ആറാമത് അക്ഷരപുരസ്കാരത്തിന് പ്രമുഖ ചെറുകഥാകൃത്തും, നോവലിസ്റ്റും, മുതിർന്ന മാധ്യമപ്രവർത്തകനുമായ യു കെ കുമാരൻ അർഹനായി. സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയ പുരസ്‌കാരം അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന കൃതിക്കാണ് ലഭിച്ചത്. ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് 14 ന് രാവിലെ11ന് നാട്ടകത്തുള്ള എസ്. പി. സി. എസ്. അക്ഷരം മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സഹകരണ മന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും.
ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തെ പരിണാമദശകളിൽ തക്ഷൻകുന്ന് ഗ്രാമത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും മനുഷ്യമുഖവും വ്യക്തിത്വവും വരച്ചുകാട്ടുന്നതാണ് നോവലിന്റെ ഇതിവൃത്തം. ‘വീക്ഷണം’ മാസികയിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച അദ്ദേഹം, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘ഒരാളെ തേടി ഒരാൾ’, ‘എല്ലാം കാണുന്ന ഞാൻ’, ‘കാണുന്നതല്ല കാഴ്ചകൾ’ എന്നിവയാണ് യു കെ കുമാരന്റെ മറ്റു പ്രധാന കൃതികൾ. വയലാർ അവാർഡ്, എസ്. കെ. പൊറ്റെക്കാട് അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ നിരവധി സാഹിത്യ ബഹുമതികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1950 മെയ് 11ന് കോഴിക്കോടാണ് അദ്ദേഹം ജനിച്ചത്.
English Summary: Renowned Malayalam writer and journalist U. K. Kumaran has won the 6th SPCS Akshara Award for his novel Thakshankunnu Swaroopam.