പെങ്ങൾ

പെങ്ങൾ
Published on

കെട്ട്യോൻ മരിച്ചതിൽ പിന്നെ

പെങ്ങളുടെ ജീവിതം ഇങ്ങനെയായിരുന്നു ;

രാവിലെ എണീക്കുക

കടപ്പുറത്ത് പോയി മീനെടുക്കുക

വിൽക്കുക

ഇടയ്ക്കിടെ വന്നു പോകും

വള്ളങ്ങളിൽനിന്ന്

പങ്കുപറ്റുക, വീതിക്കുക

കഴിയുക

തണ്ണിമത്തനോ ഓറഞ്ചോ തിന്ന്

നട്ടുച്ചയ്ക്ക്

കരുവാളിച്ചു വരും വെയിലിൽ

പൊന്താറുള്ള വിശപ്പിനെ വിരട്ടുക

സ്കൂളിൽ പോയ മക്കളെ തെരഞ്ഞ്

മനസ്സ് ചെന്ന്

അതേ വേഗത്തിൽ തിരിച്ചുവന്ന്

ലേലം വിളികൾക്കിടയിൽ മുഴുകുക

ഓരോ കൂറും വിളിച്ചെടുക്കുമ്പോൾ

അടുത്ത കൂറിലെങ്കിലും

ഇത്തിരി ലാഭം കിട്ടുമെന്ന്

കണ്ണുനടുക

പള്ളു പറയുന്നവർക്കിടയിൽ

പള്ളു പറഞ്ഞും

പഴി ചൊരിയുന്നവർക്കിടയിൽ

പഴി ചൊരിഞ്ഞും

കൂട്ടത്തിൽ ഒറ്റയാൾക്കൂട്ടമാവുക

ഒരു കുട്ട ചുമടുമായി

നടന്ന് നടന്ന്

പതിവുകാർക്കായി

വീട് വീടാന്തരം ചെല്ലുക

മിച്ചം വരുന്നതോടൊപ്പം

പഴമോ പലവ്യഞ്ജനമോ വാങ്ങി

മോന്തിയടുത്ത് വീടണയുക

കെട്ട്യോൻ ജീവിച്ചിരുന്നപ്പോഴും

പെങ്ങളുടെ ജീവിതം ഇങ്ങനെയായിരുന്നു

അതുകൊണ്ട് മരിച്ചതിൽ പിന്നെ പുതുമയൊന്നും വന്നതേയില്ല

Madism Digital
madismdigital.com