ബാങ്ക് കൊണ്ടുപോയി, ഏകനാഥ് ഷിന്‍ഡെ പാര്‍ട്ടിയുടെ പേരും ചിഹ്നവും കൊണ്ടുപോയി. ഇപ്പോള്‍ ഇതാ, അവശേഷിച്ച ജനപ്രതിനിധികളും ഉദ്ധവിനെ കൈവിട്ടിരിക്കുന്നു. തന്റെ കൂട്ടത്തിലുള്ളവരുടെ അസംതൃപ്തിയും ആശങ്കകളും കൃത്യസമയത്ത് തിരിച്ചറിയാന്‍ കഴിയാത്തതും, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാതെ ഡ്രോയിംഗ് റൂം രാഷ്ട്രീയക്കാരനായി ഒതുങ്ങിപ്പോയതുമാണ് ഉദ്ധവ് താക്കറെയ്ക്ക് സംഭവിച്ച ഏറ്റവും വലിയ പരാജയം. ബാല്‍ താക്കറെ എന്ന വികാരം കൊണ്ട് മാത്രം ഇനി എത്രനാള്‍ ഉദ്ധവിന് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Summary

The history of Shiv Sena is not just a story of political battles against rivals but also one marked by repeated internal rebellions that have reshaped the party. From the days of Chhagan Bhujbal's revolt to the latest political setback in 2026, the party has often suffered its deepest wounds from within.

The recent defection of six out of the nine Lok Sabha MPs who remained loyal to Uddhav Thackeray is more than a routine political switch. It represents another chapter in a long series of internal uprisings that have steadily weakened the Thackeray family's dominance over the party. Examining the journey from earlier rebellions to the latest split reveals how Uddhav Thackeray's leadership has been challenged over the years and how Shiv Sena's internal conflicts have transformed Maharashtra's political landscape.

Madism Digital
madismdigital.com