രാജ്യത്തെ എറ്റവും ബിസിയായ യുവജനങ്ങളുള്ളത് എറണാകുളത്തെന്ന് പഠനം. എറണാകുളത്തെ പത്തില്‍ ഒമ്പത് യുവാക്കളും ഒന്നുകില്‍ ജോലി ചെയ്യുന്നവരോ, പഠിക്കുന്നവരോ, അല്ലെങ്കില്‍ പരിശീലനം നേടുന്നവരോ ആണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ, പുതുക്കിയ 'പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ' ചൂണ്ടിക്കാട്ടുന്നത്. തൊഴിലോ വിദ്യാഭ്യാസമോ പരിശീലനമോ ചെയ്യാത്ത യുവാക്കളുടെ (NEET - Not in Employment, Education or Training) നിരക്കില്‍ ആണ് എറണാകുളം രാജ്യത്തിന് മാതൃകയാകുന്നത്.
തൊഴിലോ വിദ്യാഭ്യാസമോ പരിശീലനമോ ചെയ്യാത്ത യുവാക്കളുടെ ജില്ലാതല തൊഴില്‍ വിപണി കണക്കുകള്‍ അനുസരിച്ച്, 15-29 പ്രായപരിധിയിലുള്ളവര്‍ എറണാകുളത്ത് 9.6% ആണ്. കേരളത്തില്‍ മൊത്തം ഈ കണക്ക് 21.5% ആണ്. മലപ്പുറമാണ് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ളത്. 32.2% ആണ് മലപ്പുറത്തെ നീറ്റ് കണക്ക്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള 100 ജില്ലകളില്‍ ആണ് ഏറണാകുളം ഒന്നാമത് എത്തിയിട്ടുള്ളത്.
ദേശീയതലത്തിലെ കണക്കുകളില്‍ 14.5%, 15% നിരക്കുകളുമായി കോയമ്പത്തൂരും, ബെംഗളൂരു അര്ബനുമാണ് എറണാകുളത്തിന് തൊട്ടുപിന്നില്‍ ഉള്ളത്. ആദ്യ 10 ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള തൃശൂരും ഇടം നേടി. ആദ്യ പത്തില്‍ രണ്ട് ജില്ലകളാണ് സംസ്ഥാനത്ത് നിന്നുള്ളത്. പട്ടികയിലെ 100 ജില്ലകളില്‍ 45.9% എണ്ണത്തിലും നിരക്ക് 20% മുതല്‍ 30% വരെയാണ്. 23.7% ജില്ലകളില്‍ നിരക്ക് 30%-ന് മുകളിലാണെന്നും കണക്കുകള്‍ പറയുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും, വൈവിധ്യമാര്‍ന്ന സമ്പദ്വ്യവസ്ഥ എന്നിവയാണ് എറണാകുളത്തിന്റെ മുന്നേറ്റത്തിന് ബലം പകര്‍ന്നത്. കൊച്ചി കേന്ദ്രീകരിച്ച് വളരുന്ന പ്രൊഫഷണല്‍, സാങ്കേതിക, പാരാമെഡിക്കല്‍ കോഴ്സുകളുടെ ലഭ്യത യുവാക്കളെ വിദ്യാഭ്യാസ മേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നഗരത്തിലെ തുറമുഖം, ലോജിസ്റ്റിക്സ് മേഖല, ഐടി വ്യവസായം, ആരോഗ്യം, ടൂറിസം, റീട്ടെയില്‍, 'ഗിഗ് ഇക്കോണമി' (താല്‍ക്കാലിക അല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴില്‍ മേഖലകള്‍) എന്നിവ തൊഴില്‍ വിപണിയില്‍ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ഈ ബന്ധമാണ് ജില്ലയിലെ ജെന്‍സി വിഭാഗത്തെ നീ NEET വിഭാഗത്തില്‍ പെടാതെ നില്ക്കാന് സഹായിക്കുന്നത്. പല യുവാക്കളും പ്രത്യേകിച്ച് ബിരുദധാരികള്‍ തങ്ങളുടെ കഴിവുകള്‍ക്ക് അനുയോജ്യമല്ലാത്ത, കുറഞ്ഞ വേതനം ലഭിക്കുന്നതും ഭാവിയില്‍ വളര്‍ച്ചാ സാധ്യതകളില്ലാത്തതുമായ ജോലികളില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. വിദ്യാസമ്പന്നരായ ഭൂരിഭാഗം യുവാക്കളും ഒന്നുകില്‍ പഠനത്തിലോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തൊഴിലിലോ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ്. എന്നാല്‍ തങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ച ജോലിയിലാണോ യുവജനങ്ങള്‍ ഉള്ളതെന്ന് ചോദ്യത്തിന് സര്‍വേ കൃത്യമായ ഉത്തരം നല്‍കുന്നില്ല. തൊഴില്‍ വിപണിയില്‍ ഒരാള്‍ എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും പഠനം പരിഗണിക്കുന്നില്ല.
Ernakulam has emerged as a district with high youth participation in employment, education and training, according to the revised Periodic Labour Force Survey released by the National Statistical Office (NSO). The report states that around nine out of every ten young people in Ernakulam are either working, studying or undergoing training. The district’s low NEET rate — the proportion of young people not in employment, education or training — highlights its performance in youth engagement.