

"എടീ തീപ്പെട്ടി ഉരയ്ക്കുമ്പോൾ എന്റെ കൈ പൊള്ളിപ്പോയി" കുട്ടിക്കാലം മുതൽ കൂടെയുള്ള ഒരുവൾ കഴിഞ്ഞ ദിവസം വിരലിന് പൊള്ളലേറ്റ പടം അയച്ചു തന്നുകൊണ്ട് പറഞ്ഞു.
"ഇത്രേം വയസ്സായിട്ടും നീ തീപ്പെട്ടി കത്തിക്കാൻ പഠിച്ചില്ലേ...?" തലയിൽ കൈവച്ചു നിൽക്കുന്ന ഒരു ഇമോജിയുടെ അകമ്പടിയോടെ ഞാൻ ചോദിച്ചു.
കണ്ണിറുക്കി ചിരിക്കുന്ന ഒരു ഇമോജി അവൾ തിരിച്ചയച്ചു.
"നീയെന്തിനാപ്പോ തീപ്പെട്ടി കത്തിച്ചത്...?"
"വീട്ടിലുള്ള പഴേ കടലാസ്സുകളൊക്കെ ചേർത്ത് തീ ഇടാൻ നോക്കിയതായിരുന്നു" അവൾ ചിരിച്ചു.
"ശ്രദ്ധിക്കണേ മരുന്ന് വലതുമുണ്ടെങ്കിൽ പുരട്ടണം..."എന്റെയുള്ളിലെ സ്നേഹിത പൊടുന്നനെ ഉണർന്നു.
"അതൊക്കെ പുരട്ടി... Ok ആണ്"
"ഉം..."
റിപ്ലൈക്ക് കാക്കാതെ ഞാൻ മെസ്സേജ് നെറ്റ് ഓഫ് ചെയ്തു. വിവാഹം കഴിച്ച വീട്ടിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുള്ളതായി അവളെന്നോട് പറയാത്തത് കൊണ്ട് തീയിടുന്നതിനിടയ്ക്ക് പറ്റിയത് തന്നെയാകും എന്ന് ഞാനങ്ങു ഉറപ്പിക്കുകയും ചെയ്തു.
അന്ന് രാത്രിയവാറാവുമ്പോഴേക്ക് അവൾ ഫോൺ ചെയ്തു.
"എന്താടീ...?"
"അതേ... ഞാൻ നിന്നോട് പറഞ്ഞത് നുണയാ... തീ ഇടുമ്പോഴല്ല കൈ പൊള്ളിയത്"
"പിന്നെ.....?" ഒരു തീപ്പൊരി ആളിയത് എന്റെ ഉള്ളിലായിരുന്നു.
"നിനക്കോർമ്മയുണ്ടോ... നമ്മള് ചെറുപ്പത്തില് തീപ്പെട്ടി കട്ടെടുത്ത് അട്ടത്ത് കേറി കത്തിച്ച് ധൈര്യം തെളിയിക്കുന്നത്...?"
അന്ന് തീപ്പെട്ടിക്ക് മാത്രമല്ല എല്ലാത്തിനും കടുത്ത പിശുക്കായിരുന്നല്ലോ... ഒരു തീപ്പെട്ടി കൊള്ളി കാണാതെ പോയാൽ അതിന് അമ്മ ഒരു അടി തരുമായിരുന്നു. എങ്കിലും അവൾ വരുമ്പോഴൊക്കെ ഒന്നുങ്കിൽ ഞാനോ അല്ലെങ്കിൽ അവളോ അമ്മാമാരെ പറ്റിച്ച് ഒന്നോ രണ്ടോ തീപ്പെട്ടി മോഷ്ടിക്കുമായിരുന്നു. ഒഴിഞ്ഞ തീപ്പെട്ടിക്കൂടുകൾ എടുത്ത് അപ്പുറത്തെ വീട്ടിലെ ടെറസ്സിലേക്ക് കയറും. അവിടെ നിന്നാണ് ധൈര്യം പരീക്ഷിക്കുന്നത്. തീപ്പെട്ടി കത്തിച്ചു കയ്യിൽ പിടിക്കുന്നതാണ് പരീക്ഷണം. ആരാണോ കത്തികൊണ്ടിരിക്കുന്ന തീപ്പെട്ടി കുറേയധികം സമയം കയ്യിൽ വയ്ക്കുന്നത് അവരതിൽ ജയിക്കും. സ്ഥിരം വിജയി അവൾ തന്നെയായിരുന്നു.
"എനിക്കോർമ്മയുണ്ടല്ലോ..."അവളെ ഒരിക്കലും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീരസം മറച്ചു വയ്ക്കാതെ തന്നെ ഞാൻ പറഞ്ഞു.
"ആ..."
"അതെന്താ ഇപ്പൊ ചോദിക്കാൻ..."
"ഞാൻ ആ കളി ഒന്ന് കളിച്ചു നോക്കിയതാ..."ചെറിയ ചമ്മലോടെ അവൾ പറഞ്ഞു.
"അതെന്താ ഇപ്പൊ അങ്ങനൊരു പൂതി...?"
"അത് മാത്രല്ലെടീ... കൊത്തംങ്കല്ലും കല്ലുസോഡയും കക്കുമൊക്കെ ഞാൻ കളിച്ചു നോക്കും. കുട്ടിയും ഹസ്ബൻഡും കാണാതെ..."
ഞാൻ വെറുതെ കേട്ടു നിന്നതേയുള്ളൂ.
"കുട്ടിയൊക്കെ ആയപ്പോൾ പെട്ടെന്ന് വയസ്സായത് പോലെയൊക്കെ തോന്നി. അതോണ്ട് ഇടക്കൊക്കെ പഴേ കളികൾ ഓർക്കുന്നതാ... ചെറിയ കുട്ടിയാവാൻ ശ്രമിക്കുന്നതാ..."അവൾ പറഞ്ഞു.
"നീയിനി കളിയാക്കുകയൊന്നും വേണ്ടാ" അവൾ കൂട്ടിച്ചേർത്തു.
"കളിയാക്കൂലാ... പക്ഷേ ഒരു കാര്യം പറയാനുണ്ട്"
"എന്തേ....?"
"നീയും ഞാനും ഫ്രീയാരിക്കുന്ന ഒരു ദിവസം ഞാൻ വരാം. നമുക്ക് ഒളിച്ചും പൊത്ത് കളിക്കാം... അത് നിനക്ക് ഒറ്റക്ക് കളിക്കാൻ പറ്റൂലല്ലോ..."
അവൾ കുറേ നേരം നിശബ്ദയായിരുന്നു. എനിക്ക് സങ്കടം തിക്കുമുട്ടുന്നത് പോലെ അവൾക്കുമുണ്ടെന്ന് മനസ്സിലായി.
"നമ്മള് പണ്ട് ആലയുടെ ബേക്കിൽ ഒളിക്കാൻ നോക്കീട്ട് പശുവിനെ കണ്ട് കരഞ്ഞു വിളിച്ച് ഓടിയത് ഓർമ്മയുണ്ടോ...?"അവൾ കണ്ണ് തുടച്ചോണ്ടാണ് ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
"ഓർമ്മയുണ്ട്... ഇനീം കളിക്കാം അതൊക്കെ"
"ഉറപ്പല്ലേ...?"
"ഉറപ്പാ..."
പഴയ കുറേ കളികളുടെ തമാശകൾ പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു. ഫോൺ വയ്ക്കാൻ നേരം ഞാൻ ഓർമിപ്പിച്ചു.
"ഇപ്പൊ പൊള്ളീന്ന് വച്ച് നീ കുട്ടിക്കളികൾ ഒന്നും നിർത്തണ്ടാട്ടോ..."
"ഇല്ലെടീ... അതൊക്കെ നിർത്തിയാ നമ്മൾക്ക് നമ്മളോട് ഒരു ഇത് തോന്നൂല..."അവൾ ചിരിച്ചു.
"അതെ. തോന്നൂലാ..."ഞാനും ചിരിച്ചു.
ഫോൺ വച്ചുകഴിഞ്ഞപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു, പെൺകുഞ്ഞുങ്ങൾ എത്ര പെട്ടെന്നാണ് "സ്ത്രീകൾ" ആകുന്നതെന്ന്!