ജോലിയും അന്തസ്സും ഇല്ലാതാക്കിയ വ്യാജകേസും മാധ്യമവിചാരണയും, മക്കളെ കണ്ടിട്ട് 15 വർഷം; ഒടുവിൽ എല്ലാം തിരിച്ചുപിടിച്ച് അറുപത്തിയൊന്നുകാരൻ പൈലറ്റ്

കോടതി മുറിയില്‍നിന്ന് ഒടുവില്‍ നീതിയുമായി ഇറങ്ങുമ്പോള്‍, നഷ്ടപ്പെട്ട 15 വര്‍ഷം ആര്‍ക്കും തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും തനിക്കുണ്ടായ അപമാനത്തിന്റെ കറ കഴുകിക്കളഞ്ഞ് തന്റെ അന്തസ്സും ജീവിതവും തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് ഈ പൈലറ്റ്
ജോലിയും അന്തസ്സും ഇല്ലാതാക്കിയ വ്യാജകേസും മാധ്യമവിചാരണയും, മക്കളെ കണ്ടിട്ട് 15 വർഷം; ഒടുവിൽ എല്ലാം തിരിച്ചുപിടിച്ച് അറുപത്തിയൊന്നുകാരൻ പൈലറ്റ്
Published on

2011 മാര്‍ച്ച് 12. ഷാങ്ഹായില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുമ്പോള്‍ പൈലറ്റ് ജിതേന്ദ്ര കൃഷ്ണ വര്‍മ തന്റെ കരിയറിന്റെ ഏറ്റവും സുവര്‍ണകാലത്തായിരുന്നു. 46-ാം വയസ്സില്‍, എയര്‍ ഇന്ത്യയുടെ പക്കലുണ്ടായിരുന്ന മൂന്നു തരം വിമാനങ്ങളും പറത്താന്‍ ശേഷിയുള്ള, 22 വര്‍ഷത്തെ കളങ്കമില്ലാത്ത സര്‍വിസ് റെക്കോര്‍ഡുള്ള സീനിയര്‍ പൈലറ്റ്. എന്നാല്‍, ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കാത്തിരുന്നത് ഡല്‍ഹി പൊലീസിന്റെ സമന്‍സായിരുന്നു.

ഡിജിസിഎ ഉദ്യോഗസ്ഥരുടെ ലൈസന്‍സ് വിതരണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിന്റെ ഭാഗമായി, വര്‍മ വ്യാജ മാര്‍ക്ക്‌ഷീറ്റ് ഉപയോഗിച്ചാണ് ലൈസന്‍സ് നേടിയതെന്നായിരുന്നു ആരോപണം. പിന്നാലെ അറസ്റ്റ്. ഒരാഴ്ചയ്ക്കകം ജാമ്യം ലഭിച്ചെങ്കിലും ജീവിതം തലകീഴായി മറിയാന്‍ ആ കുറഞ്ഞ ദിവസങ്ങള്‍ മതിയായിരുന്നു. യാതൊരുവിധ മുന്‍കൂര്‍ നോട്ടിസോ അന്വേഷണമോ കൂടാതെ ഡിജിസിഎ അദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

തകര്‍ന്നടിഞ്ഞ വ്യക്തിജീവിതം

മാധ്യമ വിചാരണയുടെ ഇരയായി മാറിയ വര്‍മയ്ക്കു പിന്നീട് നഷ്ടപ്പെട്ടത് ജീവിതമാണ്. എയര്‍ ഇന്ത്യ അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. വരുമാനം നിലച്ചതോടെ പൂനെയിലെ വീട് വില്‍ക്കേണ്ടി വന്നു. കേസും അപമാനവും കാരണം വ്യക്തിജീവിതത്തിലും വിള്ളലുകളുണ്ടായി. വിവാഹമോചനത്തിലാണ് അത് കലാശിച്ചത്.

ജോലിയും അന്തസ്സും ഇല്ലാതാക്കിയ വ്യാജകേസും മാധ്യമവിചാരണയും, മക്കളെ കണ്ടിട്ട് 15 വർഷം; ഒടുവിൽ എല്ലാം തിരിച്ചുപിടിച്ച് അറുപത്തിയൊന്നുകാരൻ പൈലറ്റ്
അതിര്‍ത്തിയില്‍ രക്തച്ചൊരിച്ചില്‍, അഫ്ഗാനിലെ മൂന്ന് പ്രവിശ്യകളില്‍ പാക് വ്യോമാക്രമണം; 11 കുട്ടികള്‍ കൊല്ലപ്പെട്ടു

മക്കളുടെ കസ്റ്റഡിയും അദ്ദേഹത്തിന് നഷ്ടമായി. കഴിഞ്ഞ 15 വര്‍ഷമായി സ്വന്തം മക്കളെ ഒരുനോക്ക് കാണാന്‍ പോലും ഈ അച്ഛന് സാധിച്ചിട്ടില്ല. മുംബൈയിലോ പൂനെയിലോ ജീവിക്കാന്‍ പണമില്ലാതെ വന്നതോടെ, അച്ഛന്റെ ഗുജറാത്തിലെ വീട്ടിലായിരുന്നു പിന്നീട് അഭയം. ''സഹോദരങ്ങളും സുഹൃത്തുക്കളും കൂടെനിന്നതുകൊണ്ട് മാത്രമാണ് ഞാന്‍ തെരുവിലേക്ക് ഇറങ്ങിപ്പോകാതിരുന്നത്. 15 വര്‍ഷത്തിനിടയില്‍ കോടതിയും നിയമകാര്യങ്ങളുമായി 50 ലക്ഷത്തിലധികം രൂപയാണ് ചെലവായത്. അത് തരുന്ന വേദന ചെറുതല്ല. വിധിക്ക് മുന്നില്‍ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണം,'' വര്‍മ തന്റെ കഠിനമായ നാളുകളെ ഓര്‍ത്തെടുക്കുന്നു.

നിയമപോരാട്ടവും ബോംബെ ഹൈക്കോടതിയുടെ ചരിത്രവിധിയും

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ 2011 ഏപ്രിലില്‍ വര്‍മ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നീണ്ട 15 വര്‍ഷം കഴിഞ്ഞിട്ടും ഡല്‍ഹി പൊലീസിന് അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി കുറ്റപത്രം സമര്‍പ്പിക്കാനോ, അദ്ദേഹം ഉപയോഗിച്ചുവെന്ന് പറയുന്ന 'വ്യാജ മാര്‍ക്ക്ഷീറ്റ്' കോടതിയില്‍ ഹാജരാക്കാനോ കഴിഞ്ഞിരുന്നില്ല. എയര്‍ ഇന്ത്യയില്‍നിന്നുള്ള അദ്ദേഹത്തിന്റെ പിരിച്ചുവിടല്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാട്ടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയും ഇതു ശരിവെച്ചതോടെ അദ്ദേഹം എയര്‍ ഇന്ത്യയില്‍ വീണ്ടും പ്രവേശിച്ചെങ്കിലും ലൈസന്‍സ് ഇല്ലാത്തതിനാല്‍ വിമാനം പറത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍, ജസ്റ്റിസുമാരായ മനീഷ് എം. പിറ്റ്ലെ, ശ്രീറാം വി. ഷിര്‍സാത് എന്നിവരടങ്ങിയ ബെഞ്ച് ഡിജിസിഎയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പൂര്‍ണമായും റദ്ദാക്കി. വ്യോമയാന നിയമത്തിലെ ചട്ടം 39-എ പ്രകാരം ഒരാളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്‍പ് അയാളുടെ ഭാഗം കേള്‍ക്കണമെന്ന സ്വാഭാവിക നീതി ഡിജിസിഎ ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഡിജിസിഎയുടെ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി, രണ്ടു മാസത്തിനകം വര്‍മയ്ക്കു പറയാനുള്ളത് കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ ഉത്തരവിട്ടു.

ജോലിയും അന്തസ്സും ഇല്ലാതാക്കിയ വ്യാജകേസും മാധ്യമവിചാരണയും, മക്കളെ കണ്ടിട്ട് 15 വർഷം; ഒടുവിൽ എല്ലാം തിരിച്ചുപിടിച്ച് അറുപത്തിയൊന്നുകാരൻ പൈലറ്റ്
പൊലീസ് നൽകിയത് വലിയ ട്രോമ, ഉറക്കം നഷ്ടപ്പെട്ടു; ലക്ഷ്മിപ്രിയയുടെ കുടുംബത്തിലെ പ്രശ്നത്തിനുകാരണം ആ മെസേജല്ല, ഉള്ളടക്കം വെളിപ്പെടുത്തി അൻസിബ

61-ാം വയസ്സില്‍ പുതിയൊരു തുടക്കം

1988-ല്‍ ഫ്‌ളോറിഡയിലെ എയര്‍ലൈന്‍ ഏഷ്യന്‍ അക്കാദമിയില്‍നിന്ന് പരിശീലനം നേടി, 7000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള കമാന്‍ഡറാണ് ജിതേന്ദ്ര കൃഷ്ണ വര്‍മ. ഇന്ന് അദ്ദേഹത്തിന് പ്രായം 61 ആയി. പൈലറ്റുമാരുടെ പ്രായപരിധി 65 വയസ്സാണ്. ഇനി പറക്കാന്‍ ബാക്കിയുള്ളത് നാലു വര്‍ഷം മാത്രം. പക്ഷേ, വര്‍മയുടെ ഉള്ളിലെ പൈലറ്റ് ഇപ്പോഴും ഉണര്‍ന്നിരിക്കുന്നുണ്ട്.

''വ്യോമയാനവും വിമാനം പറത്തലും എന്റെ രക്തത്തിലുള്ളതാണ്.15 വര്‍ഷം കൊണ്ട് സാങ്കേതികവിദ്യയും പരിശീലന രീതികളും ഒരുപാട് മാറി. എനിക്ക് എല്ലാം പൂജ്യത്തില്‍നിന്ന് തുടങ്ങണം. ലൈസന്‍സ് തിരികെ കിട്ടണം, മെഡിക്കല്‍ പരിശോധനകള്‍ വിജയിക്കണം. അതൊരു നീണ്ട പ്രക്രിയയാണ്. എങ്കിലും ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. എനിക്ക് വീണ്ടും പറക്കണം, ജീവിതം പുനരാരംഭിക്കണം,'' ജിതേന്ദ്ര കൃഷ്ണ വര്‍മ പറയുന്നു.

കോടതി മുറിയില്‍നിന്ന് ഒടുവില്‍ നീതിയുമായി ഇറങ്ങുമ്പോള്‍, നഷ്ടപ്പെട്ട 15 വര്‍ഷം ആര്‍ക്കും തിരിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും തനിക്കുണ്ടായ അപമാനത്തിന്റെ കറ കഴുകിക്കളഞ്ഞ് തന്റെ അന്തസ്സും ജീവിതവും തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് ഈ പൈലറ്റ്.

Summary

English Summary: On March 12, 2011, senior Air India pilot Jitendra Krishna Verma safely landed a flight from Shanghai to New Delhi, seemingly at the peak of his career. At 46, he was one of the few pilots qualified to operate all three aircraft types in Air India's fleet and had maintained an unblemished service record over 22 years.

However, while resting in a Delhi hotel room after the flight, Verma received a summons from the Delhi Police. He was accused of obtaining his pilot's licence using a forged marksheet as part of a wider corruption investigation involving the issuance of licences by officials of India's aviation regulator, the Directorate General of Civil Aviation (DGCA).

Verma was arrested and later released on bail within a week, but the consequences were immediate and severe. Without prior notice or a formal inquiry, the DGCA suspended his pilot licence, dramatically altering the course of his professional and personal life.

Madism Digital
madismdigital.com