

ആരാധ്യ ചെറുപ്പത്തിൽ അത്ര 'മിടുക്കുള്ള ' ഒരു കുട്ടിയേ ആയിരുന്നില്ല... 'മിടുക്കി'ൻ്റെ പതിവു മാനദണ്ഡങ്ങളൊന്നും അവൾക്ക് ചേരില്ലായിരുന്നു..അധികം വികൃതിയുമില്ലായിരുന്നു.. പാവമായിരുന്നു.. എല്ലാ കുഞ്ഞുങ്ങളും പാവങ്ങളാണ്.. എന്നാലും മോള് കുറേക്കൂടി പാവമായിരുന്നു. എന്നിൽ നിന്നും ധ്യാനുവിന് കിട്ടിയതുപോലെ പരിഗണനയൊന്നും അവൾക്ക് അധികം കിട്ടിയിട്ടില്ല.. 6 മാസത്തെ പ്രസവാവധി കഴിഞ്ഞ് ഞാൻ വീണ്ടും ജോലിക്കു പോയിത്തുടങ്ങിയപ്പോൾ അച്ഛനുമമ്മയുമാണ് അവളെ നോക്കിയത്.. ഒരുപാട് ബുദ്ധിമുട്ടിക്കാണണം അവരിരുവരും.. എന്നാലും ചെറുപ്പത്തിലൊന്നും മോള് വാശി പിടിക്കില്ലായിരുന്നു. ആഗ്രഹിച്ചത് കിട്ടാതിരുന്നാൽ ധ്യാനുവിനെപ്പോലെ നിലത്ത് കിടന്നുരുളുകയോ ആരെയും ഉപദ്രവിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു.. അവൾക്ക് വലിയ ആഗ്രഹങ്ങളൊന്നും അന്നും ഇന്നുമില്ല..
ഒന്നു രണ്ടു വയസ്സുള്ള കാലത്ത് കോളേജിലേക്ക് ഞാൻ പോകാനിറങ്ങുമ്പോൾ പുറത്തേക്ക് ചാടാൻ വെമ്പുന്നൊരു കരച്ചിൽ ഉള്ളിലടക്കി അവൾ 'റ്റാ റ്റാ' തരും.. വർത്തമാനം പറയാൻ തുടങ്ങിയപ്പോൾ ഞാൻ എവിടെ പോകാനിറങ്ങുമ്പോഴും.
"വേം വരണട്ടാ "ന്ന് പറയും ... അത്ര തന്നെ.. അതിലപ്പുറം വാശിയില്ല.
തീരെ മെലിഞ്ഞ കുഞ്ഞായിരുന്നതുകൊണ്ട് ബന്ധുമിത്രാദികളിൽ നിന്ന് നിരവധി തവണ ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നിരുന്നു.. "എന്തേ ചേട്ടനെപ്പോലായില്ല?", നിറമെന്തേ അച്ഛൻ്റെ കിട്ടിയില്ല ?അമ്മേടെ കിട്ടിയില്ല? കുട്ടീനെ ശരിക്ക് നോക്കണില്ലേ? തുടങ്ങിയ ചോദ്യങ്ങളിൽ പകച്ച് വിഷാദം നിറഞ്ഞ കണ്ണുകളോടെ അവൾ എൻ്റെ ശരീരത്തിനു പിന്നിലേക്ക് അഭയം തേടുമായിരുന്നു. തടി വെക്കാനുള്ള വിവിധ തരത്തിലുള്ള മാർഗ്ഗങ്ങളും ബന്ധുക്കൾ ഉപദേശിക്കുമായിരുന്നു..ഒരിക്കലൊരു ബന്ധുവിനോട് കർശനമായ ഭാഷയിൽ സംസാരിക്കേണ്ടി വന്നിട്ടുമുണ്ട്..
അവൾക്ക് ഒന്നും കഴിക്കാനിഷ്ടമല്ലായിരുന്നു.. അവൾ ചെറുപ്പം മുതൽക്കേ ഭക്ഷണപ്രിയയല്ലായിരുന്നു.. അടിച്ച് കഴിപ്പിക്കാനുള്ള കഴിവ് അവളുടെ അമ്മയ്ക്കും കുറവായിരുന്നു.. എങ്കിലും ചില ബാഹ്യസമ്മർദ്ദങ്ങളാൽ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഞാൻ മോളോട് ദേഷ്യപ്പെടുമായിരുന്നു... .
വീടിനടുത്തുള്ള ഐ സി എസ് ഇ സ്കൂളിൽ മോളെ ചേർക്കണമെന്ന നിർബന്ധം അവളുടെ അച്ഛനായിരുന്നു.. പൊതുവിദ്യാലയത്തിൽ വിട്ടാൽ മതി എന്ന എൻ്റെ പ്രതിഷേധമൊന്നും വീട്ടിൽ വിലപ്പോയില്ല. ദാരുണമായി അത് പരിഹസിക്കപ്പെട്ടു. ഒടുവിൽ മോളെ വീടിനടുത്തുള്ള സ്കൂളിൽത്തന്നെ ചേർക്കേണ്ടി വന്നു..
സ്കൂൾ അവൾക്കിഷ്ടമേയല്ലായിരുന്നു...
വിഷാദം നിറഞ്ഞ കണ്ണുകളോടെയാണ് അവളെന്നും സ്കൂളിൽ പോയിരുന്നത്.. പോകും മുമ്പ് അവളെന്നെ കെട്ടിപ്പിടിച്ച് വയറ്റിൽ മുഖമമർത്തി അൽപ്പനേരം നിൽക്കും.. അവിടെ നടത്തുന്ന പരീക്ഷകളിലെല്ലാം അവൾ ദയനീയമായി പരാജയപ്പെടുമായിരുന്നു."സാരമില്ല... സാരമില്ല " എന്ന് ഞാനവളെ ഇടയ്ക്ക് സമാധാനിപ്പിക്കും." അമ്മമാര് വീട്ടില് പഠിപ്പിക്കാഞ്ഞിട്ടാണ്.. ഒന്നിനും നേരല്ലല്ലോ " എന്ന കുറ്റപ്പെടുത്തൽ ഞാനും കേട്ടിട്ടുണ്ട്.. ഒന്നിനും നേരമില്ലാത്ത അമ്മ ഒച്ചിനെപ്പോലെ ഒരു വീടും ചുമന്ന് നടപ്പായിരുന്നു.. വീട്ടിലെ ജോലിക്കൊന്നും മറ്റാരുമില്ലായിരുന്നു. കുറച്ചു നാൾ അമുദ വന്നിരുന്നു മുറ്റമടിക്കാനും നിലം തുടയ്ക്കാനും.. പ്രളയം കഴിഞ്ഞ് അമുദ നാട്ടിലേക്കു പോയപ്പോൾ പിന്നെ ആരെയും വിളിച്ചില്ല... വീട്ടിലെ എല്ലാ കാര്യങ്ങളും കോളേജിലെ കാര്യങ്ങളും എല്ലാം ഞാൻ തന്നെ തലയിലേറ്റി ..
മോളെ പഠിപ്പിക്കാനൊന്നും അധികം പറ്റിയിട്ടില്ല എനിക്ക്.. ചെറിയ കുട്ടികളെ പഠിപ്പിക്കാൻ സത്യത്തിലെനിക്ക് ശേഷിയും കുറവായിരുന്നു. അക്ഷരങ്ങളൊക്കെ മോളെ പഠിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. സ്കൂളിലെ മീറ്റിങ്ങിന് പോകുമ്പോഴെല്ലാം അഞ്ചു വയസ്സുകാരിയുടെ അലസതയെപ്പറ്റി ടീച്ചർമാർ വാതോരാതെ പറഞ്ഞു. "എന്തേ ഇങ്ങനായത്? " എന്ന് അവൾ കേൾക്കെ ആശങ്കപ്പെട്ടു..മോൾക്ക് 'ഡിസ് ലെക്സിയ' ഉണ്ടെന്ന് വിധിയെഴുതി. അവളെ അക്ഷരം പഠിപ്പിച്ച ഒരാളെന്ന നിലയിലും ഡിസ് ലെക്സിയ ഉള്ള ധാരാളം കുട്ടികളുമായി കോളേജിലും പുറത്തും നിരന്തരം ഇടപഴകുന്ന ഒരാളെന്ന നിലയിലും അവളുടെ പ്രശ്നം അതല്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഒന്നു രണ്ടു വയസ്സു കഴിഞ്ഞപ്പോഴേക്കും ശാന്തശീലം വിട്ട് വീട്ടിലവൾ വളരെ ഉന്മേഷവതിയായിരുന്നു. എങ്കിലും സ്കൂളിൽ പോകാൻ മോൾക്കിഷ്ടമേയല്ലായിരുന്നു..
ഒരു ദിവസം സ്കൂളീന്ന് എനിക്കൊരു ഫോൺകോൾ വന്നു. പെട്ടെന്ന് സ്കൂളിലേക്ക് വരാൻ പറഞ്ഞപ്പോൾ ആന്തലോടെയാണ് കോളേജിൽ നിന്ന് ഓട്ടോയിൽ കയറി അങ്ങോട്ടു ചെന്നത്. പോകും വഴിയിൽ നിരന്തരം സ്കൂളിലേക്ക് വിളിച്ച് "മോൾക്ക് പ്രശ്നൊന്നൂല്ലല്ലോ?" എന്ന് ഞാനന്വേഷിച്ചു കൊണ്ടേയിരുന്നു..
സ്കൂളിൽ അവിടത്തെ എൽ പി വിഭാഗം പ്രധാനാധ്യാപികയുടെ മുറിയിലേക്ക് ഞാൻ കരളു പിടഞ്ഞാണ് ഓടിച്ചെന്നത്..
"എന്തേ ടീച്ചറേ?" എന്ന എൻ്റെ ചോദ്യത്തിൽ എൻ്റെ എല്ലാ ആശങ്കയുമുണ്ടായിരുന്നു.
"കുഴപ്പോന്നൂല്ല ദീപാ..." എന്നവർ പറഞ്ഞു.
"മോളെവിടെ?" എന്ന് ഞാൻ ചോദിച്ചപ്പോൾ പ്യൂണിനോട് ആരാധ്യയെ വിളിക്കാൻ ടീച്ചറാവശ്യപ്പെട്ടു..
ആ യൂണിഫോമിട്ട് പതുങ്ങി, പേടിച്ചരണ്ട കണ്ണുകളോടെ ദൂരേന്ന് മെലിഞ്ഞ ശരീരം പൂർവാധികം ചുരുക്കി മോള് വരുന്നതു കണ്ടപ്പോഴേ എൻ്റെ ഹൃദയം നുറുങ്ങി.. എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.. കണ്ണുകൾ നിറഞ്ഞു.. ഓടി വന്ന് എന്നെ വട്ടംചുറ്റിപ്പിടിച്ച് എൻ്റെ സാരിക്കുള്ളിൽ മുഖമൊളിപ്പിച്ച് അവൾ നിന്നു.. "അമ്മ പൂവുമ്പോ എന്നേം കൊണ്ടോവോ?"ന്ന് ദയനീയമായി ചോദിച്ചപ്പോൾ ഞാൻ നിറകണ്ണുകളോടെ തലയാട്ടി..
പ്രധാനാധ്യാപിക മോൾടെ ക്ലാസ് ടീച്ചറെ വിളിച്ചു. അവർ വന്നു."ആരാധ്യ ക്ലാസ്സിലേക്ക് പോകൂ" എന്ന് ആജ്ഞാപിച്ചു. എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി മോൾ നടന്നു പോയി.
"എന്താ ടീച്ചർ പ്രശ്നം?" ഞാൻ ചോദിച്ചു.
"ടീച്ചറേ.. മോൾക്കെന്തോ പ്രശ്നമുണ്ട്. ഒന്നും പഠിക്കുന്നില്ല.. ഒന്നും എഴുതുന്നില്ല.. പരീക്ഷക്കൊക്കെ വെറുതെ ചിത്രം വരച്ചിരിക്കും..നോട്ട് ബുക്കിൽ മുഴുവൻ ചിത്രങ്ങളാണ്.. സ്വന്തം പുസ്തകം മാത്രമല്ല.. മറ്റ് കുട്ടികളുടെ പുസ്തകം കൂടി വൃത്തികേടാക്കാണ്...''
" ഉം.. "
"ടീച്ചറിതൊന്ന് നോക്കൂ "
"ഞാനാ പുസ്തകം വാങ്ങി നോക്കി. മോൾടെ നോട്ട് ബുക്കല്ല. മറ്റൊരു കുഞ്ഞിൻ്റെയാണ്.അതിൽ തെയ്യത്തിൻ്റെ ഒരു ചിത്രം വരച്ചിരിക്കുകയാണ്.. ആ ചിത്രം വീട്ടിലെ ചുവരിലെ ചിത്രത്തിൻ്റെ മാതൃകയിൽ അവൾ വരച്ചതാണെന്ന് എനിക്ക് മനസ്സിലായി. ഒരു അഞ്ചുവയസ്സുകാരിക്ക് സാധ്യമാകും വിധം ഭാവനയിൽ ആ ചിത്രമവൾ വരച്ചതു കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.. ചിത്രത്തിലെ വളരെ സൂക്ഷ്മമായ കാര്യങ്ങളടക്കം അതിലുണ്ടായിരുന്നു.. അവൾ വരയ്ക്കുന്ന ചിത്രങ്ങളൊക്കെ എനിക്ക് കാട്ടിത്തരുമായിരുന്നു.... ഇത് കണ്ടിട്ടില്ല..
" ഇതിനെന്താ ടീച്ചർ പ്രശ്നം?"
ഞാൻ മുഖമുയർത്തി അവരെ നോക്കിയപ്പോൾ അവരൽപ്പമൊന്നു പതറി. ഞാൻ പ്രധാനാധ്യാപികയെ നോക്കി..
"ടീച്ചറെൻ്റെ മോളെ വിളിക്കൂ..."
മുന്നിലിരുന്നിരുന്ന ബെല്ലിൽ അടിച്ചപ്പോൾ ഒരു സ്ത്രീ ഓടിവന്നു.
"ആരാധ്യ നിശാന്ത് " എന്ന പേരും ക്ലാസ്സും പറഞ്ഞപ്പോൾ അവർ വിളിക്കാനായി മടങ്ങിപ്പോയി.
"ടീച്ചറുടെ മോളായോണ്ടാണ്... കുറച്ചു കൂടി ശ്രദ്ധിക്കട്ടേന്നു വെച്ചാണ് പറഞ്ഞത്..."
"ഉം... അവള് വരട്ടെ.. ഞാൻ സംസാരിക്കാം... "
വിറച്ചു വിറച്ച് എൻ്റെ മോള് വിചാരണയ്ക്കെന്ന പോലെ ഒട്ടും ആത്മവിശ്വാസമില്ലാതെ വീണ്ടും നടന്നു വരുന്നത് കണ്ടപ്പോൾ ഞാനെണീറ്റു ചെന്ന് അവളെ ചേർത്തു പിടിച്ചു..
" അദ്വൈത് പറഞ്ഞോണ്ടാ അമ്മേ..."
"ന്ത്?"
" അവൻ്റെ ബുക്കിലും വരച്ച് തരാൻ..."
"ആ.. അത് സാരല്ല.. നന്നായി വരച്ചിണ്ടല്ലോ.. "
"ആണോ?"മോൾടെ മുഖം വിടർന്നു.
ഞാനവളെയും കൊണ്ട് ടീച്ചറുടെ അടുത്തെത്തി...
"എനിക്ക് നിങ്ങളോട് വിരോധമൊന്നുമില്ല.. നിങ്ങളുടെ സ്കൂളിനോടുമില്ല... പക്ഷേ ഞാനെൻ്റെ മോളെ ഇവിടുന്ന് മാറ്റുകയാണ്...അവൾക്ക് വരയ്ക്കാനും ചിരിക്കാനും അവളുടെ ഭാഷയിൽ സംസാരിക്കാനും പറ്റുന്ന സ്കൂളന്വേഷിച്ചോളാം ഞാൻ..."
ടീച്ചറുടെ മുഖം വിളറി..
" അതിനല്ല ടീച്ചർ... കുറേക്കൂടി ശ്രദ്ധിച്ചാൽ... "
"വേണ്ട ടീച്ചർ .. എനിക്ക് ഇന്നു തന്നെ ടി സി തരണം..." ഞാൻ ഉറച്ച ശബ്ദത്തിൽ പ്രധാനാധ്യാപികയോട് പറഞ്ഞു..
" ക്ലാസ്സീന്ന് ബാഗെടുത്തിട്ട് വാ.. " ഞാൻ മോളോട് പറഞ്ഞു. അവൾ സ്വർഗ്ഗം കിട്ടിയ സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ച് ക്ലാസ്സിലേക്കോടി..
" എല്ലാ കുഞ്ഞുങ്ങളും ഒരു പോലല്ല ടീച്ചറേ... അവർക്ക് പരിമിതികളുണ്ടാവും... അവരെ അവരായിട്ട് കാണണം.. പരിഗണിക്കണം... കൂടുതലൊന്നും ഞാൻ പറയുന്നില്ല.. എനിക്ക് നിങ്ങളുടെ രീതികൾ മാറ്റാനുള്ള ശേഷി ഇല്ല.. എനിക്കെൻ്റെ മോളെ ഇവിടുന്ന് മാറ്റാനേ പറ്റൂ.. "
അവരിരുവരും എൻ്റെ തീരുമാനം മാറ്റാൻ കുറേ ശ്രമിച്ചു. ഞാനതിൽ ഉറച്ചു നിന്നു.
മറ്റാരോടും ആലോചിക്കാതെ ഒറ്റക്ക് മോൾടെ കാര്യത്തിൽ ഞാനെടുത്ത ആദ്യ തീരുമാനം അതായിരുന്നു.. പോകും വഴി ഞാൻ എലൈറ്റ് സൂപ്പർ മാർക്കറ്റിൽ കയറി അവൾക്കിഷ്ടമുള്ള കളർ പെൻസിലുകളും ഡ്രോയിങ്ങ് പുസ്തകങ്ങളും വാങ്ങിക്കൊടുത്തു.. ഒരു ചിത്രശലഭത്തെപ്പോലെ അവളെൻ്റെ കൈ പിടിച്ചു നടന്നു..
പോകും വഴി അവളെന്നോട് ആ സ്കൂളിൽ നിന്നും അവൾക്ക് നേരിടേണ്ടി വന്ന പല അനുഭവങ്ങളും പറഞ്ഞു..
"ആർക്കാണ് ഈ ക്ലാസ്സിൽ ഇംഗ്ലീഷ് സംസാരിക്കാനറിയാത്തത്?"
"ആരാണ് ഈ ക്ലാസ്സിലെ ഏറ്റവും മടിച്ചിയായ കുട്ടി?"
"ആരാണ് പുസ്തകത്തിൽ കോറിവരയ്ക്കുന്ന കുട്ടി?"
ഇംഗ്ലീഷിൽ ടീച്ചറീ ചോദ്യങ്ങൾ ചോദിക്കുമ്പോൾ കുട്ടികൾ ആവേശത്തോടെ ഒറ്റ ഉത്തരം പറയും..
"ആരാധ്യ...ആരാധ്യ.. "
ആ ആർപ്പുവിളിയിൽ മുങ്ങി എൻ്റെ മോൾ ദയനീയമായി ആ ക്ലാസ്സിൽ തല കുനിച്ചിരിക്കുന്ന രംഗമോർത്തപ്പോൾ എനിക്ക് ശ്വാസം മുട്ടി.. ഞാനവളുടെ സംഘർഷം വേണ്ടുംവിധം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട അമ്മയാണല്ലോ എന്ന തോന്നലിൽ ആത്മനിന്ദയുടെ അത്യഗാധഗർത്തത്തിലേക്ക് പതിച്ചു...
മോളെ പിന്നീട് ഞാൻ ശ്രീജ ടീച്ചറുടെ അടുത്തേക്ക് കൊണ്ടുപോയി.. ഇക്കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ടീച്ചറവൾക്ക് വരയ്ക്കാനായി പെൻസിലുകളെടുത്തു കൊടുത്തു.. ഒരു കടലാസ് കൊടുത്ത് "ആരാധ്യക്കിഷ്ടമുള്ള ചിത്രം വരച്ച് ടീച്ചർക്ക് തരണം... ടീച്ചർക്ക് ക്ലാസ്സില് ചുവരിലൊട്ടിക്കാനാണ്.. " എന്ന് പറഞ്ഞപ്പോൾ മോൾടെ മുഖം ആനന്ദത്താൽ വിടർന്നു..
സ്കൂൾ മാറ്റിയതിൻ്റെ പേരിൽ വലിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് .. എൻ്റെയാ ഒറ്റക്കുള്ള തീരുമാനം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.. എല്ലാ റിസ്ക്കും എനിക്കായിരുന്നു... പക്ഷേ ആ തീരുമാനമാണ് ജീവിതത്തിൽ മോൾടെ കാര്യത്തിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന ഉറച്ച ബോധ്യത്തിൽ ഇപ്പോൾ ഞാൻ നിൽക്കുന്നുണ്ട്..
അവളിപ്പോൾ അവളുടെ ക്ലാസ്സിലെ ഏറ്റവും ഉല്ലാസവതിയായ പെൺകുട്ടികളിലൊരാളാണ്... ആരും നിർബന്ധിക്കാതെ തന്നെ നന്നായി പഠിക്കുന്നു... ഇഷ്ടത്തോടെ സ്കൂളിൽ പോകുന്നു...അസൂയ തോന്നുംവിധം മനോഹരമായ കയ്യക്ഷരമാണ്... ചിത്രം വരയൊക്കെ പാതിയിലുപേക്ഷിച്ചു... പുസ്തകങ്ങൾ വായിക്കാനിഷ്ടമാണ്... ഡയറിയെഴുതാനിഷ്ടമാണ്...
ഇടയ്ക്ക് മകളുടെ ഡയറി കട്ടെടുത്ത് വായിക്കുന്ന മോശം അമ്മയാണ് ഞാൻ... അതിലവളുടെ വരുംകാലസ്വപ്നങ്ങളുണ്ട്..അവളുടെ ജീവിതത്തെ അവളെത്ര ഭംഗിയായാണ് ഡിസൈൻ ചെയ്യുന്നതെന്നോർക്കുമ്പോൾ അത്ഭുതം തോന്നും... ഭാവിയിൽ അവൾ നടത്താനിരിക്കുന്ന യാത്രകൾ.... തൊഴിലിനെപ്പറ്റിയുള്ള സ്വപ്നങ്ങൾ... അവളുടെ കുഞ്ഞുകുഞ്ഞു സംഘർഷങ്ങൾ... സുഹൃത്തുക്കൾ തുടങ്ങി അവളുടെ അമ്മ എന്നും തൊടുന്ന കറുത്ത പൊട്ടും അവൾക്ക് ഡയറിയെഴുതാനുള്ള വിഷയങ്ങളാണ്...
ഏഴാം ക്ലാസ്സുകാരിയിൽ നിന്നും പ്രതീക്ഷിക്കാനാവാത്ത അസാമാന്യ പക്വതയാൽ മോളെന്നെ ഇടയ്ക്ക് ഞെട്ടിക്കാറുണ്ട്..എന്നെ തിരുത്താറുണ്ട്... "ഒന്നും കഴിക്കണ്ട... മുരിങ്ങാക്കോല് പോലെ നടന്നോ " എന്ന പതിവ് 'അമ്മത്ത'ത്തെ "അമ്മയിപ്പോൾ പറഞ്ഞത് ബോഡി ഷെയിമിങ്ങാണ് " എന്ന ഒറ്റവാചകം കൊണ്ട് അവൾ നേരിടുന്നുണ്ട്.. നിരായുധയായി അതു കേട്ട് അവളുടെ അമ്മ തലകുനിക്കാറുണ്ട്... " ഇനിത്തൊട്ട് എനിക്കുള്ള ഡ്രസ്സൊക്കെ എടുക്കുമ്പോ എന്നേം കൊണ്ടോണം... ഞാനല്ലേ ഇടണത്?" എന്ന് പറഞ്ഞ് 'മോഡൽ' കഥയിലെ പാപ്പിയാകാറുണ്ട്.. "എൻ്റെ മോഡൽ ഞാൻ നിശ്ചയിച്ചോളാം.. " എന്ന ആത്മവിശ്വാസക്കരുത്തിൽ അവൾ മുന്നോട്ടു പോകുന്നുണ്ട്.. ക്ലാസ്സിലെ കുട്ടികളുടെ ജീവിതപ്രശ്നങ്ങൾ തിരിച്ചറിയുന്നുണ്ട്.. ഇടയ്ക്ക് ടീച്ചർമാരോട് അങ്ങോട്ട് ചോദ്യം ചോദിക്കുന്നുണ്ട്.. അവളുടെ ചോദ്യങ്ങളെപ്പറ്റി എന്നോടു പറഞ്ഞ് അവളുടെ ടീച്ചർമാർ ചിരിക്കാറുണ്ട്...
ഇടയ്ക്ക് അവളുടെ അമ്മയ്ക്ക് അപ്രതീക്ഷിതമായി 'കോൾഡ് കോഫി ' ഉണ്ടാക്കിത്തന്ന് ഞെട്ടിക്കാറുണ്ട്..അമ്മയ്ക്ക് ചായാൻ സ്വന്തം തോൾ വിട്ടു തരാറുണ്ട്... അമ്മയുടെ വേദനകൾ പറയാതറിഞ്ഞ് "അമ്മയ്ക്ക് ഞാനില്ലേ " എന്ന ഒറ്റ വാചകത്തിലൂടെ എൻ്റെ പ്രപഞ്ചമാകാറുണ്ട്...
അവൾക്കെന്നോടല്ല... എനിക്കവളോടാണ് കൂടുതൽ കടപ്പാട്..
കപ്പൽച്ചേതത്തിൽപ്പെട്ട് ആടിയുലഞ്ഞ അവളുടെ അമ്മയെ കരപറ്റിക്കുന്നത് അവളാണ്...
(ഈ ലേഖനം എഴുത്തുകാരി ടിഎസ് ദീപയുടെ അനുവാദത്തോടെയാണ് പുനപ്രസിദ്ധീകരിച്ചിട്ടുള്ളതാണ്)