'ജ്ഞാനസ്നാനം' എന്ന സമീപനം

ഗാന്ധിയുടെ വ്യക്തിത്വം ഒരേസമയം ബഹിർമുഖത്വവും അന്തർമുഖത്വവും ചേർന്നുനിൽക്കുന്ന ഒന്നാണ്. കഥ ഗാന്ധിയെ അനുസ്മരിക്കുന്നത് ആഖ്യാനപദ്ധതിയിൽ ഉള്ളിൻ്റെയും പുറത്തിൻ്റെയും ഭാവങ്ങളുടെ ലയം സാധിച്ചുകൊണ്ടുമാണ്
'ജ്ഞാനസ്നാനം' എന്ന സമീപനം
Published on: 

ജ്ഞാനസ്നാനം എന്നത് ഒരു മതത്തിൻ്റെ ( ക്രിസ്തുമതം ) ആചാരങ്ങളിൽപ്പെട്ട ഒന്നാണ് . മാമോദീസയാണ് അത്. സുറിയാനി ഭാഷയിലെ വാക്കാണ് ' മാമോദീസ'. 'കഴുകുക ' എന്നാണ് അർത്ഥം . ഇംഗ്ലീഷിൽ ഇത് baptism. അതിന് ജ്ഞാനസ്നാനം എന്ന പരിഭാഷ ആര് നൽകി എന്നറിയില്ല. എങ്കിലും ഗംഭീരമായ ഭാഷാമാറ്റമാണ് അത്. അത് സുഭാഷ് ചന്ദ്രൻ്റെ കഥയുടെ പേരായി വരുമ്പോൾ ആ രചനയെക്കുറിച്ച് പഠിക്കാനുള്ള ചില സൂചനകൾ അതിൽ നിന്ന് കിട്ടുന്നുണ്ട്.

ഒന്ന്: പ്രാഥമികമായ കാര്യം കഥയിലെ ഒരു ഇനമായ ദണ്ഡികടലിലെ കുളിയെ അത് സൂചിപ്പിക്കുന്നു എന്നതാണ്. പുതിയൊരു സമരാനുഭവത്തിൽ മുഴുകലായിരുന്നു 1930 ലെ ഉപ്പുസത്യഗ്രഹം . ഉപ്പെടുക്കൽ പണ്ടേ ഉണ്ട്. അത് സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൻ്റെ ഒരു തുറയാവുന്നത് ആദ്യമായാണ് .

രണ്ട്: ഗാന്ധി മറ്റു സമരാവിഷ്ക്കാരങ്ങളിലെന്നപോലെ ഉപ്പുസത്യാഗ്രഹത്തിലും ബദൽ സ്വഭാവമുള്ള അറിവിൻ്റെ പല ഇനങ്ങൾ ചേർത്തുവെച്ചു എന്നറിയിക്കുന്ന പേര് കൂടിയാണ് ' ജ്ഞാനസ്നാനം ' എന്നത് .

സമരഭടന്മാരുടെ തെരഞ്ഞെടുപ്പിലും യാത്രാവഴി തീരുമാനിച്ചതിലും സമരഭടന്മാരുടെ പെരുമാറ്റമുറ തയ്യാറാക്കിയതിലും മറ്റ് സജ്ജീകരണങ്ങളിലുമെല്ലാം അറിവിൻ്റെ പുതിയ ചേരുവകൾ ഉണ്ട്. അവയോരോന്നും അന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കുന്നവയും അതിലെ പരിമിതികളെ (ആവുന്നത്ര ) മറികടക്കാൻ പ്രേരിപ്പിക്കുന്നവയുമാണ്.

' ജീവികളിൽ നിന്നല്ലാതെ കിട്ടുന്ന ഒരേയൊരു ഭക്ഷണവസ്തു ' എന്ന് ഉപ്പിനെ പരിചയപ്പെടുത്തുന്ന ഒരു നീണ്ട സന്ദർഭം തന്നെ കഥയിൽ ഉണ്ട്. ഉപ്പിലാതെ മനുഷ്യജീവിതമില്ല എന്നും ഗാന്ധി പറയുന്നു

മൂന്ന്: സമരയാത്രയുടെ അനുഭവങ്ങൾ എഴുതിവെക്കണം എന്ന് നിശ്ചയിച്ചതിലും അതിൻ്റെ ചുമതല വിത്തൽ ലീലാധർ താക്കർ എന്ന പതിനാറുവയസ്സുകാരനെ ഏൽപ്പിച്ചതിലുമെല്ലാം അറിവ് എന്ന ഇനം ഉണ്ട്. കേവലവൈകാരികതയ്ക്ക് അപ്പുറം പോകാനുള്ള ശ്രദ്ധ ഗാന്ധിയെ ജ്ഞാനിയാക്കുന്നു. ഗാന്ധിയുടെ നൂറുക്കണക്കിനുള്ള എഴുത്തുകളും ഇതിൻ്റെ തെളിവാണല്ലോ. വാസ്തവത്തിൽ ആ സമരജീവിതം ധീരമായ, ജ്ഞാനസ്നാനം കൂടിയാണ് . ആ ഗാന്ധിയുടെ സമരകാലത്തിന് ( രക്തനാക്ഷിത്വത്തിനടക്കം ) ഗണനീയമായ ജ്ഞാനമൂല്യം ( cognitive value) ഉണ്ട്.

നാല്: ഗാന്ധിജീവിതത്തിലെ മറ്റൊരു ജ്ഞാനം ഇന്ത്യൻ വൈവിധ്യത്തെയും ജാതി-മത വിഷയങ്ങളടക്കമുള്ള വൈരുദ്ധ്യങ്ങളെയും അത് ( കാല്പനികമായൊരു അടവുകൊണ്ട് ) നിഗൂഹനം ചെയ്യുന്നില്ല എന്നതാണ്. അവയെല്ലാം കഥയിൽ നിലനിൽക്കുന്നു.

അഞ്ച്: ' ജീവികളിൽ നിന്നല്ലാതെ കിട്ടുന്ന ഒരേയൊരു ഭക്ഷണവസ്തു ' എന്ന് ഉപ്പിനെ പരിചയപ്പെടുത്തുന്ന ഒരു നീണ്ട സന്ദർഭം തന്നെ കഥയിൽ ഉണ്ട്. ഉപ്പിലാതെ മനുഷ്യജീവിതമില്ല എന്നും ഗാന്ധി പറയുന്നു. അതാണ് ഉപ്പുസമരത്തിൻ്റെ മൗലികതയ്ക്ക് ഒരടിസ്ഥാനം. സമരം ജീവിതത്തിൻ്റെ ഉപ്പാണ് എന്ന് ഇവിടെ നിന്ന് ധ്വനിക്കുന്നുണ്ട്. ഈ സംവാദം ഒരു തികഞ്ഞ ജ്ഞാനരംഗം.

'ജ്ഞാനസ്നാനം' എന്ന സമീപനം
ആ രക്തസാക്ഷിത്വമാണ് ഇന്ത്യയെ കാത്തത്!

ആറ്: ലീലാധറിനെ ദിനസരിക്കുറിപ്പുകാരനായി ചുമതലപ്പെടുത്തി എന്ന സൂചന ഈ കഥയുടെ രചനാപദ്ധതി (craft) യെ ക്കുറിമുള്ള പ്രസ്താവം കൂടിയാണ് എന്ന കാര്യം എടുത്തുപറയേണ്ടതാണ്. ( എല്ലാവരോടും കുറിപ്പുപുസ്തകം സൂക്ഷിക്കാൻ ഗാന്ധി പറയുന്നുണ്ട്. കഥയിൽ അവരുടെയൊക്കെ പ്രതിനിധിയെപ്പോലെയാണ് ലീലാധർ. )

ഇങ്ങനെയെല്ലാം കഥ സമരത്തിൻ്റെ പ്രേരണകളെ വെളിവാക്കുന്നു; കഥ സജ്ജീകരണങ്ങളുടെ വിശദാംശങ്ങൾ പങ്കിടുന്നു; കഥ സമരയാത്രയുടെ അനുഭവങ്ങൾ രേഖപ്പെടുത്തുന്നു ; കഥ ഇതിനായി ഭൂമിശാസ്ത്രം, ഓർമ്മകൾ, വസ്തുതകൾ തുടങ്ങിയവയെ കണക്കിലെടുക്കുന്നു. ഇവയെ വിചാരത്തിൻ്റെയും വികാരത്തിൻ്റെയും സന്തുലനം പാലിച്ചു കൊണ്ട് ആഖ്യാനം ചെയ്യന്നു. അതിനായി നാനാതരം ദൃശ്യങ്ങളെയാണ് കഥ പ്രധാനമായും വിന്യസിക്കുന്നത്. ചിന്തകളുടെ ഒരു പൂരകധാരയും കഥയിൽ ഉണ്ട്. അങ്ങനെ മുൻമാതൃകകളില്ലാത്തതും , ലളിതമെങ്കിലും അസാധാരണവുമായ ഒരു ജനകീയസമരത്തിന് സർഗ്ഗാത്മകമായ ഒരു ചരിത്രം ഉണ്ടായിരിക്കുന്നു . കഥ ഏറെയൊന്നും ജനകീയസ്മൃതിയിൽ ഇല്ലാത്ത കാര്യങ്ങൾ കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്തുകൊണ്ടും ഉപ്പുസത്യഗ്രഹത്തെ പുതുതായി ആഖ്യാനം ചെയ്തിരിക്കുകയാണ്.

ഏഴ്: സ്ഥലങ്ങൾ കഥയിൽ പുതിയ സാംസ്കാരികാന്തസ്സോടെ വിന്യസിക്കപ്പെട്ടിരിക്കുന്നു. അമോദ് എന്ന ഗ്രാമപ്പേര് , ആ നാട്ടുകാരൻ എന്നയർത്ഥത്തിലുള്ള ( ജാതി- മത സൂചകത്വമില്ലാത്ത) അമോദി എന്ന പേര് പദയാത്രാപുസ്തകത്തിൽ വരുന്നത് ഉദാഹരണം. അമോദി എന്നതിന് ഇന്നത്തെ ഇന്ത്യൻ വ്യവസ്ഥയിൽ, 1930 ൽ ഇല്ലാത്ത അധികധ്വനിയും ഉണ്ട്.

>രണ്ട്<

ഗാന്ധിയെ കഥ വല്ലാതെ മഹത്വവത്ക്കരിക്കുന്നു എന്ന് തോന്നാം. ഗാന്ധിയപ്പറ്റിയുള്ള വാസ്തവം പറഞ്ഞാൽ മഹത്വവത്ക്കരണമായി തോന്നുന്നതാണ് ആ വ്യക്തിത്വത്തിൻ്റെ ഏകാന്തമായ സവിശേഷത. ഗാന്ധിയെ മൂർത്തമായ സ്ഥല-കാല സാഹചര്യങ്ങളിൽ സൂക്ഷ്മതയോടെ അവതരിപ്പിക്കുക മാത്രമാണ് കഥ. കഥയുടെ ഭാഷ മലയാളമായിരിക്കെ തന്നെ കഥ സാധാരണയർത്ഥത്തിൽ മലയാളപാഠമല്ല. നാല് കേരളീയർ വെളിച്ചെണ്ണസമേതം കഥയിൽ ഉണ്ടെങ്കിലും കഥ സാംസ്കാരികമായി മലയാളപാഠമല്ല. ഗുജറാത്ത് എന്ന വിദൂരദേശത്തെ (ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപുള്ള ) സാഹചര്യങ്ങളെ - വിദൂരതയുടെ അപരിചിതഭാവത്തെ - കലാപരമായ ആഖ്യാനഭാവം നിലനിർത്തിക്കൊണ്ടും , വികാര - വിചാര സന്തുലനം പാലിച്ചു കൊണ്ടും അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.

ഗാന്ധിയുടെ വ്യക്തിത്വം ഒരേസമയം ബഹിർമുഖത്വവും അന്തർമുഖത്വവും ചേർന്നുനിൽക്കുന്ന ഒന്നാണ്. കഥ ഗാന്ധിയെ അനുസ്മരിക്കുന്നത് ആഖ്യാനപദ്ധതിയിൽ ഉള്ളിൻ്റെയും പുറത്തിൻ്റെയും ഭാവങ്ങളുടെ ലയം സാധിച്ചുകൊണ്ടുമാണ്. പ്രകൃതിയുണ്ട് - സാധാരണ വ്യവഹാരങ്ങൾ ഉണ്ട്; അതേ സമയം മാനസികജീവിതത്തിൻ്റെ സൂക്ഷ്മമായ തെളിവുകളും ഉണ്ട്.

ഗാന്ധിയൻ സമീക്ഷയിലെന്നപോലെ സാകല്യത്തിൻ്റെ ( totality ) അനുഭവവും കഥയുടെ കലയിൽ സന്നിഹിതമാണ് എന്നർത്ഥം.

( ഗാന്ധിയും സ്വാതന്ത്ര്യസമരവും ജനതയും വിഷയങ്ങളായിട്ടും ) നിന്ന് ഈ കഥ പ്രചരണാത്മകമല്ല( propagandistic ). അത് ആത്മാർത്ഥവും ധ്വനിസമ്പന്നവുമായ സർഗ്ഗരേഖയാണ്. കഥയിൽ നിന്ന് ചരിത്രം പുതിയ മിഴികളോടെ നടപ്പുകാലത്തെ നോക്കിനിൽക്കുന്നു.

(സുഭാഷ് ചന്ദ്രൻ്റെ ജ്ഞാനസ്നാനം എന്ന കഥയെക്കെഴുതിയ പഠനക്കുറിപ്പ്)

Summary

Jnanassnanam is a novella by Subhash Chandran set against the historical backdrop of the Salt Satyagraha. E. P. Rajagopalan writes about the book, exploring its literary and historical dimensions.

Madism Digital
madismdigital.com