ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രിയും ഉപന്യാസകാരിയുമായ ആൻ കഴ്സണ്. ക്ലാസിക്കൽ പാരമ്പര്യങ്ങളെ സർഗാത്മകമായി പുനഃരാവിഷ്കരിച്ച് സമകാലിക സാഹിത്യത്തിന് പുതിയ മാനങ്ങൾ നൽകിയ അവരുടെ ധീരവും നൂതനവുമായ രചനാശൈലിയെ മാനിച്ചാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചു.
1950ൽ കാനഡയിലെ ടൊറന്റോയിൽ ജനിച്ച ആൻ കഴ്സൺ, പുരാതന ഗ്രീക്ക് സാഹിത്യത്തെയും പുരാവൃത്തങ്ങളെയും അടിസ്ഥാനമാക്കി കവിത, ഗദ്യം, വിവർത്തനം എന്നീ മേഖലകളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് സാഹിത്യലോകത്ത് ശ്രദ്ധേയയായത്. സാഹിത്യ നിരൂപണത്തോടൊപ്പം മനുഷ്യന്റെ ആഗ്രഹങ്ങളെയും അന്വേഷിക്കുന്ന 'ഇറോസ് ദ ബിറ്റർസ്വീറ്റ്' (1986) ആണ് ആദ്യ പുസ്തകം. പുരാതന ഗ്രീക്ക് കവിയായ സ്റ്റെസിചോറസിന്റെ അവശേഷിക്കുന്ന രചനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1998-ൽ പുറത്തിറക്കിയ 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' ആണ് അവരുടെ ഏറ്റവും പ്രശസ്തമായ കൃതി. ഹെരാക്ലീസ് വധിച്ച ജെറിയോൺ എന്ന രാക്ഷസന്റെ പുരാണകഥയെ, തീവ്രമായ ആഗ്രഹങ്ങളും പ്രണയനൈരാശ്യവും പേറുന്ന ഒരു ആധുനിക കൗമാരക്കാരന്റെ കഥയായി ഇതിൽ അവർ മാറ്റിയെഴുതി.
2001ൽ ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ് എന്ന കൃതിയിലൂടെ ടി എസ് എലിയറ്റ് പുരസ്കാരം നേടുന്ന ആദ്യ വനിതയായി കഴ്സൺ മാറിയിരുന്നു. കൂടാതെ, ഗുഗ്ഗൻഹൈം, മക്ആർതർ ഫെലോഷിപ്പുകളും ഇവർ നേടിയിട്ടുണ്ട്. കവിതാരൂപത്തിലുള്ള ലേഖനങ്ങൾ, ശവകുടീര ലിഖിതങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കി പ്രഥമ ഗ്രിഫിൻ കവിതാ പുരസ്കാരം നേടിയ മെൻ ഇൻ ദി ഓഫ് അവേഴ്സ്, കവിതയും ഓപ്പറയും സമന്വയിപ്പിച്ച ഡീക്രിയേഷൻ, സഹോദരന്റെ മരണശേഷം തയ്യാറാക്കിയ നോട്ട്ബുക്കിന്റെ പകർപ്പ് ഉൾക്കൊള്ളുന്ന അക്കോഡിയൻ-ഫോൾഡ് രീതിയിലുള്ള പരീക്ഷണാത്മക പുസ്തകമായ നോക്സ്, റെഡ് ഡോക്, ഫ്ലോട്ട് എന്നിവയാണ് മറ്റ് പ്രധാന രചനകൾ. പ്രശസ്ത എഴുത്തുകാരി സൂസൻ സോണ്ടാഗ് ഉൾപ്പെടെയുള്ളവരിൽ നിന്ന് വലിയ പ്രശംസ കഴ്സണ് ലഭിച്ചിട്ടുണ്ട്.
Canadian poet and essayist Anne Carson has been awarded the Nobel Prize in Literature for her bold and innovative writing style that creatively reinvents classical traditions. The 76-year-old author, widely celebrated for works like 'Autobiography of Red' and 'Eros the Bittersweet', will officially receive the prestigious award in Stockholm this December.