വീട് ജപ്തി ചെയ്താല്‍ തിരിച്ചെടുക്കാനാവില്ല; കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുമോ ആര്‍ബിഐയുടെ പുതിയ നിയമം?

പുതിയ നിയമപ്രകാരം ബാങ്ക് നിയമപരമായി ഉടമസ്ഥാവകാശം നേടിയ ശേഷം, ആ വസ്തു പഴയ ഉടമയ്ക്ക് വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല.
വീട് ജപ്തി ചെയ്താല്‍ തിരിച്ചെടുക്കാനാവില്ല;  കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുമോ ആര്‍ബിഐയുടെ പുതിയ നിയമം?
Published on

ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് പണിത നിങ്ങളുടെ വീട്, ഒരു ചെറിയ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് എന്നെന്നേക്കുമായി പിടിച്ചെടുത്താലോ? അതും തിരിച്ചെടുക്കാന്‍ നിയമപരമായ ഒരു വഴിയുമില്ലാതെ! വായ്പ തിരിച്ചടവ് മുടങ്ങുന്ന സാധാരണക്കാരെ പെരുവഴിയിലാക്കാന്‍ പോകുന്ന ഒന്നാണ് ആര്‍ബിഐയുടെ പുതിയ ഉത്തരവ്. ജപ്തി എന്ന വാക്കിനെ ഇനി ഭയക്കേണ്ടി വരുന്നത് എന്തുകൊണ്ട്? ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന ആ അപ്രതീക്ഷിത നിയമങ്ങള്‍ പറയുന്നതെന്ത്? ബാങ്കുകള്‍ ജപ്തി ചെയ്ത സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം, വീട് നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കു മുന്നിലെ അവസാന വാതിലും കൊട്ടിയടയ്ക്കുകയാണോ?

വീട് നഷ്ടമായാല്‍ തിരികെ ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യം

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സ്വത്താണ് അവരുടെ പാര്‍പ്പിടം. പലപ്പോഴും സാമ്പത്തിക മാന്ദ്യമോ തൊഴില്‍ നഷ്ടമോ രോഗമോ മൂലം തിരിച്ചടവ് മുടങ്ങുമ്പോള്‍ ബാങ്കുമായി സംസാരിച്ച് സമയം ചോദിക്കുകയോ തുക സെറ്റില്‍ ചെയ്ത് വീട് തിരികെ എടുക്കുകയോ ചെയ്യുന്ന ശൈലിയാണു സാധാരണക്കാര്‍ പിന്തുടരാറുള്ളത്. എന്നാല്‍ പുതിയ നിയമപ്രകാരം ബാങ്ക് നിയമപരമായി ഉടമസ്ഥാവകാശം നേടിയ ശേഷം, ആ വസ്തു പഴയ ഉടമയ്ക്ക് വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല. ജപ്തിക്ക് ശേഷം ആ വീട് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം ഒരു കുടുംബത്തെ പെരുവഴിയിലാക്കാന്‍ പര്യാപ്തമാണ്.

വീട് ജപ്തി ചെയ്താല്‍ തിരിച്ചെടുക്കാനാവില്ല;  കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുമോ ആര്‍ബിഐയുടെ പുതിയ നിയമം?
അധികാരം വിറയ്ക്കുന്ന നിശബ്ദത: എന്തുകൊണ്ട് നിരാഹാരസമരം എന്നും ഏറ്റവും വലിയ രാഷ്ട്രീയ ആയുധമാകുന്നു?

ബന്ധുക്കള്‍ക്കും അവകാശമില്ലാത്ത അവസ്ഥ

വായ്പയെടുത്ത ആള്‍ക്കു സാധിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ പണം സമാഹരിച്ച് വീട് തിരികെ വാങ്ങാറുണ്ട്. പുതിയ ആര്‍ബിഐ ചട്ടം പ്രകാരം വായ്പ എടുത്ത വ്യക്തി മാത്രമല്ല, അവരുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കും ആ വസ്തു ലേലത്തിലൂടെയോ അല്ലാതെയോ തിരികെ വാങ്ങാന്‍ കഴിയില്ല. ഇതൊരു കുടുംബത്തിന്റെ മൊത്തം സാമൂഹിക സുരക്ഷിതത്വത്തെയാണു തകര്‍ക്കുന്നത്. സ്വന്തം വീട് നഷ്ടപ്പെടുന്ന അവസ്ഥയില്‍, ബന്ധുക്കള്‍ക്കുപോലും സഹായിക്കാന്‍ കഴിയാത്തവിധം നിയമം കര്‍ശനമായിരിക്കുന്നുവെന്നത് സാധാരണക്കാരെ കൂടുതല്‍ ആശങ്കയിലാക്കുന്നു.

പെരുവഴിയിലാകുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത് എങ്ങനെ?

ജപ്തി നടപടികള്‍ പൂര്‍ത്തിയായാല്‍ ബാങ്കുകള്‍ക്ക് ആ സ്വത്ത് പരമാവധി ഏഴു വര്‍ഷത്തിനുള്ളില്‍ വിറ്റഴിക്കേണ്ടതുണ്ട്. ലേലത്തില്‍ പങ്കെടുത്തോ അല്ലാതെയോ വീട് തിരികെ കിട്ടില്ലെന്നുറപ്പായതോടെ, കുടുംബങ്ങള്‍ വലിയൊരു പ്രതിസന്ധിയിലേക്കു വീഴുന്നു. വാടക വീട്ടിലേക്കു മാറേണ്ട അവസ്ഥയും കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ സാമൂഹിക പദവി എന്നിവയെല്ലാം ഇതിനെത്തുടര്‍ന്നു തകിടം മറിയുന്നു. കൂടാതെ, ലേലത്തിലൂടെ വിറ്റഴിക്കുന്ന വസ്തുവിനു വിപണി വില ലഭിച്ചില്ലെങ്കില്‍, ബാക്കി കുടിശ്ശികയ്ക്കായി ബാങ്ക് വായ്പക്കാരന്റെ ശമ്പളത്തില്‍നിന്നോ മറ്റു വരുമാനങ്ങളില്‍നിന്നോ പണം ഈടാക്കാന്‍ സാധ്യതയുണ്ട്. അതായത്, വീട് നഷ്ടപ്പെട്ടാലും ബാധ്യത തീരണമെന്നില്ല.

വീട് ജപ്തി ചെയ്താല്‍ തിരിച്ചെടുക്കാനാവില്ല;  കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുമോ ആര്‍ബിഐയുടെ പുതിയ നിയമം?
ഐഎസ്‌ആർഒയിൽ നൂറിലധികം ശാസ്ത്രജ്ഞരുടെ രാജി: ഇടപെട്ട് കേന്ദ്രം, സംഭവിക്കുന്നതെന്ത്?

കുരുക്കിലാവാതിരിക്കാൻ ചെയ്യേണ്ടത്

ഈ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ വായ്പക്കാര്‍ക്കു മുന്‍കരുതലുകള്‍ എടുക്കുകയല്ലാതെ മറ്റു വഴികളില്ല. വായ്പയെടുക്കുമ്പോള്‍ തന്നെ തിരിച്ചടവ് മുടങ്ങിയാല്‍ അതിനെ നേരിടാനുള്ള ഒരു 'എമര്‍ജന്‍സി ഫണ്ട്' കരുതിവയ്ക്കുകയന്നത് അനിവാര്യമാണ്. തിരിച്ചടവ് മുടങ്ങുമെന്ന് തോന്നിയാല്‍ തന്നെ ബാങ്കിനെ സമീപിച്ച് വായ്പ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടണം.

ജപ്തി നടപടികളിലേക്കു കാര്യങ്ങളെത്തുന്നതിനു മുന്‍പ് തന്നെ വസ്തു സ്വയം വിറ്റ് ബാധ്യത തീര്‍ക്കുന്നതാണു ബാങ്കിന്റെ ലേല നടപടികളേക്കാള്‍ കുടുംബത്തിനു ഗുണം ചെയ്യുക. കാരണം പൊതുലേലത്തിലൂടെ മാത്രമേ വസ്തു വില്‍ക്കാവൂയെന്ന നിയമം സുതാര്യമാണെന്നു തോന്നുമെങ്കിലും, ഇതില്‍ സാധാരണക്കാര്‍ക്കു വലിയ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ബാങ്കുകള്‍ വേഗത്തില്‍ ആസ്തികള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുമ്പോള്‍, ലേലത്തില്‍ വസ്തുക്കള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്കു വിറ്റുപോകാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍, വായ്പക്കാര്‍ക്ക് അവരുടെ വസ്തുവും നഷ്ടപ്പെടുന്നു, അതേസമയം ബാധ്യത പൂര്‍ണമായും തീര്‍ന്നില്ലെങ്കില്‍ ബാങ്കുകള്‍ വായ്പക്കാരന്റെ മറ്റു വരുമാനമാര്‍ഗങ്ങളില്‍നിന്ന് തുക ഈടാക്കാനും സാധ്യതയുണ്ട്.

വായ്പാ സംസ്‌കാരത്തിലെ വലിയ മാറ്റം

ഈ പുതിയ നിയമം വായ്പയെടുക്കുന്നവര്‍ക്ക് ഒരു കടുത്ത മുന്നറിയിപ്പാണ്. വായ്പയെന്നതു തിരിച്ചടയ്‌ക്കേണ്ട ഒരു ഉത്തരവാദിത്തമാണെന്നും അതില്‍ വീഴ്ച വരുത്തിയാല്‍ തിരിച്ചുവരവിനു വഴികളില്ലെന്നും ഇത് ഓരോ സാധാരണക്കാരനെയും ഓര്‍മിപ്പിക്കുന്നു. ഇതോടെ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കുന്നതിനു മുന്‍പ് തന്നെ വായ്പക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും തിരിച്ചടവ് ശേഷി കൃത്യമായി വിലയിരുത്താനും നിര്‍ബന്ധിതരാകും.

അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളുണ്ടായാല്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ, തുടക്കത്തില്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ വായ്പക്കാര്‍ ശീലിക്കേണ്ടി വരും. ചുരുക്കത്തില്‍, വായ്പാ കുടിശ്ശികയോടുള്ള സമീപനത്തില്‍ കടുപ്പമേറിയ ഒരു കാലഘട്ടത്തിലേക്കാണു നാം നീങ്ങുന്നത്. ജപ്തി നടപടികള്‍ ഇനിമുതല്‍ ഒരു തുടക്കമല്ല, മറിച്ച് നിങ്ങളുടെ സ്വത്തിന്റെ മേലുള്ള അവകാശത്തിന്റെ അന്ത്യമായിരിക്കുമെന്ന് ഓരോ സാധാരണക്കാരനും തിരിച്ചറിയേണ്ടതുണ്ട്.

Summary

The Reserve Bank of India's proposed new rules on loan defaults and asset recovery have raised concerns among borrowers, particularly homeowners facing financial difficulties. The regulations, expected to come into effect from October 1, could significantly alter the process through which banks recover properties pledged as collateral. Critics argue that the changes may make it harder for borrowers to reclaim properties once they have been seized and sold, intensifying fears among families struggling with loan repayments. The debate centers on whether the new framework strikes the right balance between strengthening the banking system and protecting the rights of distressed borrowers.

Madism Digital
madismdigital.com