ഫ്രാൻസിലെ പ്രക്ഷോഭവും യൂറോപ്യൻ യുവാക്കളുടെ പ്രതിഷേധ തരംഗവും

എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് വീണ്ടും ലക്ഷക്കണക്കിന് ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിൽ പ്രതിഷേധം തുടർന്നു
ഫ്രാൻസിലെ പ്രക്ഷോഭവും 
യൂറോപ്യൻ യുവാക്കളുടെ 
പ്രതിഷേധ തരംഗവും
Published on: 

കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും രൂക്ഷമായ പ്രതിഷേധ തരംഗങ്ങളിലൊന്നിലൂടെയാണ് ഫ്രാൻസ് കടന്നുപോകുന്നത്. സെപ്റ്റംബറിലാണ് ഇതിന്റെ തുടക്കം. പാരിസിന് സമീപമുള്ള ഒരു പ്രദേശത്തെ (Créteil) ഹൈസ്‌കൂൾ വിദ്യാർത്ഥികൾ, അധ്യാപകരുടെ കുറവിനും ജീർണ്ണിച്ച ക്ലാസ്മുറികൾക്കുമെതിരെ സമരം ആരംഭിച്ചു. ഒക്ടോബർ 17 ഓടെ, അഞ്ചരലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങി മാർച്ച് നടത്തി. യൂണിയനുകളും മാതാപിതാക്കളും “യല്ലോ വെസ്റ്റ്” പ്രസ്ഥാനത്തിലെ മുതിർന്ന പ്രവർത്തകരും ഇവർക്കൊപ്പം ചേരുകയുണ്ടായി. എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു വീണ്ടും ലക്ഷക്കണക്കിന് ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിൽ പ്രതിഷേധം തുടർന്നു.

ബഹുജനപ്രക്ഷോഭം ഫ്രാൻസിൽ മാത്രം ഒതുങ്ങിനിന്നില്ല. ആഴ്ചകൾക്കുള്ളിൽ ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, ബെൽജിയം, ജർമ്മനി, അൽബേനിയ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും തെരുവിലിറങ്ങി. സെർബിയയിൽ, ഒരു ദശകത്തിലേറെയായി ഭരണം നടത്തിയിരുന്ന സർക്കാരിനെ ഒരു വിദ്യാർത്ഥി പ്രസ്ഥാനം പരാജയപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഓരോ രാജ്യത്തെയും പ്രക്ഷോഭത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമായിരിക്കുമെങ്കിലും, പൊതുവായ രീതി ശ്രദ്ധേയമാണ്. വിദ്യാർത്ഥികളാണ് ആദ്യം രംഗത്തിറങ്ങുന്നത്. കാരണം സാമ്പത്തിക വെട്ടിക്കുറവുകൾ അവരെയാണ് ആദ്യം ബാധിക്കുന്നത്. കൂടാതെ നഷ്ടപ്പെടാൻ അവർക്ക് അധികമൊന്നുമില്ല. സാധാരണകുടുംബങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന ലളിതമായ ആവശ്യങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നത്. തുടർന്ന് തൊഴിലാളികളും മാതാപിതാക്കളും യൂണിയനുകളും അവരെ പിന്തുടരുന്നു. ഫ്രാൻസിൽ ഇത് എങ്ങനെ സംഭവിച്ചു എന്നും, വർഷങ്ങളായുള്ള സാമ്പത്തിക ചുരുക്കൽ നയങ്ങൾക്ക് ഇതിലുള്ള പങ്കും, യൂറോപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇത് എന്താണ് വ്യക്തമാക്കുന്നത് എന്നുമാണ് അന്വേഷിക്കേണ്ടത്.

സമ്മർദ്ദം എങ്ങനെ രൂക്ഷമായി?

പ്രതിഷേധങ്ങളുടെ സാമൂഹിക കാരണങ്ങൾ പെട്ടെന്നുണ്ടായ ഒന്നല്ല. വർഷങ്ങളായി ഫ്രാൻസ് സാമ്പത്തിക കമ്മിയിലാണ് നീങ്ങുന്നത്. യൂറോപ്യൻ യൂണിയന്റെ പരിധി 3% ആയിരിക്കെ, ഫ്രാൻസിന്റെ നിലവിലെ സാമ്പത്തിക കമ്മി ജി.ഡി.പി.യുടെ (GDP) ഏകദേശം 5.4% ആണ്. പൊതുവായ കടം ജി.ഡി.പി.യുടെ 119% അടുത്തെത്തി നിൽക്കുന്നു. കൂടാതെ കടത്തിന്റെ പലിശ തിരിച്ചടവുകൾക്കായി മാത്രം ചില പ്രധാന മന്ത്രാലയങ്ങളുടെ ബജറ്റിനേക്കാൾ കൂടുതൽ തുക മാറ്റിവെക്കേണ്ടി വരുന്നു. ഇത് ബോണ്ട് മാർക്കറ്റുകളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

ചെലവുകൾ ചുരുക്കുക എന്ന പരമ്പരാഗതമായ വഴിയാണ് മാക്രോൺ സർക്കാരും സ്വീകരിച്ചത്. നാല് വർഷത്തേക്ക് സിവിൽ സർവീസ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് മരവിപ്പിച്ചു. അധ്യാപകർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവരുടെ യഥാർത്ഥ വരുമാനത്തിൽ വർഷം തോറും കുറവുണ്ടായി. സ്കൂളുകളും ആശുപത്രികളും ജീർണ്ണാവസ്ഥയിലായി. 2023-ൽ, പാർലമെന്ററി വോട്ടെടുപ്പില്ലാതെ മാക്രോൺ വിരമിക്കൽ പ്രായം ഉയർത്തി. ഇത് വോട്ട് ചെയ്യുന്നതിലും പ്രതിഷേധിക്കുന്നതിലും കാര്യമില്ലെന്ന വികാരം ജനങ്ങളിൽ ഉണ്ടാക്കി.

തുടർന്നാണ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ 2027-ലെ ബജറ്റ് വരുന്നത്. ബജറ്റ് ചെലവുകളിൽ ഏകദേശം 5,400 കോടി യൂറോയുടെ (€54 billion) വെട്ടിക്കുറവുകളും നികുതി വർദ്ധനവുകളുമാണ് നിർദ്ദേശിച്ചത്. ഇതോടെ, നേരത്തെ തന്നെ സ്ഫോടനാത്മകമായിരുന്ന അന്തരീക്ഷത്തിലേക്ക് വിദ്യാർത്ഥികളുടെ സമരം ഒരു തീപ്പൊരിയായി മാറി. യുക്രൈൻ, ഇറാൻ യുദ്ധങ്ങൾ ഉണ്ടാക്കിയ ഊർജ്ജ പ്രതിസന്ധി ഇതിന്റെ ആഘാതം വർദ്ധിപ്പിച്ചു. ഇറാന് നേരെയുണ്ടായ യു.എസ്. ആക്രമണത്തിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് യൂറോപ്പിലുടനീളം ഇന്ധന, ഭക്ഷണ വിലകൾ വർദ്ധിക്കാൻ കാരണമായി.

എന്നാൽ ഇതിനനുസരിച്ച് വേതനത്തിൽ വർദ്ധനവുണ്ടായില്ല. ഒക്ടോബർ 17-ഓടെ, വിദ്യാർത്ഥികളുടെ സമരം ജീവിതച്ചെലവ് വർദ്ധനവിനെതിരെയുള്ള ജനങ്ങളുടെ ദീർഘകാല അമർഷവുമായി ഒന്നിച്ചു. ആരാണ് ഇതിന് നേതൃത്വം നൽകിയത്, മാക്രോൺ എങ്ങനെയാണ് പ്രതികരിച്ചത്? വിദ്യാർത്ഥികളാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തുടർന്ന് വൻകിട ട്രേഡ് യൂണിയനുകളും (പ്രത്യേകിച്ച് CGT), യല്ലോ വെസ്റ്റ് മുതിർന്ന പ്രവർത്തകരും ഇത് ഏറ്റെടുത്തു. കൊള്ളയടിക്കലിനെ തള്ളിക്കളഞ്ഞുകൊണ്ട് മെലൻഷോണിന്റെ (Mélenchon) പാർട്ടി ജനങ്ങളുടെ പരാതികളെ പിന്തുണച്ചു. വിദ്യാർത്ഥി കൂട്ടായ്മകൾക്ക് ഒറ്റ നേതാവ് ഇല്ലായിരുന്നു. ഇത് സർക്കാരിന് അവരുമായി ചർച്ചകൾ നടത്തുന്നതും സമരത്തെ അവഗണിക്കുന്നതും ഒരുപോലെ പ്രയാസകരമാക്കി.

മാക്രോണിന്റെ പ്രതികരണത്തിന് രണ്ട് തലങ്ങളുണ്ടായിരുന്നു. അദ്ദേഹം ആദ്യം ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായി. 3,000 താൽക്കാലിക അധ്യാപകരുടെ നിയമനം, സ്കൂൾ തീരുമാനങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പങ്കാളിത്തം, സർവകലാശാലാ ഫീസ് വർദ്ധനവ് പിൻവലിക്കൽ, കൃത്യമായ ഇന്ധന സഹായം എന്നിവ അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ 5,400 കോടി യൂറോയുടെ വെട്ടിക്കുറവുമായി താരതമ്യം ചെയ്യുമ്പോൾ ഇവ വളരെ ചെറുതാണ്. അതേസമയം തന്നെ, “അതിതീവ്ര ഇടതുപക്ഷ” സംഘങ്ങളെയും കുറ്റവാളികളെയും കുറ്റപ്പെടുത്തിയ മാക്രോൺ, തെറ്റ് ചെയ്തവർ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ സർക്കാർ "അക്രമികൾ നഷ്ടപരിഹാരം നൽകണം" എന്നൊരു ബിൽ കൊണ്ടുവന്നു. ഇതുവഴി, സമരം ചെയ്തവർ സ്വയം ഒന്നും നശിപ്പിച്ചില്ലെങ്കിൽ പോലും, ഉണ്ടായ നാശനഷ്ടങ്ങൾക്ക് 10,000 യൂറോ വരെ പിഴയടക്കാൻ ബാധ്യസ്ഥരായേക്കാം. ഡ്രോൺ നിരീക്ഷണങ്ങൾ, കർഫ്യൂ, നഗരകേന്ദ്രങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിനായുള്ള നിരോധനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഇത് പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നു എന്നാണ് യൂണിയനുകളും മനുഷ്യാവകാശ സംഘടനകളും പറയുന്നത്. തങ്ങളാണ് ഈ ആശയം ആദ്യം മുന്നോട്ടുവെച്ചതെന്നാണ് തീവ്ര വലുതു പാർട്ടിയായ നാഷണൽ റാലി (National Rally) അവകാശപ്പെടുന്നത്. ഇവിടെ ഒരു അടിസ്ഥാനപരമായ വൈരുദ്ധ്യമുണ്ട്. സ്കൂളുകൾക്ക് പണമില്ലെന്ന് പറയുന്ന സർക്കാർ 70,000 പോലീസുകാർക്കായി പണം കണ്ടെത്തുന്നു. ചെലവ് വെട്ടിക്കുറയ്ക്കുന്ന അതേ ബജറ്റിൽ നിന്നാണ് ക്രമസമാധാന പാലനത്തിനായി പണം വിനിയോഗിക്കുന്നത്.

കുടിയേറ്റമാണ് കാരണമെന്ന വാദം നിലനിൽക്കില്ല

വ്യാപകമായ കുടിയേറ്റവും "ഇസ്ലാം രാജ്യം കീഴടക്കാൻ ആഗ്രഹിക്കുന്നതുമാണ്" ഫ്രാൻസ് കത്തുന്നതിന് കാരണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. വൈസ് പ്രസിഡണ്ട് ജെ. ഡി. വാൻസും സമാനമായ കാര്യം തന്നെയാണ് അവകാശപ്പെടുന്നത്. എന്നാൽ വസ്തുതകൾ ഇവരുടെ വാദങ്ങളെ പിന്തുണയ്ക്കുന്നില്ല. പാരിസിന് സമീപമുള്ള ക്രീറ്റെയിലെ (Créteil) ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സമരം ആരംഭിച്ചതോടെയാണ് സെപ്റ്റംബറിൽ പ്രതിഷേധങ്ങൾ തുടങ്ങിയത്. ആവശ്യത്തിന് അധ്യാപകർ, പ്രവർത്തിക്കുന്ന ഹീറ്റിംഗ് സംവിധാനങ്ങൾ, തകർന്നുവീഴാത്ത ക്ലാസ് മുറികൾ എന്നിവയായിരുന്നു അവരുടെ ആവശ്യങ്ങൾ.

ക്ലാസുകളിലെ കുട്ടികളുടെ എണ്ണം 25-ൽ നിന്ന് 40 വരെയായി ഉയർന്നിരുന്നു. വിദ്യാർത്ഥി സംഘടനകളോ യൂണിയനുകളോ തങ്ങളുടെ ആവശ്യങ്ങളുടെ പട്ടികയിൽ കുടിയേറ്റത്തെയോ മതത്തെയോ കുറിച്ച് പരാമർശിച്ചിട്ടേയില്ല. മാത്രമല്ല മാക്രോൺ ഇത്തരം വാദങ്ങളെ തള്ളിക്കളയുകയും അതിലെ അപകടങ്ങളെ ചൂണ്ടിക്കാട്ടുകയും ചെയ്തു. കണക്കുകളും ഇക്കാര്യങ്ങൾ തന്നെയാണ് സൂചിപ്പിക്കുന്നത്. ഒക്ടോബർ 17-ന് അഞ്ചര ലക്ഷത്തിലധികം ആളുകൾ അണിനിരന്ന മാർച്ച് ഭൂരിഭാഗവും സമാധാനപരമായിരുന്നു. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ, യൂണിയൻ അംഗങ്ങൾ, പഴയ യല്ലോ വെസ്റ്റ് പ്രവർത്തകർ എന്നിവരൊക്കെ ഇതിൽ പങ്കെടുത്തു.

മുഖംമൂടി ധരിച്ച ചില സംഘങ്ങൾ തീവെപ്പും കൊള്ളയടിക്കലും നടത്തി എന്നത് സത്യമാണ്. ലിമോഗസിൽ (Limoges) പത്തൊൻപതാം നൂറ്റാണ്ടിലെ ടൗൺ ഹാളിന് തീയിട്ടു. ഏകദേശം 2,400 ആളുകൾ അറസ്റ്റിലാവുകയും 1,000-ത്തോളം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് യഥാർത്ഥത്തിൽ നടന്ന അക്രമസംഭവങ്ങളാണ്. എന്നാൽ ഏതാനും എണ്ണം വരുന്ന അക്രമികളെ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു ബഹുജന പ്രസ്ഥാനത്തെ വിശദീകരിക്കാനാവില്ല. മാക്രോണിന്റെ സാമ്പത്തിക നയങ്ങളെയും ക്രമസമാധാനം പാലിക്കുന്നതിലുണ്ടായ വീഴ്ചയെയുമാണ് ലെ പെന്നിന്റെ (Marine Le Pen) പാർട്ടി പോലും വിമർശിച്ചത്, അല്ലാതെ ഏതെങ്കിലും ഇസ്ലാമിക ഗൂഢാലോചനയെയല്ല. വടക്കൻ ആഫ്രിക്കൻ വംശജർ കൂടുതലായി വസിക്കുന്ന നിർദ്ധനമായ പ്രാന്തപ്രദേശങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത് എന്നത് ശരിയാണ്. എന്നാൽ സാമ്പത്തിക വെട്ടിക്കുറവുകൾ ഏറ്റവും കൂടുതൽ ബാധിച്ചതും ഈ പ്രദേശങ്ങളെയാണ്.

അധ്യാപകരുടെ ഒഴിവുകൾ ഏറ്റവും കൂടുതലുള്ളതും ഏറ്റവും കൂടുതൽ തിരക്കുള്ള സ്കൂളുകളുള്ളതും ഇവിടെയാണ്. കുടിയേറ്റക്കാർക്കിടയിലെ തൊഴില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയാണ്. സാമ്പത്തിക ചുരുക്കൽ നയങ്ങൾ സൃഷ്ടിച്ച രോഷത്തിന്, ആ നയങ്ങൾ മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവരെ തന്നെ കുറ്റപ്പെടുത്തുന്നത് ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണ്, അല്ലാതെ യഥാർത്ഥ വിശദീകരണമല്ല.

തിരഞ്ഞെടുപ്പും തീവ്രവലതുപക്ഷവും

മാക്രോണിന് ഇനി മത്സരിക്കാൻ സാധിക്കില്ല. 2027 ഏപ്രിലിലാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മധ്യവർഗ്ഗ സഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷമില്ല. ഓർലിയൻസിൽ (Orléans) എണ്ണായിരത്തിലധികം (8,500) അനുഭാവികളെ സാക്ഷിനിർത്തി ലെ പെൻ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു കഴിഞ്ഞു. ക്രമസമാധാനവും ദേശീയ പുനരുദ്ധാരണവുമാണ് അവർ വാഗ്ദാനം ചെയ്യുന്നത്. 2022-ന് ശേഷം അവരുടെ പാർട്ടിയുടെ അംഗത്വം മൂന്നിരട്ടിയോളം വർദ്ധിച്ച് ഏകദേശം 1,12,000 ആയി മാറിയിട്ടുണ്ട്; സർവേകളിൽ അവരാണ് ഇപ്പോൾ മുന്നിൽ. അതാണ് ഇതിലെ അപകടവും.

തീവ്രവലതുപക്ഷത്തിന് പുതിയൊരു പ്രതിസന്ധി സൃഷ്ടിക്കേണ്ട ആവശ്യമില്ല. നിലവിലെ മധ്യവർഗ്ഗ ഭരണം പരസ്യമായി പരാജയപ്പെടുന്നത് കണ്ടാൽ മാത്രം മതിയാകും. തീപിടിക്കുന്ന ഓരോ കെട്ടിടവും ക്രമസമാധാനം വാഗ്ദാനം ചെയ്യുന്ന ഒരു പാർട്ടിക്ക് ഗുണകരമായി മാറുന്നു. ഇവിടെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ദേശീയതയിലധിഷ്ഠിതമായ ബജറ്റും കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടുകളുമാണ് ലെ പെൻ മുന്നോട്ടുവെക്കുന്നത്. എന്നാൽ, 119% കടബാധ്യതയുള്ള ഒരു രാജ്യം, മാക്രോണിനെപ്പോലുള്ളവരെ ചെലവ് വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കിയ ബോണ്ട് മാർക്കറ്റുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് അവർ വിശദീകരിക്കുന്നില്ല. കുടിയേറ്റക്കാരെ കുറ്റപ്പെടുത്താൻ ചെലവൊന്നുമില്ല, അതുകൊണ്ട് തന്നെ സമത്വം കൊണ്ടുവരാൻ ആഗ്രഹിക്കാത്തവരുടെ പ്രിയപ്പെട്ട ഉത്തരവും അതുതന്നെയാണ്.

ഇത് വീണ്ടും 1968 ആണോ?

ചില കാര്യങ്ങളിൽ അതെ എന്ന് പറയാം. രണ്ടിലും വിദ്യാർത്ഥികളാണ് തുടക്കമിട്ടത്. തുടർന്ന് യൂണിയനുകൾ ഇവർക്കൊപ്പം ചേർന്നു. എന്നാൽ വ്യത്യാസങ്ങൾ വളരെ വലുതാണ്. 1968 മേയിൽ ഏകദേശം ഒരു കോടി തൊഴിലാളികളാണ് പണിമുടക്കിയത്. സാമ്പത്തിക വളർച്ചയും പൂർണ്ണ തൊഴിലവസരങ്ങളുമുണ്ടായിരുന്ന ഒരു രാജ്യത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമാണ് അന്ന് വിദ്യാർത്ഥികൾ തർക്കിച്ചത്. പണം നൽകിക്കൊണ്ട് ഡി ഗോളിന് (De Gaulle) അന്ന് ആ പ്രതിസന്ധി അവസാനിപ്പിക്കാൻ കഴിഞ്ഞു; 'ഗ്രെനെൽ കരാറുകൾ' (Grenelle agreements) വഴി കുറഞ്ഞ വേതനം 35% ഉയർത്താൻ അന്ന് സാധിച്ചു.

എന്നാൽ ഇന്നത്തെ വിദ്യാർത്ഥികൾ ഒരു പുതിയ സമൂഹത്തിനെയല്ല ആവശ്യപ്പെടുന്നത്. നന്നായി പ്രവർത്തിക്കുന്ന ക്ലാസ് മുറികളും അടയ്ക്കാൻ സാധിക്കുന്ന വാടകയുമാണ് അവർക്ക് വേണ്ടത്. അവരുടെ ആവശ്യങ്ങൾ വളരെ ലളിതമാണ്. അതാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തവും. സമാധാനം വാങ്ങാൻ സർക്കാരിന്റെ കൈയിൽ മിച്ചം പണമില്ല, അല്ലെങ്കിൽ പണമില്ലെന്ന് അവർ അവകാശപ്പെടുന്നു. 1968-ലെ പ്രക്ഷോഭം അവസാനിച്ചത് ഒരു യാഥാസ്ഥിതിക ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തോടെയായിരുന്നുവെങ്കിൽ, 2026-ലെ സാഹചര്യം വോട്ടർമാരെ രാഷ്ട്രീയത്തിന്റെ തീവ്ര നിലപാടുകളിലേക്ക് തള്ളിവിട്ടുകൊണ്ട് അവസാനിച്ചേക്കാം.

യൂറോപ്പും സെർബിയയും മാറ്റത്തിന്റെ സൂചനകളും

ഫ്രാൻസിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല ജനകീയ പ്രക്ഷോഭങ്ങൾ. ഗ്രീസിൽ ഒക്ടോബർ 20, 21 തീയതികളിൽ ഏതാണ്ട് പതിനായിരത്തോളം ആളുകൾ മാർച്ച് നടത്തുകയും 50-ലധികം നഗരങ്ങളിലേക്ക് പ്രതിഷേധം പടരുകയും ചെയ്തു. "ഗ്രീസ് മുതൽ ഫ്രാൻസ് വരെ" എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ട് വിദ്യാർത്ഥികൾ സിന്റാഗ്മ ചതുരത്തിൽ (Syntagma Square) ക്യാമ്പ് ചെയ്തു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അധ്യാപകരും ഡോക്ടർമാരും പണിമുടക്കി. രാജ്യത്ത് ഏകദേശം 15,000 സെക്കൻഡറി അധ്യാപകരുടെ കുറവുണ്ടെന്നാണ് അധ്യാപക യൂണിയനുകൾ പറയുന്നത്. സാമ്പത്തിക അച്ചടക്ക നയങ്ങളുടെ കാലത്തെ പ്രക്ഷോഭങ്ങളിലേക്ക് ഗ്രീസ് ഇനി മടങ്ങില്ലെന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കിലും ഗ്രീക്കുകാർ ആ നാളുകളെ നന്നായി ഓർക്കുന്നുണ്ട്.

സ്പെയിനിലെ പ്രതിഷേധങ്ങൾ ഉടലെടുത്തത് ഭവന പ്രതിസന്ധിയിൽ നിന്നാണ്. ഒരു ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വാടക 230% വർദ്ധിപ്പിച്ചതിനെത്തുടർന്ന് 87 വയസ്സുള്ള ഒരു വൃദ്ധയെ ഒഴിപ്പിക്കുകയും അവർ മരണപ്പെടുകയും ചെയ്തു. പോർച്ചുഗലിൽ വീടുകളുടെ വില ഒൻപത് വർഷത്തിനിടെ ഏകദേശം 124% വർദ്ധിച്ചു. നിർബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരാനുള്ള സാധ്യതയ്‌ക്കെതിരെ ജർമ്മൻകാർ പ്രതിഷേധിക്കുകയാണ്. ഇറ്റലി, ബെൽജിയം, അൽബേനിയ എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകൾ നടന്നു. കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും രീതികൾ സമാനമാണ്.

ജനകീയ പ്രക്ഷോഭങ്ങൾക്ക് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് സെർബിയ കാണിച്ചുതരുന്നു. 2024 നവംബറിൽ നോവി സാഡിൽ ഒരു റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ചതോടെയാണ് അവിടെ പ്രതിഷേധങ്ങൾ ആരംഭിച്ചത്. അഴിമതി നിറഞ്ഞതും ജനവിരുദ്ധവുമായ ഒരു ഭരണകൂടത്തിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധത്തെ വിദ്യാർത്ഥികൾ ഒരു ദേശീയ പ്രസ്ഥാനമായും, തുടർന്ന് 250 സ്ഥാനാർത്ഥികളുടെ പട്ടികയായും മാറ്റി.

ഒക്ടോബർ 25-ന് അലക്സാണ്ടർ വൂചിച്ച് (Aleksandar Vučić) തോൽവി സമ്മതിച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 250 സീറ്റുകളിൽ 135 മുതൽ 140 സീറ്റുകൾ വരെ വിദ്യാർത്ഥികളുടെ പട്ടികയ്ക്കും (Students' List) 105 ഓളം സീറ്റുകൾ അദ്ദേഹത്തിന്റെ പാർട്ടിക്കും ലഭിച്ചു. വോട്ടെടുപ്പിൽ റെക്കോർഡ് പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ഇവ ആദ്യഘട്ട കണക്കുകളാണ്, അന്തിമ ഫലത്തിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. എങ്കിലും, ഈ പ്രക്ഷോഭ തരംഗത്തിൽ വോട്ടെടുപ്പിലൂടെ ഒരു യുവജന പ്രസ്ഥാനം അധികാരം പിടിച്ചെടുക്കുന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണിത്.

ഇന്ത്യയിലും ഇതിന്റെ ചില രൂപങ്ങൾ കാണാം. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ആയിരക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് യുവജനങ്ങളെ തടഞ്ഞുവെക്കുന്നതിലേക്ക് നയിച്ചു. അതിനുമുമ്പ്, 2022-ൽ ശ്രീലങ്കയിലും 2024-ൽ ബംഗ്ലാദേശിലും 2025-ൽ നേപ്പാളിലും യുവാക്കളാണ് സർക്കാരുകളെ താഴെയിറക്കിയത്. ജെൻസികൾ ഉൾപ്പടെയുള്ള വലിയ യുവജന ജനസംഖ്യ, തൊഴിലുകളുടെ കുറവ്, ഉയർന്ന ജീവിതച്ചെലവ്, ജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന ഭരണാധികാരികൾ എന്നിവയാണ് ഇവയിലെല്ലാം പൊതുവായി കാണുന്ന ഘടകങ്ങൾ.

സാമ്പത്തിക ചുരുക്കൽ നയങ്ങളിൽ നിന്നുള്ള പാഠങ്ങൾ

ചരിത്രപരമായി നോക്കിയാൽ സാമ്പത്തികഅച്ചടക്ക നയങ്ങൾക്ക് ഭരണകൂടങ്ങൾ വലിയൊരു രാഷ്ട്രീയവില നൽകേണ്ടി വരും. ബോണ്ട് മാർക്കറ്റുകളെ പ്രീതിപ്പെടുത്താൻ സർക്കാരുകൾ സ്കൂളുകളിലെയും ആശുപത്രികളിലെയും ചെലവുകൾ വെട്ടിക്കുറയ്ക്കുന്നു. എന്നാൽ തെരുവുകളിലെ ജനരോഷത്തിലൂടെയും തീവ്രവലതുപക്ഷത്തിനുള്ള വോട്ടുകളിലൂടെയും അതിന് അവർക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. ഈ വെട്ടിക്കുറവുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്കൂൾ കുട്ടികളെയും യുവാക്കളെയാണ്. അവർക്കിപ്പോൾ തിരക്കേറിയ ക്ലാസ് മുറികളാണ് ലഭിക്കുന്നത്. തുടർന്ന് സുരക്ഷിതമല്ലാത്ത ജോലികളും, താങ്ങാനാവാത്ത വീടുകളും, അനിശ്ചിതത്വം നിറഞ്ഞ പെൻഷനുകളും.

എന്നാൽ ചില കാര്യങ്ങൾക്ക് പണം കണ്ടെത്താൻ സാധിക്കുന്നുണ്ട്. ഫ്രാൻസ് 5,400 കോടി യൂറോയുടെ സാമ്പത്തിക വെട്ടിക്കുറവുകൾക്കായി വഴികൾ തിരയുമ്പോൾ, പ്രതിരോധ ആവശ്യങ്ങൾക്കായി കൂടുതൽ 80,000 കോടി യൂറോ വിനിയോഗിക്കാനാണ് യൂറോപ്പ് ലക്ഷ്യമിടുന്നത്. ഈ വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുപോലെ നികുതി ചുമത്തുന്ന കാര്യം അപൂർവ്വമായി മാത്രമേ ചർച്ചകളിൽ വരാറുള്ളൂ. ലോകത്തിലെ ഏറ്റവും ധനികരായ പത്ത് പേരുടെ സ്വത്ത് ഒരു വർഷത്തിനിടെ 40% വർദ്ധിച്ചതായി റിപ്പോർട്ടുണ്ടായിട്ടും, ചർച്ച നടക്കുന്നത് അധ്യാപകരുടെ ശമ്പളത്തെക്കുറിച്ചാണ്.

നഷ്ടപ്പെടാൻ കുറവുള്ളവരും, ഭാവി ഏറ്റവും കൂടുതൽ അപകടത്തിലായിരിക്കുന്നവരും ആയതിനാലാണ് യുവാക്കൾ ഇതിന് നേതൃത്വം നൽകുന്നത്. അവരെയെല്ലാം സംരക്ഷിക്കാൻ പോന്ന മികച്ചൊരു മുൻകാല അനുഭവവും അവർക്ക് ഓർമ്മയിലില്ല. ലംഘിക്കപ്പെട്ട വാഗ്ദാനങ്ങൾ മാത്രമാണ് അവർക്ക് മുന്നിലുള്ളത്. അവർ വിജയിക്കുമോ എന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഒരു പ്രസ്ഥാനത്തിന് എങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ കഴിയുമെന്ന് സെർബിയ കാണിച്ചുതരുന്നു. എന്നാൽ അതിന് സാധിക്കാതെ വരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നും, കുറ്റപ്പെടുത്താൻ മറ്റൊരാളെ കാണിച്ചുതരുന്നവർക്കായി ആ ഇടം എങ്ങനെ തുറന്നുകൊടുക്കപ്പെടുന്നു എന്നുമാണ് ഫ്രാൻസിന്റെ അവസ്ഥ കാണിക്കുന്നത്.

Summary

A student protest that began in France sparked widespread demonstrations across Europe. Austerity measures and the rising cost of living fueled the protests. The movement gained momentum through the collective participation of students, parents, and trade union activists.

Madism Digital
madismdigital.com