പാപ്പയുടെ ‘കൊട്ടാരം’ കണ്ട്  ഞെട്ടിയപ്പോൾ

പാപ്പയുടെ ‘കൊട്ടാരം’ കണ്ട് ഞെട്ടിയപ്പോൾ

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൊച്ചിയിൽ നിന്ന് പോർച്ചുഗീസുകാർ റോമിലെത്തിച്ച ഒരു ആനക്കുട്ടിയുടെ യാത്രാപാതയെ പിന്തുടർന്നാണ് ഞങ്ങളെത്തിയത്
Published on

സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നിന്ന് ഞങ്ങളിറങ്ങിയപ്പോൾ പരിസരത്ത് മഞ്ഞ നിറത്തിൽ അ‍ഞ്ചാറു നിലകളുള്ള പഴഞ്ചൻ കെട്ടിടം. അതിനു മുന്നിൽ കറുത്ത ഓവർകോട്ടിട്ട് ഒത്ത ഒരാൾ. ഞങ്ങൾക്കൊപ്പമുള്ള സ്നേഹിതയും വഴികാട്ടിയുമായ കന്യാസ്ത്രീ പറഞ്ഞു: അച്ചൻ നിങ്ങളെ കാത്തുനിൽക്കുകയാണ്.

പാപ്പയുടെ സുരക്ഷാസേനയായ സ്വിസ് ഗാർഡ് ആ കെട്ടിടത്തിനു മുന്നിൽ കുന്തവുമായി നിൽപ്പുണ്ട്. പക്ഷേ  അച്ചനെ കണ്ട് പൂച്ചക്കുട്ടികളെപ്പോലെ ഒതുങ്ങിനിന്നു.

അച്ചൻ പറഞ്ഞു: വരൂ! ഇവിടെയാണ് മാർപ്പാപ്പ താമസിക്കുന്നത്. അത് ആഡംബരപൂർണമായ അപ്പസ്തോലിക് കൊട്ടാരത്തിലല്ലേ? അവിടല്ലേ സാധാരണ മാർപ്പാപ്പമാർ താമസിക്കുന്നത്. ‘ഫ്രാൻസിസ് പിതാവ് ഇവിടെ മതിയെന്ന് പറഞ്ഞിട്ടുണ്ട്.’

ഞങ്ങൾക്കൊപ്പമുള്ളത് വത്തിക്കാനിൽ പ്രത്യേകാധികാരമുള്ള മലയാളി വൈദികനാണ്. വത്തിക്കാൻ രാജ്യത്തു നിന്നുള്ള അംബാസിഡർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 

അദ്ദേഹത്തിനൊപ്പം പുരോഹിതർ താമസിക്കുന്ന ഇതേ കെട്ടിടത്തിൽ തന്നെയാണ് മാർപ്പാപ്പയും താമസിക്കുന്നത്. പണ്ട് അർജന്റിനയിൽ നിന്ന് കർദിനാളായി വന്നപ്പോൾ താമസിച്ചിരുന്ന അതേ ഇടം. സാന്ത മാർത്ത ഗസ്റ്റ് ഹൗസ്.   ഞങ്ങളെ എന്തിനാണ് ഈ വൈദികൻ ക്ഷണിച്ചത്. ഞങ്ങളുടെ വരവിലുള്ള ഉദ്ദേശശുദ്ധി  അദ്ദേഹത്തെ ആകർഷിച്ചിരിക്കണം എന്ന് ഞങ്ങൾ ഊഹിച്ചു.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൊച്ചിയിൽ നിന്ന് പോർച്ചുഗീസുകാർ റോമിലെത്തിച്ച ഒരു ആനക്കുട്ടിയുടെ യാത്രാപാതയെ പിന്തുടർന്നാണ് ഞങ്ങളെത്തിയത്. ആ ആനക്കുട്ടിയുടെ അവശിഷ്ടങ്ങൾ വത്തിക്കാനിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വായിച്ചിരുന്നു. മാത്രവുമല്ല, റോമിൽ പലയിടത്തും  ആ ആനക്കുട്ടിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. അവന്റെ പേരിലുള്ള റോഡ് മുസോളിനിയുടെ കാലം വരെ നിന്നു. കൊട്ടാരത്തിൽ, പള്ളികൾക്ക് മുന്നിൽ, സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ, പാർക്കിൽ ഒക്കെ ആ ആന ചിത്രങ്ങളായി ശിൽപങ്ങളായി ഇപ്പോഴുമുണ്ട്.  അവയെ രേഖപ്പെടുത്തണം. ആ ലക്ഷ്യവുമായിരുന്നു ഞാനും എഴുത്തുകാരൻ ബെന്യാമിനും ഒന്നിച്ചുള്ള യാത്ര.

ഭംഗിയായി ഇറ്റാലിയൻ ഭാഷ കൈകാര്യം ചെയ്യുന്നവരാണ് അവിടെ ദീർഘകാലം പ്രവർത്തിക്കുന്ന നമ്മുെട നാട്ടുകാരായ വൈദികരും കന്യാസ്ത്രീമാരും. അവർക്ക് വത്തിക്കാനിൽ നല്ല സ്വാധീനമുണ്ട്. അവരിലൊരാൾ, ചെറുപ്പക്കാരിയായ കന്യാസ്ത്രീ, വലിയ വായനക്കാരി, അവരാണ് ഞങ്ങളുടെ വഴികാട്ടി. അച്ചനെ പരിചയപ്പെടുത്തിയതും അവരാണ്. സ്വകാര്യതയെ കരുതിയാണ് ഈ ലേഖനത്തിൽ അവരുടെ പേരൊഴിവാക്കുന്നത്.

‘ഇന്ത്യയിൽ നിന്നുള്ള എഴുത്തുകാർ, ചരിത്രാന്വേഷികൾ’ എന്നു  സിസ്റ്റർ സുരക്ഷാഉദ്യോഗസ്ഥർക്ക്  ഞങ്ങളെ പരിചയപ്പെടുത്തി . വത്തിക്കാൻ മ്യൂസിയത്തിലെ അന്വേഷണത്തിൽ ഞങ്ങൾക്കൊപ്പം പങ്കുചേർന്നു. സിസ്റ്ററുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ക്യൂ ഒഴിവാക്കി അടച്ചിട്ട പല വാതിലുകൾ തുറന്നു തന്നു.

അതിന് തുടർച്ചയായിട്ടാണ് അച്ചന്റെ പാപ്പയുടെ താമസസ്ഥലത്തേയ്ക്കുള്ള ക്ഷണം. പാപ്പ സ്ഥലത്തുണ്ടായിരുന്നില്ല. ഞങ്ങൾക്കൊപ്പമുള്ള ഡ്രൈവർ, സഭയുമായും ഇതേ വൈദികനുമായിട്ടും വളരെയടുപ്പമുള്ള ആളാണ്, പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു. വൈദികൻ കണ്ണു കൊണ്ട് വിലക്കി. അനുവദനീയമല്ല.

പാപ്പയുടെ താമസസ്ഥലം. ഉള്ളിലേയ്ക്ക് കടന്നപ്പോൾ മനസ്സിലായി. ഒരു സൗകര്യവുമില്ല. അച്ചൻ ചൂണ്ടിക്കാണിച്ചു: ‘ഇവിടെയാണ്  ഞങ്ങൾ വൈദികരും  കർദിനാൾമാരും ഭക്ഷണം കഴിക്കുന്ന തീൻമുറി. അവിടെ സാധാരണ ഒരാളെപ്പോലെ പാപ്പ ഒത്തുചേരും.’

ഒരു സാധാരണ സർക്കാർ കോളജിന്റെ കന്റീനിന്റെ അത്രയുമേയുള്ളൂ. ബെഞ്ചും ഡസ്കും.

അദ്ദേഹം തുടർന്നു: ക്യൂ ഉണ്ട്. ഞങ്ങൾ ആഹാരത്തിന് നിൽക്കുമ്പോഴായിരിക്കും പാപ്പ വരുന്നത്.  ചെറുപ്പക്കാർക്കു പിന്നിൽ വയോധികനായ, മഹാനായ ആ മനുഷ്യൻ ഭക്ഷണത്തിന് കാത്തുനിൽക്കുമ്പോൾ . ഞങ്ങൾക്ക് ജാള്യമുണ്ട്. പക്ഷേ അദ്ദേഹം ക്യൂ തെറ്റിക്കില്ല.

ഞങ്ങൾ ചോദിച്ചു: മാർപ്പാപ്പയുടെ കിടപ്പുമുറി എങ്ങനെ ഇരിക്കും? മറുപടി: ഒരു സാധാരണ മുറി. എഴുതാനൊരു പഴയ മേശ. ഒരു കട്ടിൽ. നാട്ടിലെ സാധാരണ ലോഡ്ജ് മുറി പോലെ. ഇതേ മുറിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. 

പാപ്പ പ്രാർഥിക്കുന്ന ചാപ്പൽ കാണിച്ചുതന്നു. കുരിശുരൂപത്തിനപ്പുറം  കാര്യമായി ഒന്നുമില്ല. പ്രാർഥന ഉള്ളിലാണ്; ആഡംബരത്തിലല്ല എന്ന് വ്യക്തമാക്കുന്ന ഒരിടം.

വലിയ ധൂർത്തിലൂടെയും അഴിമതിയിലൂടെയും സഭ കടന്നുപോയ കാലമുണ്ട്. മധ്യകാലം സഭയുടെയും ഇരുണ്ടയുഗമായിരുന്നു.

നമ്മുടെ നാട്ടിൽ നിന്നു പോപ്പിന് സമ്മാനിക്കാൻ കൊണ്ടുപോയ ആനയെ വച്ച് ഞാനെഴുതിയ നോവലിലെ നായകനായ പോപ്പ് ലിയോ പത്താമനും യഥാർഥത്തിൽ മഹാധൂർത്തനായിരുന്നു. അധികാരമേറ്റ ഉടൻ ‘ഇനി ഞാനൊന്ന് സുഖിക്കട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ്  ജീവചരിത്രഗ്രന്ഥങ്ങൾ പറയുന്നത്. തങ്ങളുടെ കുടുംബത്തിൽ നിന്ന് പോപ്പുമാരെ കൊണ്ടു വരുന്നതിനായുള്ള മൽസരങ്ങൾ, യുദ്ധങ്ങൾ, കുടിപ്പക, ഒരേ കുടുംബത്തിൽ നിന്നു തന്നെ നിരവധി പോപ്പുമാർ വരുന്ന കാഴ്ച, ബന്ധുക്കളെ കർദിനാൾമാരാക്കി തിരുകിക്കയറ്റുന്ന സംവിധാനം.... ഇവയിൽ നിന്നൊക്കെ അഞ്ചു  നൂറ്റാണ്ടു കഴിയുമ്പോഴേയ്ക്കും  മനുഷ്യകുലത്തിനനുസരിച്ച്  സഭയും ഗുണപരമായി മാറി

പക്ഷേ മനുഷ്യർ മാറുന്ന വേഗം കൈവരിക്കാൻ മതങ്ങൾക്ക് കഴിയാറില്ല. മാമൂലുകൾ പിടിച്ചുപിന്നോട്ടു വലിക്കും. അങ്ങനെയല്ല, പുതിയ മനുഷ്യർക്കനുകൂലമാക്കി  മാറാൻ, കഴിയുന്നത്ര മതം, സഭ ശ്രമിക്കണമെന്ന വലിയ സൂചന നൽകിയാണ്  ഫ്രാൻസിസ് പാപ്പ  മടങ്ങിയത്. അതിന് സ്വന്തം ജീവിതം ഉദാഹരണമായി നൽകി.  പ്രോട്ടോക്കോൾ നോക്കിയില്ല. മനുഷ്യരിലേയ്ക്ക് ചെന്നു. അധികാരശ്രണികളെ ഗൗനിച്ചില്ല. അനുതാപമായിരുന്നു അടിത്തറ. പക്ഷേ  വൈദികരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ മുൻപില്ലാത്ത നിലയിൽ കർശനനടപടിയെടുത്തു.  സ്ത്രീകളുടെ കാൽ കഴുകി ചുംബിച്ചു, സ്വവർഗാനുരാഗികളും മനുഷ്യരാണെന്നു വിശേഷിപ്പിച്ചു. രാജ്യാതിർത്തികൾ രാഷ്ട്രീയരേഖകൾ മാത്രമാണെന്നും കുടിയേറ്റക്കാരോട് സഹാനുഭൂതി വേണമെന്നും നിർദേശിച്ചു. ചെറിയ കാലം കൊണ്ട് സഭയുടെ ചരിത്രത്തെ ദീർഘകാലത്തേയ്ക്ക് മുന്നോട്ടു നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പരിമിതമായ ജീവിതം വച്ച് മനുഷ്യരാശിക്ക് വലിയ മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നവരുടേതാണ് വിശിഷ്ടജന്മം. ആ നിലയ്ക്ക് സാർഥകമായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ജീവിതം.

Madism Digital
madismdigital.com