അപ്പങ്ങളെമ്പാടും...

Shahina k Rafeeq
Shahina k Rafeeqimage credits: Madism Digital
Published on

ഭക്ഷണം കണ്ടാൽ കരച്ചിൽ വരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്, രാത്രി കുടിക്കാന്‍ നിർബന്ധിക്കപ്പെടുന്ന പാൽ ഓവിൽ ഒഴിച്ചു കളഞ്ഞും മുട്ടയുടെ മഞ്ഞക്കരു ജനൽപ്പടിയിൽ ഒളിപ്പിച്ചു വച്ചും അത്താഴത്തിനു മുൻപേ ഉറക്കം നടിച്ചു കിടന്നും ഞാൻ ഭക്ഷണത്തോട് കാണിച്ച കുന്നായ്മ കൊണ്ടാവും തലശ്ശേരിക്കാരുടെ രുചിപ്പുരയിലേക്ക് തന്നെ വന്നു കയറേണ്ടി വന്നത്. തലശ്ശേരി അടുക്കളയിൽ എളുപ്പ പണികൾ ഒന്നുമില്ല, ഒരു കലാസൃഷ്ടി  പോലെ സമയമെടുത്ത് ചെയ്യേണ്ടവയാണ് എല്ലാം. അതിഥികൾ വന്നാൽ പഴവും മുട്ടയും ഉണ്ടെങ്കിൽ തന്നെ ചുരുങ്ങിയത് പത്ത്  വിഭവങ്ങൾക്കുള്ള കോപ്പായി . ബേക്കറിയിൽ നിന്ന് വാങ്ങിയ  സാധനങ്ങൾ കൊടുക്കുക എന്നുള്ളത് മോശമായിട്ടാണ് പൊതുവെ കണക്കാക്കുക.പ്രത്യേക പാകത്തിലുള്ള നേന്ത്രപ്പഴം പുഴുങ്ങി അരച്ച്, മുട്ടയും അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തത് ഉള്ളിൽ നിറച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ എന്നിലെ അടുക്കള മടിച്ചി ഓർക്കും ഈ നേരത്ത് മേശപ്പുറത്തു കാലും കയറ്റി വച്ച് ദിവാസ്വപ്നവും കണ്ട് ആ പഴമങ്ങ് വെറുതെ തിന്നാൽ പോരേയെന്ന്.  

അതുപോലെ കുറുകിയ ഇറച്ചി മസാലയിൽ ചേർക്കാൻ പുഴുങ്ങലരി കുതിർത്ത് തേങ്ങ, ജീരകം, ഉള്ളി എന്നിവ ചേർത്ത്  അമ്മിയിലോ ഗ്രൈൻഡറിലോ അരച്ച മാവ് ചെറിയ ഉരുളകളായി ഉരുട്ടി, അതിനു നടുവിൽ സ്നേഹത്തോടെ ഒന്നമർത്തി കക്കറോട്ടി ഉണ്ടാക്കാനിരിക്കുമ്പോൾ എനിക്ക് പഴയ ബോബനും മോളിയും തമാശ ഓർമ്മ വരും, ഈ മാവ്  വല്ല ആടിനും തിന്നാൻ കൊടുത്തിരുന്നേ അത് കുരു കുരു പോലെ സംഗതി റെഡിയാക്കി തന്നേനെയെന്ന്. ഏത് അടുക്കളയിലെ ഏത്  പെണ്ണാവും പല കൂട്ടുകളിൽ ഈ രുചികൾ വിളയിച്ചെടുത്തിട്ടുണ്ടാവുക എന്നും ഓർക്കും. ലോകത്തിലെ മറ്റ് കണ്ടുപിടുത്തങ്ങൾക്കിടയിൽ സ്ഥാനം കിട്ടാതെ പോയ, എന്നാൽ എല്ലാവരും എപ്പോഴും രുചിയോടെ നുണയുകയും ചെയ്യുന്ന രുചിക്കൂട്ടുകൾ.

മരുമക്കത്തായവും അറ സമ്പ്രദായവും  ഉൾപ്പടെ കോഴിക്കോട്ടെ കുറ്റിച്ചിറക്കാരും തലശ്ശേരിക്കാരും തമ്മിൽ പല സാമ്യങ്ങളുമുണ്ട്. അതു പോലെത്തന്നെയാണ് ഭക്ഷണത്തിലുള്ള വൈവിധ്യവും. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ ആഘോഷത്തിനും തനതായ ഭക്ഷണ ശീലങ്ങളുണ്ട്. ഒരു കുരുന്ന് ജന്മമെടുത്തു തുടങ്ങുമ്പോൾ തൊട്ടേ തുടങ്ങുന്നു അത്.  ഏഴാം മാസത്തിൽ ഭർത്താവിന്റെ വീട്ടിലേക്ക് കൊടുത്തയക്കാനായി നെയ്‌ച്ചോറിന്റെ അരിയും പച്ചരിയും ചേർത്ത് പഞ്ചസാര കൂട്ടി അരച്ചെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുന്ന കുഞ്ഞി കലത്തപ്പം, അതിന്റെ ഉപദംശമായി കടലപ്പരിപ്പും തേങ്ങയും പഞ്ചസാരയും ഏലക്കായ പൊടിയും ചേർത്ത ‘പണ്ടം’. ഈ പണ്ടം നോക്കി പഴയ ഉമ്മാമ്മമാർ കുട്ടി ആണാണോ പെണ്ണാണോ എന്ന് ‘സ്കാൻ’ ചെയ്യലുമുണ്ട്; വിതറി ഇട്ട പോലെയുള്ള പണ്ടമാണെങ്കിൽ ആൺകുട്ടി, പറ്റിപ്പിടിച്ചിരിക്കുന്നതാണെങ്കിൽ പെൺകുട്ടി! തലശ്ശേരിക്കാരുടെ കുഞ്ഞിക്കലത്തപ്പം അല്പം രൂപമാറ്റത്തോടെ കുറ്റിച്ചിറക്കാർക്ക് ‘കൃത’ ആവുന്നു. പ്രസവശേഷം നാല്പത് ദിവസത്തെ എണ്ണ തേച്ചു കുളിയുണ്ട്, നാല്പാമരമിട്ടു തിളപ്പിച്ച വെള്ളത്തിൽ. ഉലുവക്കഞ്ഞിയും മരുന്നു കഞ്ഞിയും ഉള്ളിക്കട്ടിയും ഒക്കെയുണ്ടാവും ദേഹ രക്ഷയ്ക്ക്. നാൽപത് കുളിച്ചു കയറുന്ന പെണ്ണിന് വെള്ളിത്താലത്തിൽ പുത്തൻ ഉടുപ്പും പണ്ടങ്ങളും. അവയണിഞ്ഞു കിണറിന് വെറ്റില വച്ച്, കായ്ഫലമുള്ള തെങ്ങിന് വെള്ളമൊഴിച്ചു അകത്തു കയറുമ്പോൾ അരിയും പൂവുമെറിഞ്ഞു സ്വീകരണം. വന്ന അതിഥികൾക്ക് തേങ്ങാപ്പൂളും ശർക്കരയും.

കുട്ടിക്ക് പല്ല് മുളച്ചു തുടങ്ങുമ്പോൾ പല്ലട ഉണ്ടാക്കി കൊടുത്തയക്കൽ ചടങ്ങുണ്ട്. കുറ്റിച്ചിറയിൽ പുതിയാപ്ലയുടെ വീട്ടിലേക്ക് കൊടുത്തയാക്കുന്ന പല്ലടയുടെ ഇരട്ടി തിരിച്ചു കൊടുത്തയക്കണം പെൺ വീട്ടിലേക്ക്. പിന്നീട് കാത് കുത്ത് അല്ലങ്കിൽ സുന്നത്ത്  കല്യാണം. ഇപ്പോഴത് ഏതെങ്കിലും ജ്വല്ലറിയിലോ ആശുപത്രിയിലോ ആയിട്ടുണ്ട്. തട്ടാനും ഒസ്സാനും കുട്ടിയെ അനങ്ങാതെ പിടിച്ചിരുത്തുന്ന ആൾക്കൂട്ടവും അലറിക്കരച്ചിലും ഒക്കെ പഴങ്കഥകൾ.

പെണ്ണ് കാണലിനു പണ്ട് സ്ത്രീകളാണ് പോവുക, ചെക്കൻ കാണുന്നത് മിക്കപ്പോഴും  നിക്കാഹിനു ശേഷമാകാം. ഇപ്പോഴത് മാളിലും ഹോട്ടലിലും ഒക്കെയായി, ചെക്കനും പെണ്ണും കണ്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം കല്യാണം എന്ന രീതിയിലേക്കും മാറി. വിവാഹം ഇപ്പോഴും വലിയ ആഘോഷവേള  തന്നെ. കാച്ചിയും കുപ്പായവുമിട്ട വിളിക്കാരത്തികൾ ഇപ്പോഴുമുണ്ട് കുറ്റിച്ചിറ ഭാഗങ്ങളിൽ, അവരാണ് ഓരോ വീട്ടിലും ചെന്ന് സ്ത്രീകളെ കല്യാണത്തിന് ക്ഷണിക്കുക. തലേ ദിവസത്തെ മൈലാഞ്ചി കല്യാണത്തിന് കൂടാൻ വരുന്ന പെണ്ണുങ്ങൾ വലിയ പായ വിരിച്ച് കൂട്ടത്തോടെ ഇരുന്ന് വെറ്റിലയ്ക്കുള്ളിൽ അടക്ക, പുകയില ഒക്കെ ചേർത്ത് ഈർക്കിൽ കുത്തി വയ്ക്കുന്ന ‘വെറ്റില കെട്ട്’ ചടങ്ങുണ്ട്, കല്യാണ ദിവസം വരുന്ന അതിഥികൾക്ക് മുറുക്കാൻ കൊടുക്കാനായി.  കല്യാണങ്ങളിലെ പ്രധാന വിഭവം അലീസ, മുട്ടമാല, ബിരിയാണി തന്നെയാണ്. എല്ലാവരും ചേർന്ന് സുപ്രയിൽ (വലിയ പായ) ഇരുന്നാണ് കഴിക്കുക. സുപ്ര മുട്ടുക എന്ന പ്രയോഗവും ഇങ്ങനെ വന്നതായിരിക്കാം, വൈകി വരുന്നവരോട് സുപ്ര മുട്ടീട്ടാണല്ലോ വരവ് എന്ന് പറയും. തലശ്ശേരിയിലാണെങ്കിൽ പണ്ടൊക്കെ നാല്പത് ദിവസം പുയ്യാപ്ല തക്കാരമാണ്, വൈകീട്ട് അറയിൽ കൂടാൻ വരുന്ന പുതിയാപ്ലയുടെ കൂടെ സുഹൃത്തുക്കളുടെ സംഘവും കാണും. നാല്പത് ദിവസവും പുതിയ പുതിയ വിഭവങ്ങൾ, മീൻ വിളമ്പുന്നതോടെയാണ് ഈ സൽക്കാര മഹാമഹം അവസാനിക്കുന്നത്. പകൽ ‘കത്തലടക്കാൻ’ പഞ്ചാരപ്പാറ്റ, മുട്ട സുർക്ക , അരിപ്പത്തിരി, ഗോതമ്പ് ഒറോട്ടി , അരി ഒറോട്ടി , കിണ്ണറോട്ടി, നെയ്പ്പത്തിരി ഒക്കെയാണ് വിഭവങ്ങൾ. നാസ്ത കഴിഞ്ഞു പുതിയാപ്ല സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവും. മരിക്കുന്നതു വരെ പെൺ വീട്ടിൽ അയാൾ എന്നും പുതിയാപ്ല എന്നു തന്നെയാണ് അറിയപ്പെടുക.

കുട്ടിക്കാലത്ത് നോമ്പിന്റെ സന്തോഷം ഭക്ഷണം കഴിക്കണ്ടല്ലോ എന്നുള്ളതായിരുന്നു എനിക്ക്. പിന്നെ സക്കാത്തും പെരുന്നാൾ പൈസയും ആയി കിട്ടുന്ന പുത്തൻ  നോട്ടുകളും. അതുവരെ കൂട്ടിവച്ച ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ളതാണ് ആ പൈസ. നോമ്പുകാലത്ത് പെണ്ണുങ്ങൾക്ക് പിടിപ്പത് പണിയായിരിക്കും അടുക്കളയിൽ. ആ കൂട്ടത്തിൽ ചേർന്നിരുന്ന് കോഴിയട, ഇറച്ചിപ്പത്തിൽ എന്നിവയ്ക്ക് ‘പല്ലെടുക്കാൻ’ കൂടും, അരികിൽ ഫ്രില്ല് പോലെ ഉണ്ടാക്കുന്ന ആ കലാപരിപാടി കാണുന്ന പോലെ എളുപ്പമല്ലെന്ന് തോന്നുമ്പോൾ ഞങ്ങൾ കുട്ടികൾ എന്തെങ്കിലും കളികളിലേക്ക് തിരിയും. ബണ്ട് കലത്തിൽ  (ചെമ്പ് കൊണ്ടുണ്ടാക്കിയ അപ്പച്ചെമ്പ്) മീൻ പത്തിൽ ആവിയ്ക്ക് പുഴുങ്ങാൻ വയ്ക്കുമ്പോൾ ഓരോരുത്തരായി വാഴയില തുണ്ടുകൾ കൊണ്ട് പേരിന്റെ ആദ്യാക്ഷരങ്ങൾ ഉണ്ടാക്കി വയ്ക്കും, ഇതെന്റേത് ഇതു നിന്റേത് എന്ന് അടയാളപ്പെടുത്തി. മുഹറം പത്തിന് ഏഴു ധാന്യങ്ങൾ ചേർത്ത് വേവിച്ചെടുക്കുന്ന അസ്‌റാഫത്തിന്റെ കഞ്ഞി  വരുന്നവർക്കൊക്കെ പകർന്ന് കൊടുക്കുന്ന ഉമ്മാമ്മ ഇപ്പോഴും ഓർമ്മയിലുണ്ട്.

മരണത്തിൽ ഭക്ഷണത്തിനുമില്ല ആർഭാടം. പലവിധ മസാലക്കൂട്ടുകൾക്ക് പകരം കുന്തിരിക്കം പുകയുന്ന മണം . മയ്യത്ത് ഖബറടക്കി വരുമ്പോൾ പഴം പുഴുങ്ങിയതും ചായയും, അതും അടുത്ത വീട്ടിൽ തയ്യാറാക്കിയത്. മൂന്നാം നാൾ പ്രാർത്ഥന കഴിഞ്ഞു മടങ്ങുമ്പോൾ ഗോതമ്പും ശർക്കരയും തേങ്ങ ചിരവിയിട്ടതും ചേർത്ത കാവ എല്ലാവർക്കും .

അറബ്, പേർഷ്യൻ  സ്വാധീനം ഭക്ഷണ ശീലത്തിലും കാണാം,  ബസി, സാണ്, കാസ എന്നൊക്കെ പാത്രങ്ങൾക്ക് പേരുള്ളത് പോലെ അലീസയും കാവയുമൊക്കെ വിദേശി തന്നെ. തുറമുഖ നഗരമായതു കൊണ്ട് കോഴിക്കോടും തലശ്ശേരിയിലും കടൽ കടന്നു വന്ന  യാത്രികരുടെ സംസ്കാരവും ഇഴ ചേർന്നിട്ടുണ്ട്. ബ്രിട്ടീഷുകാരിൽ നിന്നാണ് കേക്ക് തലശ്ശേരിയിൽ എത്തിയത് എന്ന് പറയപ്പെടുമ്പോഴും അതിനു മുൻപേ തരിപ്പോള ഉണ്ടായിരുന്നു  എന്ന് വാദിക്കുന്നവരും ഉണ്ട്.

ഭക്ഷണത്തോട് ചേർത്ത് ഇത്രമേൽ അറിയപ്പെടുന്ന ഒരു സമുദായവും വേറെ ഉണ്ടാവില്ല, രുചികരമായ വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും. കോഴിക്കോട് സെയിൻസിലും റഹ്മത്തിലും  അലിഭായിയിലും ബോംബെ ഹോട്ടലിലും ഒക്കെ എന്നും തിരക്ക് തന്നെ. എന്നിരുന്നാലും സിനിമകളിൽ ഇപ്പോഴും പച്ച പെയിന്റ് അടിച്ച വീടും മാപ്പിള പാട്ടിന്റെ ഈണവും പിന്നെ ഓട്ടയടക്കാൻ കൊണ്ടു പോവുന്ന ബിരിയാണി ചെമ്പ്, മേശമേൽ നിരത്തി വച്ച തീൻ പണ്ടങ്ങൾ , തിന്നാൻ വേണ്ടി മാത്രം ജീവിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ തന്നെ. അന്നേരം ഓർക്കും വൈവിധ്യം നിറഞ്ഞ രസക്കൂട്ടുകൾ മുഴുവൻ പഠിച്ചു കഴിയുമ്പോൾ Like Water For Chocolate (Laura Esquivel) പോലെ ഒരു പുസ്തകം എഴുതണമെന്ന്. മെക്സിക്കൻ എഴുത്തുകാരിയായ ലോറയുടെ ആദ്യ പുസ്തകമായ ലൈക് വാട്ടർ ഫോർ ചോക്ലേറ്റ് ഇതേ പേരിലുള്ള സിനിമയും ആയിട്ടുണ്ട്. ഇതിലെ നായിക കഥാപാത്രമായ റ്റീറ്റയ്ക്ക് അവളെ ഏറ്റവും നന്നായി പ്രകടിപ്പിക്കാനാവുന്നത് ഭക്ഷണം പാകം ചെയ്യുന്നതിലൂടെയാണ്. റ്റീറ്റയുടെ പ്രണയവും പാചക കുറിപ്പുകളും മാജിക്കൽ റിയലിസവും എല്ലാം ചേർന്നതാണ് ഈ നോവൽ.

Shahina K Rafiq writes, 'Appalembadum'

Related Stories

No stories found.
Madism Digital
madismdigital.com