

പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന
നിർഭാഗ്യങ്ങളുടെ സ്‌മാരകം പോലെ
ഞാനെടുത്ത ലോട്ടറിടിക്കറ്റുകൾ
പേഴ്‌സിൽ ഇടംപിടിച്ചു.
വീട്ടിലും
സ്കൂളിലും
കളിക്കളത്തിലുമെല്ലാം
നിർഭാഗ്യങ്ങളുടെ തോഴനെന്ന
ടാഗ്‌ലൈൻ ചാർത്തപ്പെട്ടു.
ഒരു വാക്കിൽ നിന്ന്
മറ്റൊന്നിലേക്ക് സഞ്ചരിക്കാനാവാതെ
അക്ഷരങ്ങളിൽ
ഊന്നി നിൽക്കേണ്ടിവന്നതിനാൽ,
പറയാനാഗ്രഹിച്ചതെല്ലാം
കേൾക്കുന്നവർ ഊഹിച്ചു.
മറ്റുള്ളവരുടെ ഊഹങ്ങൾക്കിടയിൽ
ഞെരിഞ്ഞമർന്നു ചത്ത വാക്കുകളേന്തി
ഞാനെന്നോടുതന്നെ
സംസാരിച്ചുതുടങ്ങി.
വിക്കനായതിനാൽ,
ചിലപ്പോഴൊക്കെ
അനർഹമായ അനുകമ്പ
ശ്വാസംമുട്ടിച്ചു.
വേദനയിലേക്ക് ബുള്ളറ്റ് ട്രെയിനിലും,
സന്തോഷത്തിലേക്ക് മുടന്തിയും,
അക്ഷരങ്ങളിൽ ഊന്നിയൂന്നി
മുന്നിലുള്ളവരുടെ വേഗങ്ങൾക്ക്
ഒപ്പമെത്താതെ കിതച്ചു.
വിക്കിവിക്കി
ഓരോ വാക്കിൽ നിന്നും മുന്നിലേക്ക്
നീങ്ങുമ്പോൾ
അടയാളപ്പെടുന്നുണ്ട്
ഒട്ടും ലളിതമല്ലാത്ത
ജീവിതപാതകൾ.
വിക്കനായൊരുവൻ്റെ
സാധാരണജീവിതത്തിന്,
അസാധാരണമെന്ന പേരാണ് യോജിക്കുന്നത്.
‘ആ വിക്കനല്ലേ പോയതെന്ന’
ഒരൊറ്റ പേച്ചിനാൽ
അതുവരെയുള്ള അയാളുടെ ജീവിതം
സൗകര്യപൂർവ്വം റദ്ദ്ചെയ്ത് കളയാൻ
കഴിയുന്നതെങ്ങനെ?
ആവർത്തിക്കപ്പെട്ട ബിംബങ്ങളാൽ
വായിക്കാതെ ഒഴുവാക്കിയ
നല്ല രചനപോലെയല്ല,
വിക്കൻ്റെ ജീവിതം തനിയാവർത്തമാണെന്ന്
ഒരൊഴുക്കിൽ പറയുന്നത്.
ഒരക്ഷരത്തിൽ നിന്ന് മറ്റക്ഷരങ്ങളിലേക്കുള്ള
പോറ്റുനോവാണ് വിക്കെന്ന്
മറ്റാർക്കും ബോധ്യമായില്ലെങ്കിലും
അയാൾക്കതിൽ സംശയമുണ്ടാകില്ല.