

കുട്ടിക്കാലത്ത് ഫുട്‌ബോളും കബഡിയുമായിരുന്നു നാട്ടിലെ കണ്ടങ്ങളിലും ക്ലബ്ബുകളിലെ മൈതാനങ്ങളിലും കളിയേറിയത്. റെഡ്‌സ്റ്റാര്‍ കീക്കാങ്കോട്ട്, റാഡിക്കല്‍ മടിക്കൈ, സഫ്ദര്‍ഹാശ്മി കാഞ്ഞിരപ്പൊയില്‍, റെഡ്സ്റ്റാര്‍ മുണ്ടോട്ട്, സെവന്‍സ്റ്റാര്‍ ചാളക്കടവ്, അഴീക്കോടന്‍ ബല്ല, സംഘം അടുക്കത്ത് പറമ്പ്, റെഡ്‌ഫൈറ്റേഴ്‌സ് ബങ്കളം, ഉദയ എരിക്കുളം, അഴീക്കോടന്‍ ചാളക്കടവ്, എ.കെ.ജി അമ്പലത്തുകര, ന്യൂസ്റ്റാര്‍ കണ്ടംകുട്ടിച്ചാല്‍, ബ്രദേഴ്‌സ് മേക്കാട്ട് അങ്ങനെയങ്ങനെ കബഡിയിലും ഫുട്‌ബോളിലും ടീമായി ഇറങ്ങാന്‍ നാട്ടില്‍ ഇഷ്ടം പോലെ ക്ലബ്ബുകളും ഇഷ്ടം പോലെ കളിക്കാരും ഉണ്ടായിരുന്നു. ഇപ്പോള്‍ പലതും പ്രവര്‍ത്തനനിരതമല്ലെങ്കിലും എവിടെയും കളിയോടുള്ള ആവേശം ചോര്‍ന്നിട്ടില്ല.
ക്രിക്കറ്റ് നാട്ടില്‍ വൈകിയെത്തിയ കളിയാണ്. മടിയന്മാരുടെ കളിയായിട്ടാണ് ഞങ്ങള്‍ അതിനെ കണ്ടത്. ഇരുപത്തിരണ്ട് ആളുകള്‍ തടിയനങ്ങാതെ പണിയെടുക്കുന്ന അലസതയുടെ ആട്ടക്കളി. മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തം നാടായത് കൊണ്ട് ഫുട്‌ബോളും കബഡിയും സാധാരണക്കാരുടെ കളിയായിട്ട് കണ്ടെങ്കില്‍ ക്രിക്കറ്റ് നവകോളോണിയലിസത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെ സന്തതിയാണെന്ന് ഞങ്ങള്‍ സ്വയം പറഞ്ഞു. അത് പഠിച്ചാല്‍ പുത്തന്‍സാമ്രാജ്യത്വത്തിന് വിധേയപ്പെടേണ്ടിവരുമെന്ന് ഞങ്ങള്‍ ഭയന്നു.
ഗള്‍ഫ്‌നാടുകളില്‍ പോയി ആളുകള്‍ പണം നാട്ടിലേക്ക് അയക്കുന്നത് വരെ ക്രിക്കറ്റ് ഞങ്ങളുടെ ഇഷ്ടകളികളില്‍ വന്നതേയില്ല. പത്രങ്ങളില്‍ മാത്രം കാണുന്ന ക്രിക്കറ്റ് താരങ്ങളോട് യാതൊരു വിധ മമതയും ഉണ്ടായിരുന്നില്ല. 1983-ല്‍ ഇന്ത്യയ്ക്ക് ക്രിക്കറ്റിന്റെ ലോകകപ്പ് കിട്ടിയതും കപില്‍ദേവായിരുന്നു ക്യാപ്റ്റനെന്നും ക്വിസ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം പഠിച്ചുവെച്ചു.
ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ കൊണ്ടുവരുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ടെലിവിഷനും പെട്ടതോടെ കളി മാറി. ഗള്‍ഫുകാരുടെ വീടുകളില്‍ ടെലിവിഷന്‍ കേന്ദ്രബിന്ദുവായി. ടെലിവിഷനൊപ്പം അവര്‍ ഡിഷ് ആന്റിനകളും നാട്ടിലെത്തിച്ചതോടെ ദൂരദര്‍ശനൊപ്പം വിദേശത്തുള്ള ചാനലുകളും വീടകങ്ങളില്‍ ദൃശ്യമായി. സിനിമകള്‍ക്കും ഫുട്‌ബോള്‍ കളിക്കുമൊപ്പം ക്രിക്കറ്റും ഞങ്ങള്‍ കാണാന്‍ തുടങ്ങി. ആദ്യമൊക്കെ ബോറടിയോടെ കണ്ട കളി ആറടിയിലൊതുങ്ങുന്ന ജീവിതമെന്ന കളിയേക്കാള്‍ ഞങ്ങളുടെ സിരകളില്‍ പിടിമുറുക്കി. റാഡിക്കലായിട്ടുള്ള മാറ്റം മടിക്കൈയില്‍ വന്നു. മുഹമ്മദ് അസ്‌റുദ്ദിനും ജഡേജയും സൗരവ് ഗാംഗുലിയും റോബിന്‍സിങ്ങും അജിത് അഗാര്‍ക്കറും അനില്‍ കുംബ്ലെയും മനസ്സിലേക്ക് കയറിക്കൂടിയത് സ്വയമറിയാതെ. അവര്‍ കളിക്കുന്നത് കാണാന്‍ ദിവസം മുഴുവന്‍ ഞങ്ങള്‍ ടെലിവിഷന് മുന്നില്‍ ഇരുന്നു. അവര്‍ അടിക്കുന്ന ഫോറുകള്‍ക്കും ആണ്ടിലൊരിക്കല്‍ സംഭവിക്കുന്ന സിക്‌സറുകള്‍ക്കും കഷ്ടപ്പെട്ട് വീഴ്ത്തുന്ന വിക്കറ്റുകള്‍ക്കും വേണ്ടി പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ കണ്ണുമിഴിച്ചിരുന്നു. ക്രിക്കറ്റിലെ നിയമങ്ങള്‍ പതിയെപ്പതിയെ ഞങ്ങള്‍ മനസ്സിലാക്കി. ഒരോവറെന്നാല്‍ ആറ് ബോളാണെന്നും അതില്‍ തന്നെ നോബോളും വൈഡുമുണ്ടെന്നും ഗ്രൗണ്ട് തൊട്ട് പന്ത് വരയ്ക്ക് പുറത്തേക്ക് അടിച്ചാല്‍ ഫോറും ഗ്രൗണ്ട് തൊടാതെ അടിച്ചാല്‍ സിക്‌സറും ക്യാച്ച് പിടിച്ചാല്‍ (ഒരേ അര്‍ത്ഥമായിട്ടും 'ക്യാച്ച് പിടിച്ചു' എന്ന പ്രയോഗിക്കുന്നത് സര്‍വ്വസാധാരണമായിരുന്നു.) ഔട്ടുമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി.
ക്രിക്കറ്റ് നവകൊളോണിയലിസത്തിന്റെ കാലാണെന്ന വിചാരം ഞങ്ങള്‍ മറന്നു. ക്രിക്കറ്റ് കളിക്കാനുള്ള ലഹരിയിലേക്ക് ഞങ്ങള്‍ കാല് വെച്ചു. മട്ടക്കണ്ണ കൊണ്ട് ബാറ്റുണ്ടാക്കി. ക്രിക്കറ്റ് ബോള്‍ വാങ്ങാനുള്ള പൈസയില്ലാത്തതിനാല്‍ റബ്ബര്‍ബോള് വാങ്ങി. കണ്ടവും മൈതാനവും ക്രീസായി. പാഡൊന്നും വാങ്ങിക്കെട്ടാനുള്ള പാങ്ങില്ലാത്തതിനാല്‍ എല്‍ബിഡബ്ല്യൂ ഞങ്ങളുടെ കളിയില്‍ നിയമമായില്ല.
ഇന്ത്യ കളിക്കുന്നതിന്റെ ആവേശം കണ്ടങ്ങളില്‍ കളിക്കുമ്പോഴും കടന്നുവന്നു. പാകിസ്താനെതിരെ ഋഷികേശ് കനിത്കര്‍ എന്ന പൂച്ചക്കണ്ണനായ ഇടങ്കൈയ്യന്‍ ബാറ്റ്‌സമാന്‍ ഫോര്‍ അടിച്ച് ഇന്ത്യയെ ജയിപ്പിച്ചപ്പോള്‍ ആഹ്ലാദത്തിന്റെ പുഞ്ചക്കണ്ടത്തിലേക്ക് ചാടിയിറങ്ങി ഇരുട്ടുവോളം ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചു. പാടത്തും പറമ്പിലും മൈതാനത്തും സ്റ്റമ്പിന് കുറുന്തോട്ടിയുടെ വടികളും മരപ്പലകയുടെയോ മട്ടക്കണ്ണയുടെയോ ബാറ്റുമായി ഞങ്ങള്‍ ഇറങ്ങി. നല്ലോണം കളിക്കാന്‍ പഠിച്ചവര്‍ ടൂര്‍ണ്ണമെന്റുകളില്‍ പുതിയ വേഷത്തിലും ഭാവത്തിലും ഇറങ്ങി. അരക്കളി പഠിച്ചവര്‍ അവിടെത്തന്നെ ഒതുങ്ങി.
ഇടങ്കൈയ്യനായ ഞാന്‍ സനത് ജയസൂര്യയുടെയും സൗരവ് ഗാംഗുലിയുടെയും ആരാധകനായിരുന്നു. എന്നേക്കാള്‍ കളിയറിയാത്ത പ്രായം കുറഞ്ഞ കുട്ടികള്‍ മാങ്ങയേറില്‍ എറിയുന്ന ബോള്‍ സിക്‌സറിലേക്കും ഫോറിലേക്കും ആഞ്ഞടിച്ച് ഞാന്‍ ജയസൂര്യയുടെ നാടന്‍ സൂര്യനായി.
പാവം കുട്ടികള്‍ അതുകണ്ട് ആവേശത്തോടെ കൈയ്യടിച്ചു. അതില്‍ എല്‍പി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുമുണ്ടായിരുന്നു. കളിക്കാന്‍ ആളുകള്‍ കുറവായതിനാല്‍ ക്രിക്കറ്റില്‍ സ്ത്രീ-പുരുഷഭേദം ഞങ്ങള്‍ കാണിച്ചില്ല. പഠിച്ചുപഠിച്ച് പെണ്‍കുട്ടികള്‍ ഞങ്ങളേക്കാള്‍ നന്നായി ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും മിടുക്കികളായി. ഞങ്ങളുടെ ടീമിന്റെ നെടുന്തൂണുകളായി അവര്‍ മാറി. കാഞ്ഞിരക്കാല്‍ വീട്ടുകാരായ ആറ് പേരടങ്ങുന്ന ഞങ്ങളുടെ കാഞ്ഞിരക്കാല്‍ ടീം തൊട്ടയല്‍ക്കാരായ കിഴക്കേവീടുമായും വാഴവളപ്പുമായും എതിരിടാന്‍ പോയി. എല്ലായ്‌പ്പോഴും ജയം അവരുടെ ഭാഗത്തായി. ജയിച്ചവരും തോറ്റവരും വൈകുന്നേരങ്ങളില്‍ റെഡ്‌സ്റ്റാര്‍ കീക്കാങ്കോട്ടിന്റെ കാലിച്ചാംപൊതിയിലെ മൈതാനത്ത് ഒന്നിച്ചുകളിച്ചു. ശരിക്കും ബോള്‍ ചെയ്യാനറിയാവുന്നവര്‍ കാലിച്ചാംപൊതിയില്‍ വെച്ച് പരിചിതരായി. ഞാന്‍ ക്രീസില്‍ ബാറ്റ് കുത്തിയൊന്ന് സമാധാനം നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴേക്കും ബൗളര്‍മാര്‍ എറിഞ്ഞിടും. ഡക്കില്‍ പോകുന്നത് കൊണ്ട് ഡക്ക് എന്ന വിളിപ്പേര് കരസ്ഥമാക്കുമോയന്ന് ഞാന്‍ ഭയന്നു. അല്ലെങ്കില്‍ തന്നെ കുറ്റപ്പേര് കുറേയുണ്ടായിരുന്നു.
ജയസൂര്യയായി അഭിനയിച്ച് പതുക്കെ നടന്ന് ഓഫ് സ്പിന്നാണെന്ന് അഹങ്കരിച്ച് എറിയുന്ന എന്റെ ബോള്‍ എല്ലാം സിക്‌സറിലേക്കോ ഫോറിലേക്കോ കാലിച്ചാംപൊതിയിലെ മൈതാനത്ത് നിന്ന് ഉയര്‍ന്നുപൊങ്ങി. കണ്ടത്തില്‍ കഷ്ടപ്പെട്ട് പഠിച്ചതൊന്നുമല്ല ക്രിക്കറ്റെന്ന അപമാനഭാരം എന്നില്‍ നീറി. അതേ സമയത്ത് തന്നെ ഫുട്‌ബോളിലും ഗോളിയെന്ന നിലയില്‍ ഞാന്‍ സമ്പൂര്‍ണ്ണപരാജയമായി മാറിയിരുന്നു. ഗോളടിക്കാന്‍ കുതിച്ചുവരുന്നവര്‍ യാതൊരു പ്രയാസവുമില്ലാതെ കുതിരയുടേത് പോലെ വട്ടക്കാലുകളുള്ള എന്റെ കാലുകള്‍ക്കിടയിലൂടെ വലയില്ലാത്ത ശൂന്യതയിലേക്ക് ഗോളടിച്ച് കയറ്റുമായിരുന്നു. ഫുട്‌ബോളിലെ എന്റെ ഭാവി ഏകദേശം തീരുമാനായിക്കഴിഞ്ഞിരുന്നു. ക്രിക്കറ്റിലെ എന്റെ ഭാവിയും ഒട്ടും ശോഭനമല്ലെന്ന് എനിക്ക് മനസ്സിലായി.
അങ്ങനെയിരിക്കുമ്പോഴാണ് ഹൈസ്‌കൂളില്‍ താഴെയുള്ളവര്‍ക്ക് കണ്ടംകുട്ടിച്ചാലിലെ ക്ലബ്ബുകാര്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നത്. കളി കാണാന്‍ കണ്ടം കടന്ന് കണ്ടംകുട്ടിച്ചാലില്‍ പോയ ഞാന്‍ റെഡ്‌സ്റ്റാര്‍ കീക്കാങ്കോട്ടിന്റെ ടീമില്‍ പെട്ടു. ഒരുത്തന്‍ വരാതിരുന്നതിനാല്‍ ടീമില്‍ ഒരാളുടെ കുറവുണ്ട്. കയറ്റാനാണെങ്കില്‍ പത്താംക്ലാസിന് താഴെ പഠിക്കുന്ന ആരുമുണ്ടായിരുന്നില്ല. കോലൈസും മൂഞ്ഞിക്കൊണ്ട് നില്‍ക്കുകയായിന്ന എട്ടാംക്ലാസുകാരനായ എന്നെ ടീമിന്റെ ക്യാപ്റ്റന്‍ കളിക്കാന്‍ വിളിച്ചു. കാലിച്ചാംപൊതിയില്‍ നിന്ന് വാങ്ങിക്കൂട്ടിയ റണ്‍സുകളും ഏറില്‍ പൊരിഞ്ഞുപോയ എന്റെ വിക്കറ്റുകളും ഓര്‍മയില്‍ കളര്‍ചിത്രം പോലെ തെളിഞ്ഞുനില്‍ക്കുന്നത് കൊണ്ട് ഞാന്‍ മടിച്ചുനിന്നു. കോലൈസ് തിന്ന് മാറിനിന്ന എന്നെ അവര്‍ ഗ്രൗണ്ടിലേക്ക് വലിച്ചു. വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മമ്മൂട്ടി ഒരു വടക്കന്‍ വീരഗാഥയില്‍ പറഞ്ഞത് എത്ര ശരി..!
പത്ത് ഓവര്‍ കളിയായിരുന്നു. അതുകൊണ്ട് എനിക്ക് ബോളിങ്ങോ ബാറ്റിങ്ങോ കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അതില്‍ ഒട്ടും നിരാശയുണ്ടായിരുന്നില്ല.
അപമാനത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന സമാധാനം ഉള്ളില്‍ തത്തിക്കളിച്ചു. ടോസ് കിട്ടിയത് എതിര്‍ടീമായ സെവന്‍സ്റ്റാര്‍ അരയിക്കായിരുന്നു. പിച്ചിലെ ഈര്‍പ്പം കണക്കിലെടുത്ത് ആദ്യംബാറ്റ് ചെയ്യുന്ന ടീമാണ് വിജയിക്കുകയെന്ന് കളിവിദഗ്ദ്ധന്‍ നാരായണന്‍ മേസ്ത്രി പ്രഖ്യാപിച്ചിരുന്നു. 'ഈര്‍പ്പം നില്‍ക്കാന്‍ ഗ്രൗണ്ടില്‍ പുല്ലില്ലല്ലോ മേസ്ത്രി, ഇത് ചരല് മാത്രമുള്ള ഗ്രൗണ്ടല്ലേ..' അനുചരന്‍ ചോദ്യമുന്നയിച്ചു. ക്രിക്കറ്റ് കമന്ററിയായി കേട്ടുപഠിച്ച ഒന്നും മനസ്സിലാവാത്ത ഇംഗ്ലീഷിന്റെ കഷണങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞ് മേസ്ത്രി ചോദിച്ചവന്റെ വായടിപ്പിച്ചു.
ഫീല്‍ഡില്‍ ബോളധികം വരാത്ത മഴ കീറിയ കലുങ്കിനടുത്ത് റെഡ്സ്റ്റാര്‍ കീക്കാങ്കോട്ടിന് വേണ്ടി ഞാന്‍ വെയിലും കൊണ്ടുനിന്നു. കലുങ്കിലെ മരത്തിനടുത്തെ കൊമ്പത്തിരുന്ന കൊമ്പത്തെ കാക്ക 'അറിയുന്ന പണിക്ക് പോയാല്‍ പോരേ മോനേ..' എന്ന് തുടര്‍ച്ചയായി പരിഹസിക്കുന്നത് കേട്ട് ചെവി വട്ടം തിരിഞ്ഞപ്പോള്‍ കല്ലെടുത്തെറിഞ്ഞപ്പോള്‍ അതുവരെ വരാത്ത ബോള്‍ അതിലൂടെ വന്ന് ഫോര്‍ തൊട്ടു. 'മാനം നോക്കിനില്‍ക്കാതെ നോക്കിനില്‍ക്കെടാ കുരുപ്പേ..' ക്യാപ്റ്റന്റെ ശകാരം കേട്ട് ആളുകള്‍ ചിരിച്ചു. എനിക്കൊട്ടും ചിരി വന്നില്ല, എന്നാലും പല്ലുകള്‍ പുറത്തുകാട്ടി ഞാന്‍ ചിരി അഭിനയിച്ചു.
പത്ത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സെവസ്റ്റാര്‍ അരയി 55 റണ്‍സെടുത്തു. ബാറ്റ്‌സ്മാന്‍മാരാണ് ഞങ്ങളുടെ ടീമിന്റെ കരുത്ത്. അതുകൊണ്ട് വിജയലക്ഷ്യം അവര്‍ക്ക് പൂവ് പറിക്കുന്നത് പോലെ എളുപ്പം.
അയല്‍ക്കാരന്റെ കാരുണ്യത്തില്‍ ഒരു പാലൈസും നുണഞ്ഞുകൊണ്ട് ഞാന്‍ നമ്മുടെ ടീമിന്റെ ബാറ്റിങ്ങും കണ്ട് കാലുകള്‍ വീശിക്കൊണ്ട് ഇരിക്കുകയാണ്. ആദ്യത്തെ രണ്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ പത്തൊമ്പത് റണ്‍സെടുത്തതോടെ കളി ഞങ്ങളുടെ ടീമിന്റെ കൈയ്യിലായി. കളിയാണ്, കാര്യങ്ങള്‍ എപ്പോഴാണ് മാറിമറിയുക എന്നത് പറയാന്‍ കഴിയല്ലെന്ന് അന്നെനിക്ക് മനസ്സിലായി. ഇരുപതാമത്തെ റണ്‍സിന് വേണ്ടി ആത്മവിശ്വാസത്തോടെ പാഞ്ഞ ഓപ്പണര്‍ റണ്ണൗട്ടായി. പിന്നെ ഓരോരുത്തരായി രണ്ടും അഞ്ചും റണ്‍സെടുത്ത് ക്രീസില്‍ നിന്ന് പോയതിനേക്കാള്‍ വേഗത്തില്‍ മടങ്ങിവന്നു. എട്ടോവര്‍ ആകുമ്പോള്‍ കളി അരയിയുടെ കൈയ്യിലായി. ഒമ്പതാം ഓവര്‍ എറിയുമ്പോള്‍ എട്ട് വിക്കറ്റിന് നാല്‍പ്പത്തിയഞ്ചില്‍ മുടന്തിനില്‍ക്കുകയാണ് ഞങ്ങള്‍. എന്നെ പോലെ ബാറ്റ് നേരാംവണ്ണം പിടിക്കാന്‍ അറിയാത്തവരാണ് ക്രീസില്‍ ഉള്ളത്. 'ഈശ്വരാ.. ഒരുത്തന്‍ കൂടി ഔട്ടായാല്‍ ഞാന്‍ എറങ്ങേണ്ടിവരും..' പേടിച്ചിട്ട് എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടി. എഴുന്നേറ്റ് നിന്ന് കുറ്റിക്കാട്ടിലേക്ക് തിരിയവെ മൈതാനത്ത് ആരവം ഉയര്‍ന്നു. ഫോര്‍ അടിച്ചതാവും എന്ന് വിചാരിച്ച് തിരിയുമ്പോള്‍ ഔട്ടയാവന്‍ തല കുനിച്ച് കൊണ്ട് അനില്‍ കുംബ്ലെ വരുന്നത് പോലെ ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുന്നു. 'ഞാന്‍ കയറണം..' ഒഴിക്കണോ, വേണ്ടയോ.. ടീമിലെ പുറത്തായവര്‍ എന്നെ നോക്കുന്നു. ആരെങ്കിലും നോക്കിയാല്‍ എനിക്ക് ഒഴിക്കാന്‍ തോന്നില്ല. ഒഴിവാക്കുന്നത് മാറ്റിവെച്ച് ഞാന്‍ ഒമ്പതാമനായി പുറത്തേക്ക് വന്നവനില്‍ നിന്ന് ബാറ്റ് വാങ്ങി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒപ്പിട്ട ടയര്‍ കമ്പിനിയുടെ 150 രൂപ വിലയുള്ള ബാറ്റാണ്. അത് കൈയ്യില്‍ പിടിച്ചപ്പോള്‍ ഇതുവരെ കുടിച്ചിട്ടില്ലാത്ത കോളയുടെ പരസ്യത്തില്‍ ആഹാ, ദില്‍ മാംഗേ മോര്‍.. എന്ന് സച്ചിന്‍ പറയുന്നത് മനസ്സില്‍ തെളിഞ്ഞു. ആത്മവിശ്വാസം കൂടുതല്‍ കുറഞ്ഞു, വിറയല്‍ കൂടി. എന്നെക്കുറിച്ച് എനിക്ക് നല്ല വിശ്വാസമുള്ളത് കൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്റെ മുഖത്ത് പുച്ഛം നിറഞ്ഞതില്‍ അസ്വഭാവികത തോന്നിയില്ല.
ഒമ്പതാം ഓവറിലെ നാലാമത്തെ ബോള്‍ ആണ് വരാന്‍ പോകുന്നത്. ആബ്രോസിനെ പോലെ കറുത്ത നീണ്ട് മെലിഞ്ഞൊരു ചെക്കന്‍ 'നിന്റെ തല ഞാനെറിഞ്ഞ് പൊട്ടിക്കുമെടാ..' എന്ന ഭാവത്തില്‍ ഓടിവന്നെറിയുകയാണ്. 'ദൈവമേ, ഈ ബോളില്‍ തന്നെ ഔട്ടാവണേ..' എന്ന ആഗ്രഹത്തില്‍ ഞാന്‍ ബാറ്റ് ഒട്ടുംബലത്തിലല്ലാതെ വീശി. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന് എങ്ങോട്ടോ പോകുകയായിരുന്ന പന്ത് എന്റെ ബാറ്റിനറ്റത്ത് കൊണ്ടുയര്‍ന്നു. നിലത്ത് വീണുപോയ ബാറ്റുമെടുത്ത് ഞാന്‍ അപ്പുറത്തെ സ്റ്റമ്പിന്റെ അടുത്ത് ഓടിയെത്തി. മൈതാനത്ത് ഔട്ടായതിന്റെ ആരവം ഉയര്‍ന്നു. ക്യാച്ച് പിടിച്ചിരിക്കുന്നു.! കളി തോറ്റെന്ന ആശ്വാസത്തില്‍ നിവര്‍ന്നുനില്‍ക്കവെ ഔട്ടായെന്ന ആഹ്ലാദത്തില്‍ കഴമ്പില്ലെന്ന് അമ്പയര്‍ നോബോള്‍ വിളിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. അപമാനം അവസാനിക്കാന്‍ സമയമായിട്ടില്ല..!
അഞ്ചാമത്തെയും ആറാമത്തെയും ബോള്‍ അപ്പുറത്തുള്ളവന്‍ എന്തൊക്കെയോ ചെയ്ത് റണ്‍സെടുക്കാതെയും ഔട്ടാവാതെയും നീട്ടിക്കൊണ്ടുപോയപ്പോള്‍ അവസാന ഓവറില്‍ ദേ ഞാന്‍ വീണ്ടും മാവേലിക്കൊമ്പത്ത്.
ആറ് ബോളില്‍ പത്ത് റണ്‍സ് വേണം. നടന്നത് തന്നെ, മറ്റുള്ളവരെ പോലെ ഞാനും ഉറപ്പിച്ചു.
ഒന്നാമത്തെ ബോള്‍ വരുമ്പോള്‍ കണ്ടത്തില്‍ നെല്ലിന് വെള്ളം തേവുന്ന ഊവേണിയെ ഓര്‍മിച്ച് ഞാന്‍ ബാറ്റ് ചരലില്‍ കുത്തിപ്പൊന്തിച്ചു. ക്രീസില്‍ പൊടി ഉയര്‍ന്നു. ഞാന്‍ ചെയ്തത് എന്താണെന്ന് മനസ്സിലാവാതെ പന്ത് എനിക്ക് മുന്നില്‍ തിരിഞ്ഞുനിന്നു. 'എടാ, ഇത് കുട്ടീം കോലും കളിയല്ല.. ക്രിക്കറ്റാന്ന്.. ക്രിക്കറ്റ്..' കാണികളിലൊരുവന്‍ പറഞ്ഞ തമാശ എനിക്കിഷ്ടപ്പെട്ടില്ല. കേട്ടവര്‍ ചിരിച്ചു. പരിഹസിക്കപ്പെട്ടതിന്റെ തളര്‍ച്ചയിലും ദേഷ്യത്തിലും രണ്ടാമത്തെ ബോള്‍ വരുമ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ തോന്നിയത് പോലെ വീശി. ചക്ക വീണ് മുയല്‍ ചത്തെന്ന് കേട്ടിട്ടേയുള്ളൂ, ഞാന്‍ കണ്ടു. എന്റെ ബാറ്റിന്റെ തുമ്പത്ത് കൊണ്ട് ബോള്‍ ഇടതുവശത്ത് നില്‍ക്കുന്നവന്റെ കാലുകള്‍ക്കിടയിലൂടെ ബൗണ്ടറിലൈന്‍ തൊട്ടു, ഫോര്‍..! എനിക്ക് വിശ്വസിക്കാനായില്ല. എന്റെ ടീം ചാടിത്തുള്ളി കൈയ്യടിച്ചു.
പരാജയപ്രതീക്ഷയില്‍ കുറച്ചപ്പുറത്ത് നില്‍ക്കുന്നുണ്ടായിരുന്ന എല്ലാവരും ജയപ്രതീക്ഷയില്‍ ഞാന്‍ ബാറ്റും പിടിച്ചുനില്‍ക്കുന്നതിനടുത്ത് വന്നുനിന്നു. ജീവിതവിജയപുസ്തകങ്ങള്‍ അന്നിത്ര വ്യാപകമല്ലെങ്കിലും, പ്രചോദനാത്മകമായ വാചകങ്ങള്‍ ഓടിവന്ന് പറഞ്ഞ് ക്യാപ്റ്റന്‍ എന്റെ അവശേഷിക്കുന്ന ആത്മവിശ്വാസവും കളഞ്ഞു. ജയിക്കാന്‍ വേണ്ടത് നാല് ബോളില്‍ നിന്ന് ആറ് റണ്‍സ്. എന്തെങ്കിലും ഒന്ന് ചെയ്ത് ഫലിച്ചാല്‍ അത് തന്നെ ആവര്‍ത്തിക്കുന്ന ശീലമുള്ളത് കൊണ്ട് അടുത്ത ഏറിനും കണ്ണുംപൂട്ടി വീശി. ബോള്‍ ഇടത്തേ വയറില്‍ കൊണ്ടു. വേദന ചുവപ്പ് വെച്ചു. വയറ്റില്‍ തടവാനുള്ള സമയം കിട്ടുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡൊണാള്‍ഡിനെ പോലെ പന്ത് പിടിക്കുന്ന അരയിയുടെ ബൗളര്‍ അടുത്ത് ഏറ് കൈചുഴറ്റിയെറിഞ്ഞു. ഞാന്‍ ഒന്നും ചെയ്യാതെ തന്നെ പന്ത് ബാറ്റില്‍ കൊണ്ടു. അദ്ധ്വാനിച്ചെങ്കിലും രണ്ട് റണ്‍സ് ഓടിക്കിട്ടി. രണ്ട് ബോളില്‍ നിന്ന് വേണ്ടത് നാല് റണ്‍സ്..! 'നിങ്ങളിത് കാണുക.. മല്‍സരം ആവേശത്തിന്റെ തൃശൂര്‍പൂരമായി മാറിക്കഴിഞ്ഞു' എന്നൊക്കെ ഷൈജു ശ്രീധരന്‍ അന്നുണ്ടായിരുന്നെങ്കില്‍ വിളിച്ചുപറഞ്ഞേനെ. മൈക്കൊന്നും ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല.
ക്യാപ്റ്റനൊപ്പം മറ്റ് കളിക്കാരും അടുത്തേക്ക് വന്ന് പ്രചോദനാത്മകമായ കാര്യങ്ങള്‍ എന്റെ ചെവിയില്‍ ഒഴിച്ചു. എന്റെ ആത്മവിശ്വാസം ഉറുമ്പോളം ചുരുങ്ങി. അഞ്ചാമത്തെ ബോള്‍ വരുമ്പോള്‍ കണ്ടത്തിലെ ഊവേണി വീണ്ടും എന്റെ ഓര്‍മയില്‍ വന്നു. ഞാന്‍ ബാറ്റ് പൊടിമണ്ണില്‍ കോരി. പന്ത് വലതും വശത്തും പൊടിമണ്ണ് ഇടതുവശത്തും രണ്ടായി പിളര്‍ന്നു. രണ്ട് റണ്‍സിന് വേണ്ടി പായുമ്പോള്‍ പൊടിമണ്ണ് കണ്ണില്‍ കെണിഞ്ഞ വലതുവശത്ത് നില്‍ക്കുന്നവന്‍ 'മൈരൈ, കണ്ണില്‍ പൊടിയിട്ടാന്നാടോ കളിക്ക്ന്നത്..' എന്നലറിക്കൊണ്ട് എന്നെ അടിക്കാനാഞ്ഞു. അടിക്കാന്‍ ആര് വന്നാലും തിരിച്ചടിച്ച ചരിത്രമേയുള്ളൂ കീക്കാങ്കോട്ടുകാര്‍ക്ക്. അടിക്കാന്‍ ആര് വന്നാലും തിരിച്ചോടിയ ചരിത്രമേയുള്ളൂ എനിക്ക്. ഞാന്‍ ഓടാന്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ഓടിവന്ന് അവനെ പിടിച്ചുതള്ളി. അവന്‍ നിലത്തേക്ക് ഉരുണ്ടുകെട്ടിവീണു. എന്റെ ടീമിന്റെ കളിക്കാര്‍ ഗ്രൗണ്ടിലേക്ക് കയറിവന്നു. തെറിയും മറുതെറിയും കൊണ്ട് മൈതാനം മുഖരിതമായി. അടി പൊട്ടുന്നതിന് തടയിട്ട് ആളുകള്‍ നിന്നു. 'ഞങ്ങള്‍ കളി ബഹിഷ്‌കരിക്കുന്നു..' വലിയ വായില്‍ ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു. അവസാനബോളില്‍ എന്നെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അവന് തോന്നിയിരിക്കണം. എനിക്കും എന്നില്‍ പ്രതീക്ഷയില്ലാത്തത് കൊണ്ട് ഒന്നും തോന്നിയില്ല. കളിയില്‍ നിന്ന് പിന്‍വാങ്ങി കണ്ടത്തിലൂടെ ടീമിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോള്‍ എതിരാളികള്‍ ജയിച്ചതിന്റെ കൈയ്യടി ഉയര്‍ന്നു.
കളികളിലൊന്നും ജയിക്കാതെ ആയപ്പോള്‍ വീണുപോയത് എഴുത്തിന്റെ കളിയിലും. എഴുത്തൊരു കളിയല്ല, കെണിയാണെന്ന് മനസ്സിലായപ്പോള്‍ കെണിയില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയാതെ ബന്ധനത്തിന്റെ കാലക്കേടും സുഖക്കേടും പേറിക്കൊണ്ട് ചെയ്തുപോയ കോപ്രായങ്ങളെ ഓര്‍ക്കും, ഇതാ ഇപ്പോള്‍ സ്മരിച്ചത് പോലെ.
Summary: P.V. Shajikumar reminisces about his childhood in rural Kerala, where football and kabaddi dominated local fields and clubs, while cricket arrived late as a "lazy" colonial sport viewed with suspicion.