രാജ്പുത് ചരിത്രത്തിലെ ഏറ്റവും വിവാദ ആചാരം; എന്താണ് ജൗഹർ?

യുദ്ധപരാജയത്തിന് പിന്നാലെ സ്ത്രീകൾ കൂട്ടമായി ആത്മത്യാഗം ചെയ്തിരുന്ന ജൗഹർ ആചാരം
രാജ്പുത് ചരിത്രത്തിലെ ഏറ്റവും വിവാദ ആചാരം; എന്താണ് ജൗഹർ?
Published on

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അതേസമയം ഏറെ കൗതുകമുണർത്തുന്നതുമായ ആചാരങ്ങളിലൊന്നാണ് 'ജൗഹർ'. പ്രധാനമായും രാജസ്ഥാനിലെ രാജ്പുത് വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഈ ആചാരം യുദ്ധവും അധിനിവേശവും നിറഞ്ഞ മധ്യകാല ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങളിൽ നിന്നാണ് രൂപപ്പെട്ടത്. ഒരു രാജ്യം യുദ്ധത്തിൽ പരാജയപ്പെടുമെന്ന് ഉറപ്പാകുമ്പോൾ, ശത്രുസൈന്യത്തിന്റെ തടവിൽ നിന്നും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകാതിരിക്കാനായി സ്ത്രീകൾ കൂട്ടമായി അഗ്നിയിലേക്ക് ചാടി ആത്മത്യാഗം ചെയ്യുന്നതായിരുന്നു ജൗഹർ എന്ന ആചാരം. രാജ്പുത് സമൂഹത്തിൽ ഇത് ആത്മാഭിമാനത്തോടും മാനബഹുമാനത്തോടും ബന്ധപ്പെട്ട ഒരു തീരുമാനമായാണ് കണക്കാക്കപ്പെട്ടിരുന്നത്.

എന്നാൽ ഇന്നത്തെ കാലത്ത് ഈ ആചാരത്തെ സ്ത്രീകൾ നേരിട്ട സാമൂഹിക സമ്മർദ്ദത്തിന്റെയും യുദ്ധത്തിന്റെ ക്രൂരതയുടെയും പ്രതിഫലനമായും വിലയിരുത്തപ്പെടുന്നു. ജൗഹർ കൂടുതലായും നടന്നത് രാജസ്ഥാനിലെ കോട്ടകളിലായിരുന്നു. മധ്യകാല ഇന്ത്യയിൽ രാജ്പുത് രാജ്യങ്ങൾ പലപ്പോഴും ദീർഘകാല ഉപരോധ യുദ്ധങ്ങൾ നേരിട്ടിരുന്നു. ശത്രുസൈന്യം മാസങ്ങളോളം കോട്ട വളഞ്ഞുനിൽക്കുന്ന സാഹചര്യങ്ങളിൽ, അവസാനം പരാജയം ഉറപ്പാണെന്ന് മനസ്സിലായാൽ രാജകുടുംബങ്ങളിലെയും സൈനിക കുടുംബങ്ങളിലെയും സ്ത്രീകൾ ജൗഹറിനൊരുങ്ങുമെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. വലിയ അഗ്നിക്കുഴികൾ തയ്യാറാക്കി സ്ത്രീകളും കുട്ടികളും അതിലേക്ക് ചാടും. അതിന് ശേഷം പുരുഷന്മാർ ‘സാക’ എന്നറിയപ്പെട്ട അവസാന പോരാട്ടത്തിനായി യുദ്ധഭൂമിയിലേക്ക് ഇറങ്ങും. ഇനിയൊരു മടങ്ങിവരവ് ഇല്ല എന്ന് മനസ്സിലാക്കുന്ന നിമിഷമാണത്. ജീവൻ രക്ഷിക്കാനല്ല, അവസാന നിമിഷം വരെ പോരാടാനായിരുന്നു ആ യുദ്ധത്തിന്റെ ലക്ഷ്യം.

രാജ്പുത് ചരിത്രത്തിലെ ഏറ്റവും വിവാദ ആചാരം; എന്താണ് ജൗഹർ?
ഒന്നിന് മീതെ ഒന്നായി കഴുത്തിൽ വലിയ ലോഹവളകൾ, കയാൻ സ്ത്രീകളിലെ 'ലോങ് നെക്ക്'

ജൗഹറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന സ്ഥലം ചിത്തോർഗഢ് കോട്ടയാണ്. പതിമൂന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ ഇവിടെ മൂന്ന് വലിയ ജൗഹർ നടന്നുവെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. ഡൽഹി സുൽത്താനായ അലാവുദ്ദീൻ ഖിൽജി ചിത്തോർ ആക്രമിച്ച സമയത്തും പിന്നീട് ഗുജറാത്ത് സുൽത്താൻ ബഹാദൂർ ഷായുടെയും മുഗൾ ചക്രവർത്തി അക്ബറുടെയും ആക്രമണകാലത്തുമാണ് വലിയ ജൗഹർ സംഭവങ്ങൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു. രാജസ്ഥാനിലെ പല കോട്ടകളുടെയും ചരിത്രത്തിൽ ജൗഹറിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ജൗഹറുമായി ഏറ്റവും കൂടുതൽ ബന്ധിപ്പിക്കപ്പെടുന്ന പേര് റാണി പത്മിനിയുടേതാണ്. അലാവുദ്ദീൻ ഖിൽജി ചിത്തോർ കോട്ട വളഞ്ഞപ്പോൾ റാണി പത്മിനിയും അനേകം സ്ത്രീകളും ജൗഹർ ചെയ്തുവെന്നാണ് ജനകീയ ചരിത്രം പറയുന്നത്.

എന്നാൽ ഈ കഥയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഇന്നും അഭിപ്രായ വ്യത്യാസമുണ്ട്. പിന്നീട് എഴുതപ്പെട്ട സാഹിത്യകൃതികളിലൂടെയും കവിതകളിലൂടെയുമാണ് റാണി പത്മിനിയുടെ കഥ കൂടുതൽ ജനപ്രിയമായത്. എന്നിരുന്നാലും രാജസ്ഥാനിലെ ജനവിശ്വാസങ്ങളിലും ചരിത്രകഥകളിലും ഈ പേര് ഇന്നും വലിയ സ്വാധീനമാണ് ചെലുത്തുന്നത്. മധ്യകാല യുദ്ധങ്ങളിൽ പരാജയപ്പെട്ട രാജ്യങ്ങളിലെ സ്ത്രീകൾ പലപ്പോഴും അടിമത്തത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്ന സാഹചര്യം നിലനിന്നിരുന്നു. അതിനാൽ മാനബഹുമാനം സംരക്ഷിക്കാനുള്ള അവസാന മാർഗമായി ജൗഹർ കണക്കാക്കപ്പെട്ടുവെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നത്. അതേസമയം, സ്ത്രീകൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള അവസരങ്ങൾ വളരെ പരിമിതമായിരുന്ന ഒരു പുരുഷാധിപത്യ സാമൂഹിക സാഹചര്യത്തിന്റെ പ്രതിഫലനമായാണ് ചിലർ ജൗഹറിനെ കാണുന്നത്. അതുകൊണ്ടുതന്നെ, ഒരുവിഭാഗം അതിനെ ആത്മാഭിമാനത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായി കാണുകയും ചെയുന്നു.

രാജ്പുത് ചരിത്രത്തിലെ ഏറ്റവും വിവാദ ആചാരം; എന്താണ് ജൗഹർ?
‘തുറക്കുന്നവൻ മരിക്കും’; കൊച്ചുമകള്‍ക്കായ് മുത്തശ്ശിയുടെ കരുതല്‍; ഒരു ചൈനീസ് ശവകുടീരത്തിന്റെ കഥ

സ്ത്രീകളുടെ അവകാശങ്ങളും യുദ്ധകാല ചരിത്രവും ചർച്ച ചെയ്യപ്പെടുമ്പോൾ ഇന്നും ജൗഹർ പ്രധാന വിഷയമായി ഉയർന്നുവരാറുണ്ട്. ജൗഹർ പിന്നീട് ഇന്ത്യൻ സാഹിത്യത്തിലും ജനകീയ കഥകളിലും സിനിമകളിലും വലിയ രീതിയിൽ അവതരിപ്പിക്കപ്പെട്ടു. രാജസ്ഥാനിലെ രാജ്പുത് ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കവിതകളും കഥകളും ഈ ആചാരത്തെ പരാമർശിക്കുന്നു. ചരിത്രവും ഇതിഹാസവും കലർന്ന രീതിയിലാണ് പലപ്പോഴും ജൗഹർ അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ യഥാർത്ഥ ചരിത്രവും ജനകീയ വിശ്വാസങ്ങളും തമ്മിലുള്ള അതിർത്തി ഈ വിഷയത്തിൽ പലപ്പോഴും മങ്ങിയതായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ച് പദ്മാവത് പുറത്തിറങ്ങിയപ്പോൾ ജൗഹറിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ദേശീയതലത്തിൽ ശക്തമായി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുകോൺ റാണി പത്മിനിയായും രൺവീർ സിങ് അലാവുദ്ദീൻ ഖിൽജിയായും അഭിനയിച്ചു. സിനിമയുടെ ചിത്രീകരണഘട്ടം മുതൽ തന്നെ രാജ്പുത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചുവെന്നാരോപിച്ചായിരുന്നു വിവാദങ്ങൾ.

English Summary: Jauhar was a controversial Rajput ritual in medieval India where women performed mass self-immolation to avoid capture during wars. The practice remains debated as a symbol of honour, patriarchy, and wartime brutality, especially after renewed discussions following the film Padmaavat.

Madism Digital
madismdigital.com