

പക്ഷികളുടെ ആത്മഹത്യകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അസമിലെ മലനിരകൾക്കിടയിലെ ഒരു ചെറിയ ഗ്രാമമായ ജതിംഗയിലാണ് ഈ അപൂർവ പ്രതിഭാസം നടക്കുന്നത്. എല്ലാ വർഷവും ചില പ്രത്യേക രാത്രികളിൽ പക്ഷികൾ കൂട്ടത്തോടെ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നു. ചിലത് മരങ്ങളിലിടിച്ചും ചിലത് കെട്ടിടങ്ങളിലിടിച്ചും ജീവൻ നഷ്ടപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ജതിംഗയെ പക്ഷികൾ ആത്മഹത്യ ചെയ്യുന്ന ഗ്രാമം എന്നാണ് വിശേഷിപ്പിക്കുന്നത്.
വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗവേഷകരും വിനോദസഞ്ചാരികളും ഈ പ്രതിഭാസം കാണാനായി ഗ്രാമത്തിലെത്താറുണ്ട്. പ്രധാനമായും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഈ പ്രവണത കാണപ്പെടുന്നത്. മഴക്കാലം അവസാനിക്കുന്ന സമയത്ത് രാത്രികളിലാണ് പക്ഷികളുടെ ഈ 'ആത്മഹത്യ' നടക്കുന്നത്. ഗ്രാമവാസികൾ ആദ്യകാലത്ത് ഇതിനെ അമാനുഷിക ശക്തികളുടെ പ്രവർത്തനമായാണ് കരുതിയത്. രാത്രി സമയങ്ങളിൽ ദുരാത്മാക്കൾ പക്ഷികളെ ആകർഷിച്ച് മരണത്തിലേക്ക് നയിക്കുകയാണെന്നായിരുന്നു വിശ്വാസം.
എന്നാൽ ശാസ്ത്രലോകം ഈ വാദത്തെ അംഗീകരിച്ചില്ല. പക്ഷികൾ ബോധപൂർവം ആത്മഹത്യ ചെയ്യില്ലെന്നാണ് ഗവേഷകരുടെ നിലപാട്. വർഷങ്ങളായി നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് മറ്റൊരു കാരണമാണ്. മൂടൽമഞ്ഞ്, ശക്തമായ കാറ്റ്, കുറഞ്ഞ ദൃശ്യപരത, മലനിരകളുടെ പ്രത്യേക ഭൂപ്രകൃതി, രാത്രിയിലെ കൃത്രിമ വെളിച്ചം എന്നിവയുടെ സംയോജനം പക്ഷികളുടെ ദിശാബോധത്തെ ബാധിക്കുന്നു. വഴിതെറ്റുന്ന പക്ഷികൾ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുകയും പിന്നീട് മരങ്ങളിലോ കെട്ടിടങ്ങളിലോ ഇടിച്ച് വീഴുകയുമാണ് ചെയ്യുന്നതെന്നാണ് ശാസ്ത്രം നിരീക്ഷണത്തിലെത്തിയത്.
ഗവേഷകർ പറയുന്നതനുസരിച്ച്, ഈ പ്രതിഭാസം നടക്കുന്ന രാത്രികൾക്കും പ്രത്യേകതയുണ്ട്. കനത്ത മൂടൽമഞ്ഞും ഈർപ്പമുള്ള കാലാവസ്ഥയും കാറ്റിന്റെ പ്രത്യേക ദിശയും ഒരുമിച്ചു വരുമ്പോഴാണ് കൂടുതലായും പക്ഷികൾ അപകടത്തിൽപ്പെടുന്നത്. അതിനാൽ ഇത് ആത്മഹത്യയല്ല, മറിച്ച് പ്രകൃതിസാഹചര്യങ്ങളാൽ സംഭവിക്കുന്ന ദിശാഭ്രമമാണെന്നാണ് ശാസ്ത്രീയ വിശദീകരണം.
എല്ലാ പക്ഷികളും ഇതിന്റെ ഇരയാകുന്നില്ല എന്നതാണ് കൗതുകകരം. ചില പ്രതേക പക്ഷികൾ മാത്രമാണ് ഇങ്ങനെ ജീവൻ നഷ്ടപ്പെടുന്നത്. 1980-കളിലെ ചില പഠനങ്ങൾ അനുസരിച്ച്, പ്രതിഭാസം ഏറ്റവും ശക്തമായ സമയങ്ങളിൽ ഒരു രാത്രിയിൽ 500 വരെ പക്ഷികളെ ബാധിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പതിനായിരക്കണക്കിന് പക്ഷികൾ ജാതിംഗയിലെ ഈ പ്രതിഭാസത്തിന്റെ ഇരകളായതായി ഗവേഷകർ വിലയിരുത്തുന്നുണ്ട്. നിലവിൽ ഓരോ സീസണിലും നൂറുകണക്കിന് പക്ഷികൾ അപകടത്തിൽപ്പെടാറുണ്ട്.
Jatinga, a small village nestled in the hills of Assam, is famous for a mysterious phenomenon often described as “bird suicide.” Every year between September and November, during foggy and rainy nights, hundreds of birds fly toward artificial lights, lose their sense of direction, and crash into trees, buildings, or the ground. While locals once attributed the events to supernatural forces, scientists believe weather conditions, low visibility, strong winds, and terrain disorient the birds. Studies suggest that thousands of birds have been affected over the past century, with hundreds still falling victim each season.