നിഴലുകൾക്കുമപ്പുറം

ഇന്നത്തെ കാലത്ത് പലപ്പോഴും സ്ത്രീകൾ അവനവനെ സ്നേഹിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അത് എത്രമാത്രം ബാലൻസ്ട് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ?
നിഴലുകൾക്കുമപ്പുറം
Published on

പലപ്പോഴും നമ്മൾ വിചാരിക്കും, നമ്മളീ പോകുന്ന ജീവിതമാണ് ജീവിതം. ഇത്ര സമാധാനം, സന്തോഷം, ഇതൊക്കെ അനുഭവിക്കാൻ ഞാൻ ചെയ്ത പോലെയുള്ള ഭാഗ്യം ആരും ചെയ്തിട്ടുണ്ടാവില്ല. പക്ഷെ ജീവിതത്തിൽ ഒരു ഘട്ടത്തിൽ നമ്മൾ കണ്ടെത്തും ഷോ ഇതുവരെ തുടങ്ങിയിരുന്നില്ല എന്ന്. ' ഞാൻ ' എന്ന വാക്കിൽ കൊരുത്തു വച്ചൊരു ഞാൻ ഇതാ അഴിഞ്ഞു വീണുവല്ലോ. ലോകത്തിലെ സർവ്വ വിധമായ മോശം വൈകാരികതകളും എന്നിലും ഉണ്ടായിരുന്നല്ലോ!

വനിതാ ദിനത്തിൽ ഇതിലും നല്ലൊരു പ്രചോദനം മറ്റൊരു മനുഷ്യന് നൽകാനില്ലന്ന് തോന്നുന്നു. നമ്മളേത്ര മാത്രം നമ്മളെ മനസ്സിലാക്കിയിട്ടുണ്ട്. നമ്മുടെ ഉള്ളിലെ ആ മോശപ്പെട്ട വികാരങ്ങളെ നമ്മൾ എത്രമാത്രം നോക്കി നിന്നിട്ടുണ്ട്. ഞാനെങ്ങനെയൊന്നുമല്ല എന്റെ ഉള്ളിൽ മോശപ്പെട്ട യാതൊരുവിധ വികാരവുമില്ല എനിക്ക് എല്ലാവരോടും സ്നേഹമാണ്, അങ്ങനെയൊരു തോന്നൽ നിങ്ങളുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഞാൻ പറയുന്നു അതാണ് ഏറ്റവും വലിയ അബദ്ധം. എല്ലാവിധങ്ങളായിട്ടുള്ള വൈകാരികതകളോടും കൂടിയാണ് മനുഷ്യൻ നിലനിൽക്കുന്നത്. അതിൽ ദേഷ്യം ഉണ്ടാകും, അസൂയ ഉണ്ടാകും, വിരോധം ഉണ്ടാകും, സങ്കടമുണ്ടാകും, ആശങ്കയുണ്ടാകും, ദേഷ്യം ഉണ്ടാകും അസൂയ ഉണ്ടാകും വെറുപ്പ് ഉണ്ടാകും. എന്നാൽ ഇതിൽ എന്തൊക്കെ പുറമേക്ക് പ്രദർശിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് അവനവൻ മാത്രമാണ്. പലപ്പോഴും നമ്മുടെ ഉള്ളിൽ ഇത്രയധികം വികാരങ്ങൾ ഉണ്ടെന്നു പോലും നമ്മൾക്ക് അറിയുന്നുണ്ടാവില്ല.

ഇന്നത്തെ കാലത്ത് പലപ്പോഴും സ്ത്രീകൾ അവനവനെ സ്നേഹിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അത് എത്രമാത്രം ബാലൻസ്ട് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ മനുഷ്യന്റെയും യാത്രകൾ അവനവന്റേത് മാത്രമാണ് മറ്റുള്ളവർ പല കാരണങ്ങൾ കൊണ്ടും നമ്മളിലേക്ക് കൂടിച്ചേർന്നിരിക്കുന്നതാണ്, അതുകൊണ്ടുതന്നെ ഏറ്റവും ആദ്യം നമ്മൾ സ്നേഹിക്കേണ്ടതും പരിപാലിക്കേണ്ടതും നമ്മളെ തന്നെയാണ്. ഒക്കെയും ബാലൻസ്ഡ് ആയിട്ട് പോകുമ്പോൾ മാത്രമാണ് ഒരു ബന്ധം, അല്ലെങ്കിൽ ഒരു സ്നേഹം, ഒരു സൗഹൃദം, അതിൽ ഏറ്റവും കൂടുതൽ മനോഹാരിത ഉണ്ടാകുന്നത്. അവനവനോടും നമ്മുടെ കൂടെയുള്ളവരോടും അടുത്തും അകലെയും നിൽക്കുന്നവരോടും വ്യക്തമായ അതിരുകൾ നിശ്ചയിച്ച് മുന്നോട്ടു പോകുമ്പോഴാണ് ഓരോ ബന്ധങ്ങളും, അവനവനോടുള്ള സ്നേഹം പോലും ഏറ്റവും ദൃഢമാകുന്നത്.

ആളുകളോട് നോ പറയാൻ ബുദ്ധിമുട്ടുള്ള ഒരാളായിരുന്നു ഞാൻ. എനിക്കിഷ്ടമുള്ള ഒരാൾ എനിക്കൊരു പണി തന്നാൽ നോ പറയാതെ കണ്ണുമടച്ച് എന്റെ സൗകര്യമോ വേദനകളും ബുദ്ധിമുട്ടുകളും ഒന്നും നോക്കാതെ ഇരുന്നു പണിയെടുക്കുന്ന ഒരു തരം മനുഷ്യജീവി, അതായിരുന്നു ഒരു കാലം വരെ ഞാൻ. എന്തുകൊണ്ടാണ് എനിക്ക് ആൾക്കാരോട് പറ്റില്ല എന്ന് പറയാൻ പേടി തോന്നിയത് അവരെന്നെ വിട്ടു പോകുമോ എന്നുള്ള ഭയം, അവരെ വിഷമിപ്പിക്കേണ്ടല്ലോ എന്നുള്ള ഒരു കരുതൽ. പക്ഷേ ഒരു ചോദ്യം എനിക്ക് എന്നോട് തന്നെ ചോദിക്കേണ്ടിയിരുന്നു, അവർ വിഷമിച്ചാൽ എനിക്ക് എന്താണ്? എന്റെ വേദനക്കപ്പുറം, എന്റെ ബുദ്ധിമുട്ടുകൾക്കപ്പുറം, അവർ വേദനിച്ചാൽ എന്താണ് പ്രശ്നം? സ്വയം ബുദ്ധിമുട്ടുകളിലേക്ക് മാറിനിന്നുകൊണ്ട് മറ്റുള്ളവരുടെ സന്തോഷങ്ങളെ മാത്രം പരിഗണിച്ചാൽ മതിയോ? ഇങ്ങനെയൊരു ചോദ്യം എന്നോട് ചോദിച്ചത് എന്റെ തെറാപ്പിസ്റ്റ് ആണ്.

ഒരു കുട്ടി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒരിക്കലും അതിന്റെ അമ്മ ആ കുഞ്ഞിന്റെ ഒരു കൺസെന്റ് നോക്കാറില്ല. അമ്മയുടെ സംതൃപ്തിയാണ് കുഞ്ഞിന്റെ സംതൃപ്തി എന്ന നിലയിൽ ഭക്ഷണം ആവശ്യത്തിലധികം കുഞ്ഞിലേക്ക് കൊടുത്തു കൊണ്ടിരിക്കും. കുഞ്ഞൊരു നോ പറഞ്ഞാലും അമ്മയ്ക്ക് അതൊരു പ്രശ്നമേയല്ല കാരണം പ്ലേറ്റിൽ കൊണ്ടുവച്ചിരിക്കുന്ന ഭക്ഷണം തീർന്നിട്ടില്ല. അമ്മയ്ക്ക് സംതൃപ്തി ആയിട്ടില്ല. അപ്പോൾ കുഞ്ഞിനുള്ള ഭക്ഷണം എന്നത് കുഞ്ഞിന്റെ വിശപ്പ് മാറുക എന്നതിനപ്പുറം അമ്മയുടെ സംതൃപ്തി എന്നതിലേക്ക് വന്നു. ആദ്യമായി ഒരാൾ തന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചതാണ്, കുട്ടിക്കാലം മുതൽ തന്നെ പ്രതിരോധിക്കുകയാണ് ആ കുഞ്ഞിനോട് ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തി, അതായത് അതിന്റെ അമ്മയോ അച്ഛനോ. പിന്നീട് ഒരിക്കലും ആ കുഞ്ഞിന് മനസ്സ് തുറന്ന് ഒരാളോട് ഇഷ്ടമല്ല എന്ന് പറയാൻ എളുപ്പമാവില്ല കാരണം അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാൻ വേണ്ടി ആ കുഞ്ഞ് എന്തും ചെയ്യും. അതുപോലെ തനിക്ക് ഇഷ്ടമുള്ളവരെ സന്തോഷിപ്പിക്കാൻ ആ കുഞ്ഞ് എന്തും ചെയ്യും. അവിടെ മുതലല്ലേ ഒരു മനുഷ്യൻ നോ പറയാൻ മടിക്കാൻ ആരംഭിക്കുന്നത്. ഇതൊക്കെ കണ്ടെത്തണമെങ്കിൽ 40 കളിലും 30 കളിലും ഒക്കെ എത്തണം എന്നു പറയുന്നത് എത്രമാത്രം ക്രൂരതയാണ് എന്നൊന്ന് ആലോചിച്ചു നോക്കൂ.

പലപ്പോഴും 30കളിലും നാല്പതുകളിലും എത്തുന്ന സ്ത്രീകൾ അവനവനെ കണ്ടെത്താൻ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. ജീവിതം ഒന്ന് പരുവപ്പെട്ടതിന്റെ പക്വത പലപ്പോഴും ആ പ്രായത്തിലാണ് സ്ത്രീകൾക്ക് അറിയാൻ കഴിയുന്നത്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച മടുത്തു, സ്വയം തകർന്ന് അവനവനിലേക്ക് നോക്കി തുടങ്ങുന്ന ഒരു സമയം. എന്നാൽ എത്ര പേരുടെ ജീവിതത്തിൽ അങ്ങനെ ഒരു സമയം ഉണ്ടാകുന്നു എന്ന് ചോദിച്ചാൽ ആ ചോദ്യത്തിന് പെർഫെക്റ്റ് ആയ ഒരു ഉത്തരമില്ല. ഇനി നോക്കുന്നവർക്ക് എത്രപേർക്ക് ജീവിതം പിന്നീട് തുലനാവസ്ഥയിൽ കൊണ്ടുപോകാൻ സാധിക്കുന്നു എന്നതിനും അത്ര കൃത്യമായ ഉത്തരമില്ല. ഇത്രയും നാളും എല്ലാവരെയും കരുതലോടെ കൊണ്ടുപോയിരുന്ന ഒരു വ്യക്തിയിൽ നിന്നും അവനവനിലേക്ക് കൂടുതൽ ചുരുങ്ങാൻ തുടങ്ങുന്ന ഒരു സ്ത്രീയിൽ നിന്നും പുരുഷൻ പ്രതീക്ഷിക്കുന്ന ചിലതൊക്കെ തകർക്കപ്പെടുന്നു. 40 കളിൽ എത്തുന്ന ഒരു സ്ത്രീയുടെ ഹോർമോൺ ചേഞ്ച് അത്രയ്ക്ക് വ്യത്യാസമാണ്. അവൾ അവളുടെ പെരി മേനോപോസ് കാലത്തിലേക്ക് കടക്കുകയാണ്. ഇതുവരെ ഉള്ളിൽ അടക്കിവെച്ച പല വൈകാരികതകളും ദേഷ്യവും സങ്കടവും വെറുപ്പും ഒക്കെയും പുറത്തേക്ക് കയറി വരുന്നു. അവൾക്ക് ഭ്രാന്താണെന്ന് കൂടെയുള്ള പുരുഷന്മാർ വിചാരിച്ചു പോകുന്നു. ഇത്രയും നാൾ നീ ഇങ്ങനെ ആയിരുന്നില്ലല്ലോ, നീ കുറച്ചുകൂടി കരുണയുള്ളവൾ ആയിരുന്നു എന്നവർ പറയാൻ തുടങ്ങുന്നു. ഇത് കേൾക്കുന്നതോടെ തനിക്കെന്തോ സംഭവിച്ചു, തന്നെ ആരും ശ്രദ്ധിക്കാനോ സ്നേഹിക്കാനോ ഇല്ല എന്നവൾ സ്വയം കരുതുകയും അവനവനെ പോലും വെറുത്തുകൊണ്ട് ലോകത്തെ തന്നെ ദേഷ്യത്തിലും സങ്കടത്തിലും നിരാശയിലും വെറുപ്പിലും ആഴ്ന്ന് മരിച്ചുപോവുകയും ചെയ്യുന്നു.

40കളിലാണ് ഞാനും. എല്ലാവിധമായ വൈകാരികതകളും പുറത്തേക്ക് വന്നിരിക്കുന്നു. ഇതുവരെ ഇല്ലാത്ത ദേഷ്യവും സങ്കടവും എന്നെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. പല വിഷയങ്ങളിലും ഇതുവരെ നിശബ്ദത പാലിച്ചിരുന്ന എനിക്ക് ഇപ്പോൾ അറിയാതെ ശബ്ദമുയർന്നു തുടങ്ങിയിരിക്കുന്നു. പലർക്കും അത് മാനസിക പ്രയാസം ഉണ്ടാക്കും എന്ന് അറിയാഞ്ഞിട്ടല്ല നിയന്ത്രിക്കാനാവുന്നില്ല ഉള്ളിലെ തീയുടെ ചൂട്. ഈയൊരു വൈകാരികതയുടെ ചൂടിലേറി എരിഞ്ഞെരിഞ്ഞ് പോകുന്ന എത്ര മനുഷ്യ ജീവികളെയാണ് ഞാനിപ്പോൾ ഓർക്കുന്നത്. കൂടെ നിൽക്കാൻ ആരുമില്ലാതെ, ഒന്ന് കൈ പിടിക്കാൻ ആരുമില്ലാതെ, ഇതൊന്നുമല്ല സ്വയം മനസ്സിലാക്കാൻ സാധിക്കാതെ ഉരുകിത്തീരുന്ന എത്രയോ സ്ത്രീകൾ. എത്ര കരുതലോടെ പിടിക്കാൻ കൂടെ ആളുണ്ടെന്ന് പറഞ്ഞാലും സ്വയം കണ്ടെത്താൻ ആയില്ലെങ്കിൽ ഈ പറയുന്ന വികാരങ്ങൾ നമ്മുടേത് തന്നെയാണെന്നും എല്ലാ മനുഷ്യന്റെയും ഉള്ളിലുള്ളത് തന്നെയാണെന്നും എന്നാൽ ഇതൊന്നുമല്ല നമ്മൾ എന്നും ഉള്ള തിരിച്ചറിവ്, അതെന്നാണ് ഉണ്ടാവുക?

ഇതൊരു കാലം മാത്രമാണ്. നമ്മുടെ ഉള്ളിലുള്ള ഒരു നിഴൽ മാത്രമാണ് ഇപ്പോൾ ദൃശ്യമായിരിക്കുന്നത്. ആകാശത്തെ അമ്പിളിയെ കാണാറില്ലേ. ഓരോ ദിവസവും ഓരോ ആകൃതിയിൽ അത് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. നമ്മൾ വിചാരിക്കും ആ പകുതി മാത്രമേ ചന്ദ്രൻ ഉള്ളൂവെന്ന്. എന്നാൽ അതിന്റെ ബാക്കി എവിടെയാണ്? നിഴൽ കൊണ്ട് മൂടിയിരിക്കുന്നു. ആ നിഴലിന്റെ അപ്പുറം ചന്ദ്രൻ ഉണ്ട്. പൂർണ്ണതയെത്തിയ ചന്ദ്രന്റെ രൂപം. അതുപോലെ നമ്മുടെയൊക്കെ പാതി നിഴലുകളാണ് പലപ്പോഴും നമ്മളൊക്കെ ഈ പ്രത്യക്ഷത്തിൽ കാണുന്ന നമ്മുടെ വൈകാരികമായ ഇത്തരം അവസ്ഥകൾ. ശരിക്കുമുള്ള ആ തേജസ് ഉള്ള നമ്മൾ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. നമ്മൾ പോലും കാണാത്ത, അതിനെ കണ്ടെത്തുന്നതാണ് ശരിക്കുമുള്ള നമ്മുടെ യാത്ര. ഓരോ മനുഷ്യരും അത്തരം യാത്രകൾ നടത്തേണ്ടതുണ്ട്. അവനവനെ കണ്ടെത്താൻ, നമ്മൾ കാണുന്ന ഈ നിഴലുകൾ മാത്രമല്ല നമ്മൾ എന്ന് ബോധ്യപ്പെടാൻ. പൂർണ്ണതയേറിയ നമ്മളെ, ആ യഥാർത്ഥ നമ്മളെ, തേജസ്സുള്ള നമ്മളെ, കണ്ടെത്താനുള്ള യാത്ര. ഒട്ടും എളുപ്പമാകില്ല ആ യാത്ര ഒരുപാട് മുറിവുകൾ ഉണ്ട്. കുട്ടിക്കാലം മുതൽ നമ്മളിൽ ആഴ്ന്ന് കയറിയ കുറെയധികം മുറിവുകൾ. അതിലൊക്കെ വീണ്ടും ചോര വാർക്കും. വേദന എടുക്കും. ഉറക്കെ കരയേണ്ടി വരും. പക്ഷേ യാത്ര അവസാനിപ്പിക്കരുത്. യാത്രയ്ക്കൊടുവിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തും ഏറ്റവും തേജസ്സുള്ള നിങ്ങളെ.

Related Stories

No stories found.
Madism Digital
madismdigital.com