

മതപരമായ അവകാശങ്ങളാണോ വിദ്യാഭ്യാസമാണോ വലുത്? പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി ഈ ചോദ്യം നേരിടേണ്ടി വന്നവരാണ് കർണാടകയിലെ നൂറുകണക്കിനു കോളജ് വിദ്യാർഥിനികൾ. അതിനുള്ള ഉത്തരം രാജ്യത്ത് സമാധാനത്തിന്റെ അടിത്തറയിളക്കാൻ മാത്രം പോന്നതായിരുന്നു.
കർണാടകയിൽ 2022ൽ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് വിലക്ക് സിദ്ധരാമയ്യ സർക്കാർ പിൻവലിക്കുമ്പോൾ ബാക്കിയാവുന്ന ചില ചോദ്യങ്ങളുണ്ട്. ഹിജാബ് വിലക്കിൽ ആരെന്ത് നേടി? ഹിജാബില്ലാതെ എത്ര വിദ്യാർഥിനികൾ കോളജുകളിലെത്തി? എന്തായി ആ കുട്ടികളുടെ ഭാവി? ഉത്തരങ്ങളിൽ ചിലപ്പോൾ നാം സ്തംഭിച്ച് നിന്നേക്കാം. കാരണം ബിജെപി സർക്കാരിന്റെ പിടിവാശിയിൽ ജീവിതം കൈവിട്ടുപോയവരാണ് നിഷ്‌കളങ്കരായ ആ വിദ്യാർഥിനികളിലേറെയും.
വിവാദ ഉത്തരവിൽ വാർത്തകളിൽ നിറഞ്ഞ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും കോളജുകളിലെ മുസ്ലിം വിദ്യാർഥിനികളിൽ 50 ശതമാനം പേരും ഹിജാബ് വിലക്കിനെത്തുടർന്ന് കോളജിൽ തിരിച്ചെത്തിയിട്ടില്ല. പഠനം മുഴുമിപ്പിക്കാതെ അവരൊക്കെ പലവഴിക്ക് പോയി. മിക്ക കുട്ടികളും ഇന്ന് വിവാഹിതരുമാണ്.
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) റിപ്പോർട്ടനുസരിച്ച് 1000 മുസ്ലിം വിദ്യാർഥിനികൾ ഹിജാബ് വിലക്കിന് പിന്നാലെ കർണാടകയിൽ പ്രീ-യൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മൊത്തം മുസ്ലിം വിദ്യാർഥികളുടെ എണ്ണത്തെയും ബാധിച്ചു.ബംഗാളിനെ ഹിന്ദുക്കളുടെ 'മാതൃരാജ്യ'മാക്കി ബിജെപി; ഒരു ദശാബ്ദം നീണ്ടുനിന്ന അമിത് ഷായുടെ ഓപ്പറേഷന്‍ വിജയം കാണുമ്പോള്‍
നിശിതമായ മതനിയമങ്ങളനുസരിച്ച് ജീവിക്കുന്ന ഒരു വിഭാഗത്തിന് പൊതുവിടങ്ങളിലെത്തുമ്പോൾ പരിമിതികളേറെയുണ്ട്. ഈ പരിമിതികൾ മാനിച്ച്, അവരെ പരിഗണിക്കുന്നിടത്താണ് സമൂഹമെന്ന നിലയിൽ നമ്മുടെ വിജയം. അതിനെ അസഹിഷ്ണുതയോടെ കണ്ട്, മത്സരബുദ്ധിയോടെ മുന്നേറിയാൽ മനുഷ്യരാശിയുടെ നാശത്തിനേ അത് വഴിവയ്ക്കൂവെന്നു ഹിജാബ് നിരോധനം നമുക്കു മുന്നിൽ വരച്ചിടുന്നു.
ഹിജാബ് വിലക്ക് സാമുദായിക സ്പർധയ്ക്ക് മാത്രമല്ല, കുട്ടികൾക്കിടയിൽ ഭിന്നിപ്പുണ്ടാകാനും കാരണമാകുമെന്ന് തുടക്കത്തിൽ തന്നെ വിമർശനമുയർന്നതാണ്. അത് സംഭവിക്കുകയും ചെയ്തു. മതചിഹ്നങ്ങളും കാവിഷാളും ധരിച്ചെത്തിയ കൗമാരക്കാർ വാർത്തകളിൽ നിറഞ്ഞത് നമ്മൾ കണ്ടു. ആവിഷ്‌കാരസ്വാതന്ത്ര്യം എന്തെന്ന് മനസ്സിലാക്കാനുള്ള പ്രായമാകുന്നതിന് മുമ്പ് തന്നെ അതിന് വിലക്കിടുന്ന മനസ്ഥിതി. വിവാദം കനത്തപ്പോഴായിരുന്നു കാത്തിരുന്നത് പോലെ ബിജെപിയുടെ വിലക്കും.
മതനിയമങ്ങൾ പാലിക്കാൻ നിഷ്‌കർഷിക്കുന്ന ഒരു സമുദായത്തിന് പൊതുവിടത്തിൽ പ്രാതിനിധ്യം നഷ്ടമാകാൻ ഹിജാബ് വിലക്ക് കാരണമാകുമെന്ന വാദങ്ങളെല്ലാം കർണാടകയിൽ സത്യമായി. മംഗളൂരുവിലെ കാർ സ്ട്രീറ്റിലുള്ള പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിൽ മാത്രം 35 വിദ്യാർഥിനികളാണ് പഠനം നിർത്തിയത്. കർണാടകയിലെ ഏറ്റവും ഉയർന്ന കണക്ക്. കോളജിൽ വിലക്ക് നേരിട്ടത് കൊണ്ടുമാത്രം വിവാഹജീവിതത്തിലേക്ക് കടന്ന വിദ്യാർഥികളും അനേകമുണ്ട്. മൗലികാവകാശമായിരുന്നിട്ടു പോലും സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ.
ഈ കണക്കുകളെല്ലാമാണ് ബിജെപിയുടെ സെക്കുലർ അജണ്ടയുടെ അനന്തരഫലങ്ങൾ. വോട്ട് ധ്രുവീകരണത്തിനായി മുസ്ലിം വിദ്യാർഥിനികളെ ബലിയാടാക്കിയ ബിജെപിക്ക് കനത്ത തിരിച്ചടി തന്നെ സിദ്ധരാമയ്യ സർക്കാർ നൽകി. അതേസമയം, തന്നെ മതപരമായ ആചാരങ്ങൾ വിദ്യാഭ്യാസം നേടുന്നതിന് തടയിടരുതെന്ന് ഉറപ്പുവരുത്താൻ സമുദായസംഘടനകളും ശ്രദ്ധചെലുത്തേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം എടുത്തുപറയുന്നു.
കോൺഗ്രസിന്റെ നടപടി
കഴിഞ്ഞ ദിവസമാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ഹിജാബ് നിരോധനം പിൻവലിച്ചത്. സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും നിർദ്ദിഷ്ട യൂണിഫോമിനൊപ്പം പരമ്പരാഗതവും മതാധിഷ്ഠിതവുമായ ഹിജാബ് ഉൾപ്പടെ ധരിക്കാൻ അനുമതി നൽകുന്ന പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
തലപ്പാവ്, പൂണൂൽ, ശിവധാര, രുദ്രാക്ഷ മാല, ഹിജാബ് അല്ലെങ്കിൽ സമാനമായ രീതിയിലുള്ള ശിരോവസ്ത്രങ്ങൾ എന്നിവ ധരിക്കാൻ വിദ്യാർഥികൾക്ക് അനുവാദമുണ്ട്. എന്നാൽ, ഇത് വിദ്യാർഥികളുടെ അച്ചടക്കം, സുരക്ഷ അല്ലെങ്കിൽ വിദ്യാർഥികളെ തിരിച്ചറിയൽ എന്നിവയെ ബാധിക്കാൻ പാടില്ല. കൂടാതെ ഇവ യൂണിഫോമിന് അനുയോജ്യമായ രീതിയിലായിരിക്കണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മത ചിഹ്നങ്ങൾ ധരിച്ചതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും ക്ലാസ് മുറികളിലോ പരീക്ഷകളിലോ മറ്റ് അക്കാദമിക് പ്രവർത്തനങ്ങളിലോ പ്രവേശനം നിഷേധിക്കാൻ പാടില്ല. അതേസമയം, ഇത്തരം ചിഹ്നങ്ങൾ ധരിക്കാനോ നീക്കം ചെയ്യാനോ ഒരു വിദ്യാർഥിയെയും നിർബന്ധിക്കാനും പാടില്ല. പുതിയ നിയമങ്ങൾ പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് അധികാരികൾ നിശ്ചയിച്ചിട്ടുള്ള യൂണിഫോം തന്നെ നടപ്പാക്കണം. ദേശീയ-സംസ്ഥാന തലത്തിലുള്ള പരീക്ഷകൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഡ്രസ് കോഡുകൾ ആ സമയങ്ങളിൽ തുടർന്നും ബാധകമായിരിക്കും.
English Summary: As the Siddaramaiah government withdraws the hijab ban imposed by the BJP in Karnataka in 2022, a few questions remain — who really benefited from the ban, and what happened to the futures of the innocent students affected by it? For many, the BJP government’s unnecessary stubbornness cost them dearly.