പദ്മനാഭന്‍ തേടുന്ന വഴി, ഞാന്‍ തേടുന്ന പച്ചപ്പ്, ഞങ്ങള്‍ നേടുന്ന പായല്‍

Priya AS
Priya AS
Published on

ദോശ ചുടാന്‍ നില്‍ക്കുമ്പോള്‍ , ചട്ടുകം പറയും - അഷിത.

അമ്മയോട് ഇടയ്‌ക്കൊക്കെ വഴക്കു കൂടുമ്പോള്‍ ഉള്ള് പറയും - അഷിത.

'മേഘവിസ്‌ഫോടനങ്ങള്‍' എന്ന കഥയില്‍ ഉണ്ട് ചട്ടുകം.

'സ്‌നേഹത്തിന്റെ കൊടിയടയാളം' എന്നാണ് ആ കഥയില്‍ ചട്ടുകത്തെക്കുറിച്ച് പറയുന്നത്.

കഥയിലെ അനിയന്‍ ചാരുദത്തന്‍ പറയുന്നു-'രാവിലത്തെ പോസ്റ്റുമാര്‍ട്ടം ഒരു പതിമൂന്നുകാരിയുടേതായിരുന്നു. അമ്മ വഴക്കു പറഞ്ഞതിന് മേലാസകലം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നത്രെ. ആദ്യം തീ ആളിയപ്പോള്‍ത്തന്നെ കുട്ടിക്കാലത്തേതുപോലെ അമ്മേ എന്ന് അലറിക്കരഞ്ഞ് അടുക്കളയിലേക്കോടി.അടുക്കളയില്‍ അമ്മ ,ദോശ ചുടുകയായിരുന്നു.തീ നാളം പോലെ പാഞ്ഞു വരുന്ന കുഞ്ഞിനെ, ആ അമ്മ സംശയമേതുമില്ലതെ കെട്ടിപ്പുണര്‍ന്നു.ഞാന്‍ ചെല്ലുമ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിന് ബാക്കിയൊന്നുമുണ്ടായിരുന്നില്ല. രണ്ടു പേരും ഒരുമിച്ച് ഉരുകി ഒന്നായിരുന്നു. ആ അമ്മയുടെ പാതി വെന്ത കൈയില്‍ അപ്പോഴും ചട്ടുകം ഉണ്ടായിരുന്നു.സ്‌നേഹത്തിന്റെ കൊടിയടയാളം പോലെ'.

പായല്‍ ' എന്ന വാചകം ?

ചട്ടുകവുമായി നിന്ന് ദോശ മറിച്ചിടുമ്പോഴെല്ലാം ഞാനോര്‍ക്കും - എന്റെ കൈയിലിരിക്കുന്നത് സ്‌നേഹത്തിന്റെ  കൊടിയടയാളമാണ്.

ചെറുകഥ എന്ന ചിമിഴിന്റെ ശില്പഭദ്രതയ്‌ക്കേറ്റവും മികച്ച ഉദാഹരണമായി മാധ്യമം വാരികയില്‍ ,ടി  പദ്മനാഭന്‍ 'മേഘവിസ്‌ഫോടന'ത്തെക്കുറിച്ച് എഴുതിയിരുന്നു  ആ കഥ കഴിഞ്ഞുള്ള ലക്കത്തില്‍ ,വായനക്കാരുടെ കത്തുകള്‍ക്കിടയില്‍ .

അമ്മ എന്ന ലോകത്തിലൂടെ നടക്കുമ്പോഴൊക്കെ മറ്റൊരു അഷിത-വാചകം ഓര്‍ത്ത് ഞാന്‍ പേടിയ്ക്കും 'അമ്മയുടെ ഓര്‍മ്മകളില്‍ നമ്മളില്ലാതാകുമ്പോഴാണ് നാം മരിക്കുന്നത് '. അതു പ്രസിദ്ധീകരിച്ചുവന്ന ഇന്‍ഡ്യാറ്റുഡെയും അതിന് ചാന്‍സ് എന്നു ഇംഗ്‌ളീഷില്‍ കോറി ചന്ദ്രശേഖരന്‍ വരച്ച മേല്‍ക്കട്ടിയുള്ള കട്ടിലും അന്നേരം ഓര്‍മ്മയിലെത്തും . 'തഥാഗത' എന്ന ആ കഥ, പദ്മരാജന്‍ പുരസ്‌ക്കാരം നേടിയിരുന്നു.മാധവിക്കുട്ടിയും ഓര്‍മ്മപോയ ബാലാമണിയമ്മയും ആയിരുന്നു ആ  കഥയുടെ പശ്ചാത്തലത്തില്‍ എന്നറിയാം.

'നീ എന്റെ കഥ വായിച്ചു തീരുമ്പോള്‍ , ഏതു വാചകത്തിലാണ് നിന്റെ മനസ്സുടക്കുക എന്ന് എനിയ്ക്ക് നെഞ്ചിടിപ്പ് കൂടും, നീ എപ്പോഴും എന്റെ കഥയിലെ മര്‍മ്മവാചകത്തിലാണ് നിന്റെ ഉള്ള് കൊരുക്കുക , അത് നിന്നോളം വേറാര്‍ക്കും പറ്റില്ല' എന്നു പറയുമായിരുന്നു അഷിത.

'ശിഹാബുദ്ദീന്‍ എന്റെ ജീവിതത്തെക്കുറിച്ച് ചോദിച്ചാണ് ഇന്റര്‍വ്യൂ തയ്യാറാക്കിയത് , നീ എന്റെ കഥകളെക്കുറിച്ച് ചോദിച്ച് എന്നെ ഇന്റര്‍വ്യൂ ചെയ്യണം , ഞാനിക്കാര്യം ഒരു മാധ്യമവുമായി  പറഞ്ഞുവച്ചിട്ടുണ്ട് 'എന്നു പറയുമായിരുന്നു എന്റെയാ ചെറിയമ്മ.

വീട്ടുലോകത്തിനുമപ്പുറം പോകാത്ത അഷിതയ്‌ക്കെവിടെനിന്നാവും ആ ഫോറന്‍സിക് വിദഗ്ധനായ ചാരുദത്തനെ കിട്ടിയത് എന്ന് ചോദിച്ചിരുന്നുവെങ്കില്‍ സുഖമായി ഉത്തരം കിട്ടിയേനെ. പക്ഷേ എന്താവും ഞാനതന്നൊന്നും  ചോദിക്കാഞ്ഞത് , ആ അദ്ഭുതം ഉള്ളിലിട്ട് മിണ്ടാതെ നടന്നത്?

എപ്പഴും ഉണ്ടാവും അഷിത എനിയ്‌ക്കൊപ്പം എപ്പോ എന്തു വേണമെങ്കിലും ചോദിക്കാന്‍ പാകത്തില്‍ എന്നു ഞാന്‍ കരുതിയോ ?

അഷിത, വയ്യായ്കകളിലായിരുന്നുവെങ്കിലും എന്റെ അലംഭാവം കൂടി കൊണ്ടല്ലേ അഷിതക്കഥകളെക്കുറിച്ചുള്ള ആ  ഇന്റര്‍വ്യൂ നടക്കാതെ പോയത് ?

മേഘവിസ്‌ഫോടനങ്ങളിലെ മറ്റൊരു വാചകം കൊണ്ടും ജീവിതത്തെ വായിയ്ക്കാന്‍ എനിയ്ക്കിഷ്ടമാണ് - 'ചില ജീവിതങ്ങളെങ്കിലും നീണ്ടുപോകുന്ന ഒരാത്മഹത്യാക്കുറിപ്പുമാത്രമാണ് ചാരൂ . എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് ,അടിവരയിട്ട്അവസാനിപ്പിയ്ക്കാവുന്ന ഒരാത്മഹത്യാക്കുറിപ്പ് .'

കുഞ്ഞുമയെ എളിയിലിരുത്തി വെള്ളത്തിലേക്കിറങ്ങിപ്പോയത് , 'മീമ്മി' എന്നു എളിയിലെ ഉമ കൈ ചൂണ്ടിച്ചിരിച്ചപ്പോള്‍ ജീവിതക്കരയിലേക്ക് കയറിപ്പോന്നത് - അപ്പറഞ്ഞത് 'ചെറിയമ്മയ്‌ക്കൊരു കഥ'യില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.

പക്ഷേ ഒരു കഥയിലും ചേര്‍ക്കാനാവാത്ത  എന്തെല്ലാം കാര്യങ്ങളാണ് അവനവനെക്കുറിച്ചും എന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും പറഞ്ഞുതന്നത് ? അതൊക്കെ ഉള്ളിലിങ്ങനെ സ്‌നേഹത്തിന്റെ കൊടിയടയാളമായി ചട്ടുകരൂപത്തില്‍ , അമ്മരൂപത്തില്‍ , പായല്‍രൂപത്തില്‍ ചുറ്റും പരക്കുമ്പോള്‍ - ഞാന്‍ നിങ്ങളെയെങ്ങനെ ഓര്‍ക്കാതിരിക്കാന്‍ ?

സംസ്‌കൃതമറിയാത്ത ഒരാള്‍, പേരക്കുട്ടി ചിന്മയിയുടെ തൊട്ടിലിനു കീഴെ ചടഞ്ഞിരുന്ന് ഒരു കൈ കൊണ്ട് തൊട്ടിലാട്ടി, മറ്റേക്കൈകൊണ്ട്  വിഷ്ണുസഹസ്രനാമം ലളിതവ്യാഖ്യാനം നടത്തിയതിനു പിന്നിലെ സാന്നിദ്ധ്യത്തിനെ ഞാനെന്താണ് വിളിക്കേണ്ടത് ?

എനിയ്‌ക്കെന്തിഷ്ടമാണെന്നോ മുഴുമിക്കാത്ത തിരുരൂപങ്ങളിലെ  , 'പദ്മനാഭന്‍ തേടുന്ന വഴി,ഞാന്‍ തേടുന്ന പച്ചപ്പ്,ഞങ്ങള്‍ നേടുന്ന

Related Stories

No stories found.
Madism Digital
madismdigital.com