

അതെ, ആ മരംകൊത്തി ചുരുങ്ങിയ ദിവസത്തെ-
ലീവെടുത്ത് എന്റെ കൂടെ വന്നതാണ്.
എന്തായിരുന്നു അതിന്റെ പണി എന്നല്ലേ?
കാട് തെണ്ടി പറക്കല്‍,
വെയിലില്‍നിന്ന് തണലിലേക്കും,
തണലില്‍നിന്ന് വെയിലിലേക്കും ഊളിയിടല്‍.
പ്രേമംകൊണ്ട് കൊത്തി, കൊത്തി കൂടൊരുക്കല്‍.
അതിരില്ലാത്ത ആകാശത്ത് ലക്ഷ്യബോധമില്ലാതെ ചിലവഴിക്കല്‍.
ലീവെഴുതിക്കൊടുത്ത് കുറച്ച് ദിവസം ഇങ്ങ് വന്ന് നില്‍ക്ക്.
ഞാന്‍ അതിനെഴുതി.
അത് വന്നു...
ഞാനതിന് ബാല്‍ക്കണിയുള്ള മുറി സമ്മാനിച്ചു.
ഭിത്തികളില്‍ തുളക്കരുത്,
നഗരത്തിലൂടെ കൂടുതല്‍ കറങ്ങിനടക്കരുത്,
മറ്റ് നഗരപക്ഷികളോട് ഇണചേരരുത്-
ഞാനതിനെ സ്‌നേഹത്തില്‍ ഉപദേശിച്ചു.
വെറുതെ സമയം കളയരുത്,
ബോറടിക്കുന്നെങ്കില്‍ രണ്ട് പാട്ടുവെച്ച് കേള്‍ക്ക്...
നിന്റെ എല്ലാ വിഷാദവും പമ്പകടക്കും..
അതെ അങ്ങനെയാണ് ഞാനെന്റെ ആനന്ദത്തിന്റെ പകലുകളിലേക്ക്-
വിഷാദിയായ മരംകൊത്തിയെ കൂടെ ചേര്‍ത്തത്.
തിരികെ പോവുമ്പോള്‍ നീ മറ്റൊരാളായി മാറും,
നിന്റെ ലീവൊന്ന് നീട്ടി അപ്ലെ ചെയ്യ്,
ഞാനതിനോട് പറഞ്ഞു.
ഞാന്‍ നേരത്തെ സൂചിപ്പിച്ചില്ലേ?
ഈ വിഷാദിയായ പക്ഷിയ്ക്ക് ഒരു ബ്രെയ്ക്ക് അത്യാവശ്യമായിരുന്നു.
എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തോളം നീണ്ട് പരന്ന് കിടക്കുന്ന -
ബോറടിപ്പിക്കുന്ന പച്ചപ്പില്‍നിന്ന് ,
ഈ നിയോണ്‍ വെളിച്ചത്തിന്റെ നഗരത്തിലേക്ക്-
ശരിക്കും ഇത് അതിനൊരു മാറ്റംതന്നെയാവും!.
-ആര്‍ഷ കബനി