ഭാവന മതി, വീഡിയോ വേണ്ട! കോടികളുടെ പോക്കറ്റ് ടിവി നിര്‍ത്തി പോക്കറ്റ് എഫ്എം ശബ്ദലോകത്തേക്ക് മടങ്ങുമ്പോള്‍

ക്യാമറക്കണ്ണുകള്‍ക്കു തളച്ചിടാനാകാത്ത മനുഷ്യന്റെ ഭാവനയ്ക്കാണു തങ്ങള്‍ വില കല്‍പ്പിക്കുന്നതെന്ന് പോക്കറ്റ് എഫ്എം അടിവരയിട്ടു പറയുന്നു
ഭാവന മതി, വീഡിയോ വേണ്ട! കോടികളുടെ പോക്കറ്റ് ടിവി നിര്‍ത്തി പോക്കറ്റ് എഫ്എം ശബ്ദലോകത്തേക്ക് മടങ്ങുമ്പോള്‍
Published on

ക്രീം നിറമുള്ള ആ പഴയ റേഡിയോ സെറ്റിന്റെ തിരുക്കുകളിലൂടെ നമ്മള്‍ കേട്ട ആകാശവാണിയുടെ നാടകങ്ങള്‍ ഓര്‍മയുണ്ടോ? ശബ്ദങ്ങള്‍ കൊണ്ട് മാത്രം ഒരു വലിയ പ്രപഞ്ചം നമ്മുടെ ചെറിയ മുറിക്കുള്ളില്‍ സൃഷ്ടിക്കപ്പെട്ടിരുന്ന ആ കാലം. അണിയറയിലെ കര്‍ട്ടനുകളോ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളോ, അഭിനേതാക്കളുടെ മുഖഭാവങ്ങളോ കാണാതെ, കേവലം ഒരു ശബ്ദത്തിന്റെ വിറയലില്‍ നമ്മള്‍ കണ്ണീര്‍ വാര്‍ത്തു. ഒരു ചിരിയില്‍ നമ്മള്‍ സന്തോഷിച്ചു.

കാലം മാറി. സ്മാര്‍ട്ട്ഫോണുകളും റീലുകളും ഇന്‍സ്റ്റഗ്രാമും നമ്മുടെ കാഴ്ചകളെ പൂര്‍ണമായി കീഴ്‌പ്പെടുത്തി. അഞ്ച് സെക്കന്‍ഡിനുള്ളില്‍ കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ പെടാപ്പാടുപെടുന്ന 'മൈക്രോഡ്രാമ' എന്ന കോടികളുടെ വീഡിയോ ബിസിനസിലേക്കു ലോകമെമ്പാടുമുള്ള വമ്പന്‍ കമ്പനികള്‍ വണ്ടിപിടിച്ചതും അതുകൊണ്ടാണ്. എന്നാല്‍, എല്ലാവരും കാഴ്ചകളുടെ ആ മായികലോകത്തേക്ക് ഓടുമ്പോള്‍, അവിടെനിന്നു തിരിഞ്ഞുനടന്ന് തങ്ങളുടെ പഴയ 'ശബ്ദ സാമ്രാജ്യത്തിലേക്ക്' മടങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓഡിയോ പ്ലാറ്റ്ഫോമായ പോക്കറ്റ് എഫ്എം. തങ്ങളുടെ വിപ്ലവകരമായ വീഡിയോ പ്രോജക്റ്റായിരുന്ന പോക്കറ്റ് ടിവി വെറും അഞ്ച് മാസം കൊണ്ട് പൂട്ടിക്കെട്ടിക്കൊണ്ടാണ് അവര്‍ ഈ വന്‍ യൂടേണ്‍ എടുത്തിരിക്കുന്നത്. ക്യാമറക്കണ്ണുകള്‍ക്കു തളച്ചിടാനാകാത്ത മനുഷ്യന്റെ ഭാവനയ്ക്കാണു തങ്ങള്‍ വില കല്‍പ്പിക്കുന്നതെന്ന് പോക്കറ്റ് എഫ്എം അടിവരയിട്ടു പറയുന്നു.

''അര്‍ധരാത്രിയില്‍ വിജനമായ ആ പഴയ തറവാട്ടുമുറ്റത്തേക്ക് അവള്‍ നടന്നുചെന്നു...'' എന്നൊരു ശബ്ദം കാതില്‍ വീഴുമ്പോള്‍, ലക്ഷക്കണക്കിനു കേള്‍വിക്കാരുടെ മനസ്സില്‍ രൂപപ്പെടുന്നത് ലക്ഷം തരത്തിലുള്ള തറവാടുകളായിരിക്കും.

എന്തുകൊണ്ട് കാഴ്ചയേക്കാള്‍ വലിയത് കേള്‍വി?

ഒരു സിനിമയോ വീഡിയോയോ കാണുമ്പോള്‍ നിങ്ങളുടെ ഭാവനയ്ക്ക് അവിടെ വലിയ സ്ഥാനമില്ല. സംവിധായകന്‍ കാണിച്ചുതരുന്ന ചുവന്ന കാറും നായകന്റെ നീല ഷര്‍ട്ടും വില്ലന്റെ ക്രൂരമായ മുഖവും നിങ്ങള്‍ അതേപടി സ്വീകരിക്കണം. അവിടെ നിങ്ങളുടെ മനസ്സിന് അധ്വാനമില്ല.

ഭാവന മതി, വീഡിയോ വേണ്ട! കോടികളുടെ പോക്കറ്റ് ടിവി നിര്‍ത്തി പോക്കറ്റ് എഫ്എം ശബ്ദലോകത്തേക്ക് മടങ്ങുമ്പോള്‍
എഐ വിപ്ലവം ടെക് മേഖലയെ ചെലവേറിയതാക്കുന്നു, എന്തുകൊണ്ടാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയത്?

എന്നാല്‍ ഓഡിയോ സ്റ്റോറികള്‍ അങ്ങനെയല്ല. അത് കേള്‍വിക്കാരനെക്കൂടി ഒരു സഹസംവിധായകനാക്കുകയാണ് ചെയ്യുന്നത്. ''അര്‍ധരാത്രിയില്‍ വിജനമായ ആ പഴയ തറവാട്ടുമുറ്റത്തേക്ക് അവള്‍ നടന്നുചെന്നു...'' എന്നൊരു ശബ്ദം കാതില്‍ വീഴുമ്പോള്‍, ലക്ഷക്കണക്കിനു കേള്‍വിക്കാരുടെ മനസ്സില്‍ രൂപപ്പെടുന്നത് ലക്ഷം തരത്തിലുള്ള തറവാടുകളായിരിക്കും. ഒരാള്‍ തന്റെ കുട്ടിക്കാലത്തു കണ്ട തറവാടോര്‍ക്കുമ്പോള്‍, മറ്റൊരാള്‍ മനസ്സില്‍ ഭയത്തോടെ നെയ്‌തെടുത്ത മറ്റൊരു വീടായിരിക്കും കാണുക. അവിടെ നായികയുടെ മുഖം തീരുമാനിക്കുന്നത് കേള്‍വിക്കാരനാണ്. ഈ സ്വാതന്ത്ര്യമാണ് കഥപറച്ചിലിന്റെ ഏറ്റവും വലിയ മാന്ത്രികതയെന്നു പോക്കറ്റ് എഫ്എമ്മിന്റെ പിന്മാറ്റം നമ്മെ ഓര്‍മിപ്പിക്കുന്നു.

കാഴ്ചകള്‍ മടുപ്പിക്കുന്ന മനുഷ്യര്‍

റീലുകളും ഷോര്‍ട്‌സുകളും കണ്ട് കണ്ണും മനസും മടുത്ത ഒരു വലിയ വിഭാഗം ആളുകള്‍ ഇന്നു നമുക്ക് ചുറ്റുമുണ്ട്. സ്‌ക്രീനിലേക്ക് നോക്കിയിരുന്ന് കണ്ണ് വേദനിക്കുമ്പോഴും ഡിജിറ്റല്‍ ഡിറ്റോക്‌സിനെക്കുറിച്ച് ചിന്തിക്കുമ്പോഴും അവര്‍ക്ക് അഭയമാകുന്നത് ഓഡിയോ സ്റ്റോറികളാണ്. ഓഫീസിലേക്കുള്ള ദീര്‍ഘദൂര യാത്രകളില്‍, അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍, രാത്രിയില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍... കാഴ്ചകള്‍ക്കു സാധിക്കാത്ത ഒരിടം ശബ്ദങ്ങള്‍ക്ക് കൈവരുന്നുണ്ട്. കണ്ണുകള്‍ അടച്ചുപിടിച്ചും നമുക്ക് കഥകളുടെ ലോകത്ത് സഞ്ചരിക്കാം.

ബിസിനസിനപ്പുറം ഒരു മനുഷ്യപക്ഷ വായന

പോക്കറ്റ് ടിവി പൂട്ടിയതിനെക്കുറിച്ച് കമ്പനി സിഇഒ രോഹന്‍ നായക് പറഞ്ഞത് വളരെ ലളിതമായൊരു കാര്യമാണ്. ''ഉപയോക്താക്കളെ അനാവശ്യ പരസ്യങ്ങള്‍ കൊണ്ടും കബളിപ്പിക്കുന്ന ചതിക്കുഴികള്‍ കൊണ്ടും പ്ലാറ്റ്‌ഫോമില്‍ പിടിച്ചിരുത്തുന്ന വീഡിയോ തന്ത്രങ്ങളോട് ഞങ്ങള്‍ക്കു യോജിപ്പില്ല. ഒരു നല്ല കഥ കേള്‍ക്കാന്‍ മനുഷ്യനെന്നും കാതോര്‍ക്കും. അത് പൂര്‍വികര്‍ തീകായുന്ന ഇടങ്ങളിലിരുന്ന് പറഞ്ഞുതന്ന മുത്തശ്ശിക്കഥകള്‍ മുതല്‍ ഇന്നത്തെ സ്മാര്‍ട്ട്ഫോണ്‍ ഓഡിയോകള്‍ വരെ എത്തിനില്‍ക്കുന്നു. ആ കഥപറച്ചിലിന്റെ പാരമ്പര്യത്തിലാണ് പോക്കറ്റ് എഫ്എം വിശ്വസിക്കുന്നത്.''

ക്യാമറയും ലൈറ്റും ആക്ഷനും ഇല്ലാതെ, കേവലം ഒരു മനുഷ്യശബ്ദത്തിന്റെ ചൂടും ഈര്‍പ്പവും കൊണ്ട് ഇനിയും കോടിക്കണക്കിനു മനുഷ്യരെ തങ്ങള്‍ വിസ്മയിപ്പിക്കുമെന്നാണ് ഈ യൂടേണിലൂടെ പോക്കറ്റ് ടിവി തെളിയിക്കുന്നത്. കാഴ്ചകളുടെ അതിപ്രസരമുള്ള ഈ കാലത്ത്, ഞങ്ങള്‍ക്കു ശബ്ദങ്ങള്‍ മതിയെന്നു വിളിച്ചുപറയുന്ന ഈ നീക്കം വെറുമൊരു ബിസിനസ് തന്ത്രമല്ല, അത് മനുഷ്യന്റെ ഭാവനയ്ക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ്.

Summary

While the world is rushing toward visual content, India's largest audio platform, Pocket FM, is turning back to its roots—its "audio empire." The company has taken a massive U-turn by shutting down its ambitious video project, Pocket TV, just five months after its launch. Through this move, Pocket FM emphasizes its core belief: they value human imagination, which cannot be confined by a camera lens.

Madism Digital
madismdigital.com