(വ്യാ)ആഖ്യാനലീല

തിരുമിറ്റിക്കോട് ബാലകൃഷ്ണൻ എന്നു കേട്ടാൽ ഒരാനയുടെ പേരാണെന്നല്ലേ തോന്നൂ ? ആ തോന്നലിനെയാണ് ആഖ്യാനവൽക്കരിക്കുന്നത് നോവലിലെ പ്രാരംഭാധ്യായങ്ങൾ.
(വ്യാ)ആഖ്യാനലീല
Published on: 

മനുഷ്യൻ ആനയായി മാറുന്ന സന്ദർഭമുണ്ട് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മാതംഗലീല' എന്ന നോവലിൽ. ഗ്രിഗർ സാംസയുടെ ഷഡ്പദപരിണാമം വായിച്ച് കാഫ്കയുടെ ആരാധകരായി മാറിയ മലയാളികൾക്ക് അവരുടെ സ്വന്തം മൺപാനിയിൽ പകർന്ന ഇളംകള്ളു പോലെ ഈ രൂപാന്തരപ്രാപ്തിയുടെ അനുഭവം മാറിയേക്കും. കാരണം ആന മലയാളിയുടെ സ്വന്തം മൃഗമാണ്. അവന്റെ ഭ്രാന്തും രതിയും പ്രതികാരവുമെല്ലാം ആ ഗജഭാഷയിൽ എഴുതപ്പെടുമ്പോൾ മാത്രം പൂർണ്ണമായി ആവിഷ്കരിക്കപ്പെടുന്നത്.

'കൊമ്പനും കവിതയും' എന്ന പേരിൽ ആർ വിശ്വനാഥൻ്റെ ഗംഭീരമായ ലേഖനമുണ്ട്. 'സഹ്യന്റെ മക'നല്ലാതെയും ഒട്ടേറെ ആനക്കവിതകൾ. ആനക്കഥകൾ നമുക്കുണ്ടോ? ഉണ്ടല്ലോ, എൻ പ്രഭാകരൻ്റെ 'ഒറ്റയാൻ്റെ പാപ്പാൻ' പോലെ ചിലത്. പുതൂർ ഉണ്ണിക്കൃഷ്ണൻ്റെ 'ആനപ്പക' എന്ന നോവലും ഓർമ്മ വരുന്നു. രാഘവനെ 'ആനകളിപ്പിക്കു'ന്ന പെണ്ണിനെപ്പറ്റി എൻ എസ് മാധവൻ്റെ കഥയുമുണ്ട്.

ഉണ്ണി ആറിൻ്റെ 'ലീല' ഒരാനക്കഥയാണെങ്കിൽ അതും . ബഷീറിൻ്റെ ആനവാരിയെയും മറക്കുന്നില്ല, 'ആനപ്പൂട' എന്ന രസികൻ കഥയും. ഈ ഗണത്തിലേയ്ക്കാണ് 'സഹ്യനേക്കാൾ തലപ്പൊക്ക'മുള്ള തൻ്റെ മനുഷ്യമാതംഗകഥയുമായി സന്തോഷ് കടന്നുവരുന്നത്. തിരുമിറ്റിക്കോട് ബാലകൃഷ്ണൻ എന്നു കേട്ടാൽ ഒരാനയുടെ പേരാണെന്നല്ലേ തോന്നൂ ? ആ തോന്നലിനെയാണ് ആഖ്യാനവൽക്കരിക്കുന്നത് നോവലിലെ പ്രാരംഭാധ്യായങ്ങൾ. തുടർന്ന് ആനബാലൻ്റെ കഥ പറയുന്നു. ബാലൻ്റെ മാത്രമല്ല മറ്റു പലരുടെയും. ഒടിവിദ്യയുടെയും ജാതിയാൽ ചവിട്ടിയരയ്ക്കപ്പെട്ടവൻ്റെ മദപ്പാടിൻ്റെയും കഥ അങ്ങനെ മറ്റൊരൈതിഹ്യമാലപോലെ ചുരുളഴിയുന്നു. 'തെച്ചോരൻ'എന്ന മാന്ത്രികനെയും ബാലകൃഷ്ണനെയും നമ്മൾ മുഖാമുഖം കാണുന്നു. ഒടിയാൽ പോത്തായ ശേഷം പൂർവ്വരൂപം തിരിച്ചു നൽകപ്പെടാത്ത ഹതഭാഗ്യൻ്റെ അമറൽ നമ്മൾ കേൾക്കുന്നു.

'എന്നകക്കാമ്പിലെപ്പോഴു- മാന ചിന്നം വിളിക്കവേ, ഇരുട്ടിലായിരം വെള്ള- പ്പുള്ളി വീണൊരു മസ്തകം പൊക്കി നിൽക്കുന്ന വാനത്തിൻ വാട കാറ്റിൽപ്പരക്കവേ, ഉറക്കം ഞെട്ടവേ, യാന- ച്ചീറ്റം കേട്ടു വിറയ്ക്കുമെ- ന്മക്കളേ! നിങ്ങളെൻ തോട്ടി- യെടുത്തെന്നെ നിറുത്തുവിൻ!'

ആനഭ്രാന്ത്, കെ വി രാമകൃഷ്ണൻ

(വ്യാ)ആഖ്യാനലീല
മീർ എന്ന നദി

ഇത്തരത്തിൽ ഉള്ളിൽ ആന കുടിയിരിക്കുന്നൊരാളല്ല, ആനയിൽ കുടിയിരിക്കുന്ന ആളാണ് 'മാതംഗലീല'യിൽ.

ചീരാമകവിയുടെ 'രാമചരിത'ത്തിലെ

'കാനനങ്കളിലരൻ

എകിറുമായ്...' എന്നാരംഭിക്കുന്ന വന്ദനശ്ലോകം അതിനാൽ, ആ കൃതിക്കെന്നതിനേക്കാൾ ഇണങ്ങുക ഈ നോവലിനാണ്! ഗണേശോത്സവം കണ്ടും ഗണേശകഥകൾ കേട്ടും വളർന്ന ബോംബെയിലെ ബാല്യമാണ് തന്നെ നീണ്ട മൂക്കുള്ള (മൂക്കൻ!)

'സലിം സിനായ്' എന്ന നായകനെ സങ്കല്പിക്കാൻ പ്രാപ്തനാക്കിയതെന്ന് സൽമൻ റുഷ്‌ദി എഴുതിയിട്ടുണ്ട്.

'എനിക്കു കൊതി നിൻ വാലിൻ/ രോമം കൊണ്ടൊരു മോതിരം' എന്നു വെമ്പി നടന്ന ഒരു ബാല്യം മുഴുവൻ മലയാളിയുടെയും പൊതുപൈതൃകമാകയാൽ അവരിലൊരു ഭാവനാശാലി ഇങ്ങനെയൊരു നോവലെഴുതിയതിലും അതിശയിക്കാനില്ല.

രാഷ്ട്രീയമെന്ന പനമ്പട്ട തിന്നാണ് സന്തോഷിൻ്റെ ആന ഇത്ര കറുപ്പും കരുത്തുമാർജ്ജിച്ചത്. കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രമെന്നോ ശ്യാമസൗന്ദര്യശാസ്ത്രമെന്നോ(Black Aesthetics) പറയാവുന്ന ഒന്ന് മലയാളമണ്ണിൽ കുരുത്താൽ അതിൻ്റെ ചുവട്ടിൽ തളച്ചിട്ട ഒരാനയെയും കാണാം. ആ ആനയാണ് 'മാതംഗലീല'യിലെ ആന. ആ ആന രാഷ്ട്രീയം പറയുന്നു.

'മാതംഗം' എന്ന വാക്കിനു തന്നെ ഒരു രാഷ്ട്രീയമുണ്ട്. 'മാതംഗ'മെന്നാൽ 'മതംഗൻ്റെ അപത്യം' എന്നാണർത്ഥം. ആരായിരുന്നു മതംഗൻ ? ഒരു പുരാണമഹർഷി. അതു മാത്രമോ? ഒരിക്കൽ പറക്കാൻ ശേഷിയുണ്ടായിരുന്ന ആനകളെ ശപിച്ച് ഭൂമിയിൽ നടക്കുന്ന വരാക്കി മാറ്റിയത് മതംഗമഹർഷിയാണ്. ഈ മഹർഷിയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു ചാണ്ഡാലിയായ ശബരി. 'മാതംഗി', പിടിയാനയും പാർവ്വതീദേവിയും ചണ്ഡാലിയുമാണ്. (അതിനാൽ 'ചണ്ഡാലഭിക്ഷുകി'യിലെ നായികയുടെ പേരല്ല, ജാതിപ്പേരാകുന്നു 'മാതംഗി'എന്നത് !). 'മാതംഗശ്രുതിഭൂഷണി' എന്ന് നാരായണഗുരുവിൻ്റെ 'ഭദകാള്യഷ്ടക'ത്തിൽ നമ്മൾ വായിക്കുന്നു. മതംഗൻ എന്ന ശൂദ്രയോഗിയാൽ സ്തുതിക്കപ്പെടുന്ന കറുത്ത ദൈവം(Black Goddess) എന്നർത്ഥം.

(വ്യാ)ആഖ്യാനലീല
വോഡ്കയും മിന്നലും

'മതംഗജാതകം' എന്ന ബൗദ്ധകഥയിൽ മതംഗൻ,ബോധിസത്വൻ്റെ അവതാരമായ ഒരു ശൂദ്രയോഗിയായിരുന്നു എന്നും തപശ്ശക്തിയാൽ ഒരിക്കൽ സൂര്യോദയം തന്നെ തടഞ്ഞ് സവർണ്ണസന്ന്യാസിമാരെ അയാൾ സ്‌തബ്‌ധരാക്കി എന്നും ഒടുവിൽ ശൂദ്രവനത്തിൽ വച്ച് കൊല്ലപ്പെട്ടു എന്നും പറയുന്നു. ആ മതംഗ ൻ്റെ പേരിലറിയപ്പെടുന്ന വരാണ്('സൽപ്പുത്രരിൽ പൈതൃകമിങ്ങനെ') ആനകൾ എന്നതിനാലും അദ്ദേഹം ശബരിയുടെ ഗുരുവായിരുന്നു എന്നതിനാലും ശൂദ്രസന്ന്യാസത്തിൻ്റെ കലാപധ്വനികളുൾക്കൊള്ളുന്നതാണ് 'മാതംഗം' എന്ന വാക്കുതന്നെ. ഈയർത്ഥത്തിലാണ്, മലയാളിയുടെ ശ്യാമസൗന്ദര്യശാസ്ത്രം ആനകളുമായി ബന്ധപ്പെട്ടിക്കുന്നു എന്ന് മുകളിലെഴുതിയത്. നോവലിൻ്റെ രചനാവേളയിൽ സന്തോഷിന്റെ അബോധത്തെ ആവേശിച്ച

മതംഗകഥയുടെ ജാതകമാണ് ഈ നോവലിനെ ഈ വിധം ആകൃതിപ്പെടുത്തിയതും അതിൻ്റെ രാഷ്‌ട്രീയത്തെ ആനക്കൊമ്പുപോലെ നിശിതമാക്കിയതും എന്നു കരുതിയാൽപ്പോലും തെറ്റില്ല. മികച്ച എഴുത്തുകാർ എഴുതുന്നതു മാത്രമല്ലല്ലോ നമ്മൾ വായിക്കുന്നത്!

'മാതംഗലീല'യുടെ വരികൾക്കിടയിൽ മതംഗകഥയുടെ അദൃശ്യസാന്നിധ്യം വായിക്കുകയായിരുന്നു ഞാൻ, ഇതുവരെ. ഏറ്റവുമധികം വാസനാശേഷിയുള്ള, നീണ്ട മൂക്കുള്ള ജീവിയാണല്ലോ ആന. എഴുത്തിൻ്റെ മാന്ത്രികലഹരിയിൽ സ്വയമൊരാനയായിപ്പരിണമിച്ച് തൻ്റെ നീണ്ട തുമ്പിക്കൈ കൊണ്ടെന്നോണം, നോവലിസ്‌റ്റ് വാസനിച്ചെഴുതിയതാണ് ഈ നോവലിലെ അധ്യായങ്ങൾ.

'നീളവേ നടന്നാനാ നിസ്പൃഹൻ,വസന്ത ത്തിൻ/കാലടിമണം കോലും കാട്ടുപാതയിലൂടെ...'

വൈലോപ്പിള്ളി, സഹ്യൻ്റെ മകൻ

ഐതിഹ്യമാലയിൽ നിന്ന് സമകാലത്തിലേയ്ക്കുള്ള കഥനദൂരവും രാഷ്ട്രീയദൂരവുമാണ് തൻ്റെ പെരുംചുവടുകൾ കൊണ്ട് അളന്നു തീർക്കുന്നത്, ഈ ആദ്യനോവലിലൂടെ, സന്തോഷ് ഏച്ചിക്കാനം. 'മാതംഗഗർഭം' എന്നാൽ വളരെ കാലമെടുത്തു കൊണ്ടുള്ള ഗംഭീരസംഭവം എന്നാണർത്ഥം. അത്തരമൊരു 'ഗംഭീരസംഭവ'മാകുന്നു ' മാതംഗലീല' എന്ന നോവൽ.

Summary

Writer Sajay K. V. presents a literary appreciation of Santhosh Echikkanam’s novel Mathangaleela, exploring the work’s literary themes and narrative.