മാർച്ച് എട്ടിന് ഇന്ത്യയ്ക്ക് ഓർക്കാതിരിക്കാനാവാത്ത മുഖങ്ങൾ

സമൂഹത്തിലെ സംഘർഷങ്ങൾ അക്രമത്തിലൂടെയല്ല, സംഭാഷണത്തിലൂടെയാണ് പരിഹരിക്കപ്പെടേണ്ടത് എന്നായിരുന്നു ഗൗരിയുടെ വിശ്വാസം. ആയുധമാർഗം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചിരുന്ന നക്സൽ പ്രവർത്തകരെ തിരിച്ചെത്തിക്കാൻ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.
മാർച്ച് എട്ടിന് ഇന്ത്യയ്ക്ക് ഓർക്കാതിരിക്കാനാവാത്ത മുഖങ്ങൾ
Published on

​ഗൗരി ലങ്കേഷ്, ആ പേര് ഓർമ്മിക്കാതെ എങ്ങനെ നിമിഷങ്ങളെണ്ണിയിരിക്കുന്ന ജനാധിപത്യ ഇന്ത്യയിലെ അന്താരാഷ്ട്ര വനിതാ ദിനം കടന്നുപോകും? ജനാധിപത്യ സംസ്കാരത്തിന്റെ ഏറ്റവും ശിഥിലമായ സാഹചര്യത്തിൽ ജീവിക്കുന്നവരുടെ അവസാനശ്വാസങ്ങളിലൊന്നായിരുന്നു ​ഗൗരി. ചോദ്യങ്ങൾ ഭയപ്പെടുന്ന ജനാധിപത്യത്തിന്റെ അവസാന ആണിക്കല്ലും വേർപെട്ട് പോകുന്നത് നിസ്സഹായമായി നോക്കിനിൽക്കാൻ സാധിക്കാതിരുന്ന സ്ത്രീ ശബ്ദം! ഒടുവിലൊരിക്കൽ മതവിദ്വേഷ രാഷ്ട്രീയത്തിന്റെ തോക്കിൻമുന്നിൽ അവസാനിക്കുമെന്ന് ബോധ്യപ്പെട്ടിട്ട് പോലും ഭയമില്ലാതെ ചോദ്യങ്ങൾ ആവർത്തിച്ച, അഭിപ്രായസ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി അടിയുറച്ച് പ്രവർത്തിച്ച മാധ്യമപ്രവർത്തക ഗൗരിയെ ഓർക്കാതെ മാർച്ച് എട്ട് അവസാനിപ്പിക്കാനാവില്ല.

1962 ജനുവരി 29-ന് കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ഗൗരി ലങ്കേഷിന്റെ ജനനം. പ്രശസ്ത കന്നട സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ പി. ലങ്കേഷിന്റെ മകൾ. സാഹിത്യവും സാമൂഹിക ചിന്തകളും നിറഞ്ഞ അന്തരീക്ഷത്തിലാണ് ബാല്യവും വളർച്ചയും. പിതാവിന്റെ എഴുത്തുകളും പൊതുസമൂഹത്തെക്കുറിച്ചുള്ള ചിന്തകളും ഗൗരിയെ ചെറുപ്പം മുതൽ സ്വാധീനിച്ചു. ബെംഗളൂരു സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ശേഷം പത്രപ്രവർത്തനത്തിലേക്കാണ് ഗൗരി തിരിഞ്ഞത്. പിന്നീട് ഡൽഹിയിലെയും ബെംഗളൂരുവിലെയും വിവിധ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച അനുഭവം സമൂഹ-രാഷ്ട്രീയ വിഷയങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.

പിതാവ് ആരംഭിച്ച കന്നട വാരികയായ ‘ലങ്കേഷ് പത്രിക’യിലൂടെയാണ് ഗൗരി മാധ്യമരംഗത്ത് കൂടുതൽ സജീവമായത്. 2000-ൽ പി. ലങ്കേഷ് അന്തരിച്ചതിന് ശേഷം പത്രികയുടെ പ്രവർത്തനങ്ങളിൽ ഗൗരി പങ്കെടുത്തു. പിന്നീട് ചില ആശയവ്യത്യാസങ്ങളെ തുടർന്ന് ഗൗരി പത്രികയിൽ നിന്ന് മാറി സ്വന്തം പ്രസിദ്ധീകരണമായ ‘ഗൗരി ലങ്കേഷ് പത്രിക’ ആരംഭിച്ചു. ഈ വാരികയുടെ എഡിറ്ററായി പ്രവർത്തിച്ച ഗൗരി സാമൂഹിക വിഷയങ്ങളെയും രാഷ്ട്രീയ സംഭവങ്ങളെയും തുറന്നുപറഞ്ഞ് വിമർശിക്കുന്ന ലേഖനങ്ങളിലൂടെ ശ്രദ്ധ നേടി. ജാതിവിവേചനം, മതത്തിന്റെ പേരിലുള്ള വിദ്വേഷം, സാമൂഹിക അസമത്വം തുടങ്ങിയ വിഷയങ്ങളെ ഗൗരി നിരന്തരം തന്റെ എഴുത്തുകളിൽ ഉയർത്തിക്കാട്ടി.

ഗൗരി ലങ്കേഷിന്റെ പ്രവർത്തനം ഒരു പത്രപ്രവർത്തകയുടെ സാധാരണ ജോലിയിലൊതുങ്ങിയിരുന്നില്ല. സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള ഉപാധിയായി പത്രപ്രവർത്തനത്തെ കാണുകയായിരുന്നു ഗൗരി. മതേതരത്വം, ജനാധിപത്യ മൂല്യങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണം എന്ന നിലപാട് ഗൗരി ശക്തമായി മുന്നോട്ടുവെച്ചു. ദളിത് സമൂഹം നേരിടുന്ന വിവേചനങ്ങൾ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ, സ്ത്രീകളുടെ സ്വാതന്ത്ര്യം, തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഗൗരി നിരന്തരം എഴുതുകയും പൊതുവേദികളിൽ സംസാരിക്കുകയും ചെയ്തു.

സമൂഹത്തിലെ സംഘർഷങ്ങൾ അക്രമത്തിലൂടെയല്ല, സംഭാഷണത്തിലൂടെയാണ് പരിഹരിക്കപ്പെടേണ്ടത് എന്നായിരുന്നു ഗൗരിയുടെ വിശ്വാസം. ആയുധമാർഗം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചിരുന്ന ചില നക്സൽ പ്രവർത്തകരെ സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാൻ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. സർക്കാരുമായി സംവാദം നടത്തുകയും അത്തരത്തിലുള്ള ആളുകൾക്ക് സമൂഹത്തിൽ വീണ്ടും ജീവിക്കാൻ അവസരം നൽകണമെന്നും ഗൗരി വാദിച്ചു. സാമൂഹിക പുനരധിവാസം സംബന്ധിച്ച വലിയ ചർച്ചകൾക്കും ഈ ഇടപെടലുകൾ വഴിവച്ചു.

ഗൗരി ലങ്കേഷ് സമൂഹത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെയും തുറന്നുപറഞ്ഞ് വിമർശിച്ചു. മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്ന രാഷ്ട്രീയ പ്രവണതകൾക്കെതിരെ ഗൗരി നിരന്തരം പ്രതികരിച്ചു. അഭിപ്രായസ്വാതന്ത്ര്യം ഒരു ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമാണെന്നും അത് സംരക്ഷിക്കപ്പെടണം എന്നുമാണ് ഗൗരി പലപ്പോഴും പറഞ്ഞത്. വിമർശനങ്ങളും ഭീഷണികളും കേസുകളും ഉണ്ടായിരുന്നെങ്കിലും തന്റെ നിലപാടുകളിൽ നിന്ന് ഗൗരി പിന്നോട്ടുപോയിട്ടില്ല.

2017 സെപ്റ്റംബർ 5-ന് കര്‍ണാടകയിലെ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വീട്ടിന് മുന്നിലാണ് ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. രാത്രി ഓഫീസിൽ നിന്ന് വീട്ടിലെത്തിയ സമയത്തായിരുന്നു ആക്രമണം. ബൈക്കിൽ എത്തിയ അക്രമികൾ അടുത്തെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഗൗരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ സംഭവമായിരുന്നു ഇത്. മാധ്യമപ്രവർത്തകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും മേൽ നടന്ന ആക്രമണമെന്ന നിലയിലാണ് പലരും ഈ സംഭവത്തെ വിലയിരുത്തിയത്.

ഇന്ത്യയിലെ സ്ത്രീകളുടെ ശബ്ദം ഒരൊറ്റ മേഖലയിലൊതുങ്ങുന്നില്ല. വിവിധ മേഖലകളിൽ പുതിയ വഴികൾ തുറന്ന നിരവധി സ്ത്രീകൾ ഈ രാജ്യത്ത് മുന്നോട്ട് വന്നിട്ടുണ്ട്. ബഹിരാകാശ ഗവേഷണരംഗത്ത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പേരുകളിൽ ഒന്നാണ് കൽപ്പന ചൗള. ബഹിരാകാശ യാത്രികയായി ചരിത്രത്തിൽ ഇടം നേടിയ കൽപ്പന ചൗള നിരവധി യുവതികൾക്ക് ശാസ്ത്രരംഗത്ത് പുതിയ സ്വപ്നങ്ങൾ കാണാൻ പ്രചോദനമായി. അതുപോലെ തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാലം പ്രവർത്തിച്ചുകൊണ്ട് ശാസ്ത്രലോകത്ത് ശ്രദ്ധ നേടിയ മറ്റൊരു ഇന്ത്യൻ വംശജയാണ് സുനിത വില്ല്യംസ്.

സാഹിത്യത്തിലും സാമൂഹിക ചർച്ചകളിലും ശക്തമായ ഇടപെടലുകൾ നടത്തിയ എഴുത്തുകാരിയാണ് അരുന്ധതി റോയ്. സാമൂഹിക നീതി, മനുഷ്യാവകാശങ്ങൾ, രാഷ്ട്രീയ വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള തുറന്ന നിലപാടുകളിലൂടെ അരുന്ധതി റോയ് പലപ്പോഴും ദേശീയതലത്തിൽ ചർച്ചയായിട്ടുണ്ട്. മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കുമായി ദീർഘകാല സമരം നടത്തിയ മറ്റൊരു ശ്രദ്ധേയ വ്യക്തിയാണ് ഇറോം ശർമിള. ആയുധസേനാ പ്രത്യേക അധികാര നിയമത്തിനെതിരെ വർഷങ്ങളോളം നിരാഹാര സമരം നടത്തി ലോകത്തിന്റെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഇറോം ശർമിള. നിയമസംരക്ഷണ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച വ്യക്തിയായി അറിയപ്പെടുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് കിരൺ ബേഡി. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായ കിരൺ ബേഡി ഭരണ സംവിധാനത്തിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തമാക്കുന്ന പ്രതീകമായി മാറി.

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഈ സ്ത്രീകളെ ഒന്നിപ്പിക്കുന്നത് ഒരേ ആശയമാണ്. സമൂഹത്തിൽ മാറ്റം കൊണ്ടുവരണം എന്ന വിശ്വാസം. അനീതിക്കെതിരെ ശബ്ദമുയർത്താനും പുതിയ വഴികൾ തുറക്കാനും അവർ ഓരോരുത്തരും തങ്ങളുടെ മേഖലകളിൽ ശ്രമിച്ചു. വനിതാ ദിനം ആഘോഷിക്കുമ്പോൾ നമ്മൾ പലപ്പോഴും സ്ത്രീകളുടെ നേട്ടങ്ങളും വിജയങ്ങളും മാത്രമാണ് ഓർക്കുന്നത്. എന്നാൽ ഈ ദിവസത്തിന്റെ യഥാർത്ഥ അർത്ഥം അതിനേക്കാൾ വലുതാണ്. സമൂഹത്തിൽ സമത്വത്തിനും നീതിക്കും വേണ്ടി പോരാടിയ സ്ത്രീകളുടെ ധൈര്യത്തെയും ഉറച്ച നിലപാടുകളെയും ഓർക്കുന്ന ദിവസം കൂടിയാണ്.

സമത്വവും നീതിയും ഉള്ള ഒരു സമൂഹം സൃഷ്ടിക്കാനുള്ള യാത്ര ഇന്നും തുടരുകയാണ്. ആ യാത്രയിൽ സ്ത്രീകൾ ഉയർത്തിയ ശബ്ദങ്ങളും അവർ തുറന്ന വഴികളും അടുത്ത തലമുറകൾക്ക് പ്രചോദനമായിത്തന്നെ നിലനിൽക്കും. അതുകൊണ്ട് തന്നെ വനിതാ ദിനം ഒരു ആഘോഷം മാത്രമല്ല മാറ്റത്തിനും ധൈര്യത്തിനും നീതിക്കുമുള്ള ഓർമ്മപ്പെടുത്തലും കൂടിയാണ്.

English Summary: On International Women's Day, this article highlights unforgettable Indian women who fought for democracy, justice, and equality, starting with journalist Gauri Lankesh, assassinated in 2017 for her fearless criticism of communal politics and defense of free speech. It also remembers trailblazers like Kalpana Chawla, Sunita Williams, Arundhati Roy, Irom Sharmila, and Kiran Bedi, whose courage in science, literature, human rights, and governance continues to inspire. Women's Day is portrayed not just as celebration but as a reminder to honor struggles for social change and equality.

Related Stories

No stories found.
Madism Digital
madismdigital.com