

ദൃശ്യ ലോകമാണോ, ശ്രവ്യ ലോകമാണോ പരിമിതം? ഒരു കാറോടിക്കുമ്പോൾ സിനിമയുടെ വീഡിയോ കാണുക സാധ്യമാണോ? ഒരുജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ? ഇല്ല എന്ന ഉത്തരത്തിന് അധികം ആലോചിക്കേണ്ടതില്ലല്ലോ. പണ്ട് ബീഡി തെറുക്കുന്ന തൊഴിലാളികൾക്ക് ഒരാൾ ഉറക്കെ ദിനപത്രം വായിച്ചു കൊടുക്കുന്ന പതിവുണ്ടായിരുന്നല്ലോ. ഗൗരവമേറിയ ജോലി ചെയ്തു കൊണ്ടിരിക്കേ വാർത്തകളറിയാൻ കഴിയുന്ന ഇത്തരം വായനകളാവണം, പോഡ്കാസ്റ്റിന്റെ പ്രാഗ് രൂപം. മലയാളിയുടെ നിത്യ ജീവിതത്തിൽ നിറ സാന്നിധ്യമായിരുന്ന ആകാശവാണിയുടെ റേഡിയോ പ്രക്ഷേപണവും ഇത്തരം തൊഴിലിടങ്ങളെ സമ്പന്നമാക്കിയിരുന്ന കാലമുണ്ടായിരുന്നു. ആകാശവാണിയോടൊപ്പം വളർന്ന സ്വകാര്യ റേഡിയോകൾ പാട്ടു ദൂരമളന്ന് യുവതയുടെ കാർ യാത്രകൾക്ക് കൂട്ടായി.
കലാരൂപം എന്ന നിലയിൽ ഓഡിയോ ബുക്ക് നരേഷൻ വേണ്ട വിധം പരിഗണിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തികച്ചും പ്രൊഫഷണൽ ആയ ഒരു സമീപനം ഓഡിയോ ബുക്ക് വായനയ്ക്ക് അത് കൈകാര്യം ചെയ്യുന്നവർ സ്വീകരിക്കുന്നില്ല എന്ന വസ്തുത സത്യമാണ്.
റേഡിയോ പ്രക്ഷേപണകലയുടെ പുതിയ പ്രവണതകളും നമ്മൾ സ്വീകരിച്ചു, ഉദാരമായിത്തന്നെ. റേഡിയോ സമയബന്ധിതമായ നിശ്ചിത വിഭവങ്ങൾ വിളമ്പിയപ്പോൾ പോഡ്കാസ്റ്റുകൾ ബുഫെ ടേബിളുകളിൽ എന്നപോലെ ഇഷ്ടാനുസരണം നിറഞ്ഞു. ആകാശവാണി ഭാരതത്തിലും
ബിബിസി പോലുള്ള മാധ്യമങ്ങൾ ലോകത്തെമ്പാടും പതിറ്റാണ്ടുകൾക്ക് മുൻപ് പരിചയപ്പെടുത്തിയ നോവൽ വായന എന്ന കലാരൂപം പുതു കാലത്ത് ഓഡിയോ ബുക്ക് എന്ന പേരിൽ മൊബൈൽ ആപ്പുകളിൽ പ്രചാരം നേടിവരുന്നു. ഈ കലാരൂപത്തിന്റെ സാധ്യതകളുടെ വിശാലമായ ലോകം ഈ AI കാലത്തും പ്രസക്തമാണ്.
കലാരൂപം എന്ന നിലയിൽ ഓഡിയോ ബുക്ക് നരേഷൻ വേണ്ട വിധം പരിഗണിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തികച്ചും പ്രൊഫഷണൽ ആയ ഒരു സമീപനം ഓഡിയോ ബുക്ക് വായനയ്ക്ക് അത് കൈകാര്യം ചെയ്യുന്നവർ സ്വീകരിക്കുന്നില്ല എന്ന വസ്തുത സത്യമാണ്. പരിശീലനമില്ലാതെയുള്ള വായനാ സമ്പ്രദായങ്ങൾ ഈ കലാരൂപത്തെ ആസ്വദിക്കുന്നതിൽ നിന്ന് അനുവാചകനെ തടയുന്നുണ്ട്.
“കൂമൻ കാവിൽ ബസുചെന്ന് നിന്നപ്പോൾ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല.” മലയാളത്തെ ലോക സാഹിത്യത്തിൽ മുദ്രണം ചെയ്യുന്ന ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നതിങ്ങനെ. ഗൗരവത്തോടെ സാഹിത്യത്തെ സമീപിക്കുന്ന ഒരു വിദ്യാർത്ഥിക്കും ഖസാക്കില്ലാതെ മുന്നോട്ട് പോകാനേ കഴിയില്ല. അത്തരമൊരു ദശാ സന്ധിയിലാണ് സാഹിത്യത്തിൽ ഖസാക്കിന്റെ സ്ഥാനം. നോവലിലെ രവിയെന്ന കഥാപാത്രം വായനക്കാരന്റെ മനസ്സിൽ പതിയുന്നത്, എഴുത്തുകാരന്റെ ഗതിവേഗത്തിലും താളത്തിലും ഒപ്പം സഞ്ചരിക്കുമ്പോഴാണ്. ഈ സഞ്ചാരമാണ് ആസ്വാദനത്തിന്റെ ഭാവതലത്തിൽ, വായനക്കാരനെ എത്തിക്കുന്നതും ഹൃദയത്തിൽ അനുഭൂതി ഉണർത്തുന്നതും.
അതായത്, പുസ്തകം വായിക്കുന്ന ആൾ തന്റെ മനസ്സിൽ ഒരുതരംഗ ദൈർഘ്യം (modulation) സൃഷ്ടിച്ചു വായിക്കുന്നു, നിശ്ശബ്ദം. ആ നിശ്ശബ്ദാഖ്യാനം സൃഷ്ടിക്കുന്ന ആത്മീയ ലോകം ഓരോ വായനക്കാരിലും വ്യത്യസ്തമായിരിക്കും. ഇത് അച്ചടിച്ചു വച്ച ഒരു പുസ്തകത്തിന്റെ വായനയെക്കുറിച്ചുള്ള സോദാഹരണ പ്രഭാഷണമെന്നു കരുതുക. എന്നാൽ മറ്റൊരു മാധ്യമത്തിൽ ഈ അനുഭൂതി വിനിമയം സാധ്യമാകുമോ എന്നാണ് ഇനി പരിശോധിക്കേണ്ടത്.
തീർച്ചയായും വായനാ ലോകം അപരിമേയമായ ആസ്വാദന സാധ്യത വായനക്കാരന് ഉറപ്പു തരുന്നുണ്ട്. ദൃശ്യ മാധ്യമങ്ങൾ അനുവാചകനെ പരിമിതപ്പെടുത്തുന്ന വർത്തമാന ലോകത്തിൽ പ്രത്യേകിച്ചും. ഇവിടെയാണ് പോഡ്കാസ്റ്റിന്റെയും ഓഡിയോ ബുക്കിന്റെയും സാന്നിധ്യം പ്രസ്കതമാവുന്നത്.
ലളിതമായി പറഞ്ഞാൽ ഒരു പുസ്തകത്തിൽ അക്ഷരങ്ങൾ നിർവഹിക്കേണ്ട ധർമ്മമാണ് ഓഡിയോ പുസ്തകത്തിൽ ശബ്ദം നിർവ്വഹിക്കേണ്ടത്. എഴുത്തുകാരനും അനുവാചകനുമിടയിൽ ഒരു പ്രേതമാവുകയല്ല, സൗമ്യ സാന്നിധ്യമാവുകയാണ് ഒരവതാരകൻ/അവതാരക ചെയ്യേണ്ടത്.
കഥാപ്രസംഗം, ഡബ്ബിങ്, മിമിക്രി, ഗാനാലാപനം തുടങ്ങിയ ശബ്ദകലകളെപ്പോലെ ഒരു കലാരൂപമായി കഥാവതരണ കലാരൂപം അംഗീകരിക്കപ്പെട്ടിട്ടില്ല ഇതുവരെ. മേൽപറഞ്ഞ കലാരൂപങ്ങൾ കൈകാര്യം ചെയ്യുന്ന ആരെങ്കിലും അങ്ങ് ചെയ്താൽ മതി എന്ന പൊതുബോധം ഇനി തീർച്ചയായും മാറേണ്ടതുണ്ട്. കർണ്ണാടക സംഗീതജ്ഞൻ കഥകളി സംഗീതം കൈകാര്യം ചെയ്യാതിരിക്കുന്നതിൽ കാണിക്കുന്ന നൈതികത, അഥവാ ജുഗൽബന്ദിക്കുള്ള സാധ്യത തുറന്നിടുന്ന പാരസ്‌പര്യമാണ് അഭികാമ്യം.
തന്റെ ശബ്ദസൗന്ദര്യത്തിൽ അഭിരമിക്കുന്നതിലും, കഥാപാത്രത്തിന്റെ മാനസിക വ്യാപാരത്തിൽ ശ്രദ്ധയൂന്നുകയാണ് നരേറ്റർ ചെയ്യേണ്ടത്.
അതിന് എളുപ്പവഴികൾ തീർച്ചയായും ഇല്ല എന്ന് മാത്രമല്ല, ആഴമുള്ള വായനാ സംസ്ക്കാരത്തിന്റെ കുറച്ചധികം ബുദ്ധിമുട്ടേറിയ വഴിയിലൂടെ സഞ്ചാരിക്കേണ്ടതുമുണ്ട്. ഒന്നുകൂടി ആ ഉത്തരവാദിത്വം നിർദ്ധാരണം ചെയ്താൽ, നരേറ്റർ ഒരു പുസ്തകത്തിലെ എല്ലാ കഥാപാത്രങ്ങളേയും അവർ അർഹിക്കുന്ന പ്രാധാന്യത്തിൽ അവതരിപ്പിക്കേണ്ടതുമുണ്ട്. ദൃശ്യ മാധ്യമത്തിൽ ഈ ഉത്തരവാദിത്തം പൂർണ്ണമായോ ഭാഗീകമായോ നിർവഹിക്കാൻ അഭിനേതാക്കളുണ്ട്. ശബ്ദകല അനുധാവനം ചെയ്യുകയേ വേണ്ടൂ. ഈ പറഞ്ഞതിന് ഒരു മറുവശമുണ്ട് ദശരഥം എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ മോഹൻലാലിന്റെ കഥാപാത്രം സുകുമാരിയുടെ കഥാപാത്രത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
“ ആനി അവളുടെ കുഞ്ഞിനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെയൊന്നു സ്നേഹിച്ചു കൂടെ” സ്നേഹമോ കരുണയുടെ സ്പർശമോ ഒരിക്കൽ പോലും കിട്ടിയിട്ടില്ലാത്ത ആ ഹൃദയനൊമ്പരച്ചോദ്യത്തിന്റെ ശബ്ദവിന്യാസമില്ലാതെ ആ നായക കഥാപാത്രം എങ്ങിനെയാണ് പൂർണ്ണമാവുക?
ഇങ്ങനെയുള്ള വ്യത്യസ്ത കലകളുടെ കൊടുക്കൽ വാങ്ങലിന്റെ ആകെത്തുകയും കൂടിയാണ് സിനിമ എന്ന ദൃശ്യ രൂപം. അങ്ങനെ കാഴ്ച്ചയും ശബ്ദവും പരസ്പരപൂരകങ്ങളാവുന്ന എത്രയോ ഉദാഹരണങ്ങൾ സിനിമയിൽ കാണാൻ കഴിയും. കളങ്കാവലിലെ സ്റ്റാൻലി ദാസ് എന്ന മമ്മൂട്ടി കഥാപാത്രം, ആണത്ത അധികാരത്തിന്റെ ഘനഗംഭീര ശബ്ദം കൊണ്ടല്ല കാമുകീ ഹൃദയത്തിലേയ്ക്ക് പ്രവേശിക്കുന്നത്, സർവ്വ സമ്പൂർണ്ണനായ ഒരു വിടന്റെ ആന്തരിക ചോദനകൾ സംഭാഷണഗാത്രത്തിൽ കൗശലത്തോടെ ഒളിച്ചുവച്ചാണ്.
ഈ ഘടകങ്ങളൊന്നും ഒത്തുചേരാത്ത, ഒരു ദൃശ്യമാധ്യമത്തിന്റെയും സഹായമില്ലാത്ത, മറ്റൊരു കലാരൂപവും അനുധാവനം ചെയ്യാനില്ലാത്ത ഓഡിയോ ബുക്ക് എന്ന കലാരൂപം അപരിമേയമായ ദൃശ്യ ചാരുത അനുവാചകന്റെ ഹൃദയതിരശീലയിൽ പ്രക്ഷേപിക്കുന്നു എങ്കിൽ ആ ശ്രവ്യ ലോകത്തിന്റെ ആനന്ദ/അനന്ത സാധ്യതകൾ ഊഹിക്കാവുന്നതല്ലേയുള്ളൂ!