'മത്സരശേഷി' എന്ന മായാജാലം; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ മറച്ചുവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

അസംസ്‌കൃത വസ്തുക്കളുടെ വന്‍കിട ഇറക്കുമതിയുള്ള, ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത്, രൂപയുടെ ഈ താഴ്ചയും 'അണ്ടര്‍വാല്യൂവേഷനും' യഥാര്‍ത്ഥത്തില്‍ ആഭ്യന്തര വിപണിയില്‍ വന്‍ വിലക്കയറ്റത്തിനും ഇമ്പോര്‍ട്ടഡ് ഇന്‍ഫ്‌ലേഷനുമാണ് വഴിമരുന്നിടുന്നത്
'മത്സരശേഷി' എന്ന മായാജാലം; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ മറച്ചുവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍
Published on

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം മുന്‍പെങ്ങുമില്ലാത്ത വിധം ചരിത്രപരമായ താഴ്ചയിലേക്കു കൂപ്പുകുത്തുമ്പോള്‍, പ്രതിസന്ധിയുടെ ആഴം കുറച്ചുകാണിക്കാനും വിപണിയില്‍ ആത്മവിശ്വാസം നിലനിര്‍ത്താനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര നടത്തുന്ന പ്രസ്താവനകള്‍ വലിയ സാമ്പത്തിക വിശകലനങ്ങള്‍ക്കാണു വഴിതുറന്നിരിക്കുന്നത്. ദി ഹിന്ദു, ബിസിനസ് ലൈന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍, രൂപ ഇപ്പോള്‍ 'മൂല്യക്കൂടുതല്‍' (OverValued) ഉള്ള കറന്‍സിയല്ലെന്നും മറിച്ച് 'മൂല്യക്കുറവ്' (Undervalued) നേരിടുന്ന അവസ്ഥയിലാണെന്നുമുള്ള നിരീക്ഷണമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വിപണിയിലെ എണ്ണവില വര്‍ധനവും ഉയര്‍ത്തുന്ന ബാഹ്യ ആഘാതങ്ങളാണു കറന്‍സിയുടെ തകര്‍ച്ചയ്ക്കു കാരണമെന്നും വിദേശ വിപണി ശാന്തമാകുന്നതോടെ രൂപ തനിയെ ശക്തിപ്പെടുമെന്നുമാണ് കേന്ദ്ര ബാങ്കിന്റെ ഔദ്യോഗിക നിലപാട്.

എന്നാല്‍, ആര്‍ബിഐ ഗവര്‍ണറുടെ ഈ 'കറന്‍സി അണ്ടര്‍വാല്യൂവേഷന്‍' തിയറിയെ സങ്കീര്‍ണമായ ഒരു വിമര്‍ശനാത്മക കോണിലൂടെ വേണം കാണാന്‍. സാധാരണയായി ഒരു കറന്‍സിയുടെ മൂല്യം കുറയുമ്പോള്‍ അത് ആ രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്ക് ആഗോളതലത്തില്‍ മത്സരശേഷി നല്‍കുമെന്ന ലളിതമായ സാമ്പത്തിക സിദ്ധാന്തത്തെയാണു കേന്ദ്ര ബാങ്ക് പ്രധാനമായും ആശ്രയിക്കുന്നത്.

എന്നാല്‍ ഇന്ത്യയെപ്പോലുള്ള, അസംസ്‌കൃത വസ്തുക്കളുടെ വന്‍കിട ഇറക്കുമതിയുള്ള ഒരു രാജ്യത്ത്, രൂപയുടെ ഈ താഴ്ചയും 'അണ്ടര്‍വാല്യൂവേഷനും' യഥാര്‍ത്ഥത്തില്‍ ആഭ്യന്തര വിപണിയില്‍ വന്‍ വിലക്കയറ്റത്തിനും ഇമ്പോര്‍ട്ടഡ് ഇന്‍ഫ്‌ലേഷനുമാണ് വഴിമരുന്നിടുന്നത്.

വിദേശ വിപണിയിലെ അസ്ഥിരത മാറുംവരെ കാത്തിരിക്കാമെന്ന ആര്‍ബിഐയുടെ അയഞ്ഞ സമീപനവും, രൂപയുടെ നിര്‍ദിഷ്ട പരിധി സംരക്ഷിക്കാന്‍ ആക്രമണോത്സുകമായി ഇടപെടാത്ത നിലപാടും കേവലം ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള പിന്മാറ്റമാണോ അതോ തന്ത്രപരമായ സാമ്പത്തിക നീക്കമാണോയെന്നു വിശദമായി പരിശോധിക്കേണ്ടതുണ്ട്.

'മത്സരശേഷി' എന്ന മായാജാലം; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ മറച്ചുവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍
പെട്രോള്‍ വില ഇവിടെ കുറയില്ല! പക്ഷേ അന്താരാഷ്ട്ര വിപണിയില്‍ വിലയിടിവ്, സാധാരണക്കാരന്‍ വഞ്ചിക്കപ്പെടുകയാണോ?

വാല്യൂ അഡീഷനും ഇറക്കുമതി അധിഷ്ഠിത യാഥാര്‍ത്ഥ്യവും

ഇന്ത്യയുടെ പ്രമുഖ കയറ്റുമതി മേഖലകളായ ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്‌നങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയെല്ലാം അസംസ്‌കൃത വസ്തുക്കള്‍ക്കായി വിദേശ ഇറക്കുമതിയെയാണു വന്‍തോതില്‍ ആശ്രയിക്കുന്നത്. വിദേശത്തുനിന്ന് വാങ്ങുന്ന അസംസ്‌കൃത വസ്തുക്കള്‍ക്കും യന്ത്രങ്ങള്‍ക്കും കൂടുതല്‍ ഡോളര്‍ നല്‍കേണ്ടിവരുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി ഉയരുന്നു.

ഡോളര്‍ വരുമാനം രൂപയിലേക്കു മാറ്റുമ്പോള്‍ ലഭിക്കുന്ന നേട്ടം, ഉയര്‍ന്ന ഇറക്കുമതിച്ചെലവിലൂടെ പൂര്‍ണമായി ഇല്ലാതാകുകയാണു ചെയ്യുന്നത്. ചുരുക്കത്തില്‍, അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നതു കാരണം കയറ്റുമതിക്കാര്‍ക്കു രൂപയുടെ മൂല്യത്തകര്‍ച്ച നല്‍കുന്ന ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.

സ്ട്രക്ചറല്‍ പ്രതിസന്ധികളും 'വില' അല്ലാത്ത ഘടകങ്ങളും

ആഗോളവിപണിയില്‍ ഒരു രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുന്നതു കേവലം കുറഞ്ഞ വില ഉള്ളതുകൊണ്ടു മാത്രമല്ല. ചൈനയോടും വിയറ്റ്‌നാമിനോടും മറ്റു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോടും മത്സരിക്കാന്‍ രൂപയുടെ മൂല്യക്കുറവ് മാത്രം മതിയാകില്ലെന്ന അടിയന്തിര യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുകയാണ്. ഉയര്‍ന്ന ലോജിസ്റ്റിക്‌സ് ചെലവുകള്‍, അടിസ്ഥാന സൗകര്യങ്ങളിലെ കാര്യക്ഷമതയില്ലായ്മ, സങ്കീര്‍ണമായ ചട്ടങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ കയറ്റുമതിയെ പ്രധാനമായും പിന്നോട്ടടിക്കുന്നത്.

കറന്‍സിയുടെ മൂല്യം വിപണി സമ്മര്‍ദ്ദം മൂലം കുറയുന്നതുകൊണ്ട് മാത്രം ഈ ഘടനാപരമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകില്ല. വിലയേക്കാളുപരി ഗുണനിലവാരം, വിതരണശൃംഖലയിലെ വേഗത എന്നിവയിലാണ് ആഗോളവിപണിയില്‍ യഥാര്‍ത്ഥ മത്സരങ്ങള്‍ നടക്കുന്നത്.

ഇമ്പോര്‍ട്ടഡ് ഇന്‍ഫ്‌ളേഷനും സാമ്പത്തിക ഭാരവും

കയറ്റുമതിമേഖലയിലെ ഒരു ചെറിയ വിഭാഗത്തിനു ലഭിച്ചേക്കാവുന്ന താല്‍ക്കാലിക നേട്ടത്തേക്കാള്‍ ഭയാനകമാണ് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക ആഘാതം. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്.

രൂപയുടെ തകര്‍ച്ച ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയും ഇത് രാജ്യത്തുടനീളം ഗതാഗത ഉല്‍പ്പാദനച്ചെലവുകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം ആഭ്യന്തര വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന അടിയന്തിര സാഹചര്യത്തിലേക്കു കാര്യങ്ങളെ എത്തിക്കുന്നു.

ഔദ്യോഗിക ഭാഷ്യവും യഥാര്‍ത്ഥ സാമ്പത്തിക പ്രത്യാഘാതങ്ങളും

രൂപയുടെ മൂല്യം താഴുമ്പോള്‍ അതിനെ 'അന്താരാഷ്ട്ര മത്സരശേഷി'യെന്നു വിശേഷിപ്പിക്കുന്നതു യഥാര്‍ത്ഥത്തില്‍ സാമ്പത്തികത്തകര്‍ച്ചയുടെ ആഘാതം കുറച്ചുകാണിക്കാനുള്ള ഒരു ഔദ്യോഗിക ഭാഷ്യം മാത്രമാണ്. ഉയര്‍ന്ന ഇറക്കുമതി നിരക്കുള്ള ഒരു വികസനസ്വഭാവമുള്ള സമ്പദ്‌വ്യവസ്ഥയ്ക്കു കറന്‍സിയുടെ മൂല്യത്തകര്‍ച്ച വരുത്തിവെക്കുന്ന നഷ്ടം, കയറ്റുമതി മേഖലയ്ക്കു ലഭിക്കുന്ന താല്‍ക്കാലിക നേട്ടത്തേക്കാള്‍ വളരെ വലുതാണ്. ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചുകൊണ്ടും മാത്രമാണ് യഥാര്‍ത്ഥ മത്സരശേഷി കൈവരിക്കേണ്ടത്. അല്ലാതെ രൂപയുടെ തുടര്‍ച്ചയായ വിലയിടിവിലൂടെയല്ല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത്.

Summary

As the Indian rupee sinks to a historic low against the US dollar, statements by Reserve Bank of India Governor Sanjay Malhotra aimed at downplaying the severity of the crisis and maintaining market confidence have sparked significant economic debate.

In interviews with leading publications such as The Hindu and BusinessLine, Malhotra argued that the rupee is not currently an "overvalued" currency; instead, it is in an "undervalued" state. According to him, the currency's decline has been driven primarily by external shocks, including geopolitical tensions in West Asia and rising global oil prices.

The central bank's official position is that once conditions in the foreign exchange market stabilize, the rupee is likely to regain strength on its own.

Madism Digital
madismdigital.com