

സൂചന, ആമുഖം: ജന്മസമയത്ത് നിർണയിക്കപ്പെട്ട ലിംഗഭേദത്തിന് ഭിന്നമായി സ്വന്തം ലിംഗാത്മകത തിരിച്ചറിയുന്ന വ്യക്തികളെയാണ് ട്രാൻസ്ജെൻഡർ എന്ന് വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന്, ജന്മസമയത്ത് പുരുഷനായി നിർണയിക്കപ്പെട്ടെങ്കിലും സ്ത്രീയുടെ 'മനസ്'* തനിക്കുണ്ടെന്ന് തിരിച്ചറിയുന്നവരാണ് ട്രാൻസ് വുമൺസ്. ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ ഹിജ്റ എന്നറിയപ്പെടുന്ന ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് പുരാതനമായ സാംസ്കാരിക പാരമ്പര്യമുണ്ട്. ഗുരു-ചേല ബന്ധങ്ങളിലൂടെ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഈ സമൂഹം വ്യക്തമായ നിയമങ്ങളും ആചാരങ്ങളും അനുസരിച്ചാണ് മുന്നേറുന്നത്. വിവാഹങ്ങൾ, ഉത്സവങ്ങൾ, മറ്റ് ചടങ്ങുകൾ എന്നിവ അവരുടെ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
സൂചന, സാമൂഹിക പശ്ചാത്തലം: സമൂഹത്തിലെ ഭൂരിഭാഗം ജെൻഡറുകൾക്ക് ഒരിക്കൽ പോലും തങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാനാവാത്ത യുദ്ധസമാന ജീവിതമാണ് ട്രാൻസ് സമൂഹത്തിന്റേത്. ഓരോ ദിവസവും അതിജീവന പോരാട്ടമാണ്! ആത്മഹത്യകൾ, കൊലപാതകങ്ങൾ, ആൾക്കൂട്ട കൊലകളുമെല്ലാം ട്രാൻസ് സമൂഹങ്ങൾക്ക് സർവ്വസാധാരണമായി മാറി കഴിഞ്ഞ പദങ്ങളാണ്. ഇന്ത്യയിൽ മാത്രം ആയിരക്കണക്കിന് ട്രാൻസ് വ്യക്തികൾ ഒരു നേരത്തെ ആഹാരത്തിനായി മാല്യന്യക്കൂനകളിൽ അന്വേഷിച്ചിറങ്ങാറുണ്ടെന്ന് പറഞ്ഞാൽ പോലും അതിശയോക്തിയില്ല. ജന്മസമയത്ത് നിർണയിക്കപ്പെട്ട ലിംഗഭേദത്തിന് ഭിന്നമായി സ്വന്തം ലിംഗാത്മകത തിരിച്ചറിയുന്നവർ കുറ്റവാളികളോ അകറ്റി നിർത്തപ്പെടേണ്ടവരോ അല്ലെന്ന് തിരിച്ചറിയുന്നത് വരെ ഈ പോരാട്ടങ്ങളും അതിജീവിന സമരങ്ങളും തുടരും.
ഈ കുറിപ്പ് ട്രാൻസ് സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരത്തെക്കുറിച്ചാണ്, ജല്‍സ. ഭൂരിഭാഗം ജെൻഡറുകളുടെ സാമൂഹിക ആഘോഷങ്ങളെക്കുറിച്ച് നമുക്കുള്ള ധാരണകൾ പോലെ തന്നെ പ്രധാനമാണ് ട്രാൻസ് സമൂഹത്തെക്കുറിച്ചുള്ള വിവര കൈമാറ്റവുമെന്ന തിരിച്ചറിവാണ് ഈ കുറിപ്പിന്റെ പ്രചോദനം.
ജൽസയുടെ പ്രാധാന്യം
ട്രാന്‍സ് വ്യക്തി പുതിയ ലിംഗാത്മകത പൊതുസമൂഹത്തിന് മുമ്പിൽ അംഗീകരിക്കുന്നതിന്റെ ആഘോഷമായാണ് ജൽസ നടത്തപ്പെടുന്നത്. സംഗീതം, നൃത്തം, വാദ്യോപകരണമായ ഡോലക്, ഭക്ഷണം എന്നിവയെല്ലാം ചടങ്ങിലുണ്ടാകും, ഒപ്പം കമ്യൂണിറ്റി അംഗങ്ങളുടെ ഒത്തുചേരലും. ചടങ്ങിനെ ‘റൈറ്റ് ഓഫ് പാസേജ് (Right of Passage)’ എന്ന നിലയിലാണ് വിലയിരുത്തപ്പെടുക. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹിക അംഗീകാരം ലഭിക്കുന്ന പ്രക്രിയയാണ് ജൽസ പ്രതിനിധീകരിക്കുന്നത്. സമൂഹത്തിന്റെ ഉൾവലയത്തിലേക്ക് കടക്കുന്നതിന്റെ സാംസ്കാരിക ചിഹ്നമായും ചടങ്ങ് കണക്കാക്കപ്പെടുന്നു.
ജൽസയുടെ ചരിത്രം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. മഹാഭാരതം, രാമായണം, കാമസൂത്രം തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളിൽ തൃതീയ പ്രകൃതി പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ കമ്യൂണിറ്റികൾക്ക് പ്രാചീനകാലത്ത് ആചാരപരമായ പ്രാധാന്യമുണ്ടായിരുന്നു; വിവാഹങ്ങൾ, ജനനം എന്നിവയിൽ ആശീർവാദം നൽകുന്നത് അവരുടെ പരമ്പരാഗത റോളായിരുന്നു. എന്നാൽ ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് (1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട്) ഹിജ്റമാരെ ക്രിമിനലുകളായി മുദ്രകുത്തി സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി. ഇന്ത്യയിൽ 2014-ൽ സുപ്രീം കോടതി ട്രാൻസ് വ്യക്തികളെ ഔദ്യോഗികമായി അംഗീകരിച്ചതോടെയാണ് നിയമപരമായ അംഗീകാരം ലഭിച്ചത്.
ഹിജ്റ പരമ്പരയും ജൽസയുടെ ഉത്ഭവവും
ജൽസ ചടങ്ങ് പ്രധാനമായും ഹിജ്റ കമ്യൂണിറ്റിയിൽ നിന്നുള്ളതാണ്. ഹിജ്റമാരുടെ പരമ്പരാഗത ചടങ്ങായ നിർവാണം (പുരുഷലിംഗം നീക്കം ചെയ്യൽ) പോലെ, ജൽസയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുനർജന്മത്തിന്റെ പ്രതീകമാണ്. പഴയ പുരുഷ സ്വത്വം ഉപേക്ഷിച്ച് പുതിയ സ്ത്രൈണ ജീവിതം സ്വീകരിക്കുന്നത് ആഘോഷിക്കുന്നു. ‘ബഹുചര മാതാ’ പോലുള്ള ദേവതകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ഇതിന് അടിസ്ഥാനമാണ്. ചില റിപ്പോർട്ടുകൾ പ്രകാരം ജൽസ സന്തോഷി മാതാവിനെ തൃപ്തിപ്പെടുത്താനുള്ള ആഘോഷമായും കാണുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സമാന ചടങ്ങുകൾ ഉണ്ടെങ്കിലും കേരളത്തിൽ ഇത് താരതമ്യേന പുതിയതാണ്.
കേരളത്തിലെ ജൽസ
കേരളത്തിൽ ഹിജ്റ കൾച്ചർ വ്യാപകമല്ലാത്തതിനാൽ പരമ്പരാഗതമായി ജൽസ ചടങ്ങ് ഇവിടെ നടന്നിരുന്നില്ല. ട്രാൻസ് വ്യക്തികൾ ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയി ചടങ്ങ് നടത്തിയിരുന്നു. 2010-ന്റെ അവസാനത്തോടെ കേരളത്തിലെ ട്രാൻസ് ആക്ടിവിസ്റ്റുകളുടെ ശ്രമഫലമായി ഇവിടെ തന്നെ ജൽസ ആഘോഷിക്കാൻ തുടങ്ങി. തിരുവനന്തപുരം സ്വദേശിനി ശ്രീകുട്ടി നമിത കേരളത്തിൽ ആദ്യമായി ജൽസ നടത്തിയ വ്യക്തിയാണ്. പിന്നീട് മായ, നെഹ തുടങ്ങിയവരുടെ ചടങ്ങുകൾ വാർത്തയായി. ഇന്ന് നന്മ കൾച്ചറൽ സൊസൈറ്റി പോലുള്ള സംഘടനകൾ ഇതിന് നേതൃത്വം നൽകുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രാരംഭ ചടങ്ങുകൾ
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പതിനൊന്നാം ദിവസം ‘തണ്ണി’ കുളി ആരംഭിക്കുന്നു. ചൂടുവെള്ളത്തിൽ കുളിപ്പിച്ച ശേഷം ഒറ്റയ്ക്കിരുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു: ആൺമുഖം കാണരുത്, കണ്ണാടി നോക്കരുത്, ദേവചിത്രങ്ങൾ മൂടിവെക്കുക തുടങ്ങിയവ. ഇത് മുറിവ് ഉണങ്ങാനും മാനസിക ശക്തി നേടാനും സഹായിക്കുന്നു. കൂടാതെ ഇരുപത്തിയൊന്നാം ദിവസം മഞ്ഞൾ തേച്ച് മുടി കെട്ടി, മുലക്കച്ച ധരിച്ച് കുളി നടത്തും. ഋതുമതി ചടങ്ങുകളോട് സാമ്യമുള്ള ആചാരങ്ങൾ അനുഷ്ഠിക്കുന്നു.
നാല്പത്തിയൊന്നാം ദിവസത്തെ പ്രധാന ആഘോഷം
രാത്രി മുതൽ പുലർച്ചെ വരെ നീളുന്ന ആഘോഷമാണിത്. ആട്ടവും പാട്ടും നൃത്തവും നിറഞ്ഞത്. ഈ ആഘോഷത്തിന് ശേഷം പച്ച വസ്ത്രം ധരിച്ച്, പാൽക്കുടം തലയിൽ വെച്ച് കണ്ണുകെട്ടി കടൽത്തീരത്തേക്ക് പോകുന്നു. ഇതിൽ കലശത്തിലെ പാലിന്റെ പ്രാധാന്യം: തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിൽ മരിച്ചയാൾക്ക് ‘പാൽ ഊതുക’ എന്ന ആചാരമുണ്ട് – മരിച്ച ആത്മാവിന് നിത്യശാന്തി ലഭിക്കാൻ. ജൽസയിൽ ഇതുമായി ബന്ധപ്പെട്ട ചടങ്ങാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം പുരുഷ ആത്മാവിന് നിത്യശാന്തി നൽകി, താൻ സ്ത്രീയായെന്ന് ഗംഗാദേവിയോട് പറഞ്ഞാണ് പാൽ ഒഴിക്കുന്നത്. ശേഷം ശസ്ത്രക്രിയ ചെയ്ത ഭാഗം കടലിന് കാണിച്ചുകൊടുക്കുന്നു; ഇത് കണ്ട ഗംഗാദേവി ഉത്തരവ് നൽകുമെന്നാണ് വിശ്വാസം.
ചടങ്ങിൽ പച്ച വസ്ത്രം ധരിക്കാൻ കാരണം
തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിലെ ദൈവീക വിശ്വാസങ്ങളിൽ മഥുര മീനാക്ഷി, പച്ച മാരിയമ്മൻ തുടങ്ങിയ ദേവതകൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. അവർ മക്കൾക്ക് വേണ്ടി ജീവിച്ച ദേവതകളാണ്. അതുപോലെ താനും ഒരു ദേവിയുടെ പ്രതിരൂപമായി മക്കൾക്ക് വേണ്ടി ജീവിക്കാൻ പോകുന്നു എന്ന സന്ദേശമാണ് പച്ച വസ്ത്രം നൽകുന്നത്.
പാൽ ഒഴിച്ച് കഴിഞ്ഞതിന് ശേഷം
കടലിലെ ചടങ്ങിന് ശേഷം തിരിച്ചുവരുമ്പോൾ കാണുന്ന ഒരു മരത്തിന്റെയോ നായയുടെയോ നേരെ ധരിച്ച വസ്ത്രം തൂക്കി കാണിക്കുന്നു. ഇതിന് ശേഷം 7 ദിവസത്തിനുള്ളിൽ ആ മരം കരഞ്ഞുപോകുകയോ നായ ചത്തുപോകുകയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു. പിന്നീട് തിരിച്ചുവന്ന് സന്തോഷി മാതയ്ക്ക് പട്ട് വച്ചതിന്റെ മുന്നിൽ കണ്ണാടിയിലൂടെ ദേവിയുടെ ചിത്രം കാണിക്കും. അത് കാണിച്ചശേഷം കൂടെയുള്ള മൂന്ന് ആളുകളുടെ മുഖം കാണിച്ചുകൊടുക്കും. മുഖം കണ്ടശേഷം താലികെട്ട് ചടങ്ങ് നടക്കുന്നു. ഗുരുവായിരിക്കും താലി കെട്ടികൊടുക്കുക. ആണിന്റെ ശരീരത്തിൽ നിന്ന് പെണ്ണിന്റെ ശരീരത്തിലേക്ക് മാറിയ ഞാൻ എന്നെ തന്നെ മൊത്തമായി ദേവിക്ക് അർപ്പിച്ചിരിക്കുന്നു എന്ന സന്ദേശമാണ് താലികെട്ട് നൽകുന്നത്. താലി കെട്ടിയശേഷം കല്യാണപ്പെണ്ണിന്റെ രൂപത്തിൽ വേഷം മാറി ദേവിയുടെ ആരതി എടുക്കുന്നു. ഇതോടെ ചടങ്ങ് പൂർത്തിയാകുന്നു.
English Summary: Jalsa is a traditional "rebirth" ceremony in India's Hijra/transgender community, celebrated after gender-affirming surgery. It includes symbolic rituals, milk offering to the sea, green attire, music, dance, and a thali-tying for social acceptance. It gained popularity in Kerala since around 2010.