മരണത്തിലും വേര്‍തിരിവ്? ഒരു അഗ്‌നിവീറിന്റെ മരണാനന്തര ജീവിതം

സ്ഥിരം സൈനികരില്‍നിന്ന് വ്യത്യസ്തമായി, വെറും നാല് വര്‍ഷത്തെ ഹ്രസ്വകാല സേവന കരാറിലാണ് അഗ്‌നിവീറുകളെ നിയമിക്കുന്നത്. ഈ സേവന വ്യവസ്ഥകള്‍ പ്രകാരം, നാല് വര്‍ഷത്തിനുശേഷം പിരിയുന്ന അഗ്‌നിവീറുകള്‍ക്കു പെന്‍ഷന്‍ അര്‍ഹതയില്ല.
മരണത്തിലും വേര്‍തിരിവ്? ഒരു അഗ്‌നിവീറിന്റെ മരണാനന്തര ജീവിതം
Published on

ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന് അഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന നാഷണല്‍ വാര്‍ മെമ്മോറിയല്‍. രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാരുടെ പേര് കൊത്തിവെച്ചിരിക്കുന്ന ആ കരിങ്കല്‍ ഭിത്തിയില്‍ കഴിഞ്ഞ മാസം ഒരു പുതിയ പേര് കൂടി ചേര്‍ക്കപ്പെട്ടു - മൂഡ് മുരളീനായിക്.ആന്ധ്രാപ്രദേശിലെ വിദൂര ഗ്രാമമായ പുടഗുണ്ട്ലപ്പള്ളി തണ്ടയില്‍, ഫോണ്‍ കോളിലൂടെ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മുരളീനായിക്കിന്റെ അമ്മ ജ്യോതിബായിക്ക് അതു വിശ്വസിക്കാനായില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഡല്‍ഹി കണ്ടിട്ടില്ലാത്ത, ഇന്ത്യ ഗേറ്റിന്റെ ചിത്രം പോലും നേരിട്ടg കാണാത്ത ആ അമ്മ ചോദിച്ച നിഷ്‌കളങ്കമായ ഒരു ചോദ്യമുണ്ട്, അവര്‍ എന്റെ മോന്റെ ഫോട്ടോയും അവിടെ വെച്ചിട്ടുണ്ടോ? എന്നാൽ ആ ഫോട്ടോയ്ക്കപ്പുറം മുരളീനായിക്കിനോട് അധികൃതർ നീതികാണിച്ചോയെന്ന ചോദ്യം പ്രസക്തമാണ്.

തുടക്കം ഒരു സ്വപ്നമായിരുന്നില്ല, അതൊരു തിരിച്ചറിവായിരുന്നു

ഇരുപത്തിനാലുകാരനായ മുരളീനായിക് അച്ഛന്‍ ശ്രീറാംനായിക്കിന്റെയും അമ്മ ജ്യോതിബായിയുടെയും ഏക മകനായിരുന്നു. മുംബൈയിലെ തിരക്കേറിയ തെരുവുകളില്‍, ഭാരമേറിയ അരിച്ചാക്കുകള്‍ ചുമന്ന് മകനെ വളര്‍ത്തിയ അച്ഛന്‍. വീട്ടുജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തിയ അമ്മ. 2022-ല്‍ 'അഗ്‌നിപഥ്' പദ്ധതി വന്നപ്പോള്‍ അവര്‍ സന്തോഷിച്ചു. രാജ്യം കാക്കാന്‍ മകന്‍ പോകുന്നുവെന്നതായിരുന്നു അവരുടെ അഭിമാനം. 'അന്നൊന്നും ഞങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, അവന്‍ രാജ്യത്തെ സേവിക്കാന്‍ പോകുന്നു എന്നതില്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക് സന്തോഷം,' ജ്യോതിബായി ഓര്‍ക്കുന്നു. പക്ഷേ, 2025 മെയ് ഒൻപതിന് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണം അവരുടെ ലോകം തകര്‍ത്തു. മുരളീനായിക് മടങ്ങിവന്നത് വെളുത്ത തുണിയില്‍ പൊതിഞ്ഞ ശരീരമായിട്ടാണ്.

വാഗ്ദാനങ്ങളും യാഥാര്‍ത്ഥ്യങ്ങളും

മകന്‍ മരിച്ചതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കൈപ്പറ്റി അവര്‍ അടങ്ങിയിരുന്നില്ല. അവര്‍ ചോദിക്കുന്നതു നീതിയാണ്. ഒരു സാധാരണ സൈനികന്റെ കുടുംബത്തിനു ലഭിക്കുന്ന അതേ പെന്‍ഷനും സുരക്ഷയും തങ്ങള്‍ക്കും വേണം. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത്, 'അഗ്‌നിവീര്‍' ആയതുകൊണ്ട് മുരളീനായിക്കിന്റെ കുടുംബത്തിന് അതിനര്‍ഹതയില്ലെന്നാണ്. എന്തിനാണ് അഗ്‌നിവീറുകളെ യുദ്ധത്തിലേക്ക് അയയ്ക്കുന്നത്? സാധാരണ സൈനികരെ മാത്രം അയച്ചാല്‍ പോരേ? എന്റെ കുഞ്ഞിനെ എന്തിനാണ് അവര്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയത്?' - ഈ ചോദ്യത്തിന് മുന്നില്‍ ഭരണകൂടത്തിന്റെ സാങ്കേതിക ന്യായങ്ങള്‍ പതറുന്നുണ്ട്.

മരണത്തിലും വേര്‍തിരിവ്? ഒരു അഗ്‌നിവീറിന്റെ മരണാനന്തര ജീവിതം
ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്മറിയുടെ തകര്‍ച്ച മുതല്‍ ടാസിറ്റ് നോളജ് വരെ: സ്വകാര്യവല്‍ക്കരണം ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ തകര്‍ക്കുമോ?

അഗ്‌നിവീറുകള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതിന്റെ കാരണം

അഗ്‌നിപഥ് പദ്ധതിയുടെ അടിസ്ഥാനപരമായ ഘടനയാണ് ഈ പെന്‍ഷന്‍ നിഷേധത്തിനു കാരണം. സ്ഥിരം സൈനികരില്‍നിന്ന് വ്യത്യസ്തമായി, വെറും നാല് വര്‍ഷത്തെ ഹ്രസ്വകാല സേവന കരാറിലാണ് അഗ്‌നിവീറുകളെ നിയമിക്കുന്നത്. ഈ സേവന വ്യവസ്ഥകള്‍ പ്രകാരം, നാല് വര്‍ഷത്തിനുശേഷം പിരിയുന്ന അഗ്‌നിവീറുകള്‍ക്കു പെന്‍ഷന്‍ അര്‍ഹതയില്ല. നിര്‍ഭാഗ്യവശാല്‍, സേവനത്തിനിടയില്‍ മരണപ്പെട്ടാല്‍ പോലും, ഇതേ നിയമപരമായ 'തരംതിരിവ്' സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സൈനികന്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയാലും, അദ്ദേഹം ഏത് പദ്ധതിയിലൂടെയാണു സേവനമനുഷ്ഠിച്ചത് എന്നതിനുസരിച്ചാണ് ആനുകൂല്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.

സ്മാരകത്തിലെ ആദരം, പക്ഷേ ജീവിതത്തില്‍ അവഗണന

സൈന്യം മുരളീനായിക്കിനു സേനാ മെഡല്‍ നല്‍കി ആദരിച്ചു. സ്മാരകത്തില്‍ പേരും കൊത്തി. ഇതൊക്കെ അഭിമാനമാണെന്ന് പറയുമ്പോഴും, ആ അമ്മയുടെ കണ്ണുകളില്‍ ഇന്നും ഭയമുണ്ട്. മകന്‍ മരിച്ചതോടെ കൂലിപ്പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ജ്യോതിബായിയും ശ്രീറാംനായിക്കും. ആസ്ത്മ രോഗിയായ അമ്മയ്ക്കു മരുന്നു വാങ്ങാനെങ്കിലും മകന്റെ പെന്‍ഷന്‍ തുകയുണ്ടായിരുന്നെങ്കിലെന്ന് അവര്‍ ആഗ്രഹിക്കുന്നു.

''ഈ നഷ്ടപരിഹാര തുക എത്രനാള്‍ നീണ്ടുനില്‍ക്കും? ഞങ്ങളുടെ ബാക്കി ജീവിതം ഞങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും?'' എന്ന അച്ഛന്റെ ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുന്നു. അതുകൊണ്ട് അവര്‍ ഇപ്പോഴും മുംബൈ ഹൈക്കോടതിയില്‍ നീതിക്കായി പോരാടുകയാണ്. കോടതിയില്‍ സര്‍ക്കാര്‍ പറയുന്നതു പെന്‍ഷന്‍ മൗലികാവകാശമല്ലെന്നാണ്. സര്‍ക്കാരിന്റെ വാദം വളരെ വ്യക്തവുമാണ്. അഗ്‌നിവീറുകള്‍ സേവനത്തില്‍ ചേരുമ്പോള്‍ തന്നെ ഈ നിയമങ്ങള്‍ (പെന്‍ഷന്‍ ലഭിക്കില്ല എന്ന വ്യവസ്ഥ) അറിഞ്ഞ് സമ്മതിച്ചതാണെന്നും അതിനാല്‍ പിന്നീട് അതില്‍ മാറ്റം ആവശ്യപ്പെടാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നത്.

പെന്‍ഷനെന്നതു മൗലികാവകാശമല്ലെന്നും സാധാരണ സൈനികര്‍ക്കുപോലും 15 വര്‍ഷത്തെ സേവനത്തിനുശേഷമേ പെന്‍ഷന്‍ ലഭിക്കൂയെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, യുദ്ധത്തില്‍ രക്തസാക്ഷികളാകുന്നവരുടെ കാര്യത്തില്‍ സേവന കാലാവധി പരിഗണിക്കാതെ പെന്‍ഷന്‍ നല്‍കുന്ന ഉദാരവത്കൃത പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടെന്നു നിയമവിദഗ്ധര്‍ ഇതിനെ പ്രതിരോധിക്കുന്നു. യുദ്ധക്കളത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പോരാടിയ സൈനികര്‍ മരിച്ചുവീഴുമ്പോള്‍, അവര്‍ക്ക് മരണത്തില്‍ മാത്രം വേര്‍തിരിവ് കാണിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നാണ് വക്കീല്‍ സന്ദേഷ് മോറെ പറയുന്നത്.

മരണത്തിലും വേര്‍തിരിവ്? ഒരു അഗ്‌നിവീറിന്റെ മരണാനന്തര ജീവിതം
പെന്‍ഷന്‍ മുടങ്ങുമോ? മസ്റ്ററിങ്ങും കര്‍ശന പരിശോധനയും; സാധാരണക്കാരന്റെ ആശങ്കകള്‍ക്ക് ഉത്തരമില്ല!

ഒടുക്കം: ഒരു ചോദ്യചിഹ്നം

ആദരവിന്റെ ഭാഷയില്‍ മകനെ സ്മാരകത്തില്‍ വാഴ്ത്തുമ്പോഴും ഒരു കുടുംബത്തിന്റെ അതിജീവനത്തെ കണക്കുകള്‍ കൊണ്ട് വെട്ടിക്കുറയ്ക്കുന്ന ഭരണകൂടത്തിന്റെ ഈ 'സിസ്റ്റമിക് പരാജയം' ആരെയാണ് വേദനിപ്പിക്കാത്തത്? മുരളീനായിക്കിന്റെ കുടുംബത്തിന്റെ ഈ പോരാട്ടം, അഗ്‌നിവീര്‍ പദ്ധതിയുടെ തണുത്ത കണക്കുകള്‍ക്കപ്പുറം മാനവികതയുടെ ചൂടുള്ള ഒരു ചോദ്യമാണ് -രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ഒരു സൈനികന്റെ കുടുംബത്തിന് അന്തസ്സോടെ ജീവിക്കാന്‍ അവകാശമില്ലേ?അതിര്‍ത്തിയിലെ ആ ഷെല്ലാക്രമണം കൊണ്ട് തീര്‍ന്നതല്ല ആ കുടുംബത്തിന്റെ യുദ്ധം. അത് ഇപ്പോഴും തുടരുകയാണ്; ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങളിലെ തണുത്ത ഫയലുകള്‍ക്കും കോടതിയുടെ വരാന്തകള്‍ക്കുമിടയില്‍, നീതിക്ക് വേണ്ടി.

Summary

The story examines the plight of the family of Agniveer Mood Murali Naik, who was killed during shelling on the India-Pakistan border. While his name has been inscribed at the National War Memorial and he was posthumously honoured, his parents are fighting for family pension and long-term financial security, benefits currently unavailable under the Agnipath scheme. The article raises broader questions about the distinction between Agniveers and regular soldiers, arguing that families of personnel who die in service deserve equal support regardless of their recruitment category.

Madism Digital
madismdigital.com