നൂറിൽനിന്ന് 125 ദിവസമാക്കി; പക്ഷേ പണി കിട്ടുമോ? പുതിയ തൊഴിലുറപ്പ് നിയമത്തിലെ കടുംവെട്ടുകള്‍!

പ്രധാന കൃഷി സീസണുകളിൽ 60 ദിവസം തൊഴിലുറപ്പ് ജോലി പൂർണ്ണമായും നിർത്തിവെക്കണമെന്ന നിർദ്ദേശമാണ് പുതിയ നിയമത്തിലെ ഏറ്റവും വലിയ വിവാദം
നൂറിൽനിന്ന് 125 ദിവസമാക്കി; പക്ഷേ പണി കിട്ടുമോ? പുതിയ തൊഴിലുറപ്പ് നിയമത്തിലെ കടുംവെട്ടുകള്‍!
Published on

രാജ്യത്തെ കോടിക്കണക്കിനു വരുന്ന ഗ്രാമീണ തൊഴിലാളികളുടെ ആശ്രയമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുപകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമം പാവപ്പെട്ടവരുടെ അവകാശങ്ങള്‍ കവരുന്നതാണെന്ന വിമര്‍ശനം ശക്തം. വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ഉപജീവന മിഷന്‍ (ഗ്രാമീണ്‍)' എന്ന പേരില്‍ മേയില്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം പുറത്തിറക്കിയ കരട് നിയമങ്ങള്‍ക്കെതിരെയാണ് വലിയ പ്രതിഷേധം ഉയരുന്നത്.

പദ്ധതി പ്രകാരം ഗ്യാരന്റി നല്‍കുന്ന തൊഴില്‍ ദിനങ്ങള്‍ നൂറില്‍നിന്ന് 125 ദിവസമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ തൊഴിലാളികള്‍ക്കു ജോലി ചോദിച്ചു വാങ്ങാനുള്ള നിയമപരമായ അവകാശം ഇല്ലാതാക്കുന്ന ചതിക്കുഴികള്‍ ഇതിലൊളിപ്പിച്ചിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചക്രധര്‍ ബുദ്ധ വ്യക്തമാക്കുന്നു.

പണം അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ 'കടുംവെട്ട്'

പഴയ തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത അതു വോട്ടര്‍മാരുടെ അല്ലെങ്കില്‍ തൊഴിലാളികളുടെ ആവശ്യാനുസരണം പണം അനുവദിക്കുന്ന ഒന്നായിരുന്നു എന്നതാണ്. അതായത്, ഗ്രാമങ്ങളില്‍ തൊഴിലാളികള്‍ പണി ആവശ്യപ്പെട്ടാല്‍ അതു നല്‍കാന്‍ നിയമപരമായി സര്‍ക്കാരുകള്‍ ബാധ്യസ്ഥരായിരുന്നു. അതിനനുസരിച്ച് കേന്ദ്രം ഫണ്ട് അനുവദിക്കണമായിരുന്നു.

നൂറിൽനിന്ന് 125 ദിവസമാക്കി; പക്ഷേ പണി കിട്ടുമോ? പുതിയ തൊഴിലുറപ്പ് നിയമത്തിലെ കടുംവെട്ടുകള്‍!
'ബിജെപി ബന്ധം ആരോപിച്ചു, ശ്വേതയ്ക്കെതിരെ നടന്നത് പ്രീ-പ്ലാൻഡ് അറ്റാക്ക്'; അമ്മയിലെ പൊട്ടിത്തെറി വെളിപ്പെടുത്തി മല്ലിക സുകുമാരൻ

എന്നാല്‍ പുതിയ നിയമപ്രകാരം ഓരോ സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി ഒരു തുക നിശ്ചയിച്ചു നല്‍കും. ഈ തുകയ്ക്കപ്പുറം തൊഴിലാളികള്‍ പണി ആവശ്യപ്പെട്ടാല്‍ ആ ചെലവ് മുഴുവന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം പോക്കറ്റില്‍നിന്ന് എടുക്കേണ്ടി വരും. ഇതോടെ അധിക സാമ്പത്തിക ബാധ്യത ഭയന്ന് സംസ്ഥാനങ്ങളും പ്രാദേശിക ഉദ്യോഗസ്ഥരും തൊഴിലാളികള്‍ക്ക് പണി കൊടുക്കുന്നത് ബോധപൂര്‍വം കുറയ്ക്കാനും അപേക്ഷകള്‍ നിരസിക്കാനും വലിയ സാധ്യതയുണ്ട്.

കര്‍ഷക സീസണിലെ 60 ദിവസത്തെ വിലക്ക്

പുതിയ നിയമത്തിലെ ഏറ്റവും വിവാദപരമായ മറ്റൊരു നിര്‍ദ്ദേശം കൃഷിയിറക്കുന്നതും വിളവെടുക്കുന്നതുമായ പ്രധാന സീസണുകളില്‍ വര്‍ഷത്തില്‍ 60 ദിവസം തൊഴിലുറപ്പ് പണികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നതാണ്. കാര്‍ഷികമേഖലയില്‍ തൊഴിലാളികളെ കിട്ടാത്ത പ്രതിസന്ധി ഒഴിവാക്കാനാണ് ഈ നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഭൂമിയില്ലാത്ത സാധാരണ തൊഴിലാളികള്‍, ആദിവാസി കുടുംബങ്ങള്‍, സ്ത്രീകള്‍ എന്നിവരെയെല്ലാം ഇതു പട്ടിണിയിലേക്കു തള്ളിവിടുമെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ കാര്‍ഷികമേഖലയില്‍ എല്ലാവര്‍ക്കും എപ്പോഴും ജോലി കിട്ടണമെന്നില്ല. ഗ്രാമസഭകളോട് ചോദിക്കുക പോലും ചെയ്യാതെ മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ 125 ദിവസത്തെ തൊഴില്‍ ഗ്യാരന്റിയെ വെറും ജലരേഖയാക്കി മാറ്റും.

ആധാറും e-KYCയും; ഡിജിറ്റല്‍ ചതിക്കുഴികള്‍

പഴയ തൊഴിലുറപ്പ് കാര്‍ഡുകള്‍ നിലനില്‍ക്കണമെങ്കില്‍ ഇ-കെവൈസി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. സാങ്കേതിക തകരാറുകള്‍ മൂലമോ വിരലടയാളം പതിക്കാത്തതുകൊണ്ടോ ഒരു പാവപ്പെട്ട തൊഴിലാളിക്കു കെ വൈസി ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അവരുടെ തൊഴില്‍ കാര്‍ഡ് റദ്ദാക്കപ്പെടും. കഴിഞ്ഞ കുറേക്കാലമായി രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലാളികളുടെ പേരുകള്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ വെരിഫിക്കേഷന്റെ പേരില്‍ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. കൂടാതെ, ശമ്പളം നല്‍കാന്‍ ആധാര്‍ അധിഷ്ഠിത പണമിടപാട് രീതി നിര്‍ബന്ധമാക്കുകയാണ്.

ബാങ്കിങ് സംവിധാനങ്ങള്‍ ദുര്‍ബലമായ ഗ്രാമങ്ങളില്‍ പണം ബാങ്ക് അക്കൗണ്ടുകളിലേക്കു പോകാതിരിക്കുകയോ മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്കു മാറിപ്പോവുകയോ ചെയ്താല്‍ അത് പരിഹരിക്കാന്‍ പാവപ്പെട്ട തൊഴിലാളികള്‍ എങ്ങോട്ട് പോകണമെന്നതിനു കരട് നിയമത്തില്‍ കൃത്യമായ ഉത്തരമില്ല. വോട്ടവകാശം പോലെ പാവപ്പെട്ടവര്‍ക്കു ജോലി ചെയ്യാനുള്ള അവകാശം നിയമപരമായി ഉറപ്പുനല്‍കിയ പദ്ധതിയെ, വെറും ഡിജിറ്റല്‍ ആപ്പുകളിലൂടെയും കര്‍ശനമായ ബഡ്ജറ്റ് നിയന്ത്രണങ്ങളിലൂടെയും ശ്വാസംമുട്ടിച്ചു കൊല്ലാനാണ് പുതിയ നീക്കം ശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ തൊഴിലാളി സംഘടനകളുടെ ശക്തമായ തിരുത്തലുകളുണ്ടായില്ലെങ്കില്‍ 125 ദിവസത്തെ തൊഴിലുറപ്പെന്നത് പ്രഖ്യാപനം മാത്രമായി അവശേഷിക്കും.

Summary

There is strong criticism regarding a new draft proposal by the Union Ministry of Rural Development, introduced in May, titled "Viksit Bharat - Guarantee for Rozgar and Aajivika Mission (Gramin)."

Critics argue that this proposed legislation aims to replace the Mahatma Gandhi National Rural Employment Guarantee Act (MGNREGA)—a lifeline for millions of rural workers in India. Opponents contend that the new framework threatens to undermine the existing rights and protections afforded to the poor under the current employment guarantee scheme.

Madism Digital
madismdigital.com