പിളര്‍പ്പ്

പിളര്‍പ്പ്
Published on: 

നാട് വിട്ടുപോയ

മഹാകവി വിസ്മൃതരാജ്

മുപ്പത് വര്‍ഷത്തിനുശേഷം

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍

പൂമുഖത്ത്

നീര്‍ത്തിവെച്ച

ഒരു പുസ്തകം കണ്ടു

അതില്‍ പൊടി നിറഞ്ഞിരുന്നു

കൂറകള്‍ ഇഴഞ്ഞിരുന്നു

ആരുടേതാണ് ഇത്?

അയാള്‍ സുഹൃത്തിനോട് ചോദിച്ചു

"ഹൃദയത്തില്‍

തീയുണ്ടായിരുന്നപ്പോൾ

നിങ്ങൾ വേറൊരു

പേരില്‍ എഴുതിയത്"

സുഹൃത്ത്

നിരുദ്ധകണ്ഠനായി പറഞ്ഞു

"ഇനി താങ്കള്‍

പുതിയത്

എഴുതേണ്ടിയിരിക്കുന്നു

ഇത് വായിച്ചിരുന്നവര്‍

മദ്ധ്യവയസ്‌കരായി

അതിലെ വിശ്വാസങ്ങളും

സ്വപ്‌നങ്ങളും നഷ്ടപ്പെട്ട്

ആലംബമില്ലാതെ അലയുന്നു"

വിസ്മൃതരാജ്

മുഴക്കത്തില്‍ ചിരിച്ചു

"വാക്കിനും അര്‍ഥത്തിനും

ആശയത്തിനും പ്രവര്‍ത്തിക്കുമിടയിലെ

പിളര്‍പ്പ്

കുഞ്ഞുകാലം തൊട്ടേ

എനിക്കറിയാമായിരുന്നു

അതിലാണ് ഞാൻ ഊളയിട്ടിരുന്നത് അതി ണക്കിചേർക്കലായിരുന്നു

എന്റെ വിഫലജീവിതയത്നം

ഇതുടനെ ചാമ്പലാക്കുക

നീ പറഞ്ഞവരില്‍

നിന്റെ മിത്രങ്ങള്‍ ഉണ്ടെങ്കില്‍

ഇതിന്റെ ചാരം

അവര്‍ക്ക് നല്‍കുക

കെട്ടിക്കിടക്കുന്ന

ചിന്താവഷിപ്തങ്ങള്‍

ഊര്‍ന്നുപോകുംവരെ

ഇത് നെറ്റിയില്‍ പൂശി

അവർ ഇളകിയാടട്ടെ"