

അന്താരാഷ്ട്ര മാധ്യമങ്ങളേയും വാർത്തകളേയും ഉറ്റുനോക്കുന്ന, ഇന്റർനെറ്റ് ഉപോഗിക്കുന്ന, ഏതൊരു മനുഷ്യനും ഈ കഴിഞ്ഞ കുറച്ച് നാളുകളായി എപ്സ്റ്റീൻ ഫയലുകളെ കുറിച്ച് നിരന്തരം കേൾക്കുന്നുണ്ടാകും. ജെഫ്രി എപ്സ്റ്റീൻ എന്ന കുപ്രസിന്ധ ലൈംഗീക കുറ്റവാളിയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ലക്ഷക്കണക്കിന് വിവരങ്ങളും തെളിവുകളും അടങ്ങുന്ന രേഖകളാണത്. ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി, പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിക്കൊണ്ടുപോയി ക്രൂരമായി ചൂഷണം ചെയ്തു എന്നതായിരുന്നു ജെഫ്രി എപ്സിറ്റീനെതിരെ ചുമത്തപ്പെട്ട കുറ്റം. ലോകനേതാക്കൾ അടക്കമുള്ളവർക്കായി എപ്സ്റ്റീൻ നടത്തിയിരുന്ന റേവ് പാർട്ടികളുടെ ഞെട്ടിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ്, മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 1.8 ലക്ഷത്തിൽ അധികം ചിത്രങ്ങളുമായി പുറത്തുവന്നത്. ഏറ്റവുമൊടുവിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അടക്കം, ലോകത്തെ ഉന്നതരായ പലരുടേയും പേരുകൾ പ്രതിദിനം എപ്സ്റ്റീൻ ഫയലുകൾ വഴി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ആരാണ് എപ്സ്റ്റീൻ എന്ന ചോദ്യം സ്വാഭാവികമാണ്!. ലോകനേതാക്കളും, ബോളീവുഡ് സെലിബ്രിറ്റികളും, പോപ്പ് ഏക്കണുകളും, ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാരും, വ്യവസായികളും, ഒരുപോലെ വന്ന് വരി നിൽക്കാൻ മാത്രം എപ്സ്റ്റീനിന്റെ സ്വാധീനം എന്താണ്? ഹോളീവുഡ് സിനിമകളെ വെല്ലുന്ന ജീവിതമായിരുന്നു ജെഫ്രി എപ്സ്റ്റീൻറേത്. അമേരിക്കയിലെ ശതകോടീശ്വരനായി വളർന്ന അയാൾ പിന്നീട് ഒടുവിൽ ലോകം കണ്ട ഏറ്റവും വലിയ ലൈംഗിക കുറ്റവാളികളിൽ ഒരാളായി മൺമറഞ്ഞതിന് പിന്നിൽ, ഉന്നതർക്കായി സംഘടിപ്പിച്ച് നൽകിയ വിരുന്നുകളും നിശാപാർട്ടികളുമാണ് കാരണം. ഈ ഉന്നതരുടെ ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിക്കൊണ്ടുവന്ന്, അവരെ ചൂഷണം ചെയ്യാൻ ഇട്ടുകൊടുത്തു എന്ന കുറ്റത്തിനായിരുന്നു എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാകുന്നത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന രേഖകൾ അതിലും കഠിനമായ ചില കുറ്റകൃത്ത്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെയാണ് എപ്സ്റ്റീന്റെ മരണശേഷവും, അയാൾ ചെയ്ത പ്രവർത്തികൾക്കും, കൊടുത്ത സേവനങ്ങൾക്കും ഇന്നും പലരും മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ യു എസ് പ്രസിഡന്റ് ബറാക്ക് ഒബാമ, പോപ്പ് രാജാവ് മൈക്കൽ ജാക്‌സൺ, ബോളീവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ, അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈൻ, ആന്ഡ്രൂ രാജകുമാരൻ, പ്രശസ്ത ശാസ്ത്രകജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, തുടങ്ങിയ പ്രമുഖരുടെ നീണ്ട നിരയായിരുന്നു എപ്‌സ്റ്റീനുമായി ബന്ധപ്പെട്ടിരുന്നത്.
2008-ലാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ അറസ്റ്റിലായി വെറും 13 ദിവസത്തിനപ്പുറം അയാൾ പുറത്തിറങ്ങി. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് തന്നെ വീണ്ടും അകത്താവുകയും ചെയ്തു. പിന്നീട് ജയിലിൽ വെച്ച് ഇയാൾ ആത്മഹത്യ ചെയ്യുന്നു. എന്നാൽ, രണ്ടു തവണ അറസ്റ്റിലാക്കപ്പെട്ട എപ്സ്റ്റീനിന് നാക്ക്പിഴ വന്നാൽ, പല വമ്പൻ സ്രാവുകളുടേയും പേരുകൾ പുറത്തുവരുമെന്ന കാരണത്താൽ അയാളെ കൊന്നുകളഞ്ഞതാണെന്ന് ആരോപിക്കുന്നവരുണ്ട്. മരണത്തിന് രണ്ട് ദിവസം മുൻപ് ഒപ്പിട്ട വിൽപത്രം അനുസരിച്ച്, അദ്ദേഹത്തിന് 577,672,654 ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ഉപഭോക്താക്കളുടെയും പേരുകൾ, എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ളതാണ് ഈ ഫയൽ. 2,000 ലധികം വീഡിയോകൾ, 2 ലക്ഷത്തോളം ചിത്രങ്ങൾ എന്നിങ്ങനെ മുൻപ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന വിപുലമായ രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് ഏതാനും ആഴ്ച്ചകൾക്ക് മുൻപ് പുറത്തുവിട്ടത്.
ലൈംഗിക അടിമകളെന്ന് തോന്നിപ്പിക്കും വിധം പല പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതിൻറെ ചിത്രങ്ങളും വീഡിയോകളും ഇതോടൊപ്പം പുറത്തുവന്നു. ഇതിൽ, പെൺകുട്ടികളെ പ്രമുഖർക്ക് കാഴ്ചവച്ചെന്ന ലോകത്തെ ഞെട്ടിച്ച തുറന്നുപറച്ചിലുകളും എപ്സ്റ്റീൻ നടത്തി. അമേരിക്കയിൽ ട്രംപ് ഭരണം വന്നതോടെ എപ്സ്റ്റീൻ ഫയലുകളെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വീണ്ടും തീ പിടിക്കുകയും, നിരന്തര സമ്മർദങ്ങൾക്കൊടുവിൽ എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തന്നെ പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ ഈ നീക്കത്തിലെ വിരോധാഭാസം എന്തെന്നാൽ പുറത്തുവിട്ട രേഖകളിൽ ട്രംപിന്റെ പേര് ഏകദേശം 69 തവണയെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ്.
എപ്സ്റ്റീന്റെ വിമാനമായ 'ലോലിത എക്സ്പ്രസ്സിൽ' ട്രംപ് യാത്ര ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ പ്രധാനമായും ഉള്ളത്. കൂടാതെ ആഘോഷരാവുകളിൽ എപ്സ്റ്റീനും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുമൊപ്പമുള്ള ട്രംപിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ട്രംപും എപ്സ്റ്റീനും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദത്തെക്കുറിച്ചുള്ള സൂചനകളും ഈ രേഖകളിലുണ്ട്. 2002-ൽ ന്യൂയോർക്ക് മാഗസിനിൽ വന്ന അഭിമുഖത്തിൽ, എപ്സ്റ്റീൻ "ഭയങ്കരനായ മനുഷ്യൻ" (terrific guy) ആണെന്നും തനിക്ക് അദ്ദേഹത്തെ 15 വർഷമായി അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകൾ ട്രംപിനെതിരെ രാഷ്ട്രീയമായി വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ട്രംപ് മാത്രമല്ല, ഡെമോക്രാറ്റിക് പാർട്ടിയുടെ ബില്ല് ക്ലിന്റണും ഈ ലിസ്റ്റിലെ മറ്റൊരു പ്രമുഖനാണ്.
ഈ കുറ്റവാളിയുടെ ജീവിതത്തിന് ഇന്ത്യയും, ഇവിടുത്തെ മനുഷ്യരുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ടെന്നാണ് ഉത്തരം. സിനിമാ സംവിധായികയും, ഇന്ത്യൻ വംശജയും, ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയുമായ മീര നായരുടെ പേരാണ് തുടക്കത്തിൽ പുറത്തുവന്നത്. എപ്സ്റ്റീന്റെ ജീവിത പങ്കാളിയും ലെെംഗിക കുറ്റവാളിയുമായ ഗിസ്ലൈൻ മാക്‌സ്‌വെല്ലുമായി ബന്ധപ്പെട്ട സാമൂഹിക പരിപാടിയെക്കുറിച്ചുള്ള ഇമെയിലിലാണ് മീരയുടെ പേര് പ്രത്യക്ഷപ്പെട്ടത്. എന്നാൽ മീര നായർ തെറ്റായ ഒരു പ്രവൃത്തിയും ചെയ്യുന്നതായി ഇമെയിലിൽ ആരോപിക്കുന്നില്ല. എങ്കിലും എപ്സ്റ്റീനിന്റെ ഇരകളുടെ പ്രധാനപ്പെട്ട വിവരങ്ങളും സംരക്ഷിക്കുന്നതിനായി ഫയലിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ, അതിൽ ഫയലിൽ പരാമർശിക്കപ്പെടുന്ന ഒരു പേര് പോലും പൊള്ളലുണ്ടാക്കുന്നതാണ്.
അതുപോലെ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരിയും ജെഫ്രി എപ്‌സ്റ്റീനും തമ്മിൽ നടന്ന ഇമെയിൽ ചാറ്റുകളുടെ വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനെകുറിച്ചും, നിക്ഷേപങ്ങളെക്കുറിച്ചും, ഇരുവരും നടത്തിയ ചർച്ചകൾ ഈ വെളിപ്പെടുത്തലിൽ പുറത്ത് വന്നിട്ടുണ്ട്. എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ വസതിയിൽ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും ഹർദീപ് സിങ് പുരിയുമായി നടന്നതായാണ് വെളിപ്പെടുത്തൽ. 2014 ജൂൺ മുതൽ 2017 ജൂൺ വരെയുള്ള ഏതാണ്ട് മൂന്ന് വർഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്.
2017 സെപ്തംബറിൽ, നരേന്ദ്ര മോദി സർക്കാരിന്റെ, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതലയേറ്റ പുരിയുടെ എപ്സ്റ്റീൻ ബന്ധം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഈ കൂടികാഴ്ച്ചയെ കുറിച്ച് പുരിക്ക് സമ്മതിക്കേണ്ടി വന്നു എന്നതാണ് മറ്റൊരു വിവരം. എന്നാൽ പ്രതീക്ഷിച്ചതുപോലെ തന്നെ, കൂടിക്കാഴ്ചകൾ നടന്ന കാലയളവിൽ എപ്സ്റ്റീൻ്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ബിസിനസ് അവസരങ്ങൾക്കും ഡിജിറ്റൽ ഇന്ത്യക്കും വേണ്ടിയാണ് സംസാരിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിന്നാലെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട്, കോൺഗ്രസ്സിന്റെ ഔദ്യോഗിക എക്സ് പേജിലൂടെ നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള എപ്സ്റ്റീൻ ഫയലിലെ തെളിവുകൾ ജനങ്ങൾ കാണുന്നത്. പ്രധാനമന്ത്രിയുടെ 2017-ലെ ഇസ്രായേൽ സന്ദർശന വേളയിൽ, ഇന്ത്യൻ ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ എപ്‌സ്റ്റീൻ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നും, ട്രംപിനായി അദ്ദേഹം ഇസ്രയേലിൽ പോയി എന്നും, ആടുകയും പാടുകയും ചെയ്തു എന്നുമുള്ള എപ്‌സ്റ്റീൻറെ പരാമർശം അടങ്ങിയ ഇമെയിൽ വിവരങ്ങളാണ് പുറത്തുവന്നത്. അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്.
അതേസമയം ഫയലിൽ മോദിയുമായി കോർത്തിണക്കിയ വാർത്തകളെ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. എപ്‌സ്റ്റീൻ സ്വന്തം താല്പര്യങ്ങൾക്കായി ചില പേരുകൾ രേഖകളിൽ ഉൾപ്പെടുത്തിയതാകാം എന്നും, ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളിലും പ്രധാനമന്ത്രിക്ക് പങ്കില്ലെന്നുമായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാൽ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഈ സംഭവം രാജ്യത്തിന് മുഴുവൻ നാണക്കേടാണെന്നും കോൺഗ്രസ് വിമർശിച്ചിട്ടുണ്ട്.
ഈ കേസിലെ ഏറ്റവും പുതിയ വിവരം, അനിൽ അംബാനി അമേരിക്കൻ രാഷ്ട്രീയ ബന്ധങ്ങൾ നേടാൻ എപ്‌സ്റ്റീന്റെ സ്വാധീനം ഉപയോഗിച്ചിരുന്നു എന്നതാണ്. ഫയലിലെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള സന്ദേശങ്ങളും ഇമെയിലുകളും ഇത് വെളിപ്പെടുത്തുന്നതായും 'ദി വയർ 'റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എപ്സ്റ്റീന്റെ ഐഫോണിൽ നിന്നുള്ള ടെക്സ്റ്റ് മെസേജുകളും ഇമെയിലുകളും ഉൾപ്പെടുന്ന രേഖകളിൽ, മോദിയുടെ നയതന്ത്ര സന്ദർശനങ്ങളെക്കുറിച്ച് അംബാനി എപ്സ്റ്റീനോട് വിവരങ്ങൾ തേടിയെന്നത് വ്യക്തമാണ്. ഇന്ത്യൻ താൽപര്യങ്ങൾക്കും അമേരിക്കൻ രാഷ്ട്രീയ വ്യക്തികൾക്കും ഇടയിലുള്ള കണ്ണിയായി താൻ നിലകൊണ്ടെന്നും എപ്സ്റ്റീൻ അതിൽ പറയുന്നുണ്ട്.
എപ്സ്റ്റീൻ 2019ൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് ആറ് ആഴ്ച മാത്രം മുൻപ്, 2019 മേയിലാണ് അനിൽ അംബാനിയുമായുള്ള ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയം നടന്നിരിക്കുന്നത്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ എണ്ണുന്ന സമയം കൂടിയായിരുന്നു ഇത്. മെയ് 14 മുതൽ 20 വരെയുള്ള 6 ദിവസങ്ങൾ, മെയ് 23-ന് നടത്താനിരുന്ന കൂടിക്കാഴ്ചയെക്കുറിച്ച് എപ്‌സ്റ്റീനും അംബാനിയും തമ്മിൽ ആശയവിനിമയം നടന്നതായി രേഖകളിൽ സൂചിപ്പിക്കുന്നുണ്ട്. മെയ് 23-ന് വൈകീട്ട് രാത്രി 9.05-ഓടെ, “ഇന്നത്തെ കൂടിക്കാഴ്ച ഒരു പ്രത്യേക അനുഭവമായിരുന്നു, നിങ്ങളെ കണ്ടതിൽ സന്തോഷം” എന്ന് എപ്‌സ്റ്റീൻ അംബാനിക്ക് അയച്ച സന്ദേശത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ദിവസം തന്നെയാണ് നരേന്ദ്ര മോദി നിർണായക വിജയം നേടി രണ്ടാം തവണയും വീണ്ടും അധികാരത്തിലെത്തിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്ന എപ്സ്റ്റീൻ ഫയല്സിന്റെ ഭാരം എത്രത്തോളം വലുതാണെന്ന് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങൾ മുതൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനേയും, ലോക സിനിമയെ നിയന്ത്രിക്കുന്ന ഹോളീവുഡിനേയും, ശാസ്ത്രലോകത്തെ അതികായകരേയും, ഭൂമിയുടെ അപ്പുറത്തെ പകുതിയിൽ കിടക്കുന്ന ഇന്ത്യയേയും അടക്കം, ലോകം മുഴുവൻ കോളിളക്കം സൃഷ്‌ടിക്കാൻ കെൽപ്പുള്ള എപ്‌സ്റ്റീൻ ഫയൽ എന്ന ബോംബ് ഇതുവരെ മുഴുവനായും പൊട്ടിയിട്ടില്ല എന്നതാണ് വാസ്തവം. ഇനിയും മില്ല്യൺ കണക്കിന് ചിത്രങ്ങളും, വീഡിയോകളും, വിവരങ്ങളും ലോകം കാണാൻ കിടക്കുന്നതേയുള്ളു.
English Summary: Newly revealed Epstein documents link high-profile figures from Trump and Modi to Hawking and Bill Gates, to disturbing case records.