'അടുത്ത രക്തബന്ധത്തിലുള്ള വിവാഹവും, ജനിതക പ്രശ്നങ്ങളും': നിയമനിര്‍മാണത്തിന്റെ സാധ്യത തേടുന്ന സുപ്രീംകോടതി

വിഷയത്തില്‍ നേരിട്ട് നിര്‍ദേശം നല്‍കുന്നില്ലെന്നും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമാണ് കോടതി ശ്രമിക്കുന്നത്
'അടുത്ത രക്തബന്ധത്തിലുള്ള വിവാഹവും, ജനിതക പ്രശ്നങ്ങളും': നിയമനിര്‍മാണത്തിന്റെ സാധ്യത തേടുന്ന സുപ്രീംകോടതി
Published on: 

അടുത്ത രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരണം, കഴിഞ്ഞ ദിവസം സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിര്‍ദേശമാണിത്. ഇത്തരം വിവാഹങ്ങള്‍ മൂലം ജനിക്കുന്ന കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യത വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ബെംഗളൂരുവില്‍ താമസിക്കുന്ന നിയമവിദ്യാര്‍ഥിനി ചാര്‍വി എസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കുടുംബത്തിനുള്ളില്‍ തന്നെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പലര്‍ക്കും മതിയായ അറിവില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ നേരിട്ട് നിര്‍ദേശം നല്‍കുന്നില്ലെന്നും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമാണ് കോടതി ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടുത്ത രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണത്തിന്റെ ആവശ്യകത സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയാനാണ് കോടതി നോട്ടീസ് അയച്ചത്. ഇത്തരം വിവാഹങ്ങള്‍ നിയന്ത്രിക്കുന്നത് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും സാമൂഹിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പൂര്‍ണമായും നിയമനിര്‍മാണ സഭയുടെ പരിധിയിലാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

'അടുത്ത രക്തബന്ധത്തിലുള്ള വിവാഹവും, ജനിതക പ്രശ്നങ്ങളും': നിയമനിര്‍മാണത്തിന്റെ സാധ്യത തേടുന്ന സുപ്രീംകോടതി
സ്വകാര്യതാ നിയമം പത്രസ്വാതന്ത്ര്യത്തിന് ഭീഷണി, സുപ്രീം കോടതിയെ സമീപിച്ച് മാധ്യമങ്ങള്‍; കൂട്ടത്തില്‍ അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങള്‍

അടുത്ത രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം കുട്ടികളില്‍ ജനിതക രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിവിധ മെഡിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഇത്തരം വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളില്‍ ചില മാന്ദ്യജനിതക രോഗങ്ങള്‍, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍, കാഴ്ച-കേള്‍വി പ്രശ്‌നങ്ങള്‍, വളര്‍ച്ചാ-വികാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍, ശിശുമരണ സാധ്യത തുടങ്ങിയവ വര്‍ധിക്കാമെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ കുട്ടികള്‍ക്ക് ഒഴിവാക്കാനാകുന്ന ജനിതക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അവഗണിക്കപ്പെടരുതെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. ബന്ധുക്കള്‍ തമ്മില്‍ നടന്ന വിവാഹത്തില്‍ ജനിച്ചയാളാണെന്നും 40 ശതമാനം കാഴ്ചപരിമിതി അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വിവാഹത്തിന് മുമ്പ് ജനിതക പരിശോധനയും കൗണ്‍സിലിങ്ങും വേണം

വിവാഹം, അടുത്ത ബന്ധുക്കള്‍ തമ്മിലാണെങ്കില്‍ അതിന് മുന്‍പ് ജനിതക കൗണ്‍സിലിങ്, ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണം, ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍, സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഉറപ്പാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഇത്തരം വിവാഹങ്ങള്‍ കൂടുതലായി നടക്കുന്ന ജില്ലകളിലും പ്രദേശങ്ങളിലും വിവാഹപൂര്‍വ ജനിതക കൗണ്‍സിലിങ്ങും സ്വമേധയാ ജനിതക പരിശോധനയും നടപ്പാക്കാന്‍ ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തി ഇത്തരം വിവാഹങ്ങള്‍ക്ക് ആരോഗ്യപരമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുകയോ സമഗ്രമായ നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, നിലവിലുള്ള വിവാഹങ്ങളെ ക്രിമിനല്‍ കുറ്റമായി കാണുകയോ അവയുടെ നിയമസാധുതയെ പിന്നോട്ടുപോയി ചോദ്യം ചെയ്യുകയോ ചെയ്യരുതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം, പൊതുജനാരോഗ്യം, വ്യക്തികളുടെ വിവാഹസ്വാതന്ത്ര്യം എന്നിവയ്ക്കിടയില്‍ സന്തുലിതമായ സമീപനം വേണമെന്നതാണ് ഹര്‍ജിയുടെ പ്രധാന ആവശ്യം.

'അടുത്ത രക്തബന്ധത്തിലുള്ള വിവാഹവും, ജനിതക പ്രശ്നങ്ങളും': നിയമനിര്‍മാണത്തിന്റെ സാധ്യത തേടുന്ന സുപ്രീംകോടതി
'ജഡ്ജിമാരുടെ നിയമനത്തിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം പുലർത്തി'; വെളിപ്പെടുത്തലുമായി മുൻ ജഡ്ജി

ചര്‍ച്ചയില്‍ സജീവമായി ഹിന്ദു വിവാഹനിയമം

1955ലെ ഹിന്ദു വിവാഹനിയമത്തിലെ അഞ്ചാം വകുപ്പിലെ ഉപവകുപ്പുകള്‍ (iv), (v) എന്നിവയാണ് വിഷയത്തില്‍ സജീവ ചര്‍ച്ചിയിലെത്തുന്നത്. നിയമത്തിലെ പ്രസ്തുക വകുപ്പുകള്‍ പ്രകാരം നിരോധിത ബന്ധങ്ങള്‍ക്കുള്ളില്‍ വരുന്നവരും സപിണ്ഡ ബന്ധത്തിലുള്ളവരും ( പരമ്പരാഗത ഹിന്ദു ആചാരങ്ങളിലും അടുത്ത രക്തബന്ധമുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹം നിരോധിക്കുന്ന നിര്‍വചനം) തമ്മിലുള്ള വിവാഹങ്ങള്‍ക്ക് പൊതുവെ നിയന്ത്രണങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട സമുദായങ്ങളിലെ ആചാരങ്ങളോ പാരമ്പര്യങ്ങളോ അനുവദിക്കുന്ന സാഹചര്യങ്ങളില്‍ വിവാഹത്തിന് നിയമം ഇളവ് നല്‍കുന്നുണ്ട്.

അമ്മയുടെ വംശപരമ്പരയില്‍ മൂന്നാം തലമുറ വരെയും അച്ഛന്റെ വംശപരമ്പരയില്‍ അഞ്ചാം തലമുറ വരെയും ഉള്‍പ്പെടുന്ന ബന്ധങ്ങളെയാണ് നിയമം സപിണ്ഡ ബന്ധമായി കണക്കാക്കുന്നത്. ഈ നിയമവ്യവസ്ഥകള്‍ പ്രകാരം അനുവദിക്കപ്പെടുന്ന വിവാഹങ്ങള്‍ക്കും പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

വ്യക്തിസ്വാതന്ത്ര്യവും പൊതുജനാരോഗ്യവും

വിവാഹം വ്യക്തികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണെന്ന് നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നത്. വിവാഹത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തികള്‍ക്ക് കൃത്യമായ അറിവുണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

എച്ച്ഐവി ബാധിതനായ വ്യക്തിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മുന്‍ കേസിലെ കോടതിയുടെ നിരീക്ഷണവും ബെഞ്ച് പരാമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ നിര്‍ബന്ധിത നിയന്ത്രണങ്ങളേക്കാള്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് പ്രാധാന്യം വേണ്ടത്. 'നിയമനിര്‍മാണത്തിന്റെ സാഹചര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് കോടതിയുടെ ലക്ഷ്യം. സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയല്ല, വിഷയത്തില്‍ ബോധവത്കരണം നടത്തുകയാണ് ചെയ്യുന്നത്,' എന്നും ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.

നിയമനിര്‍മാണം പരിഗണിക്കുന്നതിനൊപ്പം പാഠ്യപദ്ധതിയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഇത്തരം വിവാഹങ്ങളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം നടത്തുന്നതും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.

Summary

The Supreme Court has sought the Central government's response on the possibility of introducing special legislation to regulate marriages between close blood relatives, citing concerns over genetic disorders and other health complications among children born from such unions. The observation came during the hearing of a petition filed by Bengaluru-based law student Charvi S, who highlighted the lack of public awareness about the potential health risks associated with marriages between close relatives.