കൃഷിപാഠമാണ് രാമേട്ടന്റെ ജീവിതം

രാമേട്ടന്റെ ആശയ വിനിമയശേഷിയാണ് മറ്റൊരത്ഭുതം. ഏതുതരം മനുഷ്യരോടും കാര്യങ്ങള്‍ സംവദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.
കൃഷിപാഠമാണ് രാമേട്ടന്റെ ജീവിതം
Published on: 

മാധ്യമപ്രവര്‍ത്തനത്തിനിടെ ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ രാമേട്ടനെ കാണുന്നത്. കാര്‍ഷികമേഖലയുടെ വലിയൊരു തകര്‍ച്ചയുടെ ഘട്ടത്തിലായിരുന്നു ആ കൂടിക്കാഴ്ച. ഹരിതവിപ്ലവത്തിന്റെ ഭാഗമായി വന്‍തോതില്‍ ആധുനിക നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്യുകയും പാരമ്പര്യരീതിയിലുള്ള വിത്തിനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്ത കാലമായിരുന്നു അത്. അതിന്റെ പ്രതിഫലനങ്ങള്‍ കാര്‍ഷിക മേഖലയില്‍ വന്നുതുടങ്ങിയിരുന്നു.

അമിത ഉല്‍പാദനം പ്രതീക്ഷിച്ച് കൃഷി ചെയ്തിരുന്ന ആധുനിക നെല്‍വിത്തിനങ്ങള്‍ വലിയ തോതില്‍ കീട ബാധയേല്‍ക്കുകയും നശിക്കാന്‍ ഇടയാകുന്ന സാഹചര്യങ്ങളും ഉണ്ടായി. ഈയൊരു ഘട്ടത്തിലാണ് ഉല്പാദനശേഷി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ രാസവളങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്ന വിളകള്‍ കര്‍ഷകര്‍ പരീക്ഷിച്ചു കൊണ്ടിരുന്നത്. രാമേട്ടന്‍ തന്നെ പറയുന്നതനുസരിച്ച് ഈ ഘട്ടത്തിലാണ് 1980 ല്‍ അദ്ദേഹത്തിന്റെയടുത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ഒരു ഗവേഷക സംഘം വരുന്നത്.

കാലഹരണപ്പെട്ടുപോയ അഥവാ അന്യം നിന്നു പോയ കാര്‍ഷികോപകരണങ്ങള്‍ കണ്ടെത്തി അവ സംരക്ഷിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ രാമേട്ടനില്‍നിന്നു തേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ക്കു വേണ്ടി കുറേ ഉപകരണങ്ങള്‍ അലത്തു നടന്ന് അദ്ദേഹം കണ്ടെത്തുകയും ചെയ്തു.

കൃഷിപാഠമാണ് രാമേട്ടന്റെ ജീവിതം
ചെറുവയൽ രാമേട്ടൻ: മണ്ണിന്റെ അറിവും മനുഷ്യസ്നേഹവും ജീവിതദർശനമാക്കിയ കർഷകൻ

എന്തിനാണ് ഈ ഉപകരണങ്ങള്‍ നിങ്ങള്‍ തേടുന്നത് എന്ന് രാമേട്ടന്‍ അന്വേഷിച്ചു. വരും തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണെന്നും ഇത് നശിച്ചു പോയതാണെന്നും, ഇത് ഇനിയും മനുഷ്യന് ഉപയോഗിക്കേണ്ടതാണെന്നുമുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥികളടക്കമുള്ള ആ ഗവേഷകര്‍ നല്‍കിയത്. അവിടെ തുടങ്ങുന്നു രാമേട്ടന്റെ ദൗത്യം. പാരമ്പര്യ അറിവുകള്‍ നഷ്ടപ്പെട്ടുപോവുകയാണെങ്കില്‍ വിത്തുകളും നഷ്ടപ്പെട്ടു പോകില്ലെ എന്നചിന്ത രാമേട്ടനില്‍ ഉടലെടുത്തു. ഇതില്‍ നിന്നാണ് വിത്തുകള്‍ സംരക്ഷിക്കുക എന്ന ഒരു വലിയ ദൗത്യത്തിലേക്ക് രാമേട്ടന്‍ എത്തിച്ചേരുന്നത്.

ആറിനം വിത്തുകള്‍ അദ്ദേഹത്തിന് തന്റെ അമ്മാവന്റെ കൈയ്യില്‍ നിന്നുമാത്രം ലഭിച്ചിട്ടുണ്ട്. ഇത് പാരമ്പര്യമായി ലഭിച്ച വിത്തുകളായിരുന്നു. ഇവയില്‍ നിന്നാണ് അദ്ദേഹം തുടങ്ങുന്നത്. പ്രാദേശികമായി ലഭിച്ച വിത്തുകള്‍ പിന്നീട് കണ്ടെത്തി. പൈതൃക വിത്തുകള്‍ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തെ പലരും കളിയാക്കി. ഒരു ഭ്രാന്തനെപ്പോലെ വിത്തുകള്‍ അന്വേഷിച്ച് അലഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. നല്ല വിളവുതരുന്ന വിത്തുകള്‍ക്ക് പകരം എന്തിനാണ് വിളവില്ലാത്ത ഇത്തരം വിത്തുകള്‍ അന്വേഷിച്ച് പോകുന്നത് എന്നായിരുന്നു ഇവരുടെ പ്രധാന ചോദ്യം. എന്നാല്‍ അതൊന്നു ശ്രദ്ധിക്കാതെ രാമേട്ടന്‍ തന്റെ പരിശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമായി ഏതാണ്ട് 63 മൂന്നോളം ഇനം വിത്തുകള്‍ അദ്ദേഹം കണ്ടെത്തി ശേഖരിച്ചു നിലനിര്‍ത്തി.

വിത്തുകള്‍ സംരക്ഷിക്കുക എന്നത് കേവലം ലളിതമായ ഒരു പ്രവര്‍ത്തിയല്ല. സാധാരണയായി ഗവേഷണശാലകളില്‍ പ്രത്യേക ശീതീകരണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവ ചെയ്തുപോരുന്നത്. IRRI പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളാണ് പലപ്പോഴും ഇത് ചെയ്യുന്നത്. എന്നാല്‍ ഒരു സാധാരണ കര്‍ഷകന്‍ പാരമ്പര്യമായി എങ്ങിനെയാണ് അപൂര്‍വ്വമായ വിത്തുകള്‍ സംരക്ഷിക്കുന്നത് എന്ന് രാമേട്ടന്‍ കാണിച്ചു തരുന്നുണ്ട്. രാമേട്ടന്റെ ജീവിതം തന്നെയാണ് യഥാര്‍ഥത്തില്‍ അദ്ദേഹം നല്‍കുന്ന സന്ദേശം.

ഒരു വിത്തിന്റെ ആയുസ്സ് പരമാവധി ഒരു വര്‍ഷമാണ്. അതിനിടയില്‍ ഈ വിത്തുകള്‍ വീണ്ടും നട്ട് അവയെ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കേണ്ടതുണ്ട്. ഈ ദൗത്യമാണ് കര്‍ഷകര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് എന്നും പ്രകൃതിയുടെ നിലനില്‍പ്പുതന്നെ ഇത്തരം വിത്തുകളിലാണെന്നും രാമേട്ടന്‍ പറയുന്നുണ്ട്. പ്രകൃതിയില്‍ നിലനില്‍ക്കുന്ന ഇത്തരം വിത്തുകളാണ് തലമുറകളെ കൂട്ടിയോജിപ്പിക്കുന്നത്.

കൃഷിപാഠമാണ് രാമേട്ടന്റെ ജീവിതം
ഈ ജീവിതം, വിഷാദച്ഛായയില്‍

വയനാട്ടിലെ കുറിച്യര്‍ നെല്ലിനെ വളരെ വിശിഷ്ടമായ ഒരു വസ്തുവായിട്ടാണ് കാണുന്നത്. നെല്ലിന്റെ ഉത്ഭവത്തെ കുറിച്ച് അവര്‍ക്കിടയില്‍ പ്രചരിക്കുന്ന കഥ ഇങ്ങനെയാണ്.

ദാരിദ്ര്യം കനത്ത ഒരു കാലത്ത് പട്ടിണി മാറ്റാന്‍ അവര്‍ ദൈവത്തെ പ്രാര്‍ത്ഥിച്ചു. അവരുടെ ദൈവമായ മഹാലക്ഷ്മി ഉള്ളം കയ്യില്‍ നിന്ന് നല്‍കിയത് കുറച്ച് വിത്തുകളായിരുന്നു. അതവര്‍ കാട്ടില്‍ വിതച്ചു. അതാണ് നെല്ലായി അവര്‍ക്ക് ലഭിച്ചത് എന്ന് അവര്‍ വിശ്വസിക്കുന്നത്. നെല്ലിനെ ഇന്നും അവര്‍ ആരാധിച്ച് പോരുന്നു. ആഹാരം കഴിക്കുന്നതിനു മുന്‍പ് തൊഴുതു പ്രാര്‍ത്ഥിക്കും. ആദ്യമായി കഴിക്കുന്ന ഭക്ഷണത്തിലെ മൂന്നുരുളകളില്‍ ആദ്യത്തേത് ദൈവത്തിനും രണ്ടാമത്തേത് കൂടെ നിന്ന പ്രകൃതിക്കും സഹായിച്ചവര്‍ക്കുമാണ്. മൂന്നാമത്തെ ഉരുള്ള മാത്രം ഭക്ഷിക്കുക എന്ന ശീലംമാത്രമാണ് ഇവര്‍ക്കുള്ളത്. ഈ ഗോത്ര ജീവിതത്തിന്റെ ഒരു പ്രതിനിധിയാണ് രാമേട്ടന്‍.

രാമേട്ടന്റെ കൂടെ 2018മുതല്‍ നിരന്തരം സഞ്ചരിച്ചാണ് ഞാന്‍ എന്റെ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. ആ ഡോക്യുമെന്ററിക്ക് 2024 ല്‍ ലഭിച്ച ദേശീയ ചലച്ചിത പുരസ്‌കാരം യഥാര്‍ത്ഥത്തില്‍ രാമേട്ടനു ലഭിച്ച പുരസ്‌കാരമാണ്. വിത്തുകളുടെ അവകാശവും അധികാരവും കോര്‍പ്പറേറ്റുകളുടെ കൈകളില്‍ എത്തിപ്പെട്ട കാലത്ത് അതിനെതിരെയുള്ള കര്‍ഷകരുടെ ഒരു വലിയ പോരാട്ടത്തിന്റെ സാധ്യതയാണ് രാമേട്ടന്‍ തുറന്നു വെക്കുന്നത്. കോര്‍പ്പറേറ്റുകളോടുള്ള പ്രതിരോധത്തിന്റെ ഒരു മാതൃക കൂടിയാണ് രാമേട്ടന്‍.

രാമേട്ടന്റെ ആശയ വിനിമയശേഷിയാണ് മറ്റൊരത്ഭുതം. ഏതുതരം മനുഷ്യരോടും കാര്യങ്ങള്‍ സംവദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. കുട്ടികള്‍ മുതല്‍ ഗവേഷകര്‍ വരെയുള്ളവരോട് ഒരേ രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിനാകും. ഏത് സദസ്സിനെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ സംവദിക്കാന്‍ കഴിയും. സമ്പന്നമായ ഒരു ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ പ്രതിനിധി കൂടിയാണ് രാമേട്ടന്‍.

കൃഷിയുടെ അപാരമായ അറിവ് രാമേട്ടനില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് നെകല്‍ എന്നാണ് ഞാന്‍ പേര് നല്‍കിയത്. നെകല്‍ എന്നാല്‍ തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയെന്നാണ് അര്‍ഥം. രാമേട്ടന്‍ ഉള്‍പ്പെട്ട സമൂഹത്തിന്റെ പൂര്‍വികരെ സ്മരിക്കുക കൂടിയാണ് നെകലിനൂടെ ചെയ്യുന്നത്. പത്തായത്തിലെ നെല്ല് നെകലുകളായി വന്ന് ഞാന്‍ മുളപൊട്ടാറായി എന്ന് പറയാറുണ്ടെന്ന് രാമേട്ടന്‍ പറയുന്നുണ്ട്.

അത്ഭുതകരമായ പ്രകൃതിജീവിതം നയിച്ചിട്ടുള്ള, പ്രകൃതിയോട് എറ്റവും അടുത്ത് നില്‍ക്കുന്ന, പ്രകൃതിയിയില്‍ നിന്ന് പുതിയ നീതിയും സാമൂഹ്യ ബോധവും ഉണ്ടാക്കിയെടുക്കുന്ന ഒരു വ്യക്തിയായിരുന്നു ചെറുവയല്‍ രാമന്‍ എന്ന കര്‍ഷകര്‍. അദ്ദേഹത്തിന്റെ മരണം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്.

അദ്ദേഹത്തിന്റെ വിയോഗത്തോടെ പരമ്പരാഗത കാര്‍ഷിക അറിവുകളുടെ ഉറവ വറ്റിപ്പോയി എന്ന് കരുതേണ്ടിവരും. പതിനഞ്ച് ദിവസം മുന്‍പ് കണ്ടപ്പോഴും അദ്ദേഹം പറഞ്ഞത് കൃഷിയെയും നെല്ലിനെയും അത് സംരക്ഷിക്കുന്നതിനെയും കുറിച്ചായിരുന്നു. ആഗ്രഹങ്ങളെ മറികടന്ന് പ്രകൃതിയോട് ചേര്‍ന്ന് അതിന്റെ കൂടെ ഒഴുകി എങ്ങനെ ജീവിക്കാം എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. കൃഷിപാഠമാണ് രാമേട്ടന്റെ ജീവിതം. നൂറ്റിയമ്പതില്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് ചെറുവയല്‍ രാമന്റെ വീട്. പുല്ല്, മുള എന്നിവ പോലുള്ള പ്രാദേശികമായ ഉത്പന്നങ്ങള്‍ മാത്രമാണ് ആ വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പരിസ്ഥിതി, വിത്തുകള്‍, പരമ്പരാഗത കൃഷി എന്നിവയെ കുറിച്ചുള്ള അറിവുകള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കണം എന്ന ആഗ്രഹം അവസാന കൂടിക്കാഴ്ചയിലും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ വീടിരിക്കുന്ന സ്ഥലത്ത് കൃഷിയെയും വിത്തിനങ്ങളെയും കുറിച്ച് പഠിക്കാന്‍ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ വേണ്ട ശ്രമങ്ങളും അദ്ദേഹം തുടങ്ങിയിരുന്നു.

Summary

Cheruvayal Raman, a renowned farmer from Wayanad, dedicated his life to preserving traditional rice varieties and indigenous agricultural knowledge. By collecting and conserving dozens of heritage seeds, he protected agricultural biodiversity and challenged the growing corporate control over seeds. His life and work, documented in the award-winning documentary Nekal, remain an inspiration for sustainable farming and the preservation of ancestral wisdom for future generations.

Madism Digital
madismdigital.com