ദേശീയ ബഹിരാകാശ ദിനം: മാറുന്ന നയങ്ങളും, ഐഎസ്ആർഒയുടെ ഭാവിയും

വിക്ഷേപണ കേന്ദ്ര നടത്തിപ്പടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്നാണ് മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍
ദേശീയ ബഹിരാകാശ ദിനം: മാറുന്ന നയങ്ങളും, ഐഎസ്ആർഒയുടെ ഭാവിയും
Published on

ഇന്ന് ദേശീയ ബഹിരാകാശ ദിനം. 2023 ഓഗസ്റ്റ് 23-ന് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങിയ ചരിത്ര നേട്ടം അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു ഓഗസ്റ്റ് 23 ദേശീയ ഹരാകാശ ദിനമായി പ്രഖ്യാപിച്ചത്. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ തൊട്ടപ്പോള്‍ ചന്ദ്രനില്‍ കാലുകുത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവ മേഖലയില്‍ എത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറുകയായികുന്നു.

രാജ്യം പിന്നിട്ട ഈ നാഴികക്കല്ലായ നേട്ടത്തെ ആദരിക്കുന്നതിനായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓഗസ്റ്റ് 23 'ദേശീയ ബഹിരാകാശ ദിനം' ആയി പ്രഖ്യാപിച്ചത്. രാജ്യം വീണ്ടുമൊരു ദേശീയ ബഹിരാകാശ ദിനം ആചരിക്കുമ്പോള്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് നിന്നും ഇപ്പോള്‍ പുറത്തുവരുന്നത് അത്ര ശുഭകരമായ വാര്‍ത്തയല്ല. ബഹിരാകാശ ഗവേഷണ രംഗത്ത് ലോകത്തിന് മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ ഐഎസ്ആര്‍ഒയില്‍ നിന്നും ശാസ്ത്രജ്ഞരുടെ കൂട്ടമായി രാജിവയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ മാസങ്ങളിലാണ്. ഇതിന് പുറമെ ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.

ദേശീയ ബഹിരാകാശ ദിനം: മാറുന്ന നയങ്ങളും, ഐഎസ്ആർഒയുടെ ഭാവിയും
കണക്കുകളില്ല, ഏകോപനമില്ല, ഫണ്ടുമില്ല, 'ഗ്രീന്‍ ഇന്ത്യ മിഷന്‍' വന്‍ പരാജയം; സിഎജി റിപ്പോര്‍ട്ട്

റോക്കറ്റ്-ഉപഗ്രഹങ്ങളുടെ നിര്‍മാണമായിരുന്നു ഐഎസ്ആര്‍ഒയുടെ പ്രധാനമായും ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയത്. ഈ ചുമതലകള്‍ ക്രമേണ സ്വകാര്യ മേഖലയിലേക്ക് മാറ്റാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൈമാറുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക അടുത്തിടെ വ്യക്തമാക്കിയത്. കൂടുതല്‍ മികവുറ്റ അടുത്ത തലമുറ സാങ്കേതികവിദ്യകളും ശാസ്ത്രീയ ദൗത്യങ്ങളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നടപടി എന്നാണ് അധികൃതരുടെ വിശദീകരണം.

ഏകദേശം 80 കോടി ഡോളര്‍ ആണ് നിലവില്‍ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ ആസ്തി. 2033ഓടെ 440 കോടി ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ആവശ്യകത, പരമ്പരാഗത മേഖലയ്ക്ക് പുറത്തുള്ള വ്യവസായങ്ങളില്‍ ബഹിരാകാശ സാങ്കേതികവിദ്യകളുടെ ഉപയോഗം, അന്താരാഷ്ട്ര വിപണിയിലേക്കുള്ള വ്യാപനം എന്നിവയും ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നു.

എന്നാല്‍, ഈ നീക്കം ഗുണകരമാകില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. വിക്ഷേപണ കേന്ദ്ര നടത്തിപ്പടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്നാണ് മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നത്. ഐഎസ്ആര്‍ഒയ്ക്ക് പകരമാകാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കഴിയില്ല. ബഹിരാകാശ ഗവേഷണത്തിന്റെ വ്യാപ്തി തിരിച്ചറിയാതെയുള്ള ഈ നീക്കം സമുദ്രത്തിന്റെ ആഴമറിയാതെ എടുത്ത് ചാടുന്നതിന് തുല്യമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അമൂല്യ സമ്പത്താണ്. സമുദ്രത്തിന്റെ ആഴമറിയാതെ എടുത്ത് ചാടുന്നതിന് തുല്യമാണ്. വിക്ഷേപണ കേന്ദ്ര നടത്തിപ്പ് ഉള്‍പ്പെടെ സ്വകാര്യമേഖലയ്ക്ക് കൈമാറരുത്. അനാവശ്യമായി ഉദ്യോഗസ്ഥ ഭരണകൂട ഇടപെടലുകള്‍ ഐഎസ്ആര്‍ഒയെ വലയ്ക്കുണ്ട്. ചില വിക്ഷേപണ പരാജയങ്ങള്‍ മുതലെടുത്ത് ഐഎസ്ആര്‍ഒയെ ഇടിച്ചുതാഴ്ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഐസ്ആര്‍ഒയിലെ കൂട്ടരാജിയും സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വളര്‍ച്ചയും

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ 120ഓളം ശാസ്ത്രജ്ഞര്‍ ഐസ്ആര്‍ഒയില്‍ നിന്നും രാജിവച്ചെന്നതാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട്. ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞരാണ് ഇത്തരത്തില്‍ പുറത്തേക്ക് പോയത്. കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുന്നു എന്നായിരുന്നു ജൂലായില്‍ പുറത്തുവന്ന വിവരം. ഇതിന് പിന്നാലെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകള്‍ കര്‍ശനമാക്കി ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വളര്‍ച്ചയാണ് കൂട്ടരാജിയ്ക്ക് പിന്നിലെന്നാണ് സൂചന. പുതിയ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളും എയ്റോസ്പേസ് കമ്പനികളും ഉയര്‍ന്ന പദവികളും ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം ചെയ്ത് പരിചയസമ്പന്നരായ ശാസ്ത്രജ്ഞരെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Summary

India observes National Space Day on August 23 to commemorate the historic landing of ISRO’s Chandrayaan-3 Vikram lander on the Moon in 2023. The achievement made India the fourth country to land on the Moon and the first to reach the lunar south polar region. As India marks its third National Space Day, however, questions are being raised about the future direction of the country’s space programme.

The growing role of private companies in India’s space sector and reports of around 120 scientists leaving ISRO in recent months have sparked debate. The government’s strategy is aimed at transferring routine manufacturing and operational activities, including the production of rockets and satellites, to private companies and public-sector organisations, allowing ISRO to focus on advanced technologies and scientific missions. India also aims to significantly expand its space economy by 2033.

Madism Digital
madismdigital.com