ഏഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ; ചരിത്രം കുറിച്ച് കുഞ്ഞു നിലനും അമ്മ അനുശ്രീയും

ഹിമാലയത്തിന്റെ മഞ്ഞുമൂടിയ പാതകളിലൂടെ നടന്ന ആ യാത്ര എളുപ്പമായിരുന്നില്ല. തണുപ്പും ഉയരവും ക്ഷീണവും എല്ലാം അവരെ പരീക്ഷിച്ചു
ഏഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ; ചരിത്രം കുറിച്ച് കുഞ്ഞു നിലനും അമ്മ അനുശ്രീയും
Published on

“അടുത്തിടെ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ആരാണ്?”

പിഎസ്‌സി ചോദ്യപേപ്പറുകളിൽ പോലും ഇടംപിടിച്ച ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ന് പലർക്കും അറിയാം — നിലൻ എ. ശ്രീജിത്ത്.

എന്നാൽ ആ പേരിന് പിന്നിൽ ഒരു നേട്ടത്തിന്റെ കഥ മാത്രമല്ല, ഒരു കുഞ്ഞിന്റെ സ്വപ്നത്തിന്റെയും ഒരു അമ്മയുടെ പ്രചോദനത്തിന്റെയും മനോഹരമായ യാത്രയുമുണ്ട്.

നിലന്റെ അമ്മ അനുശ്രീക്ക് ട്രെക്കിംഗ് എന്നത് കേവലമൊരു വിനോദമോ താല്പര്യമോ ആയിരുന്നില്ല, അതൊരു അതിജീവനമായിരുന്നു. പ്രൊഫഷൻ കൊണ്ട് ഇലക്ട്രിക്കൽ എഞ്ചിനീയറായ അനുശ്രീയുടെ ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു ഘട്ടത്തിലാണ് കാടും മലകളും അവരിലേക്ക് നടന്നു കയറിയത്. പതറിപ്പോയ നിമിഷങ്ങളിൽ, മലനിരകൾ അനുശ്രീക്ക് ആശ്വാസത്തിന്റെ തണലും, നഷ്ടപ്പെട്ട ആത്മവിശ്വാസവും, ഒടുവിൽ തന്നെത്തന്നെ തിരിച്ചറിയാനുള്ള കരുത്തുമേകി.

ട്രെക്കിംഗ് എപ്പോഴും എന്നെ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ സഹായിച്ചിട്ടുണ്ട്. നമ്മുടെ കംഫർട് സോണിൽ നിന്ന് പുറത്തുകടക്കുമ്പോഴാണ് യഥാർത്ഥ യാത്ര ആരംഭിക്കുന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടി വരും. കഠിനമാണത്, പക്ഷേ നമ്മളിൽ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ കരുത്ത് എന്തെന്ന് തിരിച്ചറിയാൻ അത് സഹായിക്കും,"- അനുശ്രീ പറയുന്നു.

ദിവസവും ആറും ഏഴും കിലോമീറ്റർ നടക്കുക എന്നത് അവരുടെ ദിനചര്യയുടെ ഭാഗമായി മാറി. ആ കുഞ്ഞുകാലുകൾക്ക് കരുത്തേകാൻ അമ്മയ്ക്കൊപ്പം നിലൻ ജിമ്മിലുമെത്തി. തന്റെ പ്രായത്തിന് താങ്ങാനാകുന്ന ലഘുവായ വ്യായാമങ്ങളിലൂടെ അവൻ ഹിമാലയം കയറാൻ സ്വന്തം ശരീരത്തെ പാകപ്പെടുത്തിയെടുത്തു.

അഗസ്ത്യാർകൂടം, നേത്രാവതി, കുദ്രേമുഖ്, ചോക്രമുടി തുടങ്ങി പ്രകൃതിയുടെ വന്യത നിറഞ്ഞ അനേകം ദുർഘട പാതകൾ അനുശ്രീ കീഴടക്കി. ഓരോ യാത്രയും കഴിഞ്ഞ് പുതിയൊരു ഊർജ്ജവുമായി, ചെളിപിടിച്ച ഷൂസുകളുമായി അമ്മ വീട്ടിൽ തിരിച്ചെത്തുമ്പോൾ പങ്കുവെച്ച കഥകളും ചിത്രങ്ങളുമാണ് മകൻ നിലന്റെ ലോകം മാറ്റിയത്.

അമ്മ പറഞ്ഞുകൊടുത്ത ഓരോ കഥയും അവന്റെ മനസ്സിൽ പുതിയൊരു ലോകം തുറന്നുകൊടുത്തു. മേഘങ്ങൾ തൊടുന്ന കൊടുമുടികൾ, മഞ്ഞുമൂടിയ പാതകൾ, കാടുകളിലൂടെ നീളുന്ന വഴികൾ — എല്ലാം അവന്റെ ഭാവനയിൽ ജീവൻ പ്രാപിച്ചു.

അങ്ങനെയൊരിക്കൽ അല്ല, പലപ്പോഴും അവൻ അമ്മയോട് ഒരേ ചോദ്യം ചോദിക്കുമായിരുന്നു.

“എനിക്കും കൂടെ വരാൻ പറ്റില്ലേ?”

ആ ചോദ്യം വെറുമൊരു കൗതുകത്തിനു പുറത്ത് ചോദിച്ചതല്ല. മലകളെ കാണാനുള്ള ഒരു കുഞ്ഞിന്റെ സ്വപ്നമായിരുന്നു അത്.

ആ സ്വപ്നം വളർന്നു. ഒടുവിൽ ഒരുദിവസം അമ്മയും മകനും ചേർന്ന് ഒരു വലിയ ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു — ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായ നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്.

ഹിമാലയത്തിന്റെ മഞ്ഞുമൂടിയ പാതകളിലൂടെ നടന്ന ആ യാത്ര എളുപ്പമായിരുന്നില്ല. തണുപ്പും ഉയരവും ക്ഷീണവും എല്ലാം അവരെ പരീക്ഷിച്ചു. പക്ഷേ രണ്ടുപേരുടെയും മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ — സ്വപ്നത്തിലെ മലകളെ നേരിൽ കാണണം.

"എല്ലാം നിർത്തി ഇവിടെവെച്ച് മടങ്ങിയാലോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചുപോയിട്ടുണ്ട്,"

അനുശ്രീ

കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന വലിയ ട്രെക്കിംഗ് അവസരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് അനുശ്രീയുടെ ശ്രദ്ധ നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിലേക്ക് തിരിഞ്ഞത്. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗ് പാതകളിലൊന്നിലേക്ക് ഒരു ഏഴ് വയസ്സുകാരനെ കൂട്ടിക്കൊണ്ടുപോകുക എന്ന ആശയം അനുശ്രീയെയും ഭർത്താവ് ശ്രീജിത്തിനെയും ഒരേപോലെ ആശങ്കപ്പെടുത്തിയിരുന്നു.

കൊടുംതണുപ്പും, ഓക്സിജൻ കുറഞ്ഞ അന്തരീക്ഷവും, ദിവസങ്ങൾ നീളുന്ന നടത്തവും അവരുടെ ഉറക്കം കെടുത്തി. പക്ഷേ ആ ആശങ്കകളെ മറികടന്നത് നിലന്റെ ആവേശമായിരുന്നു. എവറസ്റ്റിനെക്കുറിച്ച് കേൾക്കുമ്പോഴെല്ലാം അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ആ തിളക്കമാണ് ഒടുവിൽ ആ കുടുംബത്തെ ഈ വലിയ തീരുമാനത്തിലേക്ക് നയിച്ചത്.

അങ്ങനെ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ വലിയ സ്വപ്നത്തിന് ചിറകുമുളപ്പിക്കാൻ അമ്മയും മകനും ഒരുക്കങ്ങൾ തുടങ്ങി. ദിവസവും ആറും ഏഴും കിലോമീറ്റർ നടക്കുക എന്നത് അവരുടെ ദിനചര്യയുടെ ഭാഗമായി മാറി. ആ കുഞ്ഞുകാലുകൾക്ക് കരുത്തേകാൻ അമ്മയ്ക്കൊപ്പം നിലൻ ജിമ്മിലുമെത്തി. തന്റെ പ്രായത്തിന് താങ്ങാനാകുന്ന ലഘുവായ വ്യായാമങ്ങളിലൂടെ അവൻ ഹിമാലയം കയറാൻ സ്വന്തം ശരീരത്തെ പാകപ്പെടുത്തിയെടുത്തു.

ഹിമാലയൻ വഴികളിലെ അഗ്നിപരീക്ഷ

പ്രശസ്ത പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനും സംഘത്തിനുമൊപ്പമായിരുന്നു അവരുടെ യാത്ര. മെയ് ഒന്നിന് അവർ കേരളത്തിൽ നിന്ന് ഹിമാലയത്തിലേക്ക് വണ്ടികയറി. ലുക്ലയിൽ നിന്ന് തുടങ്ങി നാംചെ ബസാർ, തെങ്ബോച്ചെ, ഡിങ്ബോച്ചെ, ലോബുച്ചെ, ഗോരക്‌ഷെപ് തുടങ്ങിയ ദുർഘടമായ ഹിമാലയൻ മഞ്ഞുപാതകൾ അവർ ഒന്നിനുപുറകെ ഒന്നായി ചവിട്ടിക്കയറി. എന്നാൽ, ആ യാത്ര അവർ ഭാവനയിൽ കണ്ടതിനേക്കാൾ എത്രയോ മടങ്ങ് കഠിനവും ഭയാനകവുമായിരുന്നു.

"എല്ലാം നിർത്തി ഇവിടെവെച്ച് മടങ്ങിയാലോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചുപോയിട്ടുണ്ട്," അനുശ്രീ പറയുന്നു. പ്രതികൂലമായ കാലാവസ്ഥ തന്നെയായിരുന്നു ഏറ്റവും വലിയ വില്ലൻ. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്തോറും കൊടുംതണുപ്പും ശാരീരികമായ അസ്വസ്ഥതകളും അവരെ വല്ലാതെ തളർത്തി.

"ഒരുദിവസം, ഏകദേശം 4,400 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ തണുപ്പ് അവന് താങ്ങാവുന്നതിലും അപ്പുറമായി. അസ്ഥി തുളച്ചുകയറുന്ന ആ തണുപ്പിൽ, വിറങ്ങലിച്ച്, കരഞ്ഞുകരഞ്ഞാണ് അന്ന് അവൻ ഉറങ്ങിപ്പോയത്. എന്റെയുള്ളിലെ അമ്മയെ പൂർണ്ണമായും തകർത്തുകളഞ്ഞ നിമിഷമായിരുന്നു അത്," അനുശ്രീയുടെ വാക്കുകളിൽ ഇപ്പോഴും ആ നടുക്കമുണ്ട്. "പത്ത് കിലോയിലധികം ഭാരമുള്ള ബാക്ക്പാക്കും ചുമന്ന്, ഒപ്പം ആർത്തവ വേദനയും സഹിച്ച് ഞാൻ അപ്പോഴേക്കും വല്ലാതെ തളർന്നിരുന്നു. എന്റെയീ വലിയ സ്വപ്നത്തിന്റെ പേരിൽ ഞാൻ ആ കുഞ്ഞിനെ ശിക്ഷിക്കുകയാണോ എന്ന് പലവട്ടം ഞാൻ എന്നോട് തന്നെ ചോദിച്ചുപോയി."

എന്നാൽ അമ്മയുടെ ആത്മവിശ്വാസം തളർന്നപ്പോൾ അവിടെ കാവലായത് മകൻ തന്നെയാണ്. "ഒരു ദിവസം രാവിലെ എന്നെ വല്ലാതെ ക്ഷീണിതയായി കണ്ടപ്പോൾ അവൻ എന്റെയടുത്തു വന്ന് പറഞ്ഞു, 'അമ്മ വിഷമിക്കേണ്ട, ഞാനില്ലേ കൂടെ. വേണമെങ്കിൽ ഞാൻ അമ്മയെ എടുത്തോളാം'. അവന് അതിന് കഴിയില്ലെന്നെനിക്കറിയാം, പക്ഷേ അവനത് പറഞ്ഞപ്പോൾ ആ വാക്കുകൾ മുന്നോട്ട് പോകാൻ എനിക്ക് നൽകിയ ഊർജ്ജം ചെറുതല്ല," അനുശ്രീ പുഞ്ചിരിയോടെ ഓർക്കുന്നു.

'ഇനി അടുത്തത് എന്താണ് നിന്റെ ലക്ഷ്യം?'" ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ മറുപടി നൽകി, "അടുത്തതായി എനിക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കണം."

മരവിപ്പിക്കുന്ന കാറ്റിനെയും, കുത്തനെയുള്ള കയറ്റങ്ങളെയും അതിജീവിച്ച് ഒടുവിൽ മെയ് ഒൻപതിന് അവർ ആ സ്വപ്നഭൂമി തൊട്ടു—സമുദ്രനിരപ്പിൽ നിന്നും 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പ്. "അവിടെയെത്തിയ ആ നിമിഷത്തിൽ, ഞങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾക്കെല്ലാം ഫലമുണ്ടായെന്ന് എനിക്ക് തോന്നി,"- അനുശ്രീ പറയുന്നു.

നിലനെ സംബന്ധിച്ചിടത്തോളം ആ യാത്ര മുഴുവൻ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. "അവിടെ എത്തിയപ്പോഴാണ് ഞാൻ ആദ്യമായി മഞ്ഞ് കാണുന്നത്. ഞാൻ മഞ്ഞുകട്ടകൾ ഉണ്ടാക്കി അവിടെ എറിഞ്ഞു കളിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അവരുടെ ദേശീയ പതാകകളും പിടിച്ച് നിൽക്കുന്നത് കണ്ടു. മഞ്ഞിൽ 'I went to EBC' എന്ന് ഞാൻ എഴുതിവെക്കുകയും ചെയ്തു," നിലൻ ആവേശത്തോടെ പറയുന്നു.

ലക്ഷ്യബോധമുള്ള ഒരു തലമുറയ്ക്കായി

ഈ യാത്രയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു വലിയ സന്ദേശം കൂടി ആ അമ്മയും മകനും ലോകത്തിന് നൽകി. മടക്കയാത്രയിൽ, മലമ്പാതകളിൽ മറ്റുള്ളവർ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചാണ് അവർ താഴേക്കിറങ്ങിയത്. കൂടുതൽ ഉത്തരവാദിത്തമുള്ള ട്രെക്കിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും, ഹിമാലയത്തിന്റെ ലോലമായ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഈ യാത്രയ്ക്കുണ്ടായിരുന്നു.

നേപ്പാളിൽ നിന്ന് അവർ തിരിച്ചുകൊണ്ടുവന്ന ഒട്ടേറെ ഓർമ്മകളിൽ, ഒരു വിദേശിയുമായുള്ള സംഭാഷണം അനുശ്രീയുടെ ഹൃദയത്തോട് എപ്പോഴും ചേർന്നുനിൽക്കുന്ന ഒന്നാണ്. "ട്രെക്കിംഗ് പൂർത്തിയാക്കിയ ശേഷം, വിദേശിയായ ഒരു യാത്രികൻ എന്റെ അടുത്തുവന്ന് പറഞ്ഞു, 'ഭാവിയിലേക്കുള്ള പർവതാരോഹകരെ വാർത്തെടുക്കുന്നതിന് നന്ദി'. അതിനുശേഷം അദ്ദേഹം നിലനോട് ചോദിച്ചു, 'ഇനി അടുത്തത് എന്താണ് നിന്റെ ലക്ഷ്യം?'"

ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ മറുപടി നൽകി, "അടുത്തതായി എനിക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കണം."

നിലന്റെ ഈ വലിയ നേട്ടത്തിന് ഔദ്യോഗിക റെക്കോർഡിനായി അപേക്ഷിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഇതിന് വലിയൊരു തുക ചെലവ് വരും. എങ്കിലും, തനിക്കറിയാവുന്നതിലും എത്രയോ വലിയൊരു ലോകം കണ്ടറിഞ്ഞ്, ഓരോ ചുവടിലും അമ്മയ്ക്കൊപ്പം കരുത്തോടെ നടന്നുകയറിയ ആ കൊച്ചുമിടുക്കന്റെ മനോഹരമായ ഓർമ്മകളാണ് ആ കുടുംബത്തിന് ഇന്നുള്ള ഏറ്റവും വലിയ സമ്പാദ്യം. തിരുവനന്തപുരം കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിലൻ.

ചില സ്വപ്നങ്ങൾ നമ്മൾ മക്കൾക്ക് കാണിച്ചുകൊടുക്കുന്നതാണ്. എന്നാൽ മറ്റുചില സ്വപ്നങ്ങളുണ്ട്, അത് കുട്ടികൾ അവരുടെ കുഞ്ഞിക്കൈകളിൽ പിടിച്ച് നമ്മെക്കൊണ്ട് കണ്ടിപ്പിക്കുന്നതാണ്. നിലന്റെ എവറസ്റ്റ് യാത്ര ഇതിൽ രണ്ടാമത്തേതായിരുന്നു; ഒരു കുഞ്ഞിന്റെ വലിയ സ്വപ്നത്തിന് പിന്നാലെ, ഒരു കുടുംബം മുഴുവൻ പിച്ചവെച്ച മനോഹരമായ കഥ.

Summary

English Summary

Seven-year-old Nilan A. Sreejith, a student from Thiruvananthapuram, recently made history by successfully trekking to the Everest Base Camp (EBC). His journey was not just a physical feat but a deeply emotional expedition shared with his mother, Anusree—an electrical engineer and passionate trekker. Inspired by his mother’s previous adventures, Nilan dreamt of exploring the mountains himself.

Madism Digital
madismdigital.com