പതിവുപോലെ കൂട്ടുകാരനോടൊപ്പം ഹോണ്ട ബൈക്കിൽ ത്രിശൂലി നദീതീരത്തെ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് പതിനേഴുകാരനായ അർജുൻ ഭട്ട ആ കാഴ്ച കണ്ടത്. കൺമുന്നിൽ നദി ഭീതിദമായി ഇരമ്പിയാർത്തുവരുന്നു. മുന്നറിയിപ്പുകളോ സൂതനകളോ ഒന്നുമുണ്ടായിരുന്നില്ല. ഒന്നു ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപ് ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ച് അവർ തൊട്ടടുത്തുള്ള കുന്നിൻമുകളിലേക്ക് ജീവനും കൊണ്ട് ഓടി കുന്നിൻമുകളിലെത്തി താഴേക്ക് നോക്കിയപ്പോഴേക്കും അവർ സഞ്ചരിച്ച ബൈക്കും പോയ വഴിയുമെല്ലാം പ്രളയജലത്തിൽ ഒലിച്ചുപോയിരുന്നു. ഓഗസ്റ്റ് 26-ന് നേപ്പാളിന്റെ വടക്കൻ മേഖലയിലെ ഭോട്ടെ കോശി, ത്രിശൂലി നദികളിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഒരാളാണ് അർജുൻ ഭട്ട.
ടിബറ്റിലെ ലെൻഡെ നദിയിലേക്ക് ഹിമാനിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെത്തുടർന്ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ റസുവ ജില്ലയിലൂടെ കുതിച്ചെത്തിയ ചെളിയും വെള്ളവും അവശിഷ്ടങ്ങളും ചേർന്ന കൂറ്റൻ പ്രവാഹം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഈ ദുരന്തത്തിൽ 600-ലധികം ആളുകൾ മരിക്കുകയും 2,000-ത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
നിമിഷനേരം കൊണ്ട് മാറിയ ലോകം
റസുവ, നുവാകോട്ട് ജില്ലകളിൽ ഉള്ളവർക്ക് സംഭവിച്ചതെല്ലാം വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പലരും സാധാരണ ദിവസത്തെപ്പോലെ ജോലിയിലായിരുന്നു. ത്രിശൂലി നദിക്ക് കുറുകെയുള്ള പാലങ്ങളിലും ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലും തുരങ്ക നിർമ്മാണ ഇടങ്ങളിലുമായിരുന്നു ഭൂരിഭാഗം പേരും. ആപത്ത് തിരിച്ചറിഞ്ഞ നിമിഷം കുന്നുകളിലേക്ക് ഓടിക്കയറിയാണ് പലരും ജീവൻ രക്ഷിച്ചത്. എന്നാൽ, നഗരത്തിലോ സമീപപ്രദേശങ്ങളിലോ കൃത്യസമയത്ത് സൈറണുകളോ മെസ്സേജുകളോ മറ്റ് അടിയന്തര മുന്നറിയിപ്പുകളോ ലഭിച്ചില്ലെന്ന് എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
മൈലുങ്ങിന് സമീപം നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അർജുൻ റെമാൽ എന്ന തൊഴിലാളി പറയുന്നത്, വെള്ളപ്പൊക്കം കൺമുന്നിലെത്തിയ അതേ നിമിഷത്തിലാണ് തനിക്ക് മൊബൈലിൽ എസ്എംഎസ് മുന്നറിയിപ്പ് ലഭിച്ചതെന്നാണ്. തനിക്കും സംഘത്തിനും കുന്നിലേക്ക് ഓടിക്കയറാൻ അത് ഉപകരിച്ചെങ്കിലും മറ്റുള്ളവർക്ക് ആ സന്ദേശം ലഭിച്ചിരുന്നോ എന്ന് ഉറപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ബിദൂറിലെ നേപ്പാൾ സൈനിക ക്യാമ്പിൽ കാണാതായ ഭാര്യയുടെ ബന്ധുക്കളെ തിരഞ്ഞെത്തിയ പ്രേം തമാങ് എന്ന കർഷകനും ഈ ആഘാതത്തിൽനിന്ന് മുക്തനായിട്ടില്ല. വെള്ളപ്പൊക്കം വരുമ്പോൾ കുന്നിൻമുകളിലായതിനാൽ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇതിനുമുൻപ് ഇത്രയും വലിയൊരു ദുരന്തം തങ്ങൾ കണ്ടിട്ടില്ലെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. അപ്പർ ത്രിശൂലിയിലെ തുരങ്കത്തിൽ ജോലി ചെയ്തിരുന്ന സഹോദരൻ സുദീപ് കുമാർ ശ്രേഷ്ഠയെ തിരഞ്ഞ് കാഠ്മണ്ഡുവിൽ നിന്നെത്തിയ രാജൻ ശ്രേഷ്ഠയെപ്പോലുള്ള നൂറുകണക്കിന് മനുഷ്യർ ഇന്നും ആ പ്രതീക്ഷയിലാണ്.
നേപ്പാളിന്റെ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ
നേപ്പാളിൽ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളുടെ ചരിത്രം തുടങ്ങുന്നത് 1998ലാണ് . വടക്കുകിഴക്കൻ നേപ്പാളിലെ റ്റ്ഷോ റോൾപ്പ തടാകത്തിന് സമീപം ഹിമതടാകങ്ങൾ പൊട്ടിയൊഴുകുന്നത് മുൻകൂട്ടി അറിയാൻ സോളാർ സൈറണുകൾ സ്ഥാപിച്ചതായിരുന്നു ആദ്യപടി. എന്നാൽ, 9,000-ത്തോളം പേരുടെ ജീവനെടുത്ത 2015-ലെ മഹാഭൂകമ്പത്തിന് ശേഷമാണ് ഏകോപിതമായ ഒരു ദുരന്ത നിവാരണ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് രാജ്യം ചിന്തിച്ചു തുടങ്ങിയത്.
ഭൂകമ്പത്തിന് ശേഷം 2017ൽ നേപ്പാൾ സർക്കാർ ദുരന്ത ലഘൂകരണ നിയമം പാസാക്കുകയും നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതിനുശേഷം പ്രളയം, മണ്ണടിച്ചിൽ, ഭൂകമ്പം തുടങ്ങിയ അപകടസാധ്യതകൾ മാപ്പ് ചെയ്യുകയും തത്സമയ കാലാവസ്ഥാ വിവരങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന സംവിധാനം നിലവിൽ വന്നു. യുഎൻഡിപി സഹകരണത്തോടെ നദികളിൽ ഓട്ടോമാറ്റിക് വെതർ സെൻസറുകൾ സ്ഥാപിച്ചു. നിലവിൽ ഇരുന്നൂറോളം ഹൈഡ്രോളജിക്കൽ സ്റ്റേഷനുകളിൽ നിന്നും 360 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുമുള്ള വിവരങ്ങൾ NDRRMA-യുടെ 'BIPAD' പോർട്ടലിലേക്ക് എത്തുകയും അവിടെനിന്ന് ജില്ല അടിസ്ഥാനത്തിൽ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു.
എന്തുകൊണ്ട് റസുവയിൽ ഈ സംവിധാനം പരാജയപ്പെട്ടു?
നേപ്പാളിലെ തെക്കൻ പ്രദേശങ്ങളായ കൈലാലിയിലോ കോശി, കർണാലി നദീതടങ്ങളിലോ ഈ മുന്നറിയിപ്പ് സംവിധാനങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കർണാലി നദിയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിന് 7 മുതൽ 8 മണിക്കൂർ മുൻപ് വരെ മുന്നറിയിപ്പ് നൽകാൻ സാധിക്കാറുണ്ട്. എന്നാൽ ഭോട്ടെ കോശി, അപ്പർ ത്രിശൂലി തുടങ്ങിയ പ്രദേശങ്ങളിൽ ഓട്ടോമാറ്റിക് സൈറണുകളോ കമ്മ്യൂണിറ്റി കേന്ദ്രീകൃത മുന്നറിയിപ്പ് സംവിധാനങ്ങളോ വേണ്ടത്ര സ്ഥാപിച്ചിട്ടില്ല.
ഈ അധിക സുരക്ഷാ നടപടികൾ ദേശീയ തലത്തിൽ നിർബന്ധമാക്കാത്തതിനാൽ പലയിടത്തും ഒരുപോലെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എൻഡിആർആർഎംഎ മുൻ സിഇഒ അനിൽ പൊഖാറെൽ സമ്മതിക്കുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
ടിബറ്റിൽ നിന്നുള്ള വിവരശേഖരണത്തിലെ തടസ്സങ്ങൾ
നേപ്പാളിലെ നാല് പ്രധാന നദീതടങ്ങളും ഉത്ഭവിക്കുന്നത് ടിബറ്റിലാണ്. അതിനാൽ തന്നെ നേപ്പാൾ എപ്പോഴും ഒരു ഡൗൺസ്ട്രീം രാജ്യമാണ്. ഈ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ടിബറ്റിൽ സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നേപ്പാളിന് ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, തത്സമയ നദീ-ഹിമാനി വിവരങ്ങൾ പങ്കുവെക്കുന്നതിന് ചൈനയും നേപ്പാളും തമ്മിൽ ഔദ്യോഗികവും കൃത്യവുമായ കരാറുകളോ പോർട്ടലുകളോ നിലവിലില്ല.
നിലവിൽ അതിർത്തി ഗ്രാമങ്ങളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഫോൺ കോളുകൾ വഴിയാണ് പലപ്പോഴും വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്. 2017-ലെ ബെൽറ്റ് ആൻഡ് റോഡ് ഉഭയകക്ഷി കരാറിലും 2019-ലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേപ്പാൾ സന്ദർശന വേളയിലും പരിസ്ഥിതി-ദുരന്തനിവാരണ രംഗത്ത് സഹകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പ്രായോഗികതലത്തിൽ അത് തത്സമയ വിവരശേഖരണ സംവിധാനമായി മാറിയില്ല. ഇത്തവണത്തെ പ്രളയത്തിലും ടിബറ്റിൽനിന്ന് ദുരന്തം നേപ്പാളിലേക്ക് കടന്നതിന് ശേഷമാണ് നേപ്പാൾ ജലശാസ്ത്ര വകുപ്പിന് വിവരങ്ങൾ ലഭിച്ചത്. അതിനുശേഷമാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്.
ഭാവിയിലേക്ക് വേണ്ട കരുതൽ
തുടർച്ചയായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാനുല്ള തയ്യാറെടുപ്പിലാണ് നേപ്പാൾ ജലശാസ്ത്ര, കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വിദേശ വിനോദസഞ്ചാരികൾക്കും കൈലാസ മാനസസരോവർ തീർത്ഥാടകർക്കും മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി അന്താരാഷ്ട്ര സിം കാർഡുകളിലേക്കും സന്ദേശങ്ങൾ അയക്കാനുള്ള സാങ്കേതികവിദ്യ ഒരുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യതിയാനവും ഹിമാനികളുടെ തകർച്ചയും വലിയ ഭീഷണിയാണെന്ന് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമായ ICIMOD നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹിമാലയൻ രാജ്യങ്ങൾ തമ്മിൽ വിവരങ്ങളും വിജ്ഞാനവും പങ്കുവെച്ചാൽ മാത്രമേ വരുംനാളുകളിൽ ഇത്തരം വൻ ദുരന്തങ്ങളിൽനിന്ന് ആയിരക്കണക്കിന് മനുഷ്യജീവനുകൾ രക്ഷിക്കാൻ സാധിക്കൂ. ഓഗസ്റ്റ് 26-ലുണ്ടായ മഹാപ്രളയം നൽകുന്ന പാഠവും അതുതന്നെയാണ്.
This article details the catastrophic flash floods that struck Nepal's Trishuli and Bhote Koshi rivers in August following a glacier collapse in Tibet. Through harrowing survivor accounts, it exposes significant geographical gaps in Nepal's Early Warning Systems (EWS). Furthermore, it highlights a critical geopolitical blind spot: the lack of real-time data sharing between China and Nepal regarding upstream Tibetan rivers, underscoring the urgent need for transboundary cooperation to mitigate future Himalayan disasters.