ഭരണഘടനയുടെ ഏഴരപ്പതിറ്റാണ്ട്

ജനാധിപത്യത്തിന്റെ നാല് പ്രധാന തൂണുകളായ നിയമനിർമ്മാണസഭ, ഭരണനിർവഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയുടെ പ്രവർത്തനം എത്രത്തോളം ഭരണഘടനയോടും ജനങ്ങളോടും നീതിപുലർത്തി?
ഭരണഘടനയുടെ ഏഴരപ്പതിറ്റാണ്ട്
Published on: 

1949 നവംബർ 26. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിനങ്ങളിലൊന്ന്. രണ്ടര വർഷത്തോളം നീണ്ട ഗൗരവമേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് ഭരണഘടനാ നിർമ്മാണസഭ (Constituent Assembly) ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26-ന് അത് പ്രാബല്യത്തിൽ വന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മഹത്തായ ജനാധിപത്യ വിപ്ലവമായിരുന്നു അത്. രാജഭരണത്തിൽനിന്നും കൊളോണിയൽ ഭരണക്രമത്തിൽനിന്നും ജനങ്ങൾ അധികാരത്തിന്റെ യഥാർത്ഥ ഉറവിടമാകുന്ന ഒരു ഭരണസംവിധാനത്തിലേക്കുള്ള ചരിത്രപരമായ മാറ്റം.

മതം, ജാതി, ഭാഷ, വംശം, പ്രദേശം എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന രീതി ഭരണഘടന വിഭാവനം ചെയ്യുന്ന സാഹോദര്യത്തിന്നും മതനിരപേക്ഷതമക്കും വിരുദ്ധമാണ്

2026 നവംബർ 26-ന് ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 77 വർഷം തികയുകയാണ്. സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങളും ഭരണഘടനയുടെ 77 വർഷങ്ങളും പിന്നിടുമ്പോൾ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യ മൂല്യങ്ങൾ നമ്മുടെ രാജ്യത്ത് എത്രത്തോളം സംരക്ഷിക്കപ്പെട്ടു? ജനാധിപത്യത്തിന്റെ നാല് പ്രധാന തൂണുകളായ നിയമനിർമ്മാണസഭ, ഭരണനിർവഹണ വിഭാഗം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയുടെ പ്രവർത്തനം എത്രത്തോളം ഭരണഘടനയോടും ജനങ്ങളോടും നീതിപുലർത്തി?

ഭരണഘടന കേവലം ഒരു നിയമപുസ്തകമല്ല. സമത്വം, സ്വാതന്ത്ര്യം, മതനിരപേക്ഷത, സാഹോദര്യം, സാമൂഹികനീതി, വ്യക്തിയുടെ അന്തസ്സ് എന്നിവ ഉറപ്പുനൽകുന്ന ഒരു സാമൂഹിക കരാറാണ്. അതിന്റെ വിജയം വിലയിരുത്തേണ്ടത് അധികാരത്തിലിരിക്കുന്നവരുടെ നേട്ടങ്ങൾകൊണ്ടല്ല, മറിച്ച് സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന നീതിയും അവസരങ്ങളും പരിഗണിച്ചാണ്.

ഭരണഘടനയുടെ ഏഴരപ്പതിറ്റാണ്ട്
ഓര്‍മകളും മൗനങ്ങളും: 'ബിലോങിങ്' വായിക്കുമ്പോള്‍

നിയമനിർമ്മാണസഭ: ചർച്ചകൾക്ക് പകരം ഭൂരിപക്ഷത്തിന്റെ അധികാരപ്രയോഗമോ?

പാർലമെന്റും നിയമസഭകളും ജനാധിപത്യത്തിന്റെ സംവാദവേദികളാണ്. ജനകീയ പ്രശ്നങ്ങളും, നിയമനിർമ്മാണങ്ങളും ചർച്ചചെയ്യപ്പെടേണ്ട സഭകളിൽ, മതിയായ ചർച്ചകളോ, പാർലമെൻ്റ് സമിതികളുടെ സൂക്ഷ്മ പരിശോധനയോ ഇല്ലാതെ നിയമങ്ങൾ തിരക്കിട്ട് പാസാക്കുന്ന പ്രവണത വർദ്ധിച്ച് വരുന്നു. ഇത് നിയമനിർമ്മാണ പ്രക്രിയയുടെ ഗുണനിലവാരത്തെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നു

പ്രതിപക്ഷത്തിൻ്റെ അഭിപ്രായങ്ങളെ അടിച്ചമർത്തുന്നതും വിയോജിപ്പുകളെ അസഹിഷ്ണുതയോടെകാണുന്നതും ജനാധിപത്യത്തിൻ്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല. അതേസമയം, പ്രതിപക്ഷവും ക്രിയാത്മകമായ ചർച്ചകളിൽ പങ്കാളികളാകുന്നതിനുപകരം സഭ തടസ്സപ്പെടുത്തുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന രീതികളിൽനിന്ന് മാറിനിൽക്കണം. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് പ്രവർത്തിക്കുന്ന പാർലമെന്റും നിയമസഭകളും സംവാദങ്ങൾക്കുപകരം രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ വേദികളാകുമ്പോൾ നഷ്ടം പൊതുസമൂഹത്തിനാണ്.

ഭൂരിപക്ഷം ലഭിച്ചതുകൊണ്ട് എന്തും ചെയ്യാനുള്ള അധികാരമാണ് ജനാധിപത്യം എന്ന ധാരണ അപകടകരമാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾക്കുപോലും ഭരണഘടനയുടെ പരിധികളുണ്ട്. നിയമനിർമ്മാണത്തിന്റെ ലക്ഷ്യം അധികാരത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കലല്ല, പൊതുനന്മയും നീതിയും ഉറപ്പാക്കലാണ്.

ഭരണഘടനയുടെ ഏഴരപ്പതിറ്റാണ്ട്
മൗലാനാ ഹസ്രത്ത് മൊഹാനി; ഭരണഘടനാ നിർമാണസഭയിലെ 'പരാജിതനായ എതിര്‍പ്പുകാരന്‍'

തെരഞ്ഞെടുപ്പ് ജനാധിപത്യം: വോട്ടർ ഉൾപ്പെടുത്തപ്പെടേണ്ടവനാണ്, പുറത്താക്കപ്പെടേണ്ടവനല്ല

ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തി സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പാണ്. ഓരോ പൗരനും വോട്ടവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കണം. എന്നാൽ SIR പോലുള്ള വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനാ നടപടികൾ നടപ്പാക്കുമ്പോൾ ഉയരുന്ന ആശങ്കകൾ ഗൗരവമായി കാണേണ്ടതുണ്ട്. അർഹരായ വോട്ടർമാർ രേഖകളുടെ അഭാവം കൊണ്ടോ നടപടിക്രമങ്ങളിലെ സങ്കീർണത കൊണ്ടോ പട്ടികയിൽനിന്ന് പുറത്താകുന്ന സാഹചര്യം ഉണ്ടാകരുത്.

വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ്; ജനാധിപത്യത്തിൽ പങ്കാളികളാകേണ്ട മനുഷ്യരെ പുറത്താക്കാനല്ല. ഉൾപ്പെടുത്തലാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം, ഒഴിവാക്കലല്ല. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ നടപടിയും സുതാര്യവും നീതിപൂർവവും ചോദ്യം ചെയ്യപ്പെടാൻ കഴിയുന്നതുമായിരിക്കണം.

ഭരണനിർവഹണം: അധികാരത്തോടൊപ്പം ഉത്തരവാദിത്വവും വേണം

ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും എല്ലാവർക്കും അവസരതുല്യത ഉറപ്പാക്കുകയുമാണ്. എന്നാൽ രാജ്യത്തെ സാമ്പത്തിക അസമത്വം വർധിക്കുകയും സമ്പത്തിന്റെ വലിയൊരു പങ്ക് ചെറിയൊരു വിഭാഗത്തിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാരന്റെ സാമ്പത്തികശേഷിക്ക് അപ്പുറത്തേക്ക് നീങ്ങുന്ന സാഹചര്യം ആശങ്കാജനകമാണ്.

ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് സ്വന്തം രാജ്യത്ത് അർഹമായ തൊഴിൽ അവസരങ്ങൾ ലഭിക്കാതെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നതും നമ്മുടെ വികസനനയങ്ങളുടെ പരിമിതികളെ വെളിപ്പെടുത്തുന്നു. മനുഷ്യവിഭവശേഷി രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്ന തിരിച്ചറിവ് ഭരണകൂടത്തിനുണ്ടാകണം.

ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങൾ, E20 ഇന്ധനനയം പോലുള്ള പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ, വലിയ പൊതുപദ്ധതികൾ, പ്രകൃതിവിഭവങ്ങളുടെ വിനിയോഗം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം കർഷക നിയമങ്ങൾ എന്നിവയുടെ യുക്തിയും പ്രത്യാഘാതങ്ങളും ജനങ്ങൾക്ക് മുമ്പാകെ വിശദീകരിക്കപ്പെടണം. തീരുമാനമെടുക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ടെന്നതുപോലെ, അതിന്റെ കാരണം വിശദീകരിക്കാനുള്ള ഉത്തരവാദിത്വവും അതിനുണ്ട്.

മതം, ജാതി, ഭാഷ, വംശം, പ്രദേശം എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന രീതി ഭരണഘടന വിഭാവനം ചെയ്യുന്ന സാഹോദര്യത്തിന്നും മതനിരപേക്ഷതമക്കും വിരുദ്ധമാണ്. ജനപ്രതിനിധികൾ സ്വന്തം പ്രത്യയശാസ്ത്രവും പ്രഖ്യാപിത നിലപാടുകളും ഉപേക്ഷിക്കുകയും അധികാരത്തിനും മുൻകാല അഴിമതികേസുകളിൽനിന്നും അന്വേഷണങ്ങളിൽനിന്നും രക്ഷനേടുന്നതിതായി നടത്തുന്ന ചേരിമാറ്റവും തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി നമ്മുടെ മൂന്നിലുണ്ട്.

ശാസ്ത്രീയ മനോഭാവം വളർത്തേണ്ട ഭരണകൂടം തന്നെ അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയ ധാരണകൾക്കും പ്രോത്സാഹനം നൽകുന്ന സാഹചര്യം അതിലേറെ അപകടകരമാണ്. ചരിത്രത്തെ ശാസ്ത്രീയമായി പഠിപ്പിക്കുന്നതിനുപകരം രാഷ്ട്രീയമോ മതപരമോ ആയ താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിച്ച ചരിത്രം വിദ്യാർഥികളിലേക്ക് എത്തിക്കുന്നത് ഭാവിതലമുറയെ രോഗാതുരമാക്കും. ചോദ്യം ചോദിക്കുന്ന വിദ്യാർഥികളും പ്രതികരിക്കുന്ന സാമൂഹിക പ്രവർത്തകരും ഭീഷണിയോ തടവോ നേരിടേണ്ടിവരുന്ന സാഹചര്യം ജനാധിപത്യത്തിന് ഭൂഷണമല്ല.

നീതിന്യായ വ്യവസ്ഥ: അവസാന പ്രതീക്ഷയും ഭരണഘടനയുടെ കാവലാളും

ജനാധിപത്യത്തിന്റെ മറ്റ് സ്ഥാപനങ്ങൾ പരാജയപ്പെടുമ്പോൾ സാധാരണക്കാരൻ അവസാനമായി പ്രതീക്ഷയോടെ സമീപിക്കുന്നത് നീതിന്യായ വ്യവസ്ഥയെയാണ്. ഭരണഘടനയുടെ സംരക്ഷകനും പൗരന്റെ മൗലികാവകാശങ്ങളുടെ കാവൽക്കാരനുമാണ് നീതിന്യായ വ്യവസ്ഥ. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ അഭിമാനത്തോടെ ഓർക്കാവുന്ന നിരവധി വിധിന്യായങ്ങളുണ്ട്.

1973-ലെ കേശവാനന്ദ ഭാരതി കേസിൽ പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതി അധികാരത്തിന് അടിസ്ഥാനഘടനാ സിദ്ധാന്തത്തിലൂടെ പരിധി നിശ്ചയിച്ചു. 1978-ലെ മേനക ഗാന്ധി കേസിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിശാലമായ അർത്ഥം നിർവചിച്ചു. 1997-ലെ വിശാഖ കേസിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2014-ലെ NALSA കേസിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വത്വവും അവകാശങ്ങളും അംഗീകരിച്ചു. 2017-ലെ പുട്ടസ്വാമി കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചു. 2018-ലെ നവ്തേജ് സിങ് ജോഹർ കേസിൽ സ്വവർഗാനുരാഗത്തെ കുറ്റകരമാക്കിയിരുന്ന വ്യവസ്ഥയുടെ ഭരണഘടനാവിരുദ്ധമായ ഭാഗം റദ്ദാക്കി. അദൃശ്യരാക്കപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിൽ ഇത്തരം വിധികൾ നിർണായക പങ്കുവഹിച്ചു.

എന്നാൽ നീതിന്യായ വ്യവസ്ഥയുടെ സമീപകാല പ്രവർത്തനങ്ങളിലും ഗൗരവമായ ചർച്ചകൾ ആവശ്യമായ ചില പ്രവണതകൾ കാണാം. കോടതികളുടെ നിരീക്ഷണങ്ങളും വിധിന്യായങ്ങളും ഭരണഘടനയുടെ മൂല്യങ്ങളുമായി എത്രത്തോളം ചേർന്നുനിൽക്കുന്നു എന്നത് പരിശോധിക്കപ്പെടണം. സമീപകാലങ്ങളിൽ കോടതികളുടെ ചില വിധിന്യായങ്ങളിലും നിരീക്ഷണങ്ങളിലും വിവിധ മതഗ്രന്ഥങ്ങളിൽനിന്നുള്ള പരാമർശങ്ങൾ ഇടംപിടിക്കുകയുണ്ടായി.. മതഗ്രന്ഥങ്ങളെ പരാമർശിക്കുന്നത് സ്വതവേ ഭരണഘടനാവിരുദ്ധമല്ല. എന്നാൽ നിയമത്തിന്റെ വ്യാഖ്യാനത്തിനും നീതിയുടെ നിർണയത്തിനും ആധാരമാകേണ്ടത് മതവിശ്വാസങ്ങളോ ഭൂരിപക്ഷത്തിന്റെ വികാരങ്ങളോ അല്ല, ഭരണഘടനയും നിയമവും യുക്തിയുമാണ്.

ഭരണഘടനയുടെ ഏഴരപ്പതിറ്റാണ്ട്
ബുദ്ധനും ബഷീറും: കാരുണ്യത്തിന്റെ രണ്ടു വഴികൾ

കോടതികൾ ജനവികാരങ്ങളുടെ പ്രതിഫലനവേദികളല്ല; ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ സ്ഥാപനങ്ങളാണ്. മതവിശ്വാസങ്ങൾ വ്യക്തികളുടെ സ്വകാര്യജീവിതത്തിന്റെ ഭാഗമായിരിക്കാം. എന്നാൽ കോടതിയുടെ ഔദ്യോഗിക അധികാരത്തിന് ആധാരം ഭരണഘടന മാത്രമായിരിക്കണം. ഭരണഘടനയുടെ മതനിരപേക്ഷതയും സമത്വവും വ്യക്തിയുടെ അന്തസ്സും ഓരോ വിധിയുടെയും അടിസ്ഥാനമാകണം. കോടതികൾ ഭരണഘടനയുടെ പക്ഷത്താണ് നിലകൊള്ളേണ്ടത്; ജനപ്രിയ വികാരങ്ങളുടെ പക്ഷത്തല്ല. നീതിന്യായ സ്വാതന്ത്ര്യം, നീതി ലഭിക്കാനുള്ള തുല്യാവസരം, വിധിന്യായങ്ങളിലെ യുക്തിസഹമായ വിശദീകരണം, നീതിയുടെ കാലതാമസം ഒഴിവാക്കൽ എന്നിവ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

മാധ്യമങ്ങൾ: ജനാധിപത്യത്തിന്റെ കാവൽക്കാരോ അധികാരത്തിന്റെ പ്രചാരകരോ?

ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾക്ക് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും അധികാരത്തെ ചോദ്യം ചെയ്യാനും ജനങ്ങളുടെ ശബ്ദമാകാനും വലിയ ഉത്തരവാദിത്വമുണ്ട്. പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഒരുകാലത്ത് പൊതുജനാഭിപ്രായ രൂപീകരണത്തിലും ഭരണകൂടത്തിന്റെ വീഴ്ചകൾ പുറത്തുകൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിച്ചു.

എന്നാൽ ഇന്ന് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്. വൻ സാമ്പത്തികശേഷിയുള്ള വ്യക്തികളുടെയും കോർപ്പറേറ്റ് താൽപര്യങ്ങളുടെയും നിയന്ത്രണത്തിലേക്ക് മാധ്യമ ഉടമസ്ഥത കേന്ദ്രീകരിക്കുന്ന പ്രവണത സ്വതന്ത്ര പത്രപ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. വാർത്തകൾക്കുപകരം പ്രചാരണങ്ങളും അന്വേഷണാത്മക പത്രപ്രവർത്തനത്തിനുപകരം വ്യക്തിപൂജയും രാഷ്ട്രീയ ചർച്ചകൾക്കുപകരം വിദ്വേഷവും പ്രചരിക്കുന്ന സാഹചര്യം അപകടകരമാണ്.

മാധ്യമങ്ങളുടെ കടമ അധികാരത്തിലുള്ളവരെ മഹത്വവൽക്കരിക്കലല്ല; അവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി പരിശോധിക്കലാണ്. അധികാരത്തെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകർ നിയമനടപടികളും ഭീഷണികളും നേരിടേണ്ടിവരുന്ന സാഹചര്യം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

അതേസമയം, സാമൂഹികമാധ്യമങ്ങളും ചില സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളും പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്ന വിഷയങ്ങൾ പൊതുചർച്ചയിലേക്ക് കൊണ്ടുവരാനും അധികാരകേന്ദ്രങ്ങളുടെ വീഴ്ചകൾ പുറത്തുകൊണ്ടുവരാനും അവയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ വ്യാജവാർത്തകളും വിദ്വേഷപ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നതും ഗൗരവമായി കാണണം. മാധ്യമസ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ ഉത്തരവാദിത്വവും അനിവാര്യമാണ്.

ഭരണഘടനയെ സംരക്ഷിക്കേണ്ടത് സ്ഥാപനങ്ങൾ മാത്രമല്ല, ജനങ്ങളും

ഒരു രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശക്തി അതിന്റെ ഭരണഘടനയിലോ സ്ഥാപനങ്ങളുടെ ഘടനയിലോ മാത്രം ഒതുങ്ങുന്നില്ല. ആ സ്ഥാപനങ്ങൾ എത്രത്തോളം സ്വതന്ത്രമായി പ്രവർത്തിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തരവാദിത്വത്തോടെ പെരുമാറുന്നു, എത്രത്തോളം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു എന്നതിലാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി.

നിയമനിർമ്മാണസഭ നിയമനിർമ്മാണത്തിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കണം. ഭരണനിർവഹണം ഉത്തരവാദിത്വത്തോടെയും നീതിയോടെയും പ്രവർത്തിക്കണം. നീതിന്യായ വ്യവസ്ഥ ഭരണഘടനയുടെ മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കരുത്. മാധ്യമങ്ങൾ അധികാരത്തിന്റെ വക്താക്കളാകാതെ ജനാധിപത്യത്തിന്റെ കാവൽക്കാരായി നിലകൊള്ളണം.

അതോടൊപ്പം, ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് ബോധവാനാകുകയും സ്വന്തം അവകാശങ്ങളോടൊപ്പം മറ്റുള്ളവരുടെ അവകാശങ്ങളെയും മാനിക്കുകയും വേണം. വിമർശനം രാജ്യദ്രോഹമല്ല; വിയോജിപ്പ് ജനാധിപത്യത്തിന്റെ ശത്രുവുമല്ല. മറിച്ച്, അധികാരത്തെ ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശമാണ് ജനാധിപത്യത്തിന്റെ ജീവൻ.

വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്

ലോകത്തിന് മുന്നിൽ ഇന്ത്യ ഉയർത്തിപ്പിടിച്ച ഏറ്റവും വലിയ മാതൃക അതിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ്. വിവിധ രാജ്യങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും മതങ്ങളിൽനിന്നും ഭാഷാസമൂഹങ്ങളിൽനിന്നും വന്ന മനുഷ്യർ ഇവിടെ ജീവിക്കുകയും ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തതകളെ ഇല്ലാതാക്കാതെ അവയെ ഉൾക്കൊണ്ട് ഒന്നിച്ചുനിൽക്കാനുള്ള നമ്മുടെ സാമൂഹിക ശേഷിയാണ് ഇന്ത്യയുടെ യഥാർത്ഥ സൗന്ദര്യം. അതുകൊണ്ടുതന്നെ നമ്മുടെ മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും ജനാധിപത്യവും രാജ്യത്തിന്റെ സുവർണസ്തംഭങ്ങളായി നിലനിൽക്കണം. ജാതി, മതം, ഭാഷ, സാമ്പത്തികസ്ഥിതി, പ്രദേശം, ലിംഗം, ശാരീരികമോ സാമൂഹികമോ ആയ പരിമിതികൾ എന്നിവയുടെ പേരിൽ ഒരാളും അവസരങ്ങളിൽനിന്നോ അവകാശങ്ങളിൽനിന്നോ മാറ്റിനിർത്തപ്പെടരുത്. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മനുഷ്യനുപോലും അന്തസ്സോടെ ജീവിക്കാനും വിദ്യാഭ്യാസം നേടാനും തൊഴിൽ കണ്ടെത്താനും നീതി ലഭിക്കാനും കഴിയുമ്പോഴാണ് വികസനം അർഥവത്താകുന്നത്. ഭരണഘടനയുടെ 77 വർഷങ്ങൾ ആഘോഷിക്കുമ്പോൾ നാം ചെയ്യേണ്ടത് അതിന്റെ മഹത്വം വാഴ്ത്തുക മാത്രമല്ല, അതിന്റെ അന്തസ്സത്ത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകുക കൂടിയാണ്. രാജ്യസ്നേഹം ഭരണകൂടത്തെ അന്ധമായി പിന്തുണയ്ക്കുന്നതിലല്ല; രാജ്യത്തിന്റെ ഭരണഘടനയെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിലാണ്. ഇന്ത്യ ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ മാത്രം രാജ്യമായി മാറരുത്. അത് എല്ലാവരുടേതുമാണ്. ‘നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ’ എന്ന ഭരണഘടനയുടെ ആദ്യ വാക്കുകൾ കേവലം ആമുഖത്തിലെ ഒരു പ്രയോഗമല്ല, നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനപ്രഖ്യാപനമാണ്. അതിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ട്. അതിനായി ഭരണഘടനാമൂല്യങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്.

Summary

India marks the 77th anniversary of the adoption of its Constitution on November 26, 2026. Adopted by the Constituent Assembly on November 26, 1949, and brought into effect on January 26, 1950, the Constitution marked a historic transition from colonial and monarchical systems of governance to a democratic republic where people are the ultimate source of power.

The anniversary also offers an opportunity to reflect on how effectively India's democratic institutions have upheld constitutional values over the decades. The article examines the role of the legislature, executive, judiciary and media in protecting democracy and asks whether principles such as equality, liberty, secularism, fraternity, social justice and individual dignity are being upheld. It argues that the true success of the Constitution must be measured by the justice and opportunities available to the most disadvantaged sections of society.