ഉത്തർപ്രദേശിലെ വാരണാസിയിൽ ഈയിടെ നടന്ന ഒരു വേറിട്ട പ്രതിഷേധം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിൽ, നൂറോളം വരുന്ന കരാർ ശുചീകരണ തൊഴിലാളികൾ നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ റോഡിൽ തള്ളി തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയുടെ ഗേറ്റിന് സമീപം നടന്ന ഈ പ്രതിഷേധം കുറച്ചുനേരത്തേക്ക് നഗരത്തിലെ ഗതാഗതം പുർണ്ണമായും സ്തംഭിപ്പിച്ചു. കേവലം ഒരു ശമ്പള വർധനവ് എന്നതിലുപരി, ജീവിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്കും തൊഴിൽപരമായ അവകാശങ്ങൾക്കും വേണ്ടിയുള്ള താഴെത്തട്ടിലുള്ള വലിയൊരു വിഭാഗത്തിന്റെ പോരാട്ടമാണ് ഈ പ്രതിഷേധത്തിലൂടെ പുറത്തുവന്നത്.
കുറഞ്ഞ ശമ്പളം, കൃത്യസമയത്ത് വേതനം ലഭിക്കാത്ത അവസ്ഥ, ആരോഗ്യ പരിരക്ഷയുടെ പൂർണ്ണമായ അഭാവം എന്നിവയാണ് ഈ തൊഴിലാളികളെ പ്രധാനമായും വലയ്ക്കുന്നത്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് വാരണാസി സന്ദർശിച്ച സമയത്ത് ശുചീകരണ തൊഴിലാളികളുടെ ശമ്പളം 16,000 മുതൽ 18,000 രൂപ വരെയായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ, ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, പണിയെടുക്കുന്ന പലർക്കും കഴിഞ്ഞ രണ്ടു മാസമായി ശമ്പളം പോലും ലഭിച്ചിരുന്നില്ല.
മൂന്ന് കുട്ടികളുടെ പിതാവായ സണ്ണി കുമാർ റാവത്ത് എന്ന തൊഴിലാളിയുടെ വാക്കുകൾ ഈ ദുരവസ്ഥയെ വളരെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. വിവിധ സ്വകാര്യ ഏജൻസികൾ വഴിയാണ് വാരണാസി മുൻസിപ്പൽ കോർപ്പറേഷൻ ഇവരെ ജോലിക്ക് എടുത്തിരിക്കുന്നത്. ഓരോ തവണ കോർപ്പറേഷന്റെ ടെൻഡർ മാറുമ്പോഴും പുതിയ കോൺട്രാക്ടർമാർ വരുന്നു. ഇത് കാരണം തൊഴിലാളികൾക്ക് ജോലി സ്ഥിരതയോ തുടർച്ചയോ ലഭിക്കാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്.
പ്രതിഷേധം ശക്തമായതോടെ വാരണായി മുൻസിപ്പൽ കോർപ്പറേഷൻ ചില പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തി. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ഇവരുടെ ശമ്പളം 13,006 രൂപയായി വർധിപ്പിച്ചതായി അവർ പ്രഖ്യാപിച്ചു. ഇതിൽ 765 രൂപയുടെ ക്ഷാമബത്തയും ഉൾപ്പെടുന്നുണ്ട്. കൂടാതെ, നാലായിരത്തോളം തൊഴിലാളികൾക്ക് കുടിശ്ശികയുള്ള രണ്ടുമാസത്തെ ശമ്പളം ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ 18,000 രൂപയോളം ശമ്പളം ലഭിക്കുമെന്നത് ചിലർ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് അധികൃതരുടെ വാദം. അവിദഗ്ദ്ധ തൊഴിലാളികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സർക്കാർ നിയമപ്രകാരം ഇവർക്ക് 13,006 രൂപ നിശ്ചയിച്ചിരിക്കുന്നത്.
ഈ പ്രതിഷേധം വെറുമൊരു തൊഴിൽ പ്രശ്നമല്ല, മറിച്ച് നമ്മുടെ സമൂഹത്തിലെ വലിയ ചി അസമത്വങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. സ്ഥിരനിയമനം ലഭിച്ച ശുചീകരണ തൊഴിലാളികൾക്ക് മാസം 40,000 മുതൽ 60,000 രൂപ വരെ ശമ്പളം ലഭിക്കുമ്പോഴാണ്, അതേ ജോലി ചെയ്യുന്ന കരാർ തൊഴിലാളികൾക്ക് അതിന്റെ നാലിലൊന്ന് വരുന്ന തുച്ഛമായ തുക ലഭിക്കുന്നത്. വളരെ അപകടസാധ്യത നിറഞ്ഞ ഈ ജോലിയിൽ, ഒരു മാൻഹോളിൽ ഇറങ്ങുമ്പോഴോ അല്ലെങ്കിൽ മാലിന്യത്തിൽ നിന്നുള്ള വൈദ്യുതാഘാതം ഏറ്റോ ഒരു തൊഴിലാളി മരിച്ചാൽ കോൺട്രാക്ടറോ കോർപ്പറേഷനോ ഒരു രൂപ പോലും നഷ്ടപരിഹാരം നൽകുന്നില്ല എന്ന് തൊഴിലാളികൾ വേദനയോടെ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം നേടിയവർ വലിച്ചെറിയുന്ന മാലിന്യം, വിദ്യാഭ്യാസമില്ലാത്ത തങ്ങളാണ് പെറുക്കുന്നത് എന്ന ഒരു തൊഴിലാളിയുടെ വാക്കുകൾ ഈ മേഖലയിലെ വിവേചനത്തിന്റെ നേർചിത്രമാണ്. എന്നാൽ ഇതിൽ ഏറ്റവും സങ്കടകരമായ മറ്റൊരു യാഥാർത്ഥ്യവുമുണ്ട്. ബികോം ബിരുദവും ഐടിഐ പഠനവും കമ്പ്യൂട്ടർ കോഴ്സും പൂർത്തിയാക്കിയ പ്രേം എന്ന യുവാവിനെപ്പോലുള്ളവരും ഗത്യന്തരമില്ലാതെ ഇന്ന് ഈ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു എന്നതാണ് ആ യാഥാർത്ഥ്യം. രാജ്യത്തെ തൊഴിലില്ലായ്മയും അതിരൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം വിദ്യാസമ്പന്നരായ ചെറുപ്പക്കാർ പോലും ഇത്തരം ചൂഷണങ്ങൾ നിറഞ്ഞ തൊഴിലിടങ്ങളിലേക്ക് കടന്നുവരുന്നുണ്ട്.
Contract sanitation workers in Varanasi recently staged a protest by dumping collected garbage on the streets, disrupting traffic. They were protesting against unpaid wages for the past two months, low pay, and poor working conditions. While the authorities have now announced a slight wage increase to ₹13,006 and promised to clear the pending dues, the protest highlighted deeper issues. It exposed the massive wage disparity between permanent and contract workers, the lack of health or life insurance for hazardous jobs, and the harsh reality of educated youths being forced into exploitative work due to severe unemployment.