

കഴിഞ്ഞ കുറച്ചുദിവസങ്ങളായി യഷ് നായകനാവുന്ന 'ടോക്സികിനെ' ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് 'മല്ലു' സോഷ്യൽ മീഡിയാ ഹാൻഡിലുകൾ. ചിത്രത്തിന്റെ സംവിധായികയുടെ രാഷ്ട്രീയ, അരാഷ്ട്രീയ? നിലപാടുകളാണ് ചർച്ചാ വിഷയം. പുറത്തിറങ്ങും മുൻപ് തന്നെ 'ടോക്സിക്' സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിക്കാൻ ധൃതിപ്പെടുന്ന ചിലരുടെ 'ഗിയറുകേറ്റിവിടലാണ്' ഗീതു മോഹൻദാസിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിലെ 'ചേതോവികാരമെന്ന്' വ്യക്തമാണ്.
യഥാർത്ഥത്തിൽ എന്താണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പിന്നിൽ?
ടോക്സിക്കിന്റെ വീഡിയോ ഗ്ലിംസ് പുറത്തുവന്നതോടെയാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗീതുവിനെതിരെ സൈബർ ആക്രമണം ഉണ്ടാകുന്നത്. സ്ത്രീ ശരീരത്തെ വിൽപ്പന ചരക്കാക്കുന്ന, പുരുഷാധിപത്യത്തെ ആഘോഷിക്കുന്ന, സ്ത്രീവിരുദ്ധതയും ലൈംഗികതയും വേണ്ടുവോളം ചേർത്ത വെറുമൊരു മസാല ചിത്രമാണ് ടോക്സിക് എന്നാണ് വിമർശകരുടെ കണ്ടെത്തലുകൾ. സിനിമ വരുന്നതിന് മുൻപ് അതിന്റെ പ്രമേയത്തെക്കുറിച്ച് ഇത്ര ഗാഢമായ അറിവ് വിമർശകർക്ക് എങ്ങനെയാണ് ലഭിച്ചതെന്ന് ചോദ്യം നിലനിൽക്കുന്നുണ്ട്! എങ്കിലും, വീഡിയോ ഗ്ലിംസ്, ട്രെയിലർ, ടീസർ എന്നിവയിൽ നിന്ന് ലഭിക്കുന്ന പ്രമേയത്തിലേക്കുള്ള സൂചകങ്ങൾ മാത്രം മുൻനിർത്തിയാണ് വിമർശനമെന്ന വാദം അംഗീകരിക്കാം. പക്ഷേ ഈ വാദം അംഗീകരിച്ചാൽ പോലും വിമർശനങ്ങളിലെ യുക്തി ബോധമില്ലാഴ്മയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല.!
ഗീതുവിനെതിരെ ടോക്സിക്കിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തികച്ചും വ്യക്തപരമാണ്. അതിന് പിന്നിൽ ഗീതുവിന്റെ രാഷ്ട്രീയ നിലപാടുകളുണ്ട്!
'ഫീമെയിൽ പ്ലെഷറും', 'കൺസന്റും' എന്താണെന്നും അതിനെ എങ്ങനെ പ്രതിനിധാനം ചെയ്യാമെന്നും തിരിച്ചറിവുള്ള ഫിലിം മേക്കറാണ് ഗീതു. നിലവിൽ പുറത്തുവന്നിട്ടുള്ള സീനുകളിൽ മിസോജിനിയും ഒബ്ജക്ടിഫിക്കേഷനുമല്ല മറിച്ച് സ്ത്രീകളുടെ ലൈംഗിക ആസ്വാദന തലത്തെയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഏതൊരാൾക്കും മനസിലാക്കാവുന്നതേയുള്ളു.! പക്ഷേ ആക്രമണങ്ങൾക്ക് സ്ഥാപിച്ചെടുക്കേണ്ട അവാസ്തവങ്ങളിൽ മുകളിൽ പറഞ്ഞ വസ്തുതകൾക്ക് സ്ഥാനമില്ല.
ഇനി എന്തായിരുന്നു ഗീതുവും പാർവ്വതിയും ചോദ്യം ചെയ്ത 'കസബ'യിലെ പ്രശ്നങ്ങൾ എന്ന് കൂടെ പരിശോധിച്ചാൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരും.
കസബയിലെ സീനിൽ മമ്മൂട്ടിയുടെ ക്യാരക്ടറിന്റെ പ്രവൃത്തി പുരുഷ മേധാവിത്വ സമൂഹത്തിന്റെ ആഘോഷമാണ്, ആ സീൻ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ ഗ്ലോറിഫൈ ചെയ്യുന്നുണ്ട്. അത് സമൂഹത്തിന് നൽകുന്ന രാഷ്ട്രീയ സന്ദേശത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട് എന്നാണ് പാർവതിയും ഗീതുവും ഉന്നയിച്ച വിമർശനം. സ്ത്രീകളെ അപമാനിക്കുന്ന രംഗങ്ങൾ ഗ്ലോറിഫൈ ചെയ്യുന്നതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന വിമർശനത്തിനിടെ പാർവതി പറഞ്ഞ ഉദാഹരണത്തിൽ വ്യക്തത വരുത്തണമെന്ന് വേദിയിൽ വെച്ച് ഗീതു ആവശ്യപ്പെട്ടതിലും പിശകുണ്ടെന്ന് തോന്നുന്നില്ല. വിമർശനത്തിന് കൂടുതൽ വ്യക്തത വരുത്തണമെന്ന് പറയുന്നതിലെന്താണ് പിശക്? ആ വ്യക്തത സിനിമയുടെ പേര് പറയുന്നതിലൂടെ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
കൺസെന്റോടു കൂടിയ ലൈംഗികതയുടെ ആഘോഷങ്ങളെ സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് ഗീതുവോ പാർവതിയോ എവിടെയും പറഞ്ഞിട്ടില്ല. 'മല്ലൂ'സിനിപ്പോഴും പിടികിട്ടാത്ത കാര്യം, എന്താണ് കൺസെൻഷ്യൽ സെക്സ് എന്നതിനെക്കുറിച്ചാണ്, ട്രോളുകളിൽ നിന്ന് അതാണ് മനസിലാവുന്നത്. അതേസമയം ഹോളിവുഡ്, ടോളിവുഡ് നിലവാരത്തിൽ മലയാളി സംവിധായിക ഒരുക്കുന്ന ചിത്രമെത്തുന്നു എന്ന് ആഘോഷിക്കേണ്ടതിന് പകരം ഈ ട്രോളുകളും പദ്ധതിയിട്ടുള്ള ആക്രമണങ്ങളും അത്ര നിഷ്കളങ്കമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടാണ്.
മറുവശത്ത് മലയാള സിനിമയെ ഹോളിവുഡ്-ടോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെടുന്ന മലയാളികൾ തന്നെയാണ് ഇത്തരം സൈബർ ആക്രമണ ക്വട്ടേഷനുകളിൽ വീഴുന്നതെന്നത് സങ്കടകരമാണ്. ഗീതു മോഹൻദാസിനെ പോലുള്ള സംവിധായിക പുതിയ ശൈലികൾ പരീക്ഷിക്കുമ്പോൾ പ്രോത്സാഹിപ്പിക്കേണ്ടത് പ്രബുദ്ധരെന്ന് പാൻ ഇന്ത്യ തന്നെ വിശേഷിപ്പിക്കാറുള്ള മലയാള സിനിമാ പ്രേക്ഷകരാണ്. മറിച്ച് സംഭവിക്കുന്ന പിആർ വിരോധാഭാസങ്ങൾ എതിർക്കപ്പെടുകയാണ് ചെയ്യേണ്ടത്.
English Summary: Director Geethu Mohandas faces cyber attacks over ‘Toxic’ amid debates on gender representation, consent, and cinematic portrayal of sexuality in Malayalam cinema.