ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം രാത്രികാലങ്ങളിലെ താപനില ഉയരുന്നത് ഇന്ത്യക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതായി പഠനം. ചൂടുകൂടിയ രാത്രികള്‍ കാരണം ഏറ്റവും കൂടുതല്‍ ഉറക്കം നഷ്ടപ്പെടുന്ന ലോകത്തിലെ പ്രധാന മേഖലകളിലൊന്നായി ദക്ഷിണേന്ത്യ മാറിയിരിക്കുന്നു എന്ന് ആഗോള കാലാവസ്ഥാ ഗവേഷണ സംഘടനയായ 'ക്ലൈമറ്റ് സെന്‍ട്രല്‍' നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള 1,338 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. പഠനത്തില്‍ 1970-കളുടെ തുടക്കം മുതല്‍ മിക്ക നഗരങ്ങളിലും ചൂട് മൂലമുള്ള ഉറക്കനഷ്ടം ഇരട്ടിയായതായി കണ്ടെത്തി. 2020 മുതല്‍ 2025 വരെ, ഉയര്‍ന്ന രാത്രികാല താപനില കാരണം ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി 56 മണിക്കൂറോളം ഉറക്കം നഷ്ടപ്പെട്ടതായി പഠനം വ്യക്തമാക്കുന്നു. ഇതില്‍ 10 ശതമാനത്തിലേറെ ഉറക്കനഷ്ടം ഫോസില്‍ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗവും വനനശീകരണവും മൂലം രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ഫലമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷം
മിഡില്‍ ഈസ്റ്റിന് പുറത്തുള്ള ഏറ്റവും കൂടുതല്‍ ബാധിത പ്രദേശങ്ങളിലൊന്നായി ദക്ഷിണേന്ത്യ മാറിയിട്ടുണ്ട്. ഉയര്‍ന്ന രാത്രികാല താപനില കാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിവര്‍ഷം 78 മുതല്‍ 91 മണിക്കൂര്‍ വരെ ഉറക്കമാണ് ആളുകള്‍ക്ക് നഷ്ടപ്പെടുന്നത്. ഇതില്‍ 8 മുതല്‍ 9 മണിക്കൂര്‍ വരെയുള്ള ഉറക്കനഷ്ടം നേരിട്ട് കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്നതാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉറക്കം നഷ്ടപ്പെടുന്നത് പുതുച്ചേരിയിലാണ്. ഈ കേന്ദ്രഭരണ പ്രദേശത്ത് പ്രതിവര്‍ഷം ഒരാള്‍ക്ക് 92 മണിക്കൂര്‍ ഉറക്കനഷ്ടമുണ്ടാകുന്നു. രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശാണ്. ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം 88.6 മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നു. മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 88.3 മണിക്കൂര്‍ ഒരാള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ട്. ഇതില്‍ 6 മണിക്കൂറും കാലാവസ്ഥാ വ്യതിയാനം മൂലം നേരിട്ടുണ്ടാകുന്നതാണ്. കേരളത്തിലെ നാല് പ്രധാന നഗരങ്ങളിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.
84 മണിക്കൂര്‍ വാര്‍ഷിക ഉറക്കനഷ്ടവുമായി തമിഴ്‌നാട് നാലാം സ്ഥാനത്താണെങ്കിലും കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനം തമിഴ്‌നാടാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള താപവര്‍ധന കാരണം തമിഴ്‌നാട്ടില്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം അധികമായി 7.9 മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകയില്‍ പ്രതിവര്‍ഷം 72 മണിക്കൂര്‍ ഉറക്കനഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതില്‍ 7.8 മണിക്കൂര്‍ നേരിട്ട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണ്. അതേസമയം, രാജസ്ഥാനില്‍ (7 മണിക്കൂര്‍) ആകെ ഉറക്കനഷ്ടം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഏഴ് മണിക്കൂര്‍ ഉറക്കനഷ്ടം രേഖപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയില്‍ 76.3 മണിക്കൂറും ഉത്തര്‍പ്രദേശില്‍ 69 മണിക്കൂറും ഉറക്കം നഷ്ടപ്പെടുന്നുണ്ട്.
ഇന്ത്യയിലെ എട്ട് പ്രധാന മെട്രോ നഗരങ്ങളില്‍, ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ ഉറക്കനഷ്ടം രേഖപ്പെടുത്തിയത്. അവിടുത്തെ ആളുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി 93 മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നു. ഇതില്‍ അഞ്ച് മണിക്കൂര്‍ നേരിട്ട് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. മുംബൈയില്‍ 84 മണിക്കൂറും കൊല്‍ക്കത്തയില്‍ 80 മണിക്കൂറും പ്രതിവര്‍ഷ ഉറക്കനഷ്ടം രേഖപ്പെടുത്തി. ഈ നഗരങ്ങളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്ന ഉയര്‍ന്ന ചൂടും ഈര്‍പ്പവും നിറഞ്ഞ രാത്രികളാണ് ഇതിന് പ്രധാന കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ പ്രകടമായത് ബെംഗളൂരുവിലാണ്. ബെംഗളൂരു നിവാസികള്‍ക്ക് കാലാവസ്ഥാ വ്യതിയാനം കാരണം മാത്രം പ്രതിവര്‍ഷം 8 മണിക്കൂര്‍ ഉറക്കം അധികമായി നഷ്ടപ്പെടുന്നു. ഹൈദരാബാദില്‍ ഇത് 7 മണിക്കൂറും അഹമ്മദാബാദിലും പുണെയിലും 6 മണിക്കൂര്‍ വീതവുമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഏറ്റവും കുറവ് ഉറക്കനഷ്ടം രേഖപ്പെടുത്തിയത്. അവിടെ പ്രതിവര്‍ഷം 66 മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കിലും അതില്‍ അഞ്ച് മണിക്കൂര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ഫലമാണ്.
പൊതുജനാരോഗ്യത്തിന് വന്‍ ഭീഷണി
രാത്രികാല താപനില ഉയരുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളിയായി മാറുകയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രാത്രികാലങ്ങളില്‍ അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുന്നത് പകലിലെ ചൂടില്‍ നിന്നും മനുഷ്യശരീരത്തിന് തണുക്കാനുള്ള അവസരം ഇല്ലാതാക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഉറക്കക്കുറവ് ചിന്താശേഷി കുറയുക, മാനസികാരോഗ്യം മോശമാകുക, പ്രതിരോധശേഷി ദുര്‍ബലമാകുക, ഹൃദ്രോഗസാധ്യത വര്‍ധിക്കുക, ഉല്‍പാദനക്ഷമത കുറയുക എന്നിവയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അകാലമരണം എന്നിവയ്ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നഗരങ്ങളിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂട് പുറത്തുപോകാതെ തടഞ്ഞുനിര്‍ത്തുന്ന 'അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ്' (Urban Heat Island) പ്രതിഭാസം ഇന്ത്യയിലെ നഗരങ്ങളില്‍ ഈ അവസ്ഥ കൂടുതല്‍ വഷളാക്കുന്നു. പ്രായമായവര്‍, സ്ത്രീകള്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍, കൃത്യമായ എയര്‍ കണ്ടീഷനിങ്, കൂളിങ് സൗകര്യങ്ങളില്ലാത്തവര്‍ എന്നിവരാണ് ഇതിന്റെ പ്രധാന ഇരകള്‍.
ആഗോള സാഹചര്യം
ആഗോളതലത്തില്‍ സൗദി അറേബ്യ, ഒമാന്‍, യു എ ഇ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ നഗരങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉറക്കനഷ്ടം ഏറ്റവും കൂടുതല്‍. സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 55 മുതല്‍ 87 മണിക്കൂര്‍ വരെ ഉറക്കം നഷ്ടപ്പെടുന്നു. ഇതില്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ നേരിട്ട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണ്. മിഡില്‍ ഈസ്റ്റിന് പിന്നാലെ ദക്ഷിണേന്ത്യയും തെക്കുകിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
A new study by Climate Central has found that rising nighttime temperatures driven by climate change are causing significant sleep loss across India, with South India among the world's worst-affected regions. Between 2020 and 2025, people globally lost an average of 56 hours of sleep annually due to warmer nights, with more than 10% of that loss directly linked to human-caused climate change. In India, Puducherry recorded the highest annual sleep loss (92 hours), followed by Andhra Pradesh and Kerala. Chennai topped the list among major Indian cities, while Bengaluru recorded the strongest climate change impact, losing an additional eight hours of sleep annually due to warming. Researchers warn that increasing nighttime heat poses serious risks to public health, including cardiovascular disease, diabetes, mental health problems, and reduced productivity.