വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന മാതപിതാക്കള്‍: കണക്കുകള്‍ പറയുന്ന സത്യമെന്ത്?

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2023-നും 2024-നും ഇടയില്‍ മാത്രം വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ 17 മുതല്‍ 18 ശതമാനം വരെ വര്‍ധനവാണുണ്ടായത്.
വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന മാതപിതാക്കള്‍: കണക്കുകള്‍ പറയുന്ന സത്യമെന്ത്?
Published on

പാലക്കാടോ കോട്ടയത്തോ തിരുവനന്തപുരത്തോ ഉള്ള, നമ്മള്‍ നിത്യേന കാണുന്ന ഏതെങ്കിലുമൊരു വീട്. സിറ്റൗട്ടിലെ ചാരുകസേരയില്‍ പത്രവും മടിയില്‍ വെച്ച് ദൂരേക്ക് നോക്കിയിരിക്കുന്ന ഒരു അച്ഛന്‍, അല്ലെങ്കില്‍ അടുക്കളപ്പുറത്തെ ചെറിയ തിണ്ണയില്‍, അല്ലെങ്കില്‍ വെറുതെ മുറ്റത്തെ തുളസിത്തറയിലേക്ക് നോക്കിയിരിക്കുന്ന ഒരു അമ്മ. പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് ശാന്തമായ കാഴ്ച. പക്ഷേ, ആ വീടിന്റെ മുന്‍വാതില്‍ അടയുന്നതോടെ ആ ചാരുകസേരയിലേക്ക് പടരുന്ന ഒരു അദൃശ്യമായ തണുപ്പുണ്ട്, വല്ലാത്തൊരു ഏകാന്തതയുണ്ട്.

നമ്മുടെ സമൂഹം കാലങ്ങളായി വിശ്വസിച്ചു പോരുന്ന ഒരു വലിയ നുണയുണ്ട് 'ഇന്ത്യക്കാര്‍ക്ക് പ്രായമായവരെ പൊന്നുപോലെ നോക്കാന്‍ അറിയാം' എന്നത്. പാശ്ചാത്യരെപ്പോലെ നമ്മള്‍ അവരെ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്നില്ല എന്ന അഹങ്കാരം. എന്നാല്‍, ഹെല്‍പ്പ്ഏജ് ഇന്ത്യയുടെ പുതിയ കണക്കുകള്‍ ആ അഹങ്കാരത്തിന്റെ മുഖത്താണ് ആഞ്ഞടിക്കുന്നത്. രാജ്യത്തെ 82 ശതമാനം വയോജനങ്ങളും ജീവിക്കുന്നത് സ്വന്തം മക്കളോടൊപ്പമാണ്. എന്നാല്‍, അവര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ഏറ്റവും വലിയ പ്രഭവകേന്ദ്രവും അതേ 'സ്വന്തം വീടുകള്‍' തന്നെയാണെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അടച്ചിട്ട വാതിലുകള്‍ക്കിടയിലെ 'മാന്യമായ' ക്രൂരതകള്‍

പീഡനം എന്ന് കേള്‍ക്കുമ്പോള്‍ സിനിമകളില്‍ കാണുന്നതുപോലെ വടിയെടുത്ത് അടിക്കുന്നതോ മുറിയില്‍ പൂട്ടിയിടുന്നതോ ആകണമെന്നില്ല. വീടുകളില്‍ അത് സംഭവിക്കുന്നത് വളരെ 'മാന്യമായാണ്'. രാവിലെ ഓഫീസില്‍ പോകാന്‍ ധൃതിപിടിക്കുന്ന മകനോട് അച്ഛന്‍ പതുക്കെ ചോദിക്കും: 'എടാ, എന്റെ ബി.പിയുടെ ഗുളിക തീര്‍ന്നു...'മകന്റെ മുഖത്തൊരു ഭാവമാറ്റമുണ്ടാകും. അവന്‍ പറയും: 'ഇന്നലെ വൈകുന്നേരം പറഞ്ഞൂടായിരുന്നോ? ഇപ്പോള്‍ എനിക്ക് സമയമില്ല.' അവിടെ ആ അച്ഛന്റെ നെഞ്ചില്‍ കൊള്ളുന്നത് ഒരു വടിയല്ല. വൈകുന്നേരം മകന്‍ ആ ഗുളിക വാങ്ങി കൊണ്ടുവന്നേക്കാം, പക്ഷേ രാവിലെ ഉയര്‍ന്ന ആ നെടുവീര്‍പ്പില്‍ ഒരു മനുഷ്യന്റെ ആത്മാഭിമാനമാണ് മുറിഞ്ഞുപോയത്.

വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന മാതപിതാക്കള്‍: കണക്കുകള്‍ പറയുന്ന സത്യമെന്ത്?
'പാവയാകാന്‍ താല്‍പര്യമില്ല', 'കുറ്റാരോപിതരെ തിരികെ എത്തിക്കാന്‍ ശ്രമം', 'അമ്മ' അംഗത്വം ഉപേക്ഷിച്ച് ശ്വേത മേനോന്‍; ഭരണസമിതി ഒന്നടങ്കം രാജിവെച്ചു

കേരളത്തില്‍ നടത്തിയ പുതിയ പഠനങ്ങള്‍ (EMST 2025) പറയുന്നത്, ശാരീരിക മര്‍ദ്ദനങ്ങളേക്കാള്‍ വലിയ തോതില്‍ നമ്മുടെ വയോജനങ്ങള്‍ അനുഭവിക്കുന്നത് ഇത്തരം 'മാനസിക ആഘാതങ്ങള്‍' (Psychological distress) ആണെന്നാണ്. സ്വന്തം വീട്ടില്‍ വെറുമൊരു അദൃശ്യജീവിയായി മാറേണ്ടി വരുന്ന അവസ്ഥ. കണക്കുകള്‍ കുറച്ചുകൂടി ക്രൂരമായ ചില സത്യങ്ങള്‍ പറയുന്നുണ്ട്. വീടിനുള്ളില്‍ പീഡനം അനുഭവിക്കുന്ന വയോജനങ്ങളില്‍ 35 ശതമാനം പേരും വിരല്‍ ചൂണ്ടുന്നത് സ്വന്തം ആണ്‍മക്കള്‍ക്ക് നേരെയാണ്. തൊട്ടുപിന്നില്‍ മരുമക്കളുമുണ്ട്.

ഒരിക്കല്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ വീട്, താന്‍ തന്നെ ഇഷ്ടദാനം എഴുതി നല്‍കിയ പറമ്പ്... അവിടെയാണ് ഇപ്പോള്‍ ആ പാവം മനുഷ്യന്‍ സ്വന്തം ചിലവിനുള്ള പൈസയ്ക്കായി മകന്റെ മുഖത്തേക്ക് ദയനീയമായി നോക്കി നില്‍ക്കേണ്ടി വരുന്നത്. രാജ്യത്തെ 65% മുതിര്‍ന്ന പൗരന്മാരും സാമ്പത്തികമായി അരക്ഷിതരാണ്. മൂന്നിലൊരാള്‍ക്ക് സ്വന്തമായി ഒരു രൂപയുടെ വരുമാനമില്ല. അതില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അമ്മമാരാണ് (38%). ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍, പിന്നെ മകന്റെയോ മകളുടെയോ ഔദാര്യത്തില്‍ മാത്രം ജീവിക്കേണ്ടി വരുന്ന പരതന്ത്ര ജീവിതങ്ങളാണ് അവരെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതിവേഗം വൃദ്ധരാകുന്ന ഇന്ത്യയും കേരളവും

ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. 2036-ഓടെ രാജ്യത്തെ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 23 കോടി കടക്കുമെന്നാണ് ജനസംഖ്യാ പ്രൊജക്ഷന്‍ സംബന്ധിച്ച ടെക്‌നിക്കല്‍ ഗ്രൂപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ 2025-26 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ രാജ്യത്ത് 10 കോടിയിലധികം വയോജനങ്ങളുണ്ട് (മൊത്തം ജനസംഖ്യയുടെ 9 ശതമാനം). എന്നാല്‍ ഈ വളര്‍ച്ചയില്‍ പ്രകടമായ ഒരു വടക്ക്-തെക്ക് വിഭജനം കാണാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യുവാക്കളുടെ എണ്ണം കൂടുതലായിരിക്കുമ്പോള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിവേഗം വാര്‍ധക്യത്തിലേക്ക് നീങ്ങുകയാണ്.

ഉദാഹരണത്തിന്, 2036-ല്‍ ഉത്തര്‍പ്രദേശിലെ വയോജനങ്ങളുടെ നിരക്ക് 12% ആയിരിക്കുമ്പോള്‍, കേരളത്തില്‍ ഇത് 23% ആയി ഉയരുമെന്നാണ് പ്രവചനം. കുറഞ്ഞ പ്രജനന നിരക്കും തൊഴില്‍ തേടിയുള്ള യുവാക്കളുടെ വന്‍തോതിലുള്ള വിദേശ കുടിയേറ്റവും കാരണം ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വയോജന ജനസംഖ്യ വര്‍ധിക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നും മുതിര്‍ന്ന പൗരന്മാരാണ്. 'ഗ്രോയിങ് ഓള്‍ഡ് ഇന്‍ കേരള: എ ജെന്‍ഡേര്‍ഡ് റീവിസിറ്റ് (2025)' എന്ന പഠനപ്രകാരം പത്തനംതിട്ട പോലുള്ള ജില്ലകളില്‍ നിലവില്‍ 18% മുതല്‍ 20% വരെ വയോജനങ്ങളുണ്ട്. 2051-ഓടെ ഇത് 34 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുയരും. ഉയര്‍ന്ന പ്രജനന നിരക്കുള്ള മലപ്പുറത്താണ് വയോജനങ്ങള്‍ ഏറ്റവും കുറവ്.

വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന മാതപിതാക്കള്‍: കണക്കുകള്‍ പറയുന്ന സത്യമെന്ത്?
100 മീറ്റര്‍ 'കുരുക്ക്', ഖനന മാഫിയയുടെ കണ്ണുകള്‍; ഇന്ത്യയുടെ കാവല്‍ക്കോട്ടയായ ആരവല്ലിയില്‍ സംഭവിക്കുന്നത് എന്ത്?

വീടെന്ന പീഡനകേന്ദ്രം- കണക്കുകള്‍

കുറ്റകൃത്യങ്ങളിലെ വര്‍ധന: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2023-നും 2024-നും ഇടയില്‍ മാത്രം വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ 17 മുതല്‍ 18 ശതമാനം വരെ വര്‍ധനവാണുണ്ടായത്. ദേശീയ 'എല്‍ഡര്‍ലൈന്‍' ഹെല്‍പ്പ്ലൈനിലേക്ക് വരുന്ന കോളുകളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു.

സാമ്പത്തിക അരക്ഷിതാവസ്ഥ: 20 സിറ്റികള്‍ കേന്ദ്രീകരിച്ച് 5,000-ലധികം വയോജനങ്ങളില്‍ നടത്തിയ 2024-ലെ ഹെല്‍പ്പ്ഏജ് സര്‍വേ പ്രകാരം 65% മുതിര്‍ന്ന പൗരന്മാരും സാമ്പത്തികമായി അരക്ഷിതരാണ്. മൂന്നിലൊരാള്‍ക്ക് കഴിഞ്ഞ വര്‍ഷം സ്വന്തമായി യാതൊരു വരുമാനവുമുണ്ടായിരുന്നില്ല. ഇത് പുരുഷന്മാരേക്കാള്‍ (27%) സ്ത്രീകളെയാണ് (38%) കൂടുതല്‍ ബാധിക്കുന്നത്.

ആരോഗ്യ സുരക്ഷയുടെ അഭാവം: വയോജനങ്ങളില്‍ 54% പേരും ഒന്നിലധികം ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. എന്നാല്‍ വെറും 31% പേര്‍ക്ക് മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളത്.

നിയമത്തിന്റെ നൂല്‍പ്പാലം

2024-ലെ സുപ്രധാനമായ ഡോ. പ്രമോദ് ജോണ്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍, 2007-ലെ വയോജന സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരമുള്ള 'ഉപേക്ഷിക്കല്‍' (Abandonment) എന്താണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കങ്ങളോ, മാതാപിതാക്കളെ മക്കളുടെ വിവിധ വീടുകളിലേക്ക് മാറ്റുന്നതോ ക്രിമിനല്‍ കുറ്റമല്ലെന്നും, മറിച്ച് സംരക്ഷണച്ചുമതലയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിഞ്ഞുമാറാനുള്ള ഉദ്ദേശ്യത്തോടെയുള്ള 'സമ്പൂര്‍ണ്ണമായ ഉപേക്ഷിക്കല്‍' തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ അതൊരു കുറ്റകൃത്യമാകൂ എന്നും കോടതി വിധിച്ചു. നിയമത്തിന്റെ ദുരുപയോഗം തടയാന്‍ ഈ വിധി സഹായിക്കുമെങ്കിലും, വൈകാരിക ഒറ്റപ്പെടുത്തല്‍, വാക്കാലുള്ള അധിക്ഷേപം, സാമ്പത്തിക ചൂഷണം തുടങ്ങിയ ഗാര്‍ഹിക പീഡനങ്ങള്‍ പലപ്പോഴും നിയമത്തിന്റെ പരിധിക്ക് പുറത്താവുകയാണെന്ന യാഥാര്‍ത്ഥ്യം ഇത് തുറന്നുകാട്ടുന്നു.

ആഗോള ചിത്രം: അതിര്‍ത്തികളില്ലാത്ത ദുരിതം

വയോജന പീഡനം ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. 35 രാജ്യങ്ങളിലെ 94 പഠനങ്ങള്‍ അവലോകനം ചെയ്ത് ബി.എം.സി പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച 'എല്‍ഡര്‍ അബ്യൂസ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (2025) എന്ന മെറ്റാ അനാലിസിസ് പ്രകാരം ലോകമെമ്പാടുമുള്ള വയോജനങ്ങളില്‍ 27.6% പേര്‍ (നാലിലൊരാള്‍) പീഡനം അനുഭവിക്കുന്നുണ്ട്. വൈകാരികവും മാനസികവുമായ പീഡനങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍. തെക്കേ അമേരിക്കയിലാണ് പീഡനനിരക്ക് ഏറ്റവും കൂടുതല്‍ (42%), തൊട്ടുപിന്നില്‍ ഏഷ്യയുണ്ട് (36%).

2050ഓടെ ആഗോളതലത്തില്‍ വയോജനങ്ങളുടെ എണ്ണം 200 കോടിയായി ഉയരുമ്പോള്‍, കൃത്യമായ ഇടപെടലുകളില്ലെങ്കില്‍ പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണം 32 കോടിയായി വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. നഴ്‌സിംഗ് ഹോമുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ കഴിയുന്ന വയോജനങ്ങളില്‍ 64.2% പേരും പീഡനം നേരിടുന്നുണ്ട്.

കേരളത്തില്‍ വികസിപ്പിച്ചെടുത്ത 'എല്‍ഡര്‍ മിസ്ട്രീറ്റ്‌മെന്റ് സ്‌ക്രീനിംഗ് ടൂള്‍' വ്യക്തമാക്കുന്നത്, കേരളത്തിലെ വയോജന പീഡനം ശാരീരിക അതിക്രമങ്ങളേക്കാള്‍ കൂടുതല്‍ വൈകാരിക സമ്മര്‍ദ്ദം, വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ക്ക് മേലുള്ള നിയന്ത്രണം, സാമ്പത്തിക ആശ്രിതത്വം എന്നിവയിലൂടെയാണ് പ്രകടമാകുന്നത് എന്നാണ്.

വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന മാതപിതാക്കള്‍: കണക്കുകള്‍ പറയുന്ന സത്യമെന്ത്?
ഭക്ഷണമില്ല, അടിയന്തരാവസ്ഥയും; 50 ദിവസത്തിലേറെയായി പ്രക്ഷോഭം, ബൊളീവിയയിൽ സംഭവിക്കുന്നതെന്ത്?

പരിഹാരമെന്ത്? 'സില്‍വര്‍ എക്കണോമി' എന്ന സാധ്യത

വയോജനങ്ങളെ വെറും ക്ഷേമപദ്ധതികളുടെയും ചെറിയ പെന്‍ഷനുകളുടെയും ഗുണഭോക്താക്കളായി മാത്രം കാണുന്ന പരമ്പരാഗത രീതി മാറണമെന്ന് നീതി ആയോഗിന്റെ 2024ലെ പൊസിഷന്‍ പേപ്പര്‍ ആവശ്യപ്പെടുന്നു. മുതിര്‍ന്ന പൗരന്മാരെ സമൂഹത്തിന്റെ ബാധ്യതയായി കാണുന്നതിന് പകരം, ഉയര്‍ന്നുവരുന്ന 'സില്‍വര്‍ എക്കണോമിയുടെ' വയോജനങ്ങളുടെ ആവശ്യങ്ങള്‍ക്കും വാങ്ങല്‍ ശേഷിക്കും മുന്‍തൂക്കം നല്‍കുന്ന സമ്പദ്വ്യവസ്ഥ സുപ്രധാന ഭാഗമായി അംഗീകരിക്കണം. നിലവില്‍ ഇന്ത്യയിലെ സില്‍വര്‍ എക്കണോമിയുടെ മൂല്യം ഏകദേശം 10,000 കോടി രൂപയാണ്.

വയോജനങ്ങളുടെ സുരക്ഷിതത്വത്തിനും അന്തസ്സിനുമായി മൂന്ന് തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് നീതി ആയോഗ് നിര്‍ദ്ദേശിക്കുന്നത്:

സാമ്പത്തിക സംയോജനം: 70% വയോജനങ്ങളും മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, വിരമിച്ച ശേഷമുള്ള തൊഴില്‍ അവസരങ്ങളും 'ഗ്രേ ഇന്റേണ്‍ഷിപ്പുകളും' കൊണ്ടുവരിക. നിര്‍ബന്ധിത സമ്പാദ്യപദ്ധതികളും താങ്ങാനാവുന്ന ജെറിയാട്രിക് ഇന്‍ഷുറന്‍സും വഴി സാമ്പത്തിക ചൂഷണം തടയുക.

വയോജന പരിചരണ സമ്പദ് വ്യവസ്ഥ: യുവാക്കളുടെ കുടിയേറ്റം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിയന്ത്രിതമായ ദീര്‍ഘകാല പരിചരണ സംവിധാനങ്ങള്‍ നിര്‍മ്മിക്കുക. വയോജന പരിചരണ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുക.

സാമൂഹിക സംരക്ഷണം: 59% വയോജനങ്ങളെയും മാറ്റിനിര്‍ത്തുന്ന ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുക. ഒറ്റപ്പെട്ടു ജീവിക്കുന്നവരെ നിരീക്ഷിക്കാനും നിയമസഹായം നല്‍കാനും പ്രാദേശിക തലത്തില്‍ 'ജാഗ്രതാ സമിതികള്‍' രൂപീകരിക്കുക.

തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കള്‍ നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് നേരെയുള്ള വലിയൊരു ചോദ്യചിഹ്നമാണ്. ഉയര്‍ന്ന സാക്ഷരതയും സാമ്പത്തിക വളര്‍ച്ചയും നേടുമ്പോഴും പ്രായമായവരെ വെറും 'ഉപയോഗശൂന്യമായ വസ്തുക്കളായി' കാണുന്ന വികസന മാതൃകകള്‍ പരാജയമാണ്. ഇന്ത്യയെപ്പോലെ വയോജന ജനസംഖ്യ അതിവേഗം വര്‍ധിക്കുന്ന ഒരു രാജ്യത്ത്, അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ക്ക് ഒരിക്കലും ഒളിച്ചോടാനാവില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട്.

Summary

India is facing a silent crisis of elder abuse, much of it occurring within the very homes where senior citizens live with their families. Contrary to the common belief that Indian families care for their elderly members better than many Western societies, recent studies reveal that emotional neglect, financial dependence, and psychological distress are widespread among older adults

Madism Digital
madismdigital.com