

7516 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സമുദ്രതീരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുകളിലൊന്നാണ്. മത്സ്യബന്ധന-അക്വാകൾച്ചർ മേഖലയിലൂടെ രാജ്യത്തിന്റെ ജി.ഡി.പി യിലും തൊഴിൽ അവസരങ്ങളിലും അനുബന്ധ വ്യവസായങ്ങളിലുമെല്ലാം വളർച്ച ഉണ്ടായിട്ടുണ്ട്, തുടർച്ചയുള്ള വികസന മേഖലയുമാണ്. 146 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഉപജീവനത്തിനായി ഏകദേശം 70 ലക്ഷം ആളുകളാണ് സമുദ്രത്തെ ആശ്രയിക്കുന്നതെന്നാണ് കണക്കുകൾ. ഈ കണക്കുകളിൽ സമുദ്ര മത്സ്യത്തൊഴിലാളികൾ, ഉൾനാടൻ\ ശുദ്ധജല മത്സ്യത്തൊഴിലാളികൾ, മത്സ്യകൃഷി ചെയ്യുന്നവർ, മത്സ്യം സംസ്‌കരിക്കൽ, സംഭരണം, വിപണനം, കയറ്റുമതി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും ഉൾപ്പെടും. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന മേഖല കൂടിയായ മത്സ്യബന്ധനം പലപ്പോഴും മന്ദഗതിയിൽ മാറ്റങ്ങൾ സംഭവിക്കുന്ന തൊഴിൽ മേഖലയാണെന്നതാണ് മറ്റൊരു പ്രത്യേകത.
ചരിത്രം പറയുന്ന തീരങ്ങൾ
മത്സ്യബന്ധന-അക്വാകൾച്ചർ മേഖലയിലെ തൊഴിലവസരങ്ങൾ പൂർണ അർത്ഥത്തിൽ തിരിച്ചറിപ്പെടുന്നതും വികസിക്കുന്നതും 1947കൾക്ക് ശേഷമാണ്. ഇന്ത്യയിൽ സമ്പദ് വ്യവസ്ഥയും സമുദ്രവും ബന്ധപ്പെടുത്തുന്നത് ബ്രിട്ടിഷ് ഭരണകാലത്തതായിരുന്നു. അന്ന് ഇന്ത്യയിലെ മത്സ്യ സമ്പത്തിനെ കുറിച്ചോ, തൊഴിലിനോ കുറിച്ചോ ഭരണ കർത്താക്കൾ ബോധവന്മാരല്ലെന്നാണ് തീരവികസനം സംബന്ധിച്ച കണക്കുകൾ നൽകുന്ന സൂചന. 1757 മുതൽ 1947 വരെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ തുറമുഖങ്ങൾ വികസിപ്പിച്ചിരുന്നത് മറ്റു ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ്. തുറമുഖങ്ങൾ പ്രധാനമായും വാണിജ്യത്തിനായും ചരക്ക് നീക്കത്തിനും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.
1950 കളിലാണ് യന്ത്ര ബോട്ടുകളും, ഐസ് പ്ലാന്റുകളും, മത്സ്യം വിൽക്കാനുള്ള സംവിധാനങ്ങളും എല്ലാം ചേർന്ന് ആധുനിക മത്സ്യ ബന്ധന ഹാർബറുകൾ രൂപം കൊള്ളുന്നത്. 1960ൽ ആരംഭിക്കുന്ന 'കൊച്ചി ഫിഷിംഗ് ഹാർബർ' ഇന്ത്യയിലെ ആദ്യകാല ആധുനിക മത്സ്യബന്ധന ഹാർബറുകളിൽ ഒന്നായതോടെ കേരളവും മത്സ്യബന്ധന മേഖലയിലെ നിർണായക കണ്ണിയായി പരിണമിച്ചു.
കേരളവും മത്സ്യബന്ധനവും പ്രതിസന്ധികളും
തെക്കൻ ഇന്ത്യയുടെ മത്സ്യബന്ധന-അക്വാകൾച്ചർ മേഖലയുടെ വളർച്ചയിൽ കേരളത്തിന്റെ പങ്കു ചെറുതല്ല. സമുദ്ര രാഷ്ട്രമായ കേരളത്തിന് ഏകദേശം 590 കിലോമീറ്റർ കടൽത്തീരമുണ്ട്. കേരള സർക്കാരിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം മത്സ്യ തൊഴിലാളികളുണ്ട്. എന്നാൽ തൊഴിൽ മേഖലയെന്ന നിലയിൽ മത്സ്യബന്ധന മേഖലയിൽ ഉണ്ടായിട്ടുള്ള വികസനവും തളർച്ചയും പലപ്പോഴും പരിഗണിക്കാതെ പോകാറുണ്ട്. ഏഴു ദശാബ്ദങ്ങൾക്ക് ഇപ്പുറവും മത്സ്യബന്ധന ഹാർബറുകളിലെ തൊഴിലാളികളുടെ ജീവിതരീതിയും ജീവിത നിലവാരവും തൊഴിലിടത്തിൽ അടിസ്ഥാന സൗകര്യ വികസനങ്ങളും പരിശോധിച്ചാൽ ഇക്കാര്യങ്ങൾ ബോധ്യപ്പെടും. 2026ലും ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ദാരിദ്രരേഖയ്ക്ക് താഴെയാണെന്ന് പകൽസത്യവും ഇതിനൊപ്പം ചേർത്തുവായിക്കാം.
കേന്ദ്ര\ സംസ്ഥാന സർക്കാർ അംഗീകൃത മത്സ്യബന്ധന ഹാർബറും സ്വകാര്യ ഹാർബറുകളും രാജ്യത്തുണ്ട്. വലിയ ബോട്ടുകൾ അടുക്കുന്ന ഹാർബറുകളായും ചെറുവള്ളങ്ങളും ബോട്ടുകളും അടുക്കുന്ന ലാൻഡിംഗ് സെന്ററുകളായും 1500 ലധികം ഹാർബറുകളുണ്ട്. കേരളത്തിലാകട്ടെ സർക്കാരുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 21 ഹാർബറുകളാണുള്ളത്. ഇന്ന് പ്രവർത്തനക്ഷമമായ എത്ര ഹാർബറുകളിലാണ് തൊഴിലാളികൾക്കും, ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാകുന്ന വൃത്തിയുള്ള ശുചിമുറിയുള്ളത്? അവർക്ക് കുടിക്കാൻ കുടിവെള്ളമുണ്ടോ? വിശ്രമ കേന്ദ്രങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങളിൽ ആഴ്ന്നിറങ്ങുന്നതാണ് അധികൃതരുടെ അനാസ്ഥയുടെ വേരുകൾ.
തൊഴിലിടം ഉറപ്പുവരുത്തേണ്ട അടിസ്ഥാന സൗകര്യങ്ങൾ ആരാണ് ഉറപ്പു വരുത്തേണ്ടത്?. സർക്കാർ ഉടമസ്ഥതയിലുള്ള ഹാർബറുകൾ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ പലതും സ്വകാര്യ ഹാർബറുകൾ തൊഴിലാളികൾക്ക് നൽകുന്നില്ല. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന പല ഹാർബറുകളുടെയും അവസ്ഥ ഒട്ടും വ്യത്യസ്തമല്ല. കൂടാതെ ഹാർബറുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഐസ് പ്ലാന്റിലെ ജീവനക്കാരൻ തണുപ്പിനെ പ്രതിരോധിക്കാൻ എന്തെല്ലാം മുൻകരുതൽ എടുക്കുന്നുണ്ട്? കേരളത്തിലെ പല ഹാർബറുകളിലും യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ജോലി ചെയ്യുന്നവരെ നമുക്ക് കാണാൻ കഴിയും. വലിയ ഐസ് കട്ടകൾക്കിടയിൽ കയ്യുറകളോ ഷൂസുകളോ ധരിക്കാതെ തൊഴിലെടുത്താൽ ഭാവിയിലുണ്ടായേക്കാവുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്.
കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ
തൊഴിലിടത്തിലെ ഇത്തരം പ്രതിസന്ധികൾക്ക് നേരെ പലരും കണ്ണടക്കുന്നത് കിട്ടുന്ന ദിവസ വേതനത്തിന് വേണ്ടിയാണെന്നുള്ളതാണ് വേദനിപ്പിക്കുന്ന മറ്റൊരു യാഥാർഥ്യം. അതേസമയം അടിസ്ഥാന വേതനം നിശ്ചയിച്ചിട്ടുണ്ടോ? മറ്റൊരു ചോദ്യവും ഇതിനൊപ്പമുണ്ട്. തൊഴിലാളികൾക്ക് വേതനവും പരിരക്ഷകളും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള സംഘടനാ സംവിധാനങ്ങൾ പേരിന് മാത്രമാണുള്ളത്. ഹാർബറുകളുടെ കാര്യക്ഷമ പ്രവർത്തനത്തിന് തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം, സ്ഥിരമായ വരുമാനം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന സത്യത്തിന് നേരെ അധികൃതർ കണ്ണടക്കുകയാണ്.
1980കളിൽ ആദ്യമായി ഹാർബർ സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി സംഘടിത സമരങ്ങൾ നടന്നു. പിന്നെ 1990 ൽ ശുചിത്വം, ലേലം ഹാളുകൾ, ഐസ് പ്ലാന്റ്, സുരക്ഷ തുടങ്ങിയ ആവശ്യങ്ങളുമായി ശക്തമായ പ്രക്ഷോഭങ്ങൾ നടന്നു. ഇപ്പോഴും ഹാർബർ നവീകരണം, ഡ്രഡ്ജിംഗ്, സുരക്ഷാ സംവിധാനങ്ങൾ ആവശ്യപ്പെട്ടുള്ള പ്രാദേശിക സമരങ്ങൾ തുടരുന്നുണ്ട്. ഇപ്പോഴും ചെറിയ മാറ്റങ്ങളിൽ മാത്രം ഇവർ സംതൃപ്തരാവാൻ ഇവർ നിർബന്ധിതരാവുകയാണ്. മത്സ്യബന്ധന മേഖലയിൽ താഴെ തട്ടിൽ ജോലിയെടുക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്നത് 250 മുതൽ 1000 വരെ നീളുന്ന ദിവസ കൂലിയാണ്. കോടികളുടെ കച്ചവടം നടത്തുന്ന മേഖലയിൽ അസ്ഥിരമായ വേതനം മാത്രം ലഭിക്കുന്നുവെന്നതും വിരോധാഭാസമാണ്.
അനാസ്ഥയുടെ പിന്നിലും മുന്നിലും
ഭീമമായ വാടകക്ക് ഹാർബറുകളിൽ കച്ചവടത്തിനെടുക്കുമ്പോൾ തൊഴിലിടത്തിന് ഉറപ്പുള്ള തൂണുകളോ, മേൽക്കൂരയോ, ചുമരോ കാണില്ല, വർഷങ്ങളുടെ പഴക്കവുമുണ്ടാകും, കാലങ്ങളായി ഇതേ രീതിയാണ് തുടരുന്നത്. ഒരു കെട്ടിടം അതിന്റെ അവസ്ഥ എന്തുകൊണ്ടോ അധികൃതരുടെ കണ്ണുകളിൽ ഇതുവരെയും കണ്ടിട്ടില്ല. ഹാർബറുകൾക്കുള്ളിലുള്ള ബിൽഡിങ്ങുകൾ, ഡോക്കുകൾ, ഐസ് പ്ലാന്റ്, ഗോഡൗൺ, ഓക്ഷൻ ഹാൾ ഇവക്കെല്ലാം സുരക്ഷിതത്വം വേണ്ടേ? പുലർച്ചെ 3 മണി മുതൽ 11 മണിയോടെ തീരുന്ന ജോലികളാണ് പ്രധാനമായും ഹാർബറിലുള്ളത്. സർക്കാർ ചുമതലയിലുള്ള ഹാർബറുകളുടെ സംരക്ഷണത്തിനായും വിലയിരുത്തുന്നതിനായും എൻജിനീയറുമാരും അവർക്കായി കാര്യാലയങ്ങളും ഹാർബറുകളോട് ചേർന്ന് പ്രവർത്തിക്കും. ചെറിയ ഹാർബറുകൾക്കും ലാൻഡിംഗ് സെന്ററുകൾക്കും ഫിറ്റ്നസ് നൽകുന്നത് പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ എന്നിവയാണ്. ഇവിടങ്ങളിലെ ടെർമിനലുകൾ, ഗോഡൗണുകൾ, ഐസ് പ്ലാന്റുകൾ, ഓക്ഷൻ ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങുകൾ, കോൺക്രീറ്റിന്റെ ശക്തി, മേൽക്കൂര എന്നിവയൊക്കെ വിലയിരുത്തുന്നതും, ഹാർബർ കെട്ടിടങ്ങൾ പ്രാദേശിക ബിൽഡിംഗ് കോഡുകൾ, സുരക്ഷാ മാനദണ്ഡങ്ങൾ, പ്രളയ/ചുഴലിക്കാറ്റ് പ്രതിരോധ ഘടനകൾ, അടിയന്തര സുരക്ഷ\ മാലിന്യങ്ങൾ നീക്കുന്ന മാർഗങ്ങൾ, സൈൻബോർഡുകൾ, ലൈഫ് ജാക്കറ്റുകൾ, തീ അണക്കാനുള്ള സംവിധാനം, കാലക്രമേണ ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കേണ്ടതെല്ലാം സർക്കാർ നിയന്ത്രണത്തിൽ വരുന്നതാണ്. അതായത് കേരളത്തിലെ ഹാർബറിലുമുള്ള തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഭരിക്കുന്ന സർക്കാരുകളുടെ ഉത്തരവാദിത്തം കൂടെയാണ്.
തുടരുന്ന അടിസ്ഥാന അവകാശ നിഷേധങ്ങൾ
മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ താമസിക്കുന്നിടങ്ങളോടും ഈ നീതികേട് കാലങ്ങളായി തുടരുന്നതാണ്. കടലെടുത്ത ശേഷിപ്പുകൾക്കും ഇവരോട് കാണിക്കുന്ന അനീതിയുടെ നേർകാഴ്ചയാണ്. മഴക്കാലമായാൽ വീടുകളിൽ ഉപ്പുവെള്ളം കയറുന്ന വീടുകളിൽ കഴിയുന്ന തൊഴിലാളികൾ നിരവധിയാണ്. മഴക്കാലത്ത് തൊഴിൽ നഷ്ടപ്പെടുന്നതിനൊപ്പം ഇവരുടെ വീടും സമ്പാദ്യവും ഒലിച്ചു പോകാറുണ്ട്. കടൽ ഭിത്തികൾ ശരിയായി നിർമ്മിക്കാത്തത് കൊണ്ട് നടക്കുന്ന ഇത്തരം അപകടങ്ങൾ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വീഴ്ചയാണ്. തീരദേശവാസികൾക്ക് ആവശ്യമായ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാകാതെ കാലങ്ങളായി ദുരിതമുഖത്താണ് തീരദേശവാസികൾ. അതുകൊണ്ടാണ് ചെല്ലാനത്ത് ഓരോ മഴക്കാലത്തും പ്രദേശവാസികൾ കടലിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്നത്.
മഴക്കാലത്ത് വീടുകളും പരിസരങ്ങളും വെള്ളത്തിൽ മുങ്ങുന്നതിലൂടെ വെള്ളത്തിലൂടെ പടരുന്ന രോഗങ്ങളും മറ്റും വ്യാപകമാകുന്നു. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസുകളോ, ഇ എസ് ഐ പോലുള്ള പരിരക്ഷകൾ എവിടെയും നിർബന്ധിതമല്ല. മിതമായ കൂലിയിൽ ജീവിക്കുന്ന ഇവരുടെ ചികിത്സയും വെല്ലുവിളികൾ നേരിട്ടാണ് മുന്നോട്ടു പോകുന്നത്. പല തീരദേശ ഗ്രാമങ്ങളിലും സമീപത്തായി സർക്കാർ ആശുപത്രികളോ ആരോഗ്യകേന്ദ്രങ്ങളോ ഇല്ലാത്തതിനാൽ അടിയന്തര രോഗാവസ്ഥകളിൽ സമയബന്ധിത ചികിത്സ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കൂടാതെ മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട് പരിക്കുകൾ, ശരീരവേദന, ക്ഷീണം, മാനസിക സമ്മർദ്ദം തുടങ്ങിയവയും സാധാരണമാണ്. മറ്റൊരു പ്രധാന പ്രശ്‌നമാണ് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, ശുചിത്വക്കുറവ്, ഗതാഗത തടസ്സങ്ങൾ തുടങ്ങിയവ. മത്സ്യങ്ങളുടെയും അനുബന്ധ സീ ഫുഡുകളുടെ കയറ്റുമതിയിൽ രാജ്യം വളർച്ചയിലെത്തുമ്പോളും തീരദേശത്തെ ജീവിത നിലവാരങ്ങൾ മെച്ചപ്പെടുന്നില്ലെന്ന യാഥാർത്ഥ്യം എത്ര ശ്രമിച്ചാലും മായ്ക്കാനാവാത്ത വസ്തുതയാണ്.
English Summary: Kerala’s coastal communities and fishermen continue to face neglect despite the fishing sector’s major economic contribution. Poor harbour facilities, unsafe work conditions, low wages, and coastal erosion continue to threaten their livelihoods.