ഏഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ; ചരിത്രം കുറിച്ച് കുഞ്ഞു നിലനും അമ്മ അനുശ്രീയും

ഹിമാലയത്തിന്റെ മഞ്ഞുമൂടിയ പാതകളിലൂടെ നടന്ന ആ യാത്ര എളുപ്പമായിരുന്നില്ല. തണുപ്പും ഉയരവും ക്ഷീണവും എല്ലാം അവരെ പരീക്ഷിച്ചു
ഏഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ; ചരിത്രം കുറിച്ച് കുഞ്ഞു നിലനും അമ്മ അനുശ്രീയും
Published on

“അടുത്തിടെ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ആരാണ്?”

പിഎസ്‌സി ചോദ്യപേപ്പറുകളിൽ പോലും ഇടംപിടിച്ച ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ന് പലർക്കും അറിയാം — നിലൻ എ. ശ്രീജിത്ത്.

എന്നാൽ ആ പേരിന് പിന്നിൽ ഒരു നേട്ടത്തിന്റെ കഥ മാത്രമല്ല, ഒരു കുഞ്ഞിന്റെ സ്വപ്നത്തിന്റെയും ഒരു അമ്മയുടെ പ്രചോദനത്തിന്റെയും മനോഹരമായ യാത്രയുമുണ്ട്.

നിലന്റെ അമ്മ അനുശ്രീക്ക് ട്രെക്കിംഗ് എന്നത് കേവലമൊരു വിനോദമോ താല്പര്യമോ ആയിരുന്നില്ല, അതൊരു അതിജീവനമായിരുന്നു. പ്രൊഫഷൻ കൊണ്ട് ഇലക്ട്രിക്കൽ എഞ്ചിനീയറായ അനുശ്രീയുടെ ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു ഘട്ടത്തിലാണ് കാടും മലകളും അവരിലേക്ക് നടന്നു കയറിയത്. പതറിപ്പോയ നിമിഷങ്ങളിൽ, മലനിരകൾ അനുശ്രീക്ക് ആശ്വാസത്തിന്റെ തണലും, നഷ്ടപ്പെട്ട ആത്മവിശ്വാസവും, ഒടുവിൽ തന്നെത്തന്നെ തിരിച്ചറിയാനുള്ള കരുത്തുമേകി.

ട്രെക്കിംഗ് എപ്പോഴും എന്നെ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ സഹായിച്ചിട്ടുണ്ട്. നമ്മുടെ കംഫർട് സോണിൽ നിന്ന് പുറത്തുകടക്കുമ്പോഴാണ് യഥാർത്ഥ യാത്ര ആരംഭിക്കുന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടി വരും. കഠിനമാണത്, പക്ഷേ നമ്മളിൽ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ കരുത്ത് എന്തെന്ന് തിരിച്ചറിയാൻ അത് സഹായിക്കും,"- അനുശ്രീ പറയുന്നു.

ദിവസവും ആറും ഏഴും കിലോമീറ്റർ നടക്കുക എന്നത് അവരുടെ ദിനചര്യയുടെ ഭാഗമായി മാറി. ആ കുഞ്ഞുകാലുകൾക്ക് കരുത്തേകാൻ അമ്മയ്ക്കൊപ്പം നിലൻ ജിമ്മിലുമെത്തി. തന്റെ പ്രായത്തിന് താങ്ങാനാകുന്ന ലഘുവായ വ്യായാമങ്ങളിലൂടെ അവൻ ഹിമാലയം കയറാൻ സ്വന്തം ശരീരത്തെ പാകപ്പെടുത്തിയെടുത്തു.

അനുശ്രീയുടെ ബന്ധുവിനും ഒരു സുഹൃത്തിനുമൊപ്പം മൂന്ന് വനിതകൾ ചേർന്ന് അഗസ്ത്യാർകൂടത്തേക്ക് നടത്തിയ യാത്രയാണ് പലതിനും തുടക്കമിട്ടത്. അവിടെവെച്ച് പരിചയപ്പെട്ട കുറച്ച് യുവാക്കളുമായി ചേർന്ന് അവർ ഒരു കൂട്ടായ്മ രൂപീകരിച്ചു. ആ ഗ്രൂപ്പിലെ ചർച്ചകളിൽ നിന്നാണ് പിന്നീട് കർണാടകയിലെ കുദ്രേമുഖ്, നേത്രാവതി തുടങ്ങിയ ദുർഘട പാതകളിലേക്ക് അവർ യാത്ര തിരിച്ചത്.

ഓരോ യാത്രയും കഴിഞ്ഞ് പുതിയൊരു ഊർജ്ജവുമായി അമ്മ വീട്ടിൽ തിരിച്ചെത്തുമ്പോൾ പങ്കുവെച്ച കഥകളും ചിത്രങ്ങളുമാണ് മകൻ നിലന്റെ ലോകം മാറ്റിയത്. അമ്മ പറഞ്ഞുകൊടുത്ത ഓരോ കഥയും അവന്റെ മനസ്സിൽ പുതിയൊരു ലോകം തുറന്നുകൊടുത്തു. മേഘങ്ങൾ തൊടുന്ന കൊടുമുടികളും കാടുകളിലൂടെ നീളുന്ന വഴികളും അവന്റെ ഭാവനയിൽ ജീവൻ പ്രാപിച്ചു. അപ്പോഴൊക്കെ അവനൊരു വലിയ പരിഭവമുണ്ടായിരുന്നു— "എന്നെ എന്താ അമ്മ ട്രെക്കിങ്ങിനൊന്നും കൊണ്ടുപോകാത്തെ?" കേരളത്തിലെ മിക്ക ട്രെക്കിങ്ങുകളിലും കുട്ടികൾക്ക് പ്രവേശനമില്ലാത്തതിനാൽ അനുശ്രീക്ക് അവനെ ഒപ്പം കൂട്ടാൻ കഴിഞ്ഞിരുന്നില്ല.

പണം സ്വരൂപിച്ച് കിളിമഞ്ചാരോ, മൗണ്ട് കെനിയ, എവറസ്റ്റ് ബേസ് ക്യാമ്പ് എന്നിവ പൂർത്തിയാക്കണമെന്നും, എന്നെങ്കിലുമൊരിക്കൽ എവറസ്റ്റ് കീഴടക്കണമെന്നും അനുശ്രീക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതകൾ വലുതാണെങ്കിലും, ആഗ്രഹിക്കുന്നതിന് ചിലവില്ലല്ലോ എന്ന് അവർ വിശ്വസിച്ചു. മാനിഫെസ്റ്റേഷനിൽ ഉറച്ചു വിശ്വസിച്ചിരുന്ന അവർക്ക് മുന്നിലേക്ക്, പ്രശസ്ത പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ കേരളത്തിൽ നിന്നുള്ള വനിതകളെ മാത്രം ഉൾപ്പെടുത്തി എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് നടത്തുന്ന യാത്രയുടെ ഒരു വീഡിയോ നിമിത്തം പോലെ വന്നെത്തി. പ്രപഞ്ചം തനിക്കായി കാണിച്ചുതന്ന വഴിയായാണ് അനുശ്രീ അതിനെ കണ്ടത്.

ആ വലിയ ചോദ്യം: "ഞാൻ കൂടെ വരട്ടെ?"

ഈ യാത്രയെക്കുറിച്ചുള്ള ഒരു മീറ്റിങ്ങിലെ സംസാരം കേട്ടപ്പോഴാണ് നിലന് വല്ലാതെ സങ്കടം വന്നത്. "ഞാൻ കൂടെ വരട്ടെ, എന്നെ എന്താ അമ്മ കൊണ്ടുപോകാത്തെ?" അവൻ ചോദിച്ചു. ആ ചോദ്യം വെറുമൊരു കൗതുകമായിരുന്നില്ല, മലകളെ കാണാനുള്ള ഒരു കുഞ്ഞിന്റെ അടങ്ങാത്ത സ്വപ്നമായിരുന്നു. കുട്ടികൾ നമ്മളെ കണ്ടാണ് എല്ലാം പഠിക്കുന്നതെന്നും, താൻ ചെയ്യുന്ന കാര്യങ്ങൾ അവനിൽ വലിയൊരു ഇൻസ്പിറേഷൻ ആകുന്നുവെന്നുമുള്ള തിരിച്ചറിവ് അനുശ്രീയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ആ ചോദ്യമാണ് അവനെയും ഈ വലിയ ട്രെക്കിങ്ങിലേക്ക് കൊണ്ടുവരാനുള്ള യഥാർത്ഥ 'സ്റ്റെപ്പിംഗ് സ്റ്റോൺ' ആയത്.

ആ സ്വപ്നം വളർന്നു. ഒടുവിൽ ഒരുദിവസം അമ്മയും മകനും ചേർന്ന് ഒരു വലിയ ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ചു — ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായ നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്.

ഹിമാലയത്തിന്റെ മഞ്ഞുമൂടിയ പാതകളിലൂടെ നടന്ന ആ യാത്ര എളുപ്പമായിരുന്നില്ല. തണുപ്പും ഉയരവും ക്ഷീണവും എല്ലാം അവരെ പരീക്ഷിച്ചു. പക്ഷേ രണ്ടുപേരുടെയും മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ — സ്വപ്നത്തിലെ മലകളെ നേരിൽ കാണണം.

"എല്ലാം നിർത്തി ഇവിടെവെച്ച് മടങ്ങിയാലോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചുപോയിട്ടുണ്ട്,"

അനുശ്രീ

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗ് പാതകളിലൊന്നിലേക്ക് ഒരു ഏഴ് വയസ്സുകാരനെ കൂട്ടിക്കൊണ്ടുപോകുക എന്ന ആശയം അനുശ്രീയെയും ഭർത്താവ് ശ്രീജിത്തിനെയും ഒരേപോലെ ആശങ്കപ്പെടുത്തിയിരുന്നു.

കൊടുംതണുപ്പും, ഓക്സിജൻ കുറഞ്ഞ അന്തരീക്ഷവും, ദിവസങ്ങൾ നീളുന്ന നടത്തവും അവരുടെ ഉറക്കം കെടുത്തി. പക്ഷേ ആ ആശങ്കകളെ മറികടന്നത് നിലന്റെ ആവേശമായിരുന്നു. എവറസ്റ്റിനെക്കുറിച്ച് കേൾക്കുമ്പോഴെല്ലാം അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ആ തിളക്കമാണ് ഒടുവിൽ ആ കുടുംബത്തെ ഈ വലിയ തീരുമാനത്തിലേക്ക് നയിച്ചത്.

അങ്ങനെ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ വലിയ സ്വപ്നത്തിന് ചിറകുമുളപ്പിക്കാൻ അമ്മയും മകനും ഒരുക്കങ്ങൾ തുടങ്ങി. ദിവസവും ആറും ഏഴും കിലോമീറ്റർ നടക്കുക എന്നത് അവരുടെ ദിനചര്യയുടെ ഭാഗമായി മാറി. ആ കുഞ്ഞുകാലുകൾക്ക് കരുത്തേകാൻ അമ്മയ്ക്കൊപ്പം നിലൻ ജിമ്മിലുമെത്തി. തന്റെ പ്രായത്തിന് താങ്ങാനാകുന്ന ലഘുവായ വ്യായാമങ്ങളിലൂടെ അവൻ ഹിമാലയം കയറാൻ സ്വന്തം ശരീരത്തെ പാകപ്പെടുത്തിയെടുത്തു.

ഹിമാലയൻ വഴികളിലെ അഗ്നിപരീക്ഷ

പ്രശസ്ത പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനും സംഘത്തിനുമൊപ്പമായിരുന്നു അവരുടെ യാത്ര. മെയ് ഒന്നിന് അവർ കേരളത്തിൽ നിന്ന് ഹിമാലയത്തിലേക്ക് വണ്ടികയറി. ലുക്ലയിൽ നിന്ന് തുടങ്ങി നാംചെ ബസാർ, തെങ്ബോച്ചെ, ഡിങ്ബോച്ചെ, ലോബുച്ചെ, ഗോരക്‌ഷെപ് തുടങ്ങിയ ദുർഘടമായ ഹിമാലയൻ മഞ്ഞുപാതകൾ അവർ ഒന്നിനുപുറകെ ഒന്നായി ചവിട്ടിക്കയറി. എന്നാൽ, ആ യാത്ര അവർ ഭാവനയിൽ കണ്ടതിനേക്കാൾ എത്രയോ മടങ്ങ് കഠിനവും ഭയാനകവുമായിരുന്നു.

യാത്രയ്ക്കായി നാട്ടിൽ വെച്ച് ദിവസവും ശരാശരി 7 കിലോമീറ്റർ നടന്നും ജിമ്മിൽ പോയും കഠിന പരിശീലനം നടത്തിയിരുന്നു. എന്നാൽ ഹിമാലയത്തിൽ ചെന്നപ്പോൾ നേരിട്ട യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യ ദിവസം തന്നെ "ഇത് നടക്കില്ല" എന്ന് തോന്നിപ്പിക്കുന്ന കടുത്ത നെഗറ്റീവ് ഫീലാണ് അനുശ്രീക്ക് ഉണ്ടായത്.

കൂടെയുള്ളവരെല്ലാം അപരിചിതരായതിനാൽ തുടക്കത്തിൽ ആരോടും ഒന്നും തുറന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാവരും പല വേഗതയിലാണ് നടന്നിരുന്നത്. നിലൻ ചെറിയ കുട്ടിയായതുകൊണ്ട് അവർ രണ്ടുപേരും ഏറ്റവും പുറകിലായിപ്പോയി. അടുത്ത ഡെസ്റ്റിനേഷനിൽ എത്തിച്ചേരാൻ അവർ ഒരുപാടധികം സമയമെടുത്തു.

"എല്ലാം നിർത്തി ഇവിടെവെച്ച് മടങ്ങിയാലോ എന്ന് ഞാൻ പലവട്ടം ചിന്തിച്ചുപോയിട്ടുണ്ട്," അനുശ്രീ പറയുന്നു. പ്രതികൂലമായ കാലാവസ്ഥ തന്നെയായിരുന്നു ഏറ്റവും വലിയ വില്ലൻ. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്തോറും കൊടുംതണുപ്പും ശാരീരികമായ അസ്വസ്ഥതകളും അവരെ വല്ലാതെ തളർത്തി.

"ഒരുദിവസം, ഏകദേശം 4,400 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ തണുപ്പ് അവന് താങ്ങാവുന്നതിലും അപ്പുറമായി. അസ്ഥി തുളച്ചുകയറുന്ന ആ തണുപ്പിൽ, വിറങ്ങലിച്ച്, കരഞ്ഞുകരഞ്ഞാണ് അന്ന് അവൻ ഉറങ്ങിപ്പോയത്. എന്റെയുള്ളിലെ അമ്മയെ പൂർണ്ണമായും തകർത്തുകളഞ്ഞ നിമിഷമായിരുന്നു അത്," അനുശ്രീയുടെ വാക്കുകളിൽ ഇപ്പോഴും ആ നടുക്കമുണ്ട്. "പത്ത് കിലോയിലധികം ഭാരമുള്ള ബാക്ക്പാക്കും ചുമന്ന്, ഒപ്പം ആർത്തവ വേദനയും സഹിച്ച് ഞാൻ അപ്പോഴേക്കും വല്ലാതെ തളർന്നിരുന്നു. എന്റെയീ വലിയ സ്വപ്നത്തിന്റെ പേരിൽ ഞാൻ ആ കുഞ്ഞിനെ ശിക്ഷിക്കുകയാണോ എന്ന് പലവട്ടം ഞാൻ എന്നോട് തന്നെ ചോദിച്ചുപോയി."

എന്നാൽ അമ്മയുടെ ആത്മവിശ്വാസം തളർന്നപ്പോൾ അവിടെ കാവലായത് മകൻ തന്നെയാണ്. "ഒരു ദിവസം രാവിലെ എന്നെ വല്ലാതെ ക്ഷീണിതയായി കണ്ടപ്പോൾ അവൻ എന്റെയടുത്തു വന്ന് പറഞ്ഞു, 'അമ്മ വിഷമിക്കേണ്ട, ഞാനില്ലേ കൂടെ. വേണമെങ്കിൽ ഞാൻ അമ്മയെ എടുത്തോളാം'. അവന് അതിന് കഴിയില്ലെന്നെനിക്കറിയാം, പക്ഷേ അവനത് പറഞ്ഞപ്പോൾ ആ വാക്കുകൾ മുന്നോട്ട് പോകാൻ എനിക്ക് നൽകിയ ഊർജ്ജം ചെറുതല്ല," അനുശ്രീ പുഞ്ചിരിയോടെ ഓർക്കുന്നു.

യാത്രയ്ക്ക് പുറപ്പെടും മുൻപ് അനുശ്രീ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ചിത്രം ക്രിയേറ്റ് ചെയ്തിരുന്നു— അനുശ്രീയും മോനും എവറസ്റ്റ് ബേസ് ക്യാമ്പിൽ ഇന്ത്യൻ പതാകയും പിടിച്ച് നിൽക്കുന്ന ഒരു വിഷ്വലൈസേഷൻ ചിത്രം. യാത്രയിൽ ഓരോ തവണ തളരുമ്പോഴും, പരസ്പരം മോട്ടിവേറ്റ് ചെയ്യാൻ അവർ ആ ഫോട്ടോയായിരുന്നു നോക്കിയിരുന്നത്. വിഷ്വലൈസ് ചെയ്ത ആ സ്വപ്നം എട്ടാം ദിവസം അവർ യാഥാർത്ഥ്യമാക്കി.

'ഇനി അടുത്തത് എന്താണ് നിന്റെ ലക്ഷ്യം?'" ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ മറുപടി നൽകി, "അടുത്തതായി എനിക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കണം."

മരവിപ്പിക്കുന്ന കാറ്റിനെയും, കുത്തനെയുള്ള കയറ്റങ്ങളെയും അതിജീവിച്ച് ഒടുവിൽ മെയ് ഒൻപതിന് അവർ ആ സ്വപ്നഭൂമി തൊട്ടു—സമുദ്രനിരപ്പിൽ നിന്നും 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പ്. "അവിടെയെത്തിയ ആ നിമിഷത്തിൽ, ഞങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾക്കെല്ലാം ഫലമുണ്ടായെന്ന് എനിക്ക് തോന്നി,"- അനുശ്രീ പറയുന്നു.

നിലനെ സംബന്ധിച്ചിടത്തോളം ആ യാത്ര മുഴുവൻ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. "അവിടെ എത്തിയപ്പോഴാണ് ഞാൻ ആദ്യമായി മഞ്ഞ് പെയ്യുന്നത് കാണുന്നത്. ഞാൻ മഞ്ഞുകട്ടകൾ ഉണ്ടാക്കി അവിടെ എറിഞ്ഞു കളിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അവരുടെ ദേശീയ പതാകകളും പിടിച്ച് നിൽക്കുന്നത് കണ്ടു. മഞ്ഞിൽ 'I went to EBC' എന്ന് ഞാൻ എഴുതിവെക്കുകയും ചെയ്തു," നിലൻ ആവേശത്തോടെ പറയുന്നു.

ലക്ഷ്യബോധമുള്ള ഒരു തലമുറയ്ക്കായി

ഈ യാത്രയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു വലിയ സന്ദേശം കൂടി ആ അമ്മയും മകനും ലോകത്തിന് നൽകി. മടക്കയാത്രയിൽ, മലമ്പാതകളിൽ മറ്റുള്ളവർ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചാണ് അവർ താഴേക്കിറങ്ങിയത്. കൂടുതൽ ഉത്തരവാദിത്തമുള്ള ട്രെക്കിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും, ഹിമാലയത്തിന്റെ ലോലമായ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഈ യാത്രയ്ക്കുണ്ടായിരുന്നു.

നേപ്പാളിൽ നിന്ന് അവർ തിരിച്ചുകൊണ്ടുവന്ന ഒട്ടേറെ ഓർമ്മകളിൽ, ഒരു വിദേശിയുമായുള്ള സംഭാഷണം അനുശ്രീയുടെ ഹൃദയത്തോട് എപ്പോഴും ചേർന്നുനിൽക്കുന്ന ഒന്നാണ്. "ട്രെക്കിംഗ് പൂർത്തിയാക്കിയ ശേഷം, വിദേശിയായ ഒരു യാത്രികൻ എന്റെ അടുത്തുവന്ന് പറഞ്ഞു, 'ഭാവിയിലേക്കുള്ള പർവതാരോഹകരെ വാർത്തെടുക്കുന്നതിന് നന്ദി'. അതിനുശേഷം അദ്ദേഹം നിലനോട് ചോദിച്ചു, 'ഇനി അടുത്തത് എന്താണ് നിന്റെ ലക്ഷ്യം?'"

ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ മറുപടി നൽകി, "അടുത്തതായി എനിക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കണം."

നിലന്റെ ഈ വലിയ നേട്ടത്തിന് ഔദ്യോഗിക റെക്കോർഡിനായി അപേക്ഷിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഇതിന് വലിയൊരു തുക ചെലവ് വരും. എങ്കിലും, തനിക്കറിയാവുന്നതിലും എത്രയോ വലിയൊരു ലോകം കണ്ടറിഞ്ഞ്, ഓരോ ചുവടിലും അമ്മയ്ക്കൊപ്പം കരുത്തോടെ നടന്നുകയറിയ ആ കൊച്ചുമിടുക്കന്റെ മനോഹരമായ ഓർമ്മകളാണ് ആ കുടുംബത്തിന് ഇന്നുള്ള ഏറ്റവും വലിയ സമ്പാദ്യം. തിരുവനന്തപുരം കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിലൻ.

ചില സ്വപ്നങ്ങൾ നമ്മൾ മക്കൾക്ക് കാണിച്ചുകൊടുക്കുന്നതാണ്. എന്നാൽ മറ്റുചില സ്വപ്നങ്ങളുണ്ട്, അത് കുട്ടികൾ അവരുടെ കുഞ്ഞിക്കൈകളിൽ പിടിച്ച് നമ്മെക്കൊണ്ട് കാണിപ്പിക്കുന്നതാണ്. നിലന്റെ എവറസ്റ്റ് യാത്ര ഇതിൽ രണ്ടാമത്തേതായിരുന്നു; ഒരു കുഞ്ഞിന്റെ വലിയ സ്വപ്നത്തിന് പിന്നാലെ, ഒരു കുടുംബം മുഴുവൻ പിച്ചവെച്ച മനോഹരമായ കഥ.

Summary

English Summary

Seven-year-old Nilan A. Sreejith, a student from Thiruvananthapuram, recently made history by successfully trekking to the Everest Base Camp (EBC). His journey was not just a physical feat but a deeply emotional expedition shared with his mother, Anusree—an electrical engineer and passionate trekker. Inspired by his mother’s previous adventures, Nilan dreamt of exploring the mountains himself.

Madism Digital
madismdigital.com