അച്ഛനെക്കുറിച്ച് പറയുമ്പോഴെല്ലാം വെള്ളത്തിലെഴുതിയതുപോലെ എന്ന് അമ്മ പറയും. അന്ന് ചോദിച്ചിട്ടുണ്ട് അച്ഛന് വെള്ളത്തിലെഴുതാൻ അറിയാമോ എന്ന്? ചിരിക്കുകയല്ലാതെ അറിയാമെന്നോ ഇല്ലെന്നോ അച്ഛൻ പറഞ്ഞില്ല. അമ്മയോട് ചോദിച്ചപ്പോൾ തലയ്ക്ക് കിഴുക്കിയിട്ട് മണ്ടനെന്ന് വിളിച്ചു.ഒരിക്കൽ കിണറ്റിൻ കരയിൽ നിൽക്കുമ്പോൾ എന്നെ എടുത്ത് അച്ഛൻ കിണറിന്റെയുള്ള് കാണിച്ചു. അരഞ്ഞാണങ്ങളിലൂടെയിറങ്ങിയിറങ്ങി താഴെയെത്തുമ്പോൾ വെട്ടമതിന്റെ പാതിക്കുപ്പായമഴിച്ചു വെക്കുന്നു. അവിടെ ഇരുട്ടും വെളിച്ചവും ചേർന്നൊരു വൃത്തം. ചെറിയ ഇരുട്ടിൽ മിണ്ടാതെ കിടക്കുന്ന ജലം. ആ ജലതൽപ്പത്തിൽ ഒരു ചെറുജീവി തിരക്കിട്ട് എന്തോ ചെയ്യുന്നു.അച്ഛൻ പറഞ്ഞു, അതാണ് വെള്ളത്തിൽ എഴുത്തച്ഛൻ!
അച്ഛനുമമ്മയും മരിച്ചു.ഞാൻ മുതിർന്നു.നഗരത്തിലെ വീട്ടിൽ ഇരിക്കുമ്പോൾ ഇടയ്ക്കെല്ലാം കലത്തിലെ വെള്ളത്തിൽ,ഗ്ലാസ്സു വെള്ളത്തിൽ,കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ കണ്ണുകൂർപ്പിച്ച് ഇരിക്കുന്നത് കണ്ടിട്ട് മകൾ ചോദിക്കാറുണ്ട്,അച്ഛനെന്താണീ ചെയ്യുന്നത്? അപ്പോഴെല്ലാം, ഒരിക്കൽ എന്റെ ചോദ്യത്തിനു നേർക്ക് അച്ഛൻ തിരിച്ച് തന്ന അതേ ചിരി ഞാനവൾക്ക് മറുപടിയായികൊടുക്കും.അച്ഛൻ മറ്റൊരു ഭാരതം വായിക്കുകയാണെന്ന് പറഞ്ഞാൽ അവൾ ചിരിക്കുമോ എന്നു കരുതിയാണ് ഒന്നും പറയാതിരിക്കുന്നത്.