തോട്ടക്കാരന്റെ മരണം

നോവൽ ആത്മകഥയേയും ജീവചരിത്രത്തേയുമൊക്കെ ഉൾക്കൊള്ളുന്ന, എല്ലാത്തിനേയും ഒരു കുടയുടെ കീഴിലെത്തിക്കുന്ന സാഹിത്യരൂപമായി മാറുകയാണ്
എസ് ഹരീഷ്
എസ് ഹരീഷ്Image: Special Arrangement
Published on

It is harder to write about fathers. Perhaps this is because an invisible umbilical cord to the mother remains intact throughout our childhoods- she is somewhere near you, she makes your lunch, she takes care of you when you’re sick, puts her hand on your forehead, she is the air you swim in. The father is a different sort of presence- shadowy, mysterious, sometimes frightening, often absent- clinging to the snorkel of a cigarette, he swims in other waters and clouds.

Georgi Gospodinov, Death and the gardener

ശരിയാണ്. ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും ആഴമുള്ളതുമായ ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണെന്ന് തോന്നിയിട്ടുണ്ട്. ദസ്തയവ്സ്കിയുടെ മുതൽ നമ്മുടെ ഒ.വി വിജയന്‍റെ വരെ എഴുത്തുകൾ സാക്ഷ്യം. അച്ഛനും മകനും എപ്പോഴും അടുക്കാനാവാത്ത അകലങ്ങളിലും അകലാനാവാത്ത അടുപ്പത്തിലുമാണ്. തൻറെ ചെറുപ്പകാലത്ത് പുത്രന്മാർ പിതാക്കളിൽ നിന്നകലുന്നു. എന്നാൽ പ്രായമേറെച്ചെല്ലുമ്പോൾ മരിച്ച പിതാവിനോട് തിരിച്ചറിയാൻ പറ്റാത്തവിധം അടുക്കുന്നു. ഗോസ്പോദിനോവ് തൻറെ പുതിയ നോവൽ Death and the gardener ൽ ഇക്കാര്യമാണ് പറയുന്നത്. 2025 ലെ വായനയെ ധന്യമാക്കിയതിൽ ഈ പുസ്തകവും പെടും.

2023 ഗോസ്പോദിനോവിന് വലിയ സന്തോഷവും സന്താപവും ഒരേപോലെ ഉണ്ടായ വർഷമാണ്. വർഷാദ്യത്തിൽ ടൈം ഷെൽട്ടർ എന്ന നോവലിലൂടെ അദ്ദേഹത്തിന് ഇൻറർ നാഷണൽ ബുക്കർ പ്രൈസ് ലഭിച്ചു. വർഷാന്ത്യത്തിലാകട്ടെ ഗാർഡനർ ആയിരുന്ന പിതാവ് ക്യാൻസർ നൽകിയ കഠിനവേദനയുടെ പീഢാനുഭവത്തെ നേരിട്ട് മരിച്ചു.

Winter’s the right time to die, when all the work is finished.

ആത്മാനുഭവത്തേയും ഫിക്ഷനേയും കലർത്തുകയാണോ ഈ കൃതിയിൽ ഗോസ്പോദിനോവെന്ന് നമുക്കറിയില്ല. അത്രയധികം റിയലിസ്റ്റിക് എന്ന് വായനയിൽ തോന്നിപ്പിക്കുന്നു. നോവൽ ആത്മകഥയേയും ജീവചരിത്രത്തേയുമൊക്കെ ഉൾക്കൊള്ളുന്ന, എല്ലാത്തിനേയും ഒരു കുടയുടെ കീഴിലെത്തിക്കുന്ന സാഹിത്യരൂപമായി മാറുകയാണ്.

മരണത്തിലേക്കുള്ള പിതാവിൻറെ ഏതാനും മാസങ്ങൾ നീണ്ട യാത്രയെ സങ്കടത്തോടെ പിൻതുടരുന്ന ആഖ്യാതാവാണ് ഈ നോവലിലുള്ളത്. സംഭവബഹുലമായ ജീവിതമില്ലാതിരുന്ന ഒരു സാധാരണ തോട്ടക്കാരൻറെ കഥ പറയുമ്പോൾ ബോർഹസിലേക്കും ഒഡീസിയിലേക്കും ദസ്തയേവ്സ്കിയിലേക്കുമൊക്കെ അദ്ദേഹം സഞ്ചരിക്കുന്നു. മരണത്തിൻറേയും ജീവിതത്തിൻറേയും ഫിലോസഫിയെക്കുറിച്ച് വ്യർത്ഥമായി ആലോചിക്കുന്നു. മരണത്തെക്കുറിച്ച് നമ്മളുണ്ടാക്കിയ കാല്പനിക ചിന്തകളൊക്കെ വേദനയുടെ മുന്നിൽ പതറിപ്പോകുന്നതിനെക്കുറിച്ച് പറയുന്നു.

You always imagine that in the final days of life you will utter the wisest words, you will leave your legacy, you will talk about the very essence of things… But the pain sweeps away everything… The physics of pain liberates you from the crushing emptiness and the metaphysics of death, which you are staring in the face.

ഗോസ്പോദിനോവ് തൻറെ അച്ഛൻറെ മരണത്തെ ബൾഗേറിയയിലെ ദുരിതപൂർണ്ണമായിരുന്ന കമ്യൂണിസ്റ്റ് ഭൂതകാലവുമായാണ് ചേർത്തുവെക്കുന്നത്. അദ്ദേഹം ആശുപത്രിയിൽ മരണക്കിടക്കയിൽ കിടക്കുമ്പോൾത്തന്നെയാണ് ഏതാനും മീറ്റർ മാത്രമകലെ തലസ്ഥാനമായ സോഫിയയിൽ അവസാനത്തെ കമ്യൂണിസ്റ്റ് സ്മാരകവും പൊളിച്ചുനീക്കുന്നത്. സോവിയറ്റ് ബ്ലോക്കിൻറെ പതനത്തിനുശേഷവും മുപ്പത് വർഷം അതിന് വേണ്ടിവന്നു. ജീവിതത്തിൻറെ നല്ല പങ്കും കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ ജീവിച്ചയാളാണ് അച്ഛൻ. അയാൾ ഇരുമ്പുമറയ്ക്കുള്ളിൽ ഒരേയൊരു തവണയേ വേറൊരു രാജ്യത്തേക്ക് യാത്ര ചെയ്തിട്ടുള്ളൂ. സോവിയറ്റ് യൂണിയൻ പ്രദേശങ്ങൾ കടന്ന് ഫിൻലൻഡിലേക്ക് ട്രെയിനിൽ നടത്തിയ ആ സഞ്ചാരത്തെ ഗോസ്പോദിനോവ് വിവരിക്കുന്നുണ്ട്. ഗവണ്മെൻറ് ചട്ടങ്ങൾ മറികടന്ന്കുട്ടികൾക്ക് സമ്മാനങ്ങൾ വാങ്ങാൻ അയാൾ കുറച്ച് പണം കൈയിൽ ഒളിപ്പിച്ചിട്ടുണ്ട്.

ഗോസ്പോദിനോവിൻറെ വളരെ സാധാരണക്കാരനായ അച്ഛൻ തൻറേതായ ചെറിയ രീതികളിലാണ് ഏകാധിപത്യത്തെ നേരിട്ടത്. അസുഖം അഭിനയിച്ച്, നിർബന്ധിത രാജ്യസ്നേഹറാലികളിൽ പങ്കെടുക്കാതിരിക്കുന്നതൊക്കെ അതിൽ പെടും. ഒരു തവണ ലോക്കൽ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി അദ്ദേഹത്തിൻറെ പരിധിവിട്ടു വളർത്തിയ മീശയും കുട്ടികളുടെ മുടിയും മുറിച്ചുമാറ്റിക്കുന്നുണ്ട്.

എസ് ഹരീഷ്
തലച്ചോറിലാണ് ആ ക്രീയേറ്റീവ് പ്രോസസ് നടക്കുന്നത്

സ്വതന്ത്ര വിപണിയുടെ വരവിനുശേഷം അതിനോട് യോജിച്ചുപോകാൻ പാടുപെടുന്ന അച്ഛനെക്കുറിച്ചും എഴുത്തുകാരൻ പറയുന്നുണ്ട്. അയാൾ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് വലിയ വിളവുണ്ടാക്കുന്നുണ്ട്. അടുക്കിയ ഉരുളക്കിഴങ്ങിൻറെ ബെർലിൻ മതിൽ എന്ന് ഗോസ്പോദിനോവ്. എന്നാൽ ആരും വാങ്ങാനില്ലാതെ മതിൽ അഴുകിത്തീരുന്നു.

ഇങ്ങനെ പല അടരുകളിൽ വായിക്കാവുന്ന ചെറിയ നോവലാണിത്. ഏറ്റവും മനോഹരമെന്നു തോന്നിയ ഒരു ഭാഗം പകർത്തി ഈ കുറിപ്പ് അവസാനിപ്പിക്കുന്നു,

What happens to the garden in front of the house, when the gardener is gone? The cherries will ripen and fall, the apples will ripen and fall, the pears, the plums… The grass will begin to overtake the path. The garden will continue to flourish, even without the gardener, what he has planted will still grow, bear fruit, but wildness will aiso start to make inroads, after some time weeds and grasses will overtake everything.

Related Stories

No stories found.
Madism Digital
madismdigital.com