

ഇന്നലെ രാത്രിയില്‍
മുഖം കഴുകാതെ മോതിരം ഊരി വയ്ക്കാതെ
ഇന്നലെ ഞാനുറങ്ങിപ്പോയി
ദുസ്സഹമായിരുന്നു
ഉറക്കം
ഏഴെട്ടു മണിക്കൂര്‍ നേരം
ഒരു മോതിരത്തില്‍ കുരുങ്ങിക്കിടക്കുക
അത്ര ചെറിയ കാര്യമല്ലല്ലോ!
പ്രത്യേകിച്ച്
ഉടല്‍ കാറ്റായും
ആകാശമായും നക്ഷത്രങ്ങളായും അഴിഞ്ഞഴിഞ്ഞുപോകുന്ന
മൂന്നു മണി നേരത്ത്!
ഭാരിച്ചൊരാള്‍
പുനര്‍ജ്ജനി നൂഴും പോലെ
മോതിരം നൂണ്ട് ഞാനുണരുന്നു
അതേ നിറം
ഗര്‍ഭം ധരിക്കയും പ്രസവിക്കയും ചെയ്തുകൊണ്ടിരുന്ന ഇളം റോസു കര്‍ട്ടനുകളുടെ മുറിയില്‍
ചെങ്കണ്ണന്‍ കാട്ടുമുയലുകള്‍
അടിഞ്ഞു കൊണ്ടിരുന്നു
മേഘങ്ങള്‍ പുറപ്പെടുവിച്ച അമ്പലപ്രാവുകള്‍ക്കും
അതേ നിറമായിരുന്നു
'ചാര നിറം മഴക്കാലം
അമ്മക്കാലം അമ്മൂ '
ലോപേച്ചി* പറഞ്ഞു
ചേച്ചിയുടെ ചാരനിറത്തിലുള്ള സാരിയില്‍ ഒരു മഴത്തുള്ളി വന്നു വീണു
മഴ നനഞ്ഞ
നിത്യകല്യാണികളുടെ നീണ്ട നിര ഞങ്ങള്‍ക്കിടയിലൂടെ പാഞ്ഞു പോയി
അരിഞ്ഞ പച്ചക്കറിപ്പാക്കറ്റുകള്‍
ഞങ്ങള്‍ വാങ്ങി
നാളെ വാല്വേഷന്‍ ക്യാമ്പ് തുടങ്ങുന്നു
ചന്ദ്രന്റെ പൊത്തിലെ സ്ത്രീ
ഒന്നു തിരിഞ്ഞു കിടന്നു
അവളുടെ ഇടുപ്പിന്റെ കിഴിവിലൂടെ
കിനിഞ്ഞിറങ്ങുന്ന നിലാവിനും
അതേ നിറം
*കവി ലോപാമുദ്ര